ഇന്ന് നെയ്യാറ്റിന്‍കര വോട്ടെടുപ്പ്. 143 ബൂത്തുകളിലായി 1,63,993 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. നെയ്യാറ്റിന്‍കര നഗരസഭ, അതിയന്നൂര്‍, തിരുപുറം, കുളത്തൂര്‍, ചെങ്കല്‍, കാരോട് പഞ്ചായത്തുകളും ഉള്‍പ്പെട്ടതാണ് മണ്ഡലം. തെരഞ്ഞെടുപ്പു പ്രഖ്യാപിച്ച ശേഷം സാധനവിലക്കയറ്റം ദുസ്സഹമായി. പെട്രോള്‍ വില കുത്തനെ കൂട്ടി. ഇതും യുഡിഎഫിനെ പ്രതിക്കൂട്ടിലാക്കുമ്പോള്‍ ഒഞ്ചിയത്തെ കൊലപാതകവും ഇടുക്കി സിപിഎം സെക്രട്ടറി മണിയുടെ വെളിപ്പെടുത്തലുമെല്ലാം എല്‍ഡിഎഫിനെയും പ്രതിക്കൂട്ടിലാക്കുന്നു. ഒരു വിവാദത്തിലും പെടാതെ നല്ലതു മാത്രമാണ് ബിജെപി സ്ഥാനാര്‍ഥിയെ കുറിച്ച് മണ്ഡലത്തില്‍ ചര്‍ച്ച ചെയ്തത്.
വീറും വാശിയുമേറിയ ഒരു മാസത്തെ പ്രചരണത്തിനാണ് നെയ്യാറ്റിന്‍കര സാക്ഷിയായത്. അടിച്ചേല്‍പ്പിച്ച തെരഞ്ഞെടുപ്പാണെങ്കിലും രാഷ്ട്രീയ സാഹചര്യങ്ങള്‍ പ്രചരണത്തിന് വാശിയേറ്റി. മുഖ്യസ്ഥാനാര്‍ഥികളെല്ലാം അവിശ്രമം വോട്ടര്‍മാരെ നേരിട്ടു കാണാനും വോട്ടഭ്യര്‍ഥിക്കാനും നന്നായി പാടുപെട്ടു. താരതമ്യേന തലയെടുപ്പില്ലാത്ത മുന്നണി സ്ഥാനാര്‍ഥികള്‍ക്കായി സംസ്ഥാനത്തെ തലയെടുപ്പുള്ള നേതാക്കളെല്ലാം അണിനിരന്നു. എന്നാല്‍ സ്ഥാനാര്‍ഥിയുടെ തലയെടുപ്പു തന്നെയാണ് ബിജെപിക്കു തുണയാകുന്നത്. സംസ്ഥാനത്തെ ബിജെപി നേതാക്കളെല്ലാം സ്ഥാനാര്‍ഥി ഒ.രാജഗോപാലിന്റെ വിജയത്തിനായി അരയും തലയും മുറുക്കി നെയ്യാറ്റിന്‍കരയില്‍ ജനങ്ങളോടൊപ്പം ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടവും മര്യാദകളും പലപ്പോഴും മുന്നണികള്‍ രണ്ടും ലംഘിക്കുന്ന സാഹചര്യമുണ്ടായി. സംസ്ഥാനത്തെ മുഖ്യമന്ത്രിമാരും എല്ലാ മന്ത്രിമാരും എംഎല്‍എമാരും ഭരണമുന്നണിക്കായി രംഗത്തിറങ്ങി. കൂടാതെ കേന്ദ്രമന്ത്രിമാരും. പ്രതിപക്ഷത്തിനാകട്ടെ മുന്മന്ത്രിമാരും പ്രതിപക്ഷനേതാവും എംഎല്‍എമാരുമെല്ലാം ഒരു മാസത്തോളം മണ്ഡലത്തില്‍ തമ്പടിച്ചിരുന്നു. എന്നിട്ടും ജനങ്ങളുടെ മനസ്സ് ഇളക്കാനോ അളക്കാനോ ഇവര്‍ക്കെല്ലാം സാധിച്ചോ എന്ന് സംശയമാണ്. എന്നാല്‍ ബിജെപി സ്ഥാനാര്‍ഥിയുടെ പ്രവര്‍ത്തനത്തെ പരക്കെ സ്വാഗതം ചെയ്യപ്പെടുന്ന കാഴ്ചയാണ്.
രാഷ്ട്രീയ പാരമ്പര്യവും ഭരണപരിജ്ഞാനവും സേവന സന്നദ്ധതയും കൊണ്ട് പ്രതിയോഗികളുടെ പോലും ആദരവും അംഗീകരവും നേടിയ നേതാവാണ് ബിജെപി സ്ഥാനാര്‍ഥി ഒ.രാജഗോപാല്‍. തെരഞ്ഞെടുപ്പു പ്രഖ്യാപിക്കും മുമ്പു തന്നെ പ്രവര്‍ത്തനത്തിനിറങ്ങിയ രാജഗോപാലിന്റെ വാക്കുകളെ ജനങ്ങള്‍ വളരെ താത്പര്യപൂര്‍വമാണ് ശ്രവിച്ചത്. മുന്നണികള്‍ക്ക് മാറിമാറി ഭരിക്കാന്‍ അവസരം ലഭിച്ചിട്ടും നെയ്യാറ്റിന്‍കരയുടെ ദുരവസ്ഥ തുടരുന്നത് വോട്ടര്‍മാരോട് നേരിട്ടും നൂറുകണക്കിന് യോഗങ്ങളിലൂടെയും രാജഗോപാല്‍ വിവരിച്ചു. കുടിവെള്ളമില്ല, റോഡുകള്‍ ഗതാഗതയോഗ്യമല്ല, നെയ്യാറ്റിന്‍കരയില്‍ ഒരു സര്‍ക്കാര്‍ കോളേജു പോലും സ്ഥാപിക്കാനായിട്ടില്ല, എന്തിന് ഒരു പൊതുശ്മശാനം പോലും മണ്ഡലത്തിലൊരിടത്തുമില്ല. കോണ്‍ഗ്രസായാലും കമ്മ്യൂണിസ്റ്റായാലും രാഷ്ട്രീയമുള്ളവരായാലും ഇല്ലാത്തവരായാലും കുടിവെള്ളമില്ലാത്തത് എല്ലാവര്ക്കും ഒരു പോലെ പ്രശ്നമല്ലേ ? വെള്ളം നല്കാത്തവര് വീണ്ടും ജയിക്കാന്‍ സാഹചര്യമുണ്ടാക്കണോ എന്ന ചോദ്യം ഉയരുമ്പോള്‍ അങ്ങനെയൊരു അബദ്ധം ഇക്കുറി സംഭവിക്കില്ലെന്നു തന്നെയാണ് ജനങ്ങളുടെ പ്രതികരണം. പാര്‍ട്ടി ഏതായാലും ഇത്തവണ ഒരു മാറ്റത്തിന് വോട്ടു ചെയ്യുമെന്നാണ് ജനങ്ങളുടെ മനസ്സിലിരിപ്പ്. പ്രചാരണ പ്രവര്‍ത്തനവുമായി വീടുകളില്‍ കയറിയിറങ്ങുമ്പോള്‍ ഇത് ബോധ്യപ്പെട്ടു എന്നാണ് ബിജെപിയുടെ പ്രതികരണം.
ബിജെപി ജയിക്കുമെന്ന ഘട്ടം വരുമ്പോള്‍ മുന്‍കാല ചരിത്രം ഇക്കുറി ആവര്‍ത്തിക്കില്ലെന്നാണ് വിശ്വസിക്കുന്നത്. ഏതു മുന്നണി സ്ഥാനാര്‍ഥി ജയിച്ചാലും ഭരണത്തിനോ പ്രതിപക്ഷത്തിനോ പറയത്തക്ക മാറ്റമൊന്നും വരാനില്ല. എന്നാല്‍ ബിജെപി ജയിച്ചാല്‍, അത് ഒരു സംഭവമാകും. കേരള രാഷ്ട്രീയ ചരിത്രത്തില്‍ പുതിയൊരു അധ്യായത്തിന് തുടക്കമാകും. സംസ്ഥാനത്തിന്റെ ഗുണപരമായ മാറ്റത്തിന് അത് നാന്ദികുറിക്കും. അതില്‍ പങ്കാളികളാകാന്‍ നെയ്യാറ്റിന്‍കരയിലെ വോട്ടര്‍മാര്‍ താമരചിഹ്നത്തില്‍ വോട്ടു ചെയ്യണമെന്ന രാജഗോപാലിന്റെ അഭ്യര്‍ഥനയെ ആവേശപൂര്‍വം ജനങ്ങള്‍ കാണുകയാണ്. ഇന്നത് പ്രതിഫലിക്കുകയും ചെയ്യും.
കാലുമാറ്റം ഇന്നലെ നടന്നാലും മെനഞ്ഞാന്നു നടന്നാലും കാലുമാറ്റം തന്നെയാണ്. കാലുമാറ്റത്തിനും കൂറുമാറ്റത്തിനും എതിരെയാകണം ജനവിധി. മുന്നണി സ്ഥാനാര്‍ഥികളുടെ ചരിത്രം കാലുമാറ്റത്തിന്റേതാണ്. ഇടതു സ്ഥാനാര്‍ഥിയായി കഴിഞ്ഞ വര്‍ഷം ജയിച്ച ശെല്‍വരാജിന് 6,702 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു. വോട്ടു ചെയ്ത ജനങ്ങളെ പരിഹസിച്ചു കൊണ്ടാണ് എംഎല്‍എ സ്ഥാനം രാജിവച്ചത്. യുഡിഎഫില്‍ ചേരുന്നത് ആത്മഹത്യാപരമെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. എന്നാല്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി അദ്ദേഹമിപ്പോള്‍ വോട്ടു ചോദിച്ചു. പഴയ കേരള കോണ്‍ഗ്രസുകാരനായ ലോറന്‍സ് ഇപ്പോള്‍ സിപിഎം സ്ഥാനാര്‍ഥിയായാണ് വോട്ടു ചോദിച്ചത്. ആദര്‍ശശുദ്ധിയും അര്‍പ്പണ ബോധവും കുറ്റിയറ്റു പോകുന്നു എന്ന തോന്നലാണ് ഇത്തരം സ്ഥാനാര്‍ഥികളുടെ സാന്നിധ്യം ബോധ്യപ്പെടുത്തിയത്. രാജഗോപാലിന്റെ വിജയം ആദര്‍ശ രാഷ്ട്രീയത്തിനും രാഷ്ട്രീയത്തിലെ ധാര്‍മികത ഉയര്‍ത്തിപ്പിടിക്കാനും ഉതകുമെന്ന കാര്യത്തില്‍ പക്ഷാന്തരമില്ല. വോട്ടര്‍മാര്‍ക്കിത് ബോധ്യവുമാണ്.
കേരള നിയമസഭയില്‍ ബിജെപിക്കാരനെ കയറാന്‍ അനുവദിക്കില്ലെന്ന മുന്നണികളുടെ നയം മാടമ്പിത്തരവും മുഷ്കുമാണ്. പരിഷ്കൃത സമൂഹത്തിന് ചേരാത്ത ഭാഷയും രീതിയുമാണത്. ഇന്ത്യയിലെ ഒന്നാമത്തെ രാഷ്ട്രീയ കക്ഷിയാണ് ബിജെപി. ഭരണഘടനാ സ്ഥാപനങ്ങളുടെ എല്ലാ തലത്തിലും തലപ്പത്തും ബിജെപിക്കാര്‍ എത്തിയിട്ടുണ്ട്. ഒമ്പതോളം സംസ്ഥാന ഭരണത്തില്‍ ബിജെപിയുണ്ട്. പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷ നേതൃസ്ഥാനം ബിജെപിക്കാണ്. എന്നിട്ടും കേരളത്തില്‍ ബിജെപി ജയിക്കുമെന്നാകുമ്പോള്‍ വിദ്വേഷം മറന്ന് ഇരുമുന്നണികളും വോട്ടു മറിക്കുന്ന മുന്‍കാല ചരിത്രം ഒട്ടും ആശാസ്യമല്ല. ഇത് മനസ്സിലാക്കി പെരുമാറാന്‍ നെയ്യാറ്റിന്‍കരയിലെ വോട്ടര്‍മാര്‍ ശ്രദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇരുമുന്നണികളും വിചാരിച്ചാലും തോല്പിക്കാന് കഴിയാത്ത വിധം ഒ.രാജഗോപാലിന് അനുകൂലമായി വോട്ടു ചെയ്താല്‍ കേരള രാഷ്ട്രീയത്തില്‍ അത് ചരിത്രസംഭവമാകും. ചരിത്രം സൃഷ്ടിക്കാനുള്ള നിയോഗം നെയ്യാറ്റിന്‍കരയിലെ വോട്ടര്‍മാര്‍ പാഴാക്കരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: