നെയ്യാറ്റിന്‍കര: ചരിത്രവിധിയെഴുതാന് നെയ്യാറ്റിന്‍കര നിയോജക മണ്ഡലത്തിലെ വോട്ടര്‍മാര്‍ ഇന്ന് പോളിംഗ് ബൂത്തിലേക്ക്. കറകളഞ്ഞ വ്യക്തിത്വത്തിനുടമയായ ബിജെപി സ്ഥാനാര്‍ഥി ഒ.രാജഗോപാല്‍, എംഎല്‍എ സ്ഥാനം രാജിവച്ച് കാലുമാറി കോണ്‍ഗ്രസിലെത്തിയ യുഡിഎഫ് സ്ഥാനാര്‍ഥി ആര്.ശെല്‍വരാജ്, വിവിധ തെരഞ്ഞെടുപ്പുകളില്‍ തരംപോലെ മുന്നണികളില്‍ മാറി മാറി നിന്ന് മത്സരിച്ച എഫ്.ലോറന്‍സ് എന്നിവര്‍ തമ്മിലാണ് പ്രധാന മത്സരം.
ശക്തമായ ത്രികോണ മത്സരം നടക്കുന്ന നെയ്യാറ്റിന്‍കരയില്‍ ഒരു വനിതയുള്‍പ്പെടെ ആകെ പതിനഞ്ചു സ്ഥാനാര്‍ഥികളാണുള്ളത്. ശെല്‍വരാജിനും ലോറന്‍സിനും രണ്ടു വീതം അപരന്മാരുള്ളപ്പോള് രാജഗോപാലിന് രാജഗോപാല്‍ മാത്രം. ശെല്‍വരാജിന്റെ ഒരു അപരന് ലഭിച്ച ചിഹ്നമാകട്ടെ കൈപ്പത്തിയോട് സാമ്യം വരുന്ന ഷട്ടില്‍ കോക്കും. 2004ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വി.എം.സുധീരനെ തോല്പിച്ചത് ഷട്ടില്‍ കോക്കായിരുന്നു. അന്ന് നാലായിരത്തിലധികം വോട്ടുകള്‍ വി.എം.സുധീരന്റെ അപരന് നേടിയിരുന്നു.
കനത്ത സുരക്ഷാ സംവിധാനങ്ങളാണ് മണ്ഡലത്തില്‍ ഒരുക്കിയിരിക്കുന്നത്. 143 പോളിംഗ് ബൂത്തുകളിലായി നടക്കുന്ന തിരഞ്ഞെടുപ്പിന് 1600ലധികം പോലീസുകാരെ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. കേന്ദ്രസേനയെ സജ്ജമാക്കിയിട്ടുണ്ടെങ്കിലും പോളിംഗ് ബൂത്തുകളില്‍ നിയമിച്ചിട്ടില്ല. അത്യാവശ്യമുണ്ടെങ്കില്‍ മാത്രമേ കേന്ദ്രസേനയെ രംഗത്തിറക്കുകയുള്ളൂ.
നിശ്ശബ്ദപ്രചാരണവും ഇന്നലെയോടെ സമാപിച്ചു. വോട്ടു രേഖപ്പെടുത്തുന്നതിന് തെരഞ്ഞെടുപ്പു കമ്മീഷന്റെ തിരിച്ചറിയല്‍ കാര്‍ഡോ കമ്മീഷന് നല്കുന്ന സ്ലിപ്പോ തിരിച്ചറിയല്‍ രേഖയായി ഹാജരാക്കണം. തെരഞ്ഞെടുപ്പു സാധനങ്ങളുടെ വിതരണം ഇന്നലെ ഉച്ചയോടെ പൂര്‍ത്തിയായി. തിരിച്ചറിയല്‍ കാര്‍ഡില്ലാത്തവര്‍ക്ക് വോട്ടേഴ്സ് സ്ലിപ്പ് ബന്ധപ്പെട്ട പോളിംഗ് സ്റ്റേഷനു സമീപത്തു നിന്നും ബി.എല്‍.ഒമാര്‍ മുഖേന ലഭിക്കും.
ആകെ 143 ബൂത്തുകളാണ് നിയോജക മണ്ഡലത്തില്‍ ഉള്ളത്. ബൂത്തുകളുടെ പരിശോധന നേരത്തെ തന്നെ നടത്തിയിരുന്നു. ബൂത്തിലെ സൗകര്യങ്ങള്‍ ക്രമീകരിക്കുന്ന ചുമതല വില്ലേജ് ഓഫീസര്‍മാര്‍ക്കാണ്. 1250 വോട്ടര്‍മാര്‍ വരെയുള്ള ബൂത്തുകളില്‍ നാലുദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. പ്രിസൈഡിംഗ് ഓഫീസര്‍ക്കു പുറമെ മൂന്ന് പോളിംഗ് ഉദ്യോഗസ്ഥര്‍ കൂടിയുണ്ടാകും. 1250ല്‍ കൂടുതല്‍ വോട്ടര്‍മാരുള്ള ബൂത്തുകളില്‍ ഒരു ഉദ്യോഗസ്ഥനെ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തില്‍ 48 ബൂത്തുകളാണ് നിയോജകമണ്ഡലത്തില്‍ ഉള്ളത്. ഇന്നു രാവിലെ ഏഴുമണി മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് വോട്ടെടുപ്പ്. എന്തെങ്കിലും കാരണവശാല്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീന് തകരാറിലായാല്‍ അതിനും പരിഹാരം സജ്ജീകരിച്ചിട്ടുണ്ട്. വോട്ടെടുപ്പു കഴിഞ്ഞാല്‍ മെഷീനുമായി പോളിംഗ് ഉദ്യോഗസ്ഥര്‍ നെയ്യാറ്റിന്‍കര ഗവ.ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂളിലെത്തും. തുടര്‍ന്ന് രാത്രിയോടെ തിരുവനന്തപുരം സ്വാതിതിരുനാള്‍ സംഗീത കോളേജിലെത്തിക്കും. 15നാണ് വോട്ടെണ്ണല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: