ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ തപസ്യയുടെ 36- ാം സംസ്ഥാനവാര്‍ഷിക സമ്മേളനം കോഴിക്കോട്ടു നടക്കുമ്പോള്‍ പ്രവര്‍ത്തകര്‍ക്കെല്ലാം ഒരുപോലെ, തമ്മില്‍തമ്മില്‍ പറയാനുണ്ടായിരുന്നത് ഗോപാലകൃഷ്ണന് മാസ്റ്ററുടെ അസാന്നിദ്ധ്യത്തെകുറിച്ചായിരുന്നു.
മാഷ് ഏതാനും മാസം മുമ്പാണ് അനാരോഗ്യമൂലം കോഴിക്കോട് വിട്ട് ജന്മദേശമായ ചെത്തല്ലൂരില്‍ താമസമാക്കിയത്.
കോഴിക്കോട്ട് തപസ്യയുടെ ഒരു മഹാ സമ്മേളനം ഗോപാലകൃഷ്ണന് മാസ്റ്ററുടെ നേരിട്ടുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്ലാതെ, അങ്ങനെ ആദ്യമായി…
സാംസ്കാരിക രംഗത്ത് ഇങ്ങനെയൊരു സംഘടന എന്ന ആശയം രൂപപ്പെട്ട കാലത്ത് സാഹിത്യരംഗത്ത് പ്രശസ്തനായി കഴിഞ്ഞ ഈ മലയാളം പ്രൊഫസര്‍, സര്‍വ്വാത്മനാ ഈ ആശയവുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറായി മുന്നോട്ട് വന്നിരുന്നു.
അപ്പോഴേയ്ക്കാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടത്. ഇത്തരമൊരു പ്രസ്ഥാനത്തെ നയിക്കേണ്ടവര്‍ പോലീസിന്റെ നോട്ടപുള്ളികളായി……എം.എ സാര്‍, മാധവ്ജി, ഹരിയേട്ടന്…..
ഇവര്‍ക്കും കൊറാത്ത് സാറിനും പ്രവര്ത്തകരോടൊപ്പമിരുന്ന് പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിന് താവളം ആവശ്യമായപ്പോഴൊക്കെ തിരുവണ്ണൂരിലെ “ശാന്തിയുടെ” വാതില്‍ തുറന്ന് കിട്ടി. ഗോപാലകൃഷ്ണന് മാസ്റ്ററുടെ വീട്ടില്‍ പല തവണ, അടിയന്തരാവസ്ഥകാലത്ത് യോഗം ചേര്‍ന്ന് തീരുമാനങ്ങളെടുത്തു. “തപസ്യ” സംഘത്തിന്റെ പൊതു പരിപാടികള്‍ അങ്ങനെ ആസൂത്രണം ചെയ്ത് നടപ്പാക്കി
ആയിടയ്ക്ക് തന്നെയാണ് കേസരി ആഴ്ചപ്പതിപ്പിന്റെ രജതജൂബിലി കോഴിക്കോട്ട് നടന്നു. എം.എ സാറും മറ്റും ഒളിവിലിരുന്ന് നിയന്ത്രിച്ച ആ മഹാ സമ്മേളനത്തിലെ സാംസ്കാരിക പരിപാടി ഏകോപിപ്പിച്ച് വിജയകരമായി നടപ്പാക്കാന്‍ കഴിഞ്ഞത് ഗോപാലകൃഷ്ണ് മാസ്റ്ററുടെ കഠിനാധ്വാനത്തിന്റെ ഫലമായാണ്.
അടിയന്തരാവസ്ഥയ്ക്ക് ശേഷം തപസ്യയുടെ പ്രവര്‍ത്തനങ്ങളില്‍ ആവശ്യമായ ഉപദേശങ്ങള്‍ നല്‍കിക്കൊണ്ട് ഗോപാലകൃഷ്ണന് മാസ്റ്റര്‍ എന്നും ഉണ്ടായിരുന്നു. എം.ആര് നായര്‍ എന്ന സഞ്ജയന്റെ സാഹിത്യ സംഭാവനകള്‍ അത്രയൊന്നും ശ്രദ്ധിക്കപ്പെടാതിരുന്ന അക്കാലത്ത് തപസ്യ മുന്‍കൈയെടുത്ത് നടത്തിപ്പോന്ന സഞ്ജയ സ്മൃതി സദസ്സ് വിജയിപ്പിക്കാന്‍ ഈവിധത്തിലുള്ള ഗോപലകൃഷ്ണ് മാസ്റ്ററുടെ ശ്രമം ഏറെ സഹായകമായി. സഞ്ജയന്റെ പാണ്ഡിത്യത്തെക്കുറിച്ചും മലയാള സാഹിത്യത്തിന് അദ്ദേഹം നല്കിയ തിളക്കത്തെക്കുറിച്ചും ആധികാരികമായി സംസാരിക്കാന്‍ മാഷിന് കഴിഞ്ഞിരുന്നു. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ തപസ്യയുടെ വേദിയില്‍ സഞ്ജയനെകുറിച്ച് അദ്ദേഹം സംസാരിച്ചു.
മലയാള സാഹിത്യത്തില്‍ പ്രഫ. കെ. ഗോപാലകൃഷ്ണന്റെ മേഖല ഏതാണ്? കവിത, നിരൂപണം, ജീവചരിത്രം, ബാലസാഹിത്യം….,?
ഇവയിലെല്ലാറ്റിലും തന്റേതായ നിലയില്‍ പ്രവര്‍ത്തിച്ച അദ്ദേഹത്തിന്റെ “തനതുതട്ടകം” എന്നുവിളിക്കാവുന്നത് ഗവേഷണ പഠന മേഖലയായിരിക്കും. കവിയും നിരൂപകനും ചരിത്രകാരനും ചേര്‍ന്ന് അദ്ദേഹത്തിന്റെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് സഹൃദയത്വത്തിന്റെതായ ആസ്വാദ്യം നല്കുന്നു. സഞ്ജയനെകുറിച്ചും ഇടശ്ശേരിയെകുറിച്ചും പി.വി. കൃഷ്ണവാര്യരെ കുറിച്ചും മറ്റുമുള്ള അദ്ദേഹത്തിന്റെ പഠനങ്ങള്‍ ഇത്തരം കൃതികളില്‍ സാധാരണ കാണാറുള്ള വൈരുദ്ധ്യത്തില്‍ നിന്ന് വേറിട്ടുനില്ക്കുന്നു. വി.സി. ബാലകൃഷ്ണ പണിക്കരെകുറിച്ചുള്ള ഗോപാലകൃഷ്ണന്റെ ഗവേഷണ പ്രബന്ധം ഈ രംഗത്ത് മികച്ചു നില്ക്കുന്നു.
എന്‍.വി.കൃഷ്ണവാര്യരെകുറിച്ച് അദ്ദേഹമെഴുതിയ ജീവചരിത്രം അദ്ദേഹത്തിലെ സഹൃദയനും വിമര്‍ശകനുമായ ഒരുചരിത്ര കുതുകിയെ കാണിച്ചുതരുന്നു.
നിരന്തരമായ പഠനം, വിശ്രമമില്ലാത്ത അന്വേഷണം, തളര്ച്ചയറിയാത്ത സംസാരം ഇങ്ങനെ ഒരുവിഷയം കയ്യില്‍ കിട്ടിയാല്‍ അതിനെകുറിച്ച് പുറത്തുവന്നതും വരാത്തതുമായ എല്ലാ വിവരങ്ങളും ശേഖരിച്ച് വിശദമായി പഠനം നടത്തി അസന്ദിഗ്ധമായ ഭാഷയില്‍ എഴുതുകയെന്നതാണ് ഗോപാലകൃഷ്ണന് മാസറ്ററുടെ രീതി. ബി.സി ബാലകൃഷ്ണപണിക്കരെ കുറിച്ചുള്ള അദ്ദേഹത്തിന്റെ ഗവേഷണ പ്രബന്ധം പല ധാരണകളെയും തിരുത്തുന്നു മൗലികമായ കണ്ടെത്തലുകളുള്ള ഒന്നാണ് ഇടശ്ശേരി, സഞ്ജയന്, മാധവ്ജി, പി.വി.കൃഷ്ണവാരിയര്‍ തുടങ്ങിയവരെ കുറിച്ച് അദ്ദേഹമെഴുതിയ കൃതികളും, ഗവേഷണ സ്വഭാവമുള്ളവയത്രെ എന്‍.വി.കൃഷ്ണവാര്യരെ കുറിച്ചുള്ള ജീവചരിത്രം മികച്ച മാതൃകയാണ്. കേരള സാഹിത്യ അക്കാദമി കഴിഞ്ഞ വര്‍ഷം സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം നല്കി ആദരിച്ചിട്ടുണ്ട്.
കഴിഞ്ഞ കുറച്ചുകാലമായി അനാരോഗ്യം മൂലം സക്രിയമായി രംഗത്തില്ലായിരുന്നുവെങ്കിലും ഗോപാലകൃഷ്ണന് മാസ്റ്റര്‍ തപസ്യ പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദ്ദേശം നല്കാന് എന്നും സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. തപസ്യക്ക് ഇപ്പോള്‍ നഷ്ടപ്പെട്ടിരിക്കുന്നത് ഏത് സമയത്തും വിശ്വാസപൂര്‍വ്വം സമീപിക്കാവുന്ന ഗുരുസ്ഥാനത്തുള്ള വിശിഷ്ട വ്യക്തിത്വത്തെയാണ്. അദ്ദേഹത്തിന്റെ കുടുംബത്തിലുണ്ടായ ഈ വേദനയില്‍ തപസ്യ ഹൃദയപൂര്‍വ്വം പങ്കുചേരുന്നു.
പി.ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: