നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് പൊതുവെ സമാധാനപരമായി നടന്നതില്‍ അഭിമാനിക്കാം. വോട്ടെടുപ്പു ദിവസം ചിലതെല്ലാം നടക്കുമെന്ന് കിംവദന്തികളുണ്ടായിരുന്നു. പകുതിയോളം പോളിംഗ് ബൂത്തുകള്‍ പ്രശ്നബാധിതമെന്ന് കണ്ടെത്തുകയും ചെയ്തതാണ്. അതില്‍ തന്നെ ഒന്നര ഡസനോളം ബൂത്തുകള്‍ അതീവനിരീക്ഷണം അനിവാര്യമാക്കുന്ന പ്രദേശമെന്നും കണക്കു കൂട്ടി. ഒരുപക്ഷേ കനത്ത പോലീസ് സാന്നിധ്യം കൊണ്ടാകാം എടുത്തു പറയത്തക്ക പ്രശ്നങ്ങളൊന്നും വോട്ടെടുപ്പു ദിവസം ഉണ്ടായില്ല. ഇത് ആശ്വാസത്തിന് വകനല്കുന്നതാണ്. സമീപകാലത്തൊന്നും ഇല്ലാത്ത കനത്ത പോളിംഗാണ് മണ്ഡലത്തിലുണ്ടായത്. 80 ശതമാനം കടന്നു പോളിംഗ്. എല്ലാം കൊണ്ടും പൗരബോധം തെളിയിച്ച വോട്ടെടുപ്പാണ് നെയ്യാറ്റിന്കരയിലുണ്ടായതെന്നു പറയാം.
ആദ്യമണിക്കൂറുകളില്‍ പുരുഷ വോട്ടര്‍മാരാണ് കൂടുതലായും പോളിംഗ് ബൂത്തുകളില്‍ എത്തിയത്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ചിലയിടങ്ങളില്‍ പോളിംഗ് യന്ത്രത്തിന്റെ തകരാര്‍മൂലം വോട്ടെടുപ്പ് വൈകി. പോളിംഗ് കഴിഞ്ഞപ്പോള്‍ മൂന്നു സ്ഥാനാര്‍ത്ഥികളുടെയും വിജയ പ്രതീക്ഷകള്‍ ഉയര്‍ന്നിരിക്കുകയാണ്. മുന്‍തൂക്കം ബിജെപിക്കുണ്ടെന്ന് പ്രതിയോഗികള്‍ പോലും പറയുന്നു. ശെല്‍വരാജിന്റെ കാലുവാരല്‍ ഹിന്ദുവോട്ടുകളെ ഏകീകരണമുണ്ടാക്കുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. എന്‍എസ്എസ്, എസ്എന്‍ഡിപി ഉള്‍പ്പെടെയുള്ള സംഘടനകളുടെ പിന്തുണയും ബിജെപിയുടെ വിജയപ്രതീക്ഷ വര്‍ധിപ്പിക്കുന്നു. മുന്നണി സ്ഥാനാര്‍ത്ഥികള്‍ പരസ്പരം തമ്മിലടിച്ചപ്പോഴും ബിജെപിയെയും ഒ. രാജഗോപാലിനെയും കുറ്റപ്പെടുത്താന്‍ ഒരു പഴുതും ഉണ്ടായില്ല. ബിജെപി ജയം തടയാന്‍ വോട്ട് പരസ്പരം മറിക്കുന്ന മുന്നണികളുടെ പതിവ് പരിപാടി നെയ്യാറ്റിന്‍കരയില്‍ ഉണ്ടാകില്ല എന്നതും ബിജെപിക്ക് പ്രതീക്ഷ കൂട്ടുന്നു. ഉപതെരഞ്ഞെടുപ്പില്‍ തികഞ്ഞ വിജയപ്രതീക്ഷ തന്നെയാണ് ബിജെപി സ്ഥാനാര്‍ഥി ഒ. രാജഗോപാല്‍ പ്രകടിപ്പിച്ചത്. ഇത്തവണ ഒന്നാം സ്ഥാനത്ത് എത്തും. അക്രമ രാഷ്ട്രീയത്തിനും കാലുമാറ്റ രാഷ്ട്രീയത്തിനും എതിരെയുളള വിധിയെഴുത്താവും നെയ്യാറ്റിന്‍കരയില്‍ നടക്കുകയെന്നും രാജഗോപാല്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.
കേന്ദ്രസംസ്ഥാന ഭരണങ്ങളുടെ ആനുകൂല്യവും ചന്ദ്രശേഖരന് വധത്തെത്തുടര്‍ന്ന് കേരളത്തിലുണ്ടായ സിപിഎം വിരുദ്ധവികാരവും പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റെ പാര്‍ട്ടി നേതൃത്വത്തിനെതിരെയുള്ള വെല്ലുവിളികളും സി പി എമ്മിനുള്ളിലെ വിഭാഗീയ പ്രശ്നങ്ങളും പ്രചാരണ വേളയില്‍ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. ഏറ്റവുമൊടുവില്‍ സിപിഎം ഇടുക്കി ജില്ലാസെക്രട്ടറി എം.എം.മണിയുടെ വിവാദ പ്രസംഗമുണ്ടാക്കിയ പൊല്ലാപ്പുകള്‍ നെയ്യാറ്റിന്‍കരയെയും ഇളക്കിയിട്ടുണ്ടെങ്കിലും അതൊന്നും ഇവിടെ ബാധിക്കില്ലെന്നാണ് എല്‍ഡിഎഫ് ക്യാമ്പ് പറയുന്നത്. ഈ തെരഞ്ഞെടുപ്പില്‍ അക്രമത്തിനും കൊലപാതകത്തിനും ഊന്നല്‍ നല്‍കാനാണ് യുഡിഎഫ് ശ്രമിച്ചിട്ടുള്ളത്. ഇതിനിടയില്‍ മുങ്ങിപ്പോയ ജനകീയപ്രശ്നങ്ങള്‍ മുകള്‍പരപ്പില്‍ തെളിഞ്ഞുകാണുന്നില്ലെങ്കിലും അവയൊക്കെ അടിയൊഴുക്കുകളായി തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചിരിക്കാം.
നെയ്യാറ്റിന്‍കരയുടെ ചിത്രത്തിലെന്നും സുപ്രധാനമായിട്ടുള്ളത് വിവിധ സമുദായ സംഘടനകളാണ്. എന്നാല്‍ ഇത്തവണ ആരും പരസ്യമായ പ്രഖ്യാപനങ്ങള്‍ ഒന്നും നടത്തിയില്ല. നാടാര്‍ സമുദായത്തിന് ഭൂരിപക്ഷമുള്ള മണ്ഡലത്തില്‍ യു.ഡി.എഫിന്റെയും ഇടതുമുന്നണിയുടെയും സ്ഥാനാര്‍ത്ഥികള്‍ ഈ വിഭാഗത്തില്‍പ്പെട്ടവരാണ്. തൊട്ടടുത്ത് നായര്‍, ഈഴവ എന്നിങ്ങനെയാണ് മണ്ഡലത്തിലെ സമുദായങ്ങളുടെ ശക്തി. ഈ വോട്ടുകളുടെ ഏകീകരണമാണ് ബിജെപിയുടെ പ്രതീക്ഷ. വോട്ടെടുപ്പിനു മുമ്പുള്ള അതേ പ്രതികരണങ്ങളല്ല നേതാക്കളില്‍ നിന്ന് ഉണ്ടാകുന്നത്. മൂന്നു കൂട്ടരും പ്രതീക്ഷിച്ച പോളിംഗാണ് ഉണ്ടായിരിക്കുന്നത്. 80 ശതമാനം കവിയുമെന്നു തന്നെയായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ പിറവത്തേതു പോലെ 86 ശതമാനം കടന്നുപോയിട്ടുമില്ല. ആരു ജയിച്ചാലും ഭൂരിപക്ഷം കുറവാകാനാണു സാധ്യത. കഴിഞ്ഞ തവണത്തെക്കാള്‍ പത്തു ശതമാനത്തോളം പേര് കൂടുതലായി വോട്ടു ചെയ്തതോടെ നേതാക്കള്‍ വിജയം ഉറപ്പിക്കുന്നു.
നേരത്തെ അയ്യായിരത്തില്‍ താഴെ ഭൂരിപക്ഷമാണ് യുഡിഎഫ് കണക്കുകൂട്ടിയതെങ്കില്‍ ഇപ്പോള്‍ അതിനും മുകളിലെത്തുമെന്നാണ് അവരുടെ പ്രതീക്ഷ. കെപിസിസി നിയോഗിച്ച സര്‍വേ ടീമും ഭൂരിപക്ഷം 7000 കടക്കും എന്ന വിവരമാണ് നല്‍കിയിരിക്കുന്നത്. നാടാര്‍ വോട്ടുകളുടെ സമാഹരണവും ഭൂരിപക്ഷവോട്ടുകള്‍ പ്രതീക്ഷിച്ചതുപോലെ എതിരാകാതെ വന്നതും യുഡിഎഫ് വോട്ടുകള്‍ മുഴുവന്‍ പോള്‍ ചെയ്തു എന്ന വിശ്വാസവുമാണ് വിജയപ്രതീക്ഷയ്ക്ക് അടിസ്ഥാനം. ഉച്ചയ്ക്കുശേഷം ഒരു സമുദായത്തിന്റെ വോട്ടുകള്‍ കൂട്ടമായി ചെയ്യാന്‍ വന്നത് ശ്രദ്ധേയമായിരുന്നു. സാമുദായിക ഏകീകരണം യുഡിഎഫിന് അനുകൂലമാക്കാന്‍ ചില കേന്ദ്രങ്ങള്‍ നിര്‍ദേശം നല്‍കിയതായും പറയുന്നു. ഇടതുമുന്നണിക്ക് വിജയപ്രതീക്ഷ കുറഞ്ഞെന്ന സിപിഐ സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്റെ പ്രസ്താവന ഇതിനു തെളിവാണ്.
വോട്ടെടുപ്പു ദിനം വി.എസ് നടത്തിയ ഒഞ്ചിയം സന്ദര്‍ശനം നെയ്യാറ്റിന്‍കരയിലെ വി.എസ് അനുകൂലികളുടെ വോട്ട് എങ്ങോട്ടു കൊണ്ടു പോയി എന്ന സംശയമുണ്ട്. എന്നാല്‍ തങ്ങളുടെ വോട്ടുകള്‍ മുഴുവന്‍ വീണെന്നു തന്നെ പറയുകയാണ് എല്‍ഡിഎഫ് കേന്ദ്രങ്ങള്‍. വോട്ടെടുപ്പിനു മുമ്പു പ്രതീക്ഷിച്ചതിലും വോട്ട് ബിജെപിക്കു കിട്ടുമെന്ന് ഇപ്പോള്‍ യുഡിഎഫും എല്‍ഡിഎഫും സമ്മതിക്കുന്നു. ഇരുമുന്നണികളുടെയും മനക്കോട്ടയെല്ലാം തകരാന്‍ പോകുകയാണ് എന്നുതന്നെയാണ് ബിജെപിയുടെ വിശ്വാസം. കൂറുമാറ്റത്തിന്റെ പേരില്‍ ആര്.ശെല്വരാജിനോടുള്ള ധാര്‍മികരോഷവും അക്രമരാഷ്ട്രീയത്തിന്റെ പേരില്‍ സിപിഎമ്മിനോടുള്ള അമര്‍ഷവും വോട്ടില്‍ പ്രതിഫലിക്കുമെന്ന് വിശകലനം ചെയ്യുന്നു. രാജഗോപാലിനോട് വോട്ടര്‍മാര്‍ക്കുള്ള മമത കൂടിയാകുമ്പോള്‍ അട്ടിമറി വിജയം തന്നെയാണ് ബിജെപി കാണുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: