തിരുവനന്തുപരം: നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ കനത്ത പോളിംഗ്. 80 ശതമാനം പേര് വോട്ടുരേഖപ്പെടുത്തി. തിരുപുറം 83.8%, ചെങ്കല്‍ 80.5% കുളത്തൂര്‍ 78.3 %, അതിയന്നൂര്‍ 80.8 % കാരോട് 78.6 % നെയ്യാറ്റിന്‍കര നഗരസഭയില്‍ 80.3 % എന്നിങ്ങനെയാണ് പോളിംഗ് നില.
അതിയന്നൂര്‍ പഞ്ചായത്തിലെ 104ാം നമ്പര്‍ ബൂത്തില്‍ വൈദ്യുതി തടസ്സംമൂലം പോളിങ് അല്പനേരം തടസ്സപ്പെട്ടു. പോളിങ് വൈകിയതിനാല്‍ പൊഴിയൂരില്‍ ചെറിയതോതില്‍ സംഘര്‍ഷം ഉണ്ടായി.
1960-ല്‍ രേഖപ്പെടുത്തിയ 84.39 ശതമാനമാണ്് നെയ്യാറ്റിന്‍കരയില്‍ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പോളിങ്. ഏറ്റവും കുറവ് പോളിംഗ്് രേഖപ്പെടുത്തിയത് 2006ലാണ്. 66.06%.?
ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 71.15 ശതമാനമായിരുന്നു ഇവിടെ പോളിംഗ്്. മന്ദഗതിയില്‍ തുടങ്ങിയ പോളിങ് ഒന്‍പതരയോടെയാണ് കനത്തത്. 2011ല്‍ രാവിലെ ഒമ്പതര വരെ 13.2 ശതമാനം രേഖപ്പെടുത്തിയപ്പോള്‍ ഇക്കുറി പോളിംഗ് 20.4 ശതമാനം രേഖപ്പെടുത്തി. 11.30 ആയപ്പോള്‍ 39.8 ശതമാനം പേര് വോട്ടുചെയ്തു. 2011 ല്‍ ഇത് 29.6 ശതമാനമായിരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെ പോളിങ് 50 ശതമാനം കടന്നിരുന്നു. 2011ല്‍ ഇത് 42.9 ശതമാനമായിരുന്നു.
ആദ്യമണിക്കൂറുകളില്‍ പുരുഷ വോട്ടര്‍മാരാണ് കൂടുതലായും പോളിംഗ് ബൂത്തുകളില്‍ എത്തിയത്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ചിലയിടങ്ങളില്‍ പോളിങ് യന്ത്രത്തിന്റെ തകരാര്‍മൂലം പോളിംഗ് വൈകിയതൊഴിച്ചാല്‍ മറ്റു പ്രശ്നങ്ങളുണ്ടായില്ല. തിരുപുറം പഞ്ചായത്തിലെ 96-ാം നമ്പര്‍ ബൂത്ത്, കുളത്തൂരിലെ 104-ാം ബൂത്ത് എന്നിവിടങ്ങളില്‍ അല്പനേരം പോളിങ് തടസ്സപ്പെട്ടു. പതിനാറാം ബൂത്തില്‍ ബോര്‍ഡ് എടുത്തുമാറ്റുന്നതിനെച്ചൊല്ലി എല്‍ഡിഎഫ് -യുഡിഎഫ് തര്‍ക്കമുണ്ടായി. പോളിങ് ഉദ്യോഗസ്ഥര്‍ ഇടപെട്ട് ബോര്‍ഡുകള്‍ എടുത്തു മാറ്റി തര്‍ക്കം പരിഹരിച്ചു.
ശാസ്താംതല സ്കൂളിലെ ബൂത്തിലും എല്‍ഡിഎഫ് -യുഡിഎഫ് സംഘര്‍ഷം ഉണ്ടായി. ബൂത്തിനുള്ളില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് യുഡിഎഫ് പ്രവര്‍ത്തകര്‍ ആരോപിച്ചതിനെ തുടര്‍ന്നായിരുന്നു സംഘര്‍ഷം. കനത്ത പോളിംഗ് മൂന്നു സ്ഥാനാര്‍ത്ഥികളുടെയും വിജയപ്രതീക്ഷ നിലനിര്‍ത്തിയിരിക്കുകയാണ്.
പോളിങ് കഴിഞ്ഞപ്പോള്‍ മുന്ന് സ്ഥാനാര്‍ത്ഥികളുടെ വിജയ സാധ്യതകള്‍ നിലനിര്‍ത്തിയിരിക്കുകയാണ്. മുന്‍തൂക്കം ബിജെപിക്കു തന്നെയാണ്. ശെല്‍വരാജിന്റെ കാലുവാരല്‍ ഹിന്ദുവോട്ടുകളെ ഏകീകരണമുണ്ടാക്കുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. എന്‍എസ്എസ്, എസ്എന്‍ഡിപി ഉള്‍പ്പെടെയുള്ള സംഘടനകളുടെ പിന്തുണയും ബിജെപിയുടെ വിജയ പ്രതീക്ഷ വര്‍ധിപ്പിക്കുന്നു. മുന്നണി സ്ഥാനാര്‍ത്ഥികള്‍ പരസ്പരം തമ്മിലടിച്ചപ്പോഴും ബിജെപിയെയും ഒ.രാജഗോപാലിനെയും കുറ്റപ്പെടുത്താന്‍ ഒരു പഴുതും ഉണ്ടായില്ല. ബിജെപി ജയം തടയാന്‍ വോട്ട് പരസ്പരം മറിക്കുന്ന മുന്നണികളുടെ പതിവ് നാടകം നെയ്യാറ്റിന്‍കരയില്‍ ഉണ്ടാകില്ല എന്നതും ബിജെപിക്ക് പ്രതീക്ഷ കൂട്ടുന്നു.
ഉപതെരഞ്ഞെടുപ്പില്‍ തികഞ്ഞ വിജയപ്രതീക്ഷയുണ്ടെന്ന് ബിജെപി സ്ഥാനാര്‍ഥി ഒ. രാജഗോപാല്‍ നെയ്യാറ്റിന്‍കരയില്‍ പറഞ്ഞു. ഇത്തവണ ഒന്നാം സ്ഥാനത്ത് എത്തും. അക്രമ രാഷ്ട്രീയത്തിനും കാലുമാറ്റ രാഷ്ട്രീയത്തിനും എതിരെയുളള വിധിയെഴുത്താവും നെയ്യാറ്റിന്‍കരയില്‍ നടക്കുകയെന്നും രാജഗോപാല്‍ അഭിപ്രായപ്പെട്ടു.
കേന്ദ്രസംസ്ഥാന ഭരണങ്ങളുടെ ആനുകൂല്യവും ചന്ദ്രശേഖരന് വധത്തെത്തുടര്‍ന്ന് കേരളത്തിലുണ്ടായ സി പി എം വിരുദ്ധവികാരവും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ പാര്‍ട്ടി നേതൃത്വത്തിനെതിരെയുള്ള വെല്ലുവിളികളും സി പി എമ്മിനുള്ളിലെ വിഭാഗീയ പ്രശ്നങ്ങളും ശെല്‍വരാജിന്റെ വിജയം ഉറപ്പാക്കുമെന്ന് യു ഡി എഫ് വിശ്വസിക്കുമ്പോള്‍ വര്‍ഗവഞ്ചകനും കാലുമാറ്റക്കാരനുമായ ആര് ശെല്‍വരാജിനെ നെയ്യാറ്റിന്‍കരക്കാര്‍ തറപ്പറ്റിക്കുമെന്നു സിപിഎം പറയുന്നത്.
ഏറ്റവുമൊടുവില്‍ മണിയുടെ വിവാദ പ്രസംഗമുണ്ടാക്കിയ പൊല്ലാപ്പുകള്‍ നെയ്യാറ്റിന് കരയേയും ഇളക്കിയട്ടുണ്ടെങ്കിലും അതൊന്നും ഇവിടെ ബാധിക്കില്ലെന്നാണ് എല്‍ ഡി എഫ് ക്യാമ്പ് പറയുന്നത്. ഇന്ധന വില വര്‍ധനവ് ശെല്‍വരാജിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരായ കോണ്‍ഗ്രസിലെ മുറുമുറുപ്പുകള്‍ കഴിഞ്ഞ ദിവസങ്ങളിലെ വിവാദങ്ങള്‍ ഇതെല്ലാം തങ്ങള്‍ക്ക് അനുകൂലമാകുമെന്നും ഇടതുമുന്നണി കരുതുന്നു. ലോറസ് സിഎസഐ നാടാരായത് ഗുണം ചെയ്യുമെന്നും അവര്‍ കണക്ക് കൂട്ടുന്നു.
എന്നാല്‍ ഇടതുമുന്നണിയുടേത് മലര്‍പ്പൊടിക്കാരന്റെ സ്വപ്നമാണെന്നാണ് യു.ഡി.എഫിന്റെ നിലപാട്. സി.എസ്.ഐ സഭയ്ക്ക് എന്നും യു.ഡി.എഫിനെ പിന്തുണച്ച ചരിത്രമാണു ള്ളതെന്ന് അവര്‍ പറയുന്നു. അതുപോലെ അക്രമവും കൊലപാതകവുമായി നടക്കുന്ന സി.പി.എമ്മിന് ഇക്കുറി അവര്‍ പ്രതീക്ഷിക്കുന്ന തരത്തില്‍ രാഷ്ട്രീയ വോട്ടുകള്‍ ലഭിക്കില്ലെന്നും ചൂണ്ടിക്കാട്ടുന്നു. ഈ തെരഞ്ഞെടുപ്പില്‍ അക്രമത്തിനും കൊലപാതകത്തിനും ഊന്നല്‍ നല്‍കാനാണ് യു.ഡി.എഫ് ശ്രമിച്ചിട്ടുള്ളത്. ഇതിനിടയില്‍ മുങ്ങിപ്പോയ ജനകീയപ്രശ്നങ്ങള്‍ മുകള്‍പരപ്പില്‍ തെളിഞ്ഞുകാണുന്നില്ലെങ്കിലും അവയൊക്കെ അടിയൊഴുക്കുകളായി തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുമെന്നും യുഡിഎഫ് വിലയിരുത്തപ്പെടുന്നു.
നെയ്യാറ്റികരയുടെ ചിത്രത്തിലെന്നും സുപ്രധാനമായിട്ടുള്ളത് വിവിധ ജാതി സംഘടനകളാണ്. എന്നാല്‍ ഇത്തവണ ആരും പരസ്യമായ പ്രഖ്യാപനങ്ങള്‍ ഒന്നു നടത്തിയില്ല. നാടാര്‍ സമുദായത്തിന് ഭൂരിപക്ഷമുള്ള മണ്ഡലത്തില്‍ യു.ഡി.എഫിന്റെയും ഇടതുമുന്ന ണിയുടെയും സ്ഥാനാര്‍ത്ഥികള്‍ ഈ വിഭാഗത്തില്‍പ്പെട്ടവരാണ്. തൊട്ടടുത്ത് നായര്‍, ഈഴവ എന്നിങ്ങനെയാണ് മണ്ഡലത്തിലെ സമുദായങ്ങളുടെ ശക്തി. ഈ വോട്ടുകളുടെ ഏകീകരണമാണ് ബി.ജെ.പിയുടെ പ്രതീക്ഷ.
സമുദായങ്ങള്‍ വ്യക്തമായ ഒരു നിലപാട് പ്രഖ്യാപിച്ചിട്ടില്ല. അതുകൊണ്ടു തന്നെ എന്‍.എസ്.എസിന്റെയും എസ്.എന്‍.ഡി.പിയുടെയും വോട്ടുകള്‍ തങ്ങള്‍ക്ക് അനുകൂലമാകുമെന്ന് എല്ലാവരും ഒരുപോലെ അവകാശപ്പെടുന്നുമുണ്ട്. എന്നാല്‍ ഹിന്ദു സമുദായ സംഘടനകളുടെ നിലപാട് ഒ.രാജഗോപാലിനെ തുണയ്ക്കും എന്നുതന്നെയാണ് വിലയിരുത്തപ്പെടുന്നത്.
മണ്ഡലത്തിലെ മറ്റൊരു ശക്തിയായ ലത്തീന്‍ കത്തോലിക്കാസഭ ശരിദൂരവും സമദൂരവും മനസാക്ഷിവോട്ടും പോലെ എങ്ങുംതൊടാത്ത ചില പ്രഖ്യാപനങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും യു ഡി എഫ് സ്ഥാനാര്‍ത്ഥി ആര് ശെല്‍വരാജിനാണ് ഒളിഞ്ഞും തെളിഞ്ഞും ഇവര്‍ വോട്ടുപിടിച്ചത്.
ഇരുമുന്നണികളുടെയും കുതികാല് വെട്ടിനിടയില്‍ ജയിച്ചുകയറുന്നത് ഒ രാജഗോപാലാണെങ്കില് അത് കേരള രാഷ്ട്രീയത്തില്‍ പുതിയ രാഷ്ട്രീയ ചരിത്രമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: