പെണ്‍കുട്ടികളുടെ കൂട്ട ആത്മഹത്യയും മൊബെയില്‍ ഫോണിലൂടെയും ഇന്റര്‍നെറ്റിലൂടെയുമുള്ള അപവാദ ഫോട്ടോ പ്രചരണത്തിലൂടെ തകര്‍ന്ന മറ്റനേകം സ്ത്രീകളുടെ കഥയും കേരളത്തിന്റെ മനഃസ്സാക്ഷിയെ ഞെട്ടിച്ച സംഭവങ്ങളാണ്. പീഡനത്തിനിരയായ പല പെണ്‍കുട്ടികളും പിന്നീട് ആത്മഹത്യ ചെയ്യുന്ന സംഭവങ്ങളില്‍ കുറ്റവാളികള്‍ സമൂഹത്തില്‍ വിലസുന്നത് നാം കണ്ടു. സ്ത്രീകളുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് അവരെ ബ്ലാക്ക് മെയില്‍ ചെയ്ത് വീണ്ടും അവരുടെ മാനവും പണവും കവരുന്നവര്‍ സമൂഹത്തില്‍ മാന്യന്മാരായി ചമയുന്നതും മലയാളി കാണുകയാണ്.
സ്ത്രീകളുടെ അന്തസ്സും അഭിമാനവും സംരക്ഷിക്കപ്പെടേണ്ടത് ഒരു പരിഷ്കൃത ജനാധിപത്യ സമൂഹത്തില്‍ അനിവാര്യമാണ്. മനുഷ്യ പുരോഗതിയ്ക്കായി നാം ഉപയോഗപ്പെടുത്തുന്ന നൂതന സാങ്കേതികവിദ്യകള്‍ തന്നെ സ്ത്രീകളേയും കുട്ടികളേയും ചൂഷണം ചെയ്യുന്നതിനായി ദുരുപയോഗം ചെയ്യപ്പെടുന്നു എന്നത് ഏറെ ശ്രദ്ധിക്കപ്പെടേണ്ട കാര്യമാണ്. പൊതുസ്ഥലങ്ങളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ക്ക് പുറമേയാണ് അവരുടെ പ്രൈവസിക്ക് വിഘ്നം വരുത്തുന്ന ഇത്തരം അതിക്രമങ്ങള്‍.
നമ്മുടെ നഗരങ്ങളും പട്ടണങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തൊഴിലിടങ്ങളും പലപ്പോഴും സ്ത്രീകള്‍ക്കെതിരായുള്ള കുറ്റകൃത്യങ്ങള്‍ അരങ്ങേറുന്ന ഇടങ്ങളായി മാറിയിട്ടുണ്ട്. നിലവിലുള്ള ഇന്ത്യന്‍ പീനല്‍ കോഡ്, കേരളാ പോലീസ് ആക്ട്, ഐ.റ്റി. ആക്ട് എന്നിവയിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് സ്ത്രീകള്‍ക്കെതിരായുള്ള ഇത്തരം അതിക്രമങ്ങളെ നാം പ്രധാനമായും നേരിടുന്നത്. ജില്ലാ സൈബര്‍ സെല്ലുകളിലും സംസ്ഥാന സൈബര്‍ സെല്ലിലുമെല്ലാം സ്ത്രീകളുടെ നൂറു കണക്കിന് പരാതികള്‍ ലഭിക്കുന്നുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തൊഴിലിടങ്ങളിലും വച്ചുണ്ടാകുന്ന മൊബെയില്‍ഫോണ്‍, ഇന്റര്‍നെറ്റ് വഴിയുള്ള കുറ്റകൃത്യങ്ങള്‍ക്ക് നിരന്തരം ഇരയാകുന്നവര്‍ ഇത്തരം പീഡനം അവസാനിപ്പിച്ചുകിട്ടണം എന്ന ആഗ്രഹത്തോടെയാണ് പരാതികള്‍ നല്‍കുന്നത്. മാന്യത മൂലം ചിലപ്പോള്‍ രക്ഷിതാക്കളോടു പോലും ഈ വിവരങ്ങള്‍ തുറന്നുപറയാന്‍ പെണ്‍കുട്ടികള്‍ മടിക്കുന്നത് സ്വാഭാവികമാണ്. ഈ പരാതികള്‍ ഒന്നും തന്നെ കുറ്റവിചാരണയിലേക്ക് നീങ്ങുന്നില്ല. അതിനാല്‍ കേസ്സുകള്‍ തീര്‍പ്പാക്കാന്‍ ഉണ്ടായേക്കാവുന്ന കാലതാമസം, അനുബന്ധിച്ചുള്ള ക്ലേശങ്ങള്‍, നിയമത്തിന്റെ പഴുതുകള്‍ മൂലം പലപ്പോഴും കുറ്റവാളികള്‍ രക്ഷപ്പെട്ടേക്കാം എന്നുള്ള സംശയം എന്നിവമൂലം പലരും കേസ്സുമായി മുന്നോട്ടുപോകാന്‍ തയ്യാറാകുന്നില്ല.
സ്ത്രീകളെ സഹായിക്കാനായി ജില്ലകളിലെ വനിതാ ഹെല്പ്ലൈന് സംവിധാനം 24 മണിക്കൂറും കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ വേണ്ട അംഗബലവും സംവിധാനവും നല്കാന് സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ട്. നിലവിലുള്ള വനിതാസെല്‍, പോലീസ് സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരെ നടന്ന കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച് രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസ്സുകള്‍ ഗൗരവത്തോടെ അന്വേഷിച്ച് നടപടിയെടുക്കണം എന്നതാണ് സക്കാരിന്റെ നയം.
പോലീസ് ഡിപ്പാര്‍ട്ട്മെന്റ് നടത്തിയ പഠനവും മറ്റ് പഠനങ്ങളും പരിശോധിക്കുമ്പോള്‍ പൊതു സ്ഥലങ്ങളിലും സൈബര്‍ സ്പേസിലും മൊബെയില്‍ഫോണ്‍ വഴിയും മറ്റും സ്ത്രീകള്‍ക്കെതിരെയുള്ള വര്‍ദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍ നേരിടാന്‍ നിലവിലുള്ള നിയമം അപര്യാപ്തമാണെന്ന് കാണുന്നു. ബസ്സിലൊ പാര്‍ക്കിലോ വെച്ച് ഒരു സ്ത്രീ അപമാനിക്കപ്പെട്ടാല്‍ നടപടിയെടുക്കാന്‍ ചുമതലപ്പെട്ടവര്‍ ശ്രദ്ധിക്കേണ്ടതല്ലേ? അപമാനിക്കപ്പെട്ട സ്ത്രീയുടെ മാത്രം ബാധ്യതയായി അതിനെ കണക്കാക്കുന്നത് ഒരു പരിഷ്കൃത സമൂഹത്തിന് യോജിച്ചതാണോ? ഇത്തരത്തിലും മറ്റനേകം സാഹചര്യങ്ങളിലും സ്ത്രീ അപമാനിക്കപ്പെടുന്നത് തടയുന്നതിന് പൊതുസമൂഹത്തിന് ബാധ്യതയില്ലേ? അങ്ങനെ അപമാനിക്കപ്പെട്ട ഒരു സ്ത്രീ മരണമടഞ്ഞാല്‍ ആ മരണത്തിന് കാരണമായവര്‍ക്കെതിരെ നടപടി വേണ്ടേ? പക്ഷെ അതിന് ആവശ്യമായ നിയമമെവിടെ? ഈ പോരായ്മ പരിഹരിക്കുന്നതിനായി സ്ത്രീകളുടെ സ്വകാര്യതയും അന്തസ്സും നിയമപരമായി സംരക്ഷിക്കപ്പെടുന്നതിനു പര്യാപ്തമായാരു നിയമം കൊണ്ടു വരുന്നതിന് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു.
പുതിയ ഒരു നിയമം കൊണ്ടു വരുന്നതിനു മുമ്പായി സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളെ സംബന്ധിച്ച് ജാഗരൂകരായ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുമായും ആശയവിനിമയം നടത്തുവാനായി ആഗ്രഹിക്കുന്നു. അതിനായി ഒരു പ്രത്യേക യോഗം ജൂണ്‍ 6-ാം തീയതി തിരുവനന്തപുരത്ത് വിളിച്ചു ചേര്‍ക്കുന്നതാണ്.
വിദ്യാഭ്യാസ സ്ഥാപനം, മതസ്ഥാപനം, ബസ്സ് സ്റ്റോപ്പ്, റോഡ്, റയില്വേസ്റ്റേഷന്, സിനിമാ തീയറ്റര്‍, പാര്‍ക്ക്, ബീച്ച്, ഉത്സവസ്ഥലം, ബസ്സുകള്‍, സൈബര്‍സ്പേസ് ഉള്‍പ്പടെയുള്ള മേറ്റ്ല്ലാ പൊതു സ്ഥലങ്ങളിലും സ്ത്രീകളുടെ സ്വകാര്യതയിലേക്ക് കടന്നു കയറി ഫോട്ടോ, വീഡിയോ, ഫോണ്‍ മുതലായവയുടെ സഹായത്തോടെയൊ അല്ലാതെയോ റെക്കോര്‍ഡു ചെയ്യുകയോ പ്രചരിപ്പിക്കുകയോ ചെയ്താല്‍ അത് ശിക്ഷാര്‍ഹമായ കുറ്റമായിരിക്കും.
മേല്‍പ്പറഞ്ഞ ഏതു പൊതുസ്ഥലത്തിന്റേയും ചാര്‍ജ്ജിലുള്ള ആള്‍ക്ക് സ്ത്രീകള്‍ക്കെതിരെയുള്ള മേല്‍പ്രതിപാദിച്ച കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള ബാധ്യത ഉണ്ടായിരിക്കും. സ്ത്രീകള്‍ക്കെതിരായ ഇത്തരം കുറ്റകൃത്യങ്ങള്‍ തങ്ങളുടെ ചുമതലയിലുള്ള സ്ഥലത്തു വച്ചു നടന്നാല്‍ അത് റിപ്പോര്‍ട്ട് ചെയ്യാന്‍ ചാര്‍ജ്ജിലുള്ള വ്യക്തിക്ക് ബാധ്യതയുണ്ടായിരിക്കും. ഈ ബാധ്യത നിറവേറ്റുന്നതില്‍ വീഴ്ചവരുത്തുന്നത് കുറ്റകരമായി കണക്കാക്കും.
ലൈന്ബസ്സുകളിലും മറ്റ് പബ്ലിക് സര്‍വ്വീസ് വാഹനങ്ങളിലും സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ നടന്നാല്‍ ആ വാഹനം ഉടന്‍ തന്നെ പോലീസ് സ്റ്റേഷനിലെത്തിക്കാന്‍ ജീവനക്കാര്‍ക്ക് ബാധ്യതയുണ്ടായിരിക്കും. അങ്ങനെ റിപ്പോര്‍ട്ട് ചെയ്യാത്തത് കുറ്റകൃത്യമായി കണക്കാക്കപ്പെടും.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലവന്മാര്ക്ക് തങ്ങളുടെ സ്ഥാപനങ്ങളില്‍ മൊബെയില്‍ ഫോണ്‍ തുടങ്ങി സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന ആധുനിക ഇലക്ട്രോണിക് ഉപകരണങ്ങള്‍ ആവശ്യമുണ്ടെങ്കില്‍ നിരോധിക്കാന്‍ അവകാശം ഉണ്ടായിരിക്കുന്നതാണ്.
സ്ത്രീകളുടേയും കുട്ടികളുടേയും മാന്യതയ്ക്ക് നിരക്കാത്ത വിധത്തിലുള്ള ഫോട്ടോകള്‍, വീഡിയോ ക്ലിപ്പിംഗുകള്‍ മുതലായവ കൈവശം സൂക്ഷിക്കുന്നത് കുറ്റകൃത്യമായി കണക്കാക്കപ്പെടും.
അസാധാരണമായ സാഹചര്യത്തില്‍ മരണം സംഭവിക്കുകയും ആ സ്ത്രീ മാനഭംഗം, ബലാത്സംഗം, മാനഹാനി തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്കിരയായിട്ടുണ്ട് എന്ന് കാണുകയും ചെയ്താല്‍ അത്തരം മരണത്തെ പീഡനം മൂലമുള്ള മരണമായി കണക്കാക്കുമെന്ന് ബഹുജനാഭിപ്രായം പൊന്തി വന്നിട്ടുണ്ട്. ഇപ്രകാരം പൊതുജനാഭിപ്രായം കണക്കിലെടുത്ത്, കേരളത്തിന്റെ സാംസ്കാരിക പൈതൃകം നിലനിര്‍ത്തുന്നതിന് ഉതകുന്ന വിധം സമഗ്രമായ ഒരു നിയമനിര്‍മ്മാണം അനിവാര്യമായിരിക്കുകയാണ്.
പൊതുസമൂഹം ഈ നിയമത്തെ കുറിച്ച് സജീവമായി ചര്‍ച്ച ചെയ്യുകയും തങ്ങളുടെ അഭിപ്രായങ്ങള്‍ അറിയിക്കുകയും വേണമെന്ന് താല്പര്യപ്പെടുന്നു. ഓരോ അഭിപ്രായവും ഏറെ വിലപ്പെട്ടതായി ഞാന്‍ കണക്കാക്കുന്നു എന്ന് എടുത്ത് പറഞ്ഞു കൊള്ളട്ടെ.
ആധുനിക കാലഘട്ടത്തിന്റേതായ പ്രശ്നങ്ങളും വെല്ലുവിളികളും പരിഹരിക്കാന്‍ തക്കവിധം നിലവിലുള്ള നിയമത്തില്‍ കാലോചിതമായ മാറ്റം ഉണ്ടാകണമെന്നാണ് പൊതുസമൂഹം ആഗ്രഹിക്കുന്നത്. കൗമാരക്കാരായ പെണ്‍കുട്ടികളെ വിദ്യാലയങ്ങളിലേക്ക് അയയ്ക്കുന്ന ശരാശരി രക്ഷകര്‍ത്താവിന്റെ ആശങ്ക അകറ്റാന്‍ പര്യാപണമായ വിധം നിയമത്തില്‍ സമഗ്രമയ പരിഷ്കാരം കൊണ്ടുവരണമെന്നതാണ് ആവശ്യം. പെണ്‍കുട്ടികളുടെ സുരക്ഷയ്ക്ക് വെല്ലുവിളി ഉയര്‍ത്തും വിധം അപകടകരമായ വിധത്തില്‍ രൂപപ്പെട്ടുവരുന്ന ദൂഷിതവലയങ്ങളെ അമര്‍ച്ച ചെയ്യാനും സ്ത്രീകളുടെ സാമൂഹിക സുരക്ഷ ഉറപ്പുവരുത്താനും പര്യാപ്തമായ നിയമമാണ് ഉണ്ടാകേണ്ടത്. ഇക്കാര്യത്തില്‍ ഗവണ്മെന്റ് സ്വീകരിക്കുന്ന ആത്മാര്‍ത്ഥമായ സമീപനത്തില്‍ എല്ലാ വിഭാഗത്തില്‍പ്പെട്ട ജനങ്ങളുടേയും പിന്തുണയും പ്രോത്സാഹനവും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുകയാണ്. ആശയരൂപീകരണത്തിന്റെ ആദ്യപടിയായാണ് സ്വതന്ത്രമായ ചര്‍ച്ച, അഭിപ്രായ പ്രകടനം എന്നിവയ്ക്ക് വേദി ഒരുങ്ങുന്നത്.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ആഭ്യന്തര വകുപ്പ് മന്ത്രി
പ്രതികരിക്കാൻ ഇവിടെ എഴുതുക: