കൊച്ചി: എക്സൈസ് സംഘം സഞ്ചരിച്ചിരുന്ന ജീപ്പ്പിനു നേര്‍ക്ക് പട്ടാപ്പകല്‍ വെടിവച്ചു. കണ്ടെയ്നര്‍ റോഡില്‍ വല്ലാര്‍പാടം ടെര്‍മിനലിന് സമീപം ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. ആര്‍ക്കും പരുക്കില്ല. ആലുവ കോടതിയില്‍ പോയി മടങ്ങുകയായിരുന്ന സംഘത്തിന് നേര്‍ക്ക് സ്കോര്‍പിയോ വാനിലെത്തിയ സംഘം വെടിയുതിര്‍ക്കുകയായിരുന്നെന്നു കരുതുന്നു.
സ്പിരിറ്റ് ലോബിയുടെ ആക്രമണമെന്ന നിഗമനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. എറണാകുളം എക്സൈസ് റെയ്ഞ്ച് ഓഫിസിലെ ജീപ്പ്പിന് നേര്‍ക്കാണ്(ഗഘ1 ട ഞഠ 3) ഇന്നലെ ഉച്ചയ്ക്ക് 1.30ഓടെ ആക്രമണമുണ്ടായത്. കണ്ടെയ്നര്‍ റോഡില്‍ കാട്ടാത്ത് ജംക്ഷനിലാണ് സംഭവം. പിസ്റ്റണ്‍ ഉപയോഗിച്ചാണ് വെടിവച്ചതെന്ന് കരുതുന്നു. ജീപ്പ്പിന്റെ മുന്‍ഭാഗത്തെ ചില്ലു തുളഞ്ഞു.
എക്സൈസ് പ്രിവെന്റിവ് ഓഫിസര്‍ മുഹമ്മദ് മസൂദ്, എക്സൈസ് ഗാര്‍ഡ് ഫ്രെഡി ഫെര്‍ണാണ്ടസ്, ഡ്രൈവര്‍ ഉസ്മാന് എന്നിവര്‍ സംഭവ സമയം ജീപ്പ്പിലുണ്ടായിരുന്നു. മുന്‍വശത്തെ ചില്ലില്‍ വെടിവയ്പ്പെന്നു സംശയിക്കത്തക്ക വിധം സാമാന്യം നല്ല ശബ്ദത്തില്‍ ആഘാതമുണ്ടായതായി പ്രിവെന്റിവ് ഓഫിസര്‍ മുഹമ്മദ് മസൂദ് പറഞ്ഞു. എതിരേവന്ന സ്കോര്‍പ്പിയോ വാനില്‍നിന്നുള്ള ആക്രമണമാണെന്നു കരുതുന്നു. അതിവേഗത്തില്‍വന്ന സ്കോര്‍പ്പിയോ നിര്‍ത്താതെ ഓടിച്ചു പോയി. കഴിഞ്ഞ ദിവസം ഇടപ്പള്ളിയില്വച്ചു പിടികൂടിയ സ്പിരിറ്റ് ശേഖരത്തിന്റെ സാമ്പിള്‍ ആലുവ കോടതിയില്‍ ഹാജരാക്കിയശേഷം ഓഫിസിലേക്കു മടങ്ങുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തെത്തുടര്‍ന്നു സിറ്റി പോലീസ് അസിസ്റ്റന്റ് കമ്മിഷണര്‍ സുനില്‍ ജേക്കബിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. ബുള്ളറ്റ് തറച്ചെന്നു കരുതുന്ന ഭാഗത്തുനിന്നു പൊലീസ് ഫൊറന്‍സിക് വിഭാഗം സാമ്പിള്‍ ശേഖരിച്ചു.
സയറ്റിഫിക് അസിസ്റ്റന്റ് സൂസന്ന ആന്റണിയുടെ നേതൃത്വത്തിലുള്ള ഫൊറന്‍സിക് സംഘമാണു ജീപ്പ്പില്‍ പരിശോധന നടത്തിയത്. സാമ്പിള്‍ പരിശോധനയ്ക്കായി ഫൊറന്‍സിക് ലബോറട്ടറിയിലേക്ക് അയച്ചു. എക്സൈസ് സംഘം നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ മുളവുകാട് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ഇടപ്പള്ളി ബൈപാസിലുള്ള പെട്രോള്‍ പമ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന ലോറിയില്‍നിന്നു കഴിഞ്ഞ ദിവസം 1728 ലിറ്റര്‍ സ്പിരിറ്റ് എക്സൈസ് സംഘം പിടികൂടിയിരുന്നു. ലോറിയുടെ പിന്‍വശത്തെ ക്യാബിനില്‍ പ്രത്യേക അറ നിര്‍മിച്ചായിരുന്നു ഇതു സൂക്ഷിച്ചിരുന്നത്. സംഭവത്തില്‍ ഒരാള്‍ക്കെതിരേ കേസെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: