അങ്കമാലി: കാട്ടാനകളുടെയും പുലികളുടെയും ശല്യം മൂത്ത് ജനജീവിതം ഭീതിയിലാക്കിയ കാലടി പ്ലാന്റേഷനില്‍ ഒരിടവേളയ്ക്കുശേഷം വീണ്ടും പുലിയുടെ വിളയാട്ടം രൂക്ഷമായി. കാലടി പ്ലാന്റേഷിനെ അഞ്ചാം ബ്ലോക്കില്‍ കണ്ണിമംഗലം ഡിവിഷന് എ യിലാണ് കഴിഞ്ഞ ദിവസം പുലിയിറങ്ങിയത്. ഇതിന്റെ ഭാഗമായി ഫോറസ്റ്റ് ഡിവിഷനിലെ ഉദ്യോഗസ്ഥരും നാട്ടുകാരും നടത്തിയ അന്വേഷണത്തില്‍ ആറ് ആടിനെയും ഒരു പശുകുട്ടിയെയും പുലി കൊന്നു തിന്നിട്ടുണ്ടെന്ന് കണ്ടെത്തി.
എന്നാല്‍ പുലിയെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇത് ജനങ്ങളെ കുടുതല്‍ പരിഭ്രാന്തരാക്കിയിട്ടുണ്ട്. ഇവിടെ വ്യാഴാഴ്ച രാവിലെ പുലിയെ നേരില്‍ കണ്ടതായും പറയപ്പെടുന്നു. ആറു മണിയോടെ ഇതുവഴി ബൈക്കില്‍ പോയ യുവാക്കള്‍ പുലി റോഡിനു കുറുകെ ചാടുന്നത് കണ്ടിരുന്നു. പിന്നീട് 7.10-ന് രണ്ടാം പാല്പ്പുരയ്ക്കു സമീപം ടാപ്പിംഗ് നടത്തിക്കൊണ്ടിരുന്ന സാജന് എന്ന തൊഴിലാളിയും പുലിയെ കണ്ടു. പാറയുടെ ഇടുക്കില് കിടന്നിരുന്ന പുലി ആളനക്കം കേട്ട് പുറത്തേക്ക് ചാടുകയായിരുന്നു. ഭയന്നുപോയ സാജന്റെ നിലവിളി കേട്ട് സമീപത്ത് ടാപ്പു ചെയ്തുകൊണ്ടിരുന്ന തൊഴിലാളികള്‍ ഓടിയെത്തി. തുടര്‍ന്ന് തൊഴിലാളികള്‍ കൂട്ടമായി നടത്തിയ തെരച്ചിലിലില്‍ ഒരു ആടിന്റെ അവശിഷ്ടങ്ങള്‍ കണ്ടിരുന്നു.
കൈകളും കാലുകളും പണ്ടവും ഒഴികെയുള്ള ഭാഗം പുലി ഭക്ഷിച്ച നിലയിലായിരുന്നു. പുലിയെ നേരില്‍കണ്ട സാഹചര്യത്തില്‍ പ്രദേശത്ത് വനംവകുപ്പിന്റെ നേതൃത്വത്തില്‍ തെരച്ചില്‍ നടത്താനും രാത്രികാലങ്ങളില്‍ പട്രോളിംഗ് നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഈ തീരുമാനപ്രകാരം ഇന്നലെ നടത്തിയ തെരച്ചിലില്‍ അഞ്ച് ആടുകളെയും ഒരു പശുകുട്ടിയെയും പുലി കൊന്നതായി കണ്ടെത്തി. പുലിയെ കണ്ടത് മൂലം നാട്ടുകാര്‍ രാത്രികാലങ്ങളിലും പുലര്‍ച്ചയും പുറത്തിറങ്ങാന്‍ ഭയപ്പെടുകയാണ്. ഡിവിഷന് എ യില്‍ കാടുവെട്ട് നടത്താത്തതിനാല്‍ തോട്ടങ്ങള്‍ കാടുപിടിച്ചു കിടക്കുന്ന സ്ഥിതിയിലാണ്. പുലിക്ക് മറഞ്ഞിരിക്കാന്‍ ഇതു സൗകര്യമൊരുക്കുന്നു.
പുലിയെ കണ്ടതോടെ പുലര്‍ച്ചെ ടാപ്പിംഗിന് ഇറങ്ങേണ്ട തൊഴിലാളികള്‍ ഭീതിയിലായി. പ്രദേശത്ത് കാട്ടാനയിറങ്ങുന്നത് പതിവാണെങ്കിലും പുലിയെ കാണുന്നത് ആദ്യമാണെന്ന് തൊഴിലാളികള്‍ പറയുന്നു. തോട്ടത്തിലെ കാടു വെട്ടിത്തെളിക്കാന്‍ അടിയന്തിരമായി നടപടി സ്വീകരിക്കണമെന്ന് നാട്ടുകാരും തൊഴിലാളികളും ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: