മരട്: മരട് നഗരസഭയിലെ വിവിധ പ്രദേശങ്ങളില്‍ അനധികൃത കെട്ടിടനിര്‍മ്മാണം വ്യാപകമാവുന്നതായി ആക്ഷേപം. കെട്ടിടനിര്‍മ്മാണ ചട്ടങ്ങള്‍ പാലിക്കാതെയാണ് നഗരസഭാ അധികൃതര്‍ സ്വകാര്യ കെട്ടിടങ്ങള്‍ക്ക് നിര്‍മ്മാണാനുമതി നല്‍കുന്നതെന്നാണ് നാട്ടുകാരുടെ പരാതി. വിസ്തൃതി കുറഞ്ഞ സ്ഥലത്തുപോലും വന്‍ കെട്ടിടങ്ങള്‍ക്ക് അനുമതി നല്‍കുകയും നിശ്ചിത വീതിയിലുള്ള വഴിയില്ലാത്തിടത്തുപോലും ബഹുനില സമുച്ചയങ്ങള്‍ കെട്ടിപ്പൊക്കുന്നതും മരടില്‍ വര്‍ധിച്ചിരിക്കുകയാണ്. കായലും തോടുകളും കൈയേറിയുള്ള അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പ്രദേശത്ത് തകൃതിയായി നടക്കുന്നുണ്ട്.
കെട്ടിടനിര്‍മ്മാണത്തിനിടെ പാലിക്കപ്പെടേണ്ട സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ സമീപത്തുള്ള ചെറിയ വീടുകള്‍ക്കും മറ്റും കേടുപാട് സംഭവിക്കുന്നത് പതിവായിരിക്കുകയാണ്. നെട്ടൂര്‍ ഐഎന്‍ടിയുസി-അമ്പലക്കടവ് റോഡില്‍ സ്വകാര്യ വ്യക്തിയുടെ കെട്ടിടനിര്‍മ്മാണത്തിനിടെ സമീപത്തെ വീടുകള്‍ക്ക് കേടുപാട് സംഭവിച്ചതായി പരാതി ഉയര്‍ന്നു. ശക്തിയായ പെയിലിങ്ങിനിടെ ചുമര് വിണ്ടുകീറുകയും കുളിമുറി തകരുകയും ചെയ്തതായും വീടുകള്‍ക്ക് കാര്യമായ ബലക്ഷയം സംഭവിച്ചതായുമാണ് വീട്ടുകാര്‍ പറയുന്നത്. വീടുകള്‍ക്ക് കേടുപാട് സംഭവിച്ച വിവരം നഗരസഭാ അധികൃതരെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്ന് പരാതിയുണ്ട്. പെയിലിങ്ങിന് കരാര്‍ നല്കിയിരിക്കുന്നയാളാണ് നാശനഷ്ടങ്ങള്‍ക്ക് ഉത്തരവാദിയെന്നാണ് കെട്ടിടയുടമയുടെ നിലപാട്. എന്നാല്‍ സമീപത്തെ വീടുകള്‍ക്ക് കേടുപാട് സംഭവിച്ചത് നിര്‍മ്മാണം നിര്‍ത്തിവെപ്പിക്കാന്‍ മതിയായ കാരണമാണെന്നും, സ്റ്റോപ്പ് മെമ്മോ നല്കി നിര്‍മ്മാണം തടയണമെന്നുമാണ് നാട്ടുകാരില്‍ ഒരുവിഭാഗം ആവശ്യപ്പെടുന്നത്. പ്രശ്നത്തില്‍ അടിയന്തരമായി ഇടപെട്ട് പരിഹാര നടപടിയുണ്ടാക്കണമെന്നാണ് നാട്ടുകാര്‍ ജില്ലാ കളക്ടര്‍ക്ക് നല്കിയ പരാതിയില്‍ പറയുന്നത്.
സമീപത്തുള്ള മറ്റ് കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കില്ലെന്ന് ഉറപ്പുവരുത്തിവേണം നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തുവാനെന്ന് കെട്ടിട നിര്‍മ്മാണച്ചട്ടം (കെഎംബിആര്‍) നിര്‍ദ്ദേശിക്കുന്നുണ്ട്. ഇതിനുപുറമെ പൊടിപടലങ്ങള്‍, ശബ്ദമലിനീകരണം എന്നിവയും ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. എന്നാല്‍ ഇത്തരം നിബന്ധനകളൊന്നും പലപ്പോഴും പാലിക്കപ്പെടാറില്ലെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: