ഇരുപത്തിനാലുവര്ഷം മുമ്പു നടന്ന ഒരു കഥയാണിത്. വേദനയില്‍ നെഞ്ചുരുകിയ ഒരു മനുഷ്യന്റെ അനുഭവ സാക്ഷ്യം. കോപവും അമര്‍ഷവും നിരാശയും നിസംഗതയും മുറിവേല്‍പ്പിക്കുന്ന ഒരാള്‍ നമ്മുടെ ഇടയില്‍ ആരുമറിയാതെ ആര്‍ക്കും പിടികൊടുക്കാതെ ജീവിക്കുന്നു. അതാണ് മറ്റക്കര സോമന് എന്ന അറുപതുകാരന്.
കോട്ടയം ജില്ലയില്‍ മറ്റക്കര അമ്പലപ്പറമ്പില്‍ ശ്രീധരകുറുപ്പിന്റെ മകന് മറ്റക്കര സോമന് നാട്ടുകാര്‍ക്ക് ഒരു ദു:ഖകഥാപാത്രം മാത്രമാണിന്ന്. അദ്ദേഹം ഒരു പാട്ടെഴുത്തുകാരനാണെന്ന അറിവ് അത്ഭുതപ്പെടുത്തുന്ന ഒന്നാണ്.
മറ്റക്കര സോമന് കോട്ടയം ടിബി റോഡില്‍ സര്‍ഗസീമ പ്രിന്റേഴ്സ് എന്ന സ്ഥാപനം നടത്തിയിരുന്നു കാലം. ഒപ്പം കവിത എഴുത്തും നാട്ടിലെ നാടകത്തിന് പാട്ടെഴുത്തുമായി കാലാസാഹിത്യ രംഗത്ത് സജീവമായിരുന്നു.
1986ല്‍ കോട്ടയം സ്വദേശിയും അക്കാലത്ത് സംഗീത സംവിധാന രംഗത്ത് പ്രസിദ്ധനുമായിരുന്ന എ.ജെ.ജോസഫ് പ്രസിലേക്ക് കയറിവന്നു. മറ്റക്കര സോമനോടു എ.ജെ.ജോസഫ് പറഞ്ഞു, ഒരു ക്രിസ്തീയ ഭക്തിഗാന കാസറ്റ് തരംഗിണിക്ക് വേണ്ടി ചെയ്യണം, കുറച്ച് പാട്ട് എഴുതാമോ എന്ന്. യേശുദാസാണ് പാടുന്നത്. തെല്ല് അമ്പരന്നെങ്കിലും എഴുതാമെന്ന് മറ്റക്കര സോമന് പറഞ്ഞു.
മറ്റക്കര സോമനെ കുറിച്ച് എ.ജെ.ജോസഫിനോടു പറഞ്ഞത് ജോസഫിന്റെ സഹായി മളാക്കാട്ടൂര് പൊന്നപ്പനാണ്. പതിനാറ് ക്രിസ്തീയ ഭക്തിഗാനങ്ങള്‍ സോമന് എഴുതി എ.ജെ.ജോസഫിന് കൊടുത്തു. ഗാനങ്ങള്‍ യേശുദാസിനെ കാണിച്ചിട്ട് അഭിപ്രായം അറിയിക്കാമെന്ന് ജോസഫ് പറഞ്ഞു. യേശുദാസും ജോസഫും കൂടിയാലോചിച്ചു പത്തുഗാനം തെരഞ്ഞെടുത്തു.
യഹുദിയായിലെ ഒരു ഗ്രാമത്തില്‍…., കാവല്‍ മാലാഖമാരെ കണ്ണടയ്ക്കതുതേ….., ഉണ്ണി ഉറങ്ങൂ….., ദൈവസ്നേഹം നിറഞ്ഞുനില്ക്കും….., അലകടലും എന്നിങ്ങനെ മലയാളികളുടെ ആസ്വാദക മനസില്‍ ഇടംലഭിച്ച മികച്ച പത്തു ക്രിസ്തീയ ഭക്തിഗാനങ്ങളാണ് തരംഗിണിക്കായി യേശുദാസ് തെരഞ്ഞെടുത്തത്. സ്നേഹപ്രതീകം എന്ന് കാസറ്റിന് പേരും കൊടുത്തു.
എ.ജെ.ജോസഫ് മറ്റക്കരസോമനെയും കൂട്ടി തരംഗിണിയില്‍ ചെന്ന് യേശുദാസിനെ കണ്ടു. “പാട്ട് ഇഷ്ടപ്പെട്ടു. മറ്റന്നാള്‍ കരാര്‍ ഒപ്പിടാം. ബാക്കിയൊക്കെ ഓഫീസില്‍ നിന്നും പറയും”. യേശുദാസ് അറിയിച്ചു.
ഒരു ഗാനത്തിന് ആയിരംരൂപാ ഗാനരചയിതാവിനും ആയിരം രൂപാ സംഗീതസംവിധാനകനും. കരാര്‍ മറ്റക്കര സോമനും എ.ജെ.ജോസഫും അംഗീകരിച്ചു. അടുത്തദിവസം കരാര്‍ ഒപ്പിടാമെന്ന് തരംഗിണിക്ക് വേണ്ടി സിനിമാനടന് സത്യന്റെ മകന് സതീഷ്സത്യനും, ജനറല്‍ മാനേജര്‍ ബാലകൃഷ്ണന് നായരും അറിയിച്ചു. ഞങ്ങള്‍ തരംഗിണിയില്‍ നിന്നും തിരിച്ചുപോന്നു.
പക്ഷേ, വിധി ക്രൂരമായാണ് ഇടപെട്ടത്. പിറ്റേന്ന് ശ്വാസകോശസംബന്ധമായ രോഗത്തെ തുടര്‍ന്ന് ഞരമ്പുമുറിഞ്ഞു സംസാരശേഷി നഷ്ടപ്പെട്ടു അബോധാവസ്ഥയിലായ മറ്റക്കര സോമനെ കോട്ടയം മെഡിക്കല്‍കോളേജില്‍ പ്രവേശിപ്പിച്ചു. ഉടന്‍ തന്നെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ചികിത്സിച്ചത് കോഴിക്കോട്ടു സ്വദേശി ഡോ.അശോക് കുമാറായിരുന്നു. തൊണ്ണൂറുദിവസം ആശുപത്രിയില്കിടപ്പിലായിരുന്നു. നീണ്ട രണ്ടരവര്‍ഷത്തെ വിശ്രമജീവിതത്തിനുശേഷം പതിയെ ഓര്‍മ്മയും സംസാരശേഷിയും മടങ്ങിവന്നു.
ഇതിനോടകം തന്നെ തരംഗിണി സ്നേഹപ്രതീകം എന്ന കാസറ്റ് പുറത്തിറക്കിയിരുന്നു. ആ ഗാനങ്ങള്‍ മലയാളികള്‍ നെഞ്ചിലേറ്റി. ആസ്വാദകരെ ആനന്ദിപ്പിച്ചു. മതാതീതമായിരുന്നു ആ ഗാനങ്ങളുടെ ആസ്വാദ്യത. തരംഗിണിയുടെ കാസറ്റിലും പരസ്യത്തിലും ഗാനരചന,സംവിധാനം എ.ജെ.ജോസഫ് എന്ന് അച്ചടിച്ചുവന്നു. എവിടെയും സോമന്റെ പേരില്ല. പത്രപരസ്യം അനുജന് ഉണ്ണിയുടെ ശ്രദ്ധയില്‍പ്പെട്ടെങ്കിലും അബോധവസ്ഥയിലായ മറ്റക്കര സോമന് ഇതൊന്നും അറിഞ്ഞില്ല.
മെല്ലെ ആരോഗ്യം വീണ്ടെടുത്ത മറ്റക്കര സോമന് തരംഗിണിയില്‍ ചെന്നു “യേശുദാസിനോട് പറയൂ”, അവര്‍ കൈ മലര്‍ത്തി. പിന്നീട് യേശുദാസിനെയും കാത്ത് ദിനങ്ങള്‍ തള്ളി നീക്കി. അപ്പോള്‍ അറിഞ്ഞു, യേശുദാസ് ഏറ്റുമാനൂര്‍ ഉത്സവത്തിന് കച്ചേരി അവതരിപ്പിക്കാന്‍ വരുന്നു. കോട്ടയത്തെ പ്രമുഖനായ ഹോട്ടല്‍ വ്യവസായിയുടെ വഴിപാടാണ്. യേശുദാസ് വ്യവസായിയുടെ ഹോട്ടലിലാണ് വിശ്രമിക്കുന്നതെന്നും അന്വേഷിച്ചറിഞ്ഞു. യേശുദാസിനെ ഹോട്ടല്‍ മുറിയിലെത്തി കണ്ടു. മുറിയില്‍ യേശുദാസും പ്രസിദ്ധ മൃദംഗവിദ്വാന്‍ തൃപ്പൂണിത്തുറ രാധാകൃഷ്ണനുമുണ്ടായിരുന്നു.
തന്റെ അവസ്ഥയും അനുഭവവും യേശുദാസിനോടു വിശദമായി വിവരിച്ചു. അദ്ദേഹം ക്ഷമയോടെ മുഴുവന്‍ കേട്ടശേഷം പറഞ്ഞു. “ഈ രംഗത്ത് ഇതൊക്കെ സാധാരണമാണ്. നിങ്ങള്‍ ചെറുപ്പമല്ലെ, അവസരങ്ങള്‍ ഇനിയും ഉണ്ടാകും. അതല്ല കേസിനാണെങ്കില്‍ തരംഗിണിയുടെ കേസുകള്‍ നടത്തുന്നത് മദ്രാസിലാണ്. അവിടെ കേസുകൊടുക്കാം. കേസിനാണെങ്കില്‍ ഒരു കാര്യം ഓര്‍ത്തോ, എന്നെകൊണ്ട് എന്നെങ്കിലും ഒരു പാട്ടുപാടിക്കണമെന്ന് വിചാരിച്ചാല്‍ അത് ബുദ്ധിമുട്ടിലാകും.”
ഒന്നും പറയാന്‍ തോന്നിയില്ല. ഇറങ്ങി നടന്നു.
കോട്ടയത്തെ പ്രമുഖ വക്കീല്‍ വി.കെ.സത്യവാന് നായരെ പോയികണ്ടു. അദ്ദേഹം പറഞ്ഞു “ഒന്നിനും പോകേണ്ട അവരൊക്കെ വല്യ ആളുകളെല്ലെ” പക്ഷേ വിട്ടുകൊടുക്കാന്‍ മനസുവന്നില്ല. വീട്ടുകാരും കൂട്ടുകാരും നിരുത്സാഹപ്പെടുത്തി. പിന്നെഅതെല്ലാം മറന്നു. ആ മറവി മറ്റക്കര സോമനെ വിഴുങ്ങി. അസ്വസ്ഥതയുണ്ടാക്കുന്ന ഓര്‍മ്മയായി അത് അവശേഷിച്ചു.
യേശുദാസും സുജാതയും പാടി തരംഗിണി പുറത്തിറക്കിയ കാസറ്റ് ലക്ഷക്കണക്കിന് കോപ്പിയാണ് വിറ്റുപോയത്. ആ കാസറ്റ് കൊണ്ടുത്തരുമായിരുന്ന പ്രശസ്തി തന്റെ ജീവിതത്തെ മാറ്റിമറിക്കുമായിരുന്നു എന്ന് വിശ്വസിക്കുന്ന മറ്റക്കരസോമന്‍ നെടുവീര്‍പ്പിടുന്നു. നനുത്ത തൂവല്സ്പര്ശനമായി ആ ഗാനങ്ങള്‍ ഇന്നും മലയാളിയുടെ മനസില്‍ ജീവിക്കുന്നു. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബി.എ.ബിരുദധാരിയായ മറ്റക്കര സോമന്റെ വിദ്യാഭ്യാസം കോട്ടയം സി.എം.എസ്.കോളേജിലായിരുന്നു. ദേശാഭിമാനയുടെ ലേഖകനായും ഈനാട് പത്രത്തിന്റെ സഹപത്രാധിപരായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കണായാപുരം രാമചന്ദ്രന്റെ കൂടെ കുറെ അധികം കാലം പത്രപ്രവര്‍ത്തനരംഗത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഇപ്പോഴും പാട്ടെഴുതുകയാണ് അദ്ദേഹം. മുന്നൂറ് എപ്പിസോഡുള്ള മോശ എന്ന ടെലിഫിലിമിന് അവതരണഗാനം എഴുതി. ക്നാനായ യുവജനവിഭാഗം പുറത്തിറക്കിയ പ്രാര്‍ത്ഥനയ്ക്കായി എന്ന കാസറ്റില്‍ നാലുഗാനങ്ങള്‍ എഴുതി. ഒട്ടേറെ ഭക്തിഗാനങ്ങളും ലളിതഗാനങ്ങളും മറ്റക്കരസോമന്റെ സൃഷ്ടികളില്പ്പെടുന്നതാണ്.
അവിവാഹിതനായ മറ്റക്കരസോമന്‍ വലിയ നഷ്ടബോധത്തിന്റെ നടുവിലാണ്. സാഹിത്യമോഷണം ലോകത്തെ ആദ്യത്തെ സംഭവമൊന്നുമല്ലെങ്കിലും അദ്ദേഹത്തിന് അതുണ്ടാക്കിയ നഷ്ടം വലുതാണ്. സംഗീതപ്രേമികളുടെ മനസില്‍ ഇടം തേടാന്‍ കിട്ടിയ അവസരമാണ് കൈമോശം വന്നുപോയത്. തന്നെ ചതിച്ചത് ആരാണെങ്കിലും പരിഭവം പുറത്തു കാട്ടാതെ അദ്ദേഹം ജീവിക്കുന്നു.
കെ.വി. ഹരിദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: