കൊച്ചി: അവധിക്കാലത്ത് വിനോദയാത്രകളും കളികളും മാത്രമല്ല ഇപ്പോള്‍ കുട്ടികള്‍ക്ക് പ്രിയം. സ്ഥിരമായി കാണുന്ന കാര്യങ്ങളെക്കുറിച്ച് പഠിക്കാനും അവ മനസിലാക്കിയെടുക്കാനും അവര്‍ അതീവ താത്പര്യം കാട്ടുന്നു. എറണാകുളം കുട്ടികളുടെ പാര്‍ക്കില്‍ ജില്ലാ ശിശുക്ഷേമ സമിതിയും ഹാര്‍ട്ട് ലൈറ്റ് അസോസിയേഷനും കൂടി സംഘടിപ്പിച്ച് കുട്ടികളുടെ ചലച്ചിത്ര പരിശീലന കളരിയില്‍ എത്തിയ 40 കുട്ടികള്‍ ഇതിനുദാഹരണമാണ്. കുട്ടികള്‍ സ്വന്തമായി തിരക്കഥ രചിച്ച് സംവിധാനം ചെയ്ത് അഭിനയിച്ചുണ്ടാക്കിയ സീ-സോ എന്ന ഹ്രസ്വ ചിത്രം കുട്ടികളുടെ തിയറ്ററില്‍ പ്രദര്‍ശിപ്പിച്ചു. ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്ക്ക് പരീത് ഉദ്ഘാടനം ചെയ്തു.
രണ്ടു കുട്ടികള്‍ തമ്മിലുളള സംഘര്‍ഷമാണ് സിനിമയുടെ പ്രമേയം. നല്ലൊരു ചലച്ചിത്ര സംസ്കാരം വളര്‍ത്തിയെടുക്കാനും നല്ല പ്രതിഭകളെ കണ്ടെത്തുവാനും അവരെ നയിക്കുവാനും ഇത്തരം കളരികളിലൂടെ സാധിക്കുമെന്ന് ക്യാമ്പ് ഡയറക്ടറും ചലച്ചിത്ര സംവിധായകനുമായ ആലപ്പി അഷ്റഫ് പറഞ്ഞു. താത്പര്യമുളള കുട്ടികള്‍ക്ക് പ്രഗത്ഭരാകാന്‍ ഈ ക്യാമ്പ് ഒരു വേദിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആറ് ദിവസത്തെ കളരിക്കുശേഷം തങ്ങളുടേതായ ഒരു സിനിമ നിര്‍മിച്ചതിന്റെ സന്തോഷത്തിലാണ് കുട്ടികള്‍. സിനിമ തങ്ങള്‍ കാണുന്നതില്‍ നിന്നും തികച്ചും വ്യത്യസ്തമാണെന്നും അതിന്റെ പിന്നണി പ്രവര്‍ത്തനങ്ങളെ കുറിച്ച് പഠിക്കാന്‍ സാധിച്ചതില്‍ വളരെയധികം സന്തോഷമുണ്ടെന്നും ക്യാമ്പില്‍ പങ്കെടുത്ത സാരുപ്രിയ പറഞ്ഞു.
സിനിമയുടെ എല്ലാ പിന്നണി പ്രവര്‍ത്തനങ്ങളിലേക്കും കുട്ടികള്‍ക്ക് വെളിച്ചം പകരാന്‍ കളരിയിലൂടെ സംഘാടകര്‍ക്ക് സാധിച്ചിട്ടുണ്ട്. ചലച്ചിത്ര രംഗത്തെ വിവിധ മേഖലകളില്‍ നിന്നുളള പ്രമുഖര്‍ കുട്ടികള്‍ക്കായി ക്ലാസെടുത്തു. കഥയെക്കുറിച്ച് കെ.എല്‍.മോഹനവര്‍മ്മ, അഭിനയത്തെക്കുറിച്ച് മദ്രാസ് ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലെ പ്രദീപ് ഇ നായര്‍, ഷോര്‍ട്ട് ഫിലിംസിനെക്കുറിച്ച് അനന്തമൂര്‍ത്തി, ആനിമേഷനെക്കുറിച്ച് എ.കെ.സൈബര്‍, എഡിറ്റിങ്ങിനെക്കുറിച്ച് തുടങ്ങിയ ഓരോ മേഖലയിലെയും വിദഗ്ധര്‍ ക്ലാസെടുത്തു. തിരക്കഥാകൃത്ത് രാജു മാവുങ്കല്‍ പത്മരാജന്റെയും എം.ടിയുടെയും തിരക്കഥകള്‍ വായിച്ച് സിനിമകള്‍ പ്രദര്‍ശിപ്പിച്ചും കുട്ടികളോട് തിരക്കഥകളെക്കുറിച്ച് സംസാരിച്ചു. സെന്‍സര്‍ ബോര്‍ഡ് അംഗംകൂടിയായ ആലപ്പി അഷ്റഫ്, സെന്‍സര്‍ നിയമങ്ങളെക്കുറിച്ച് കുട്ടികള്‍ക്ക് ക്ലാസെടുത്തു.
സമാപനചടങ്ങില്‍ കെ.എല്‍. മോഹനവര്‍മ അധ്യക്ഷത വഹിച്ചു. ആലപ്പി അഷറഫ്, എ.ഡി.സി.ജനറല്‍ കെ.ജെ.ടോമി, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ചന്ദ്രഹാസന്‍ വടുതല എന്നിവര്‍ പ്രസംഗിച്ചു. കെ.എം.ശരത്ചന്ദ്രന് സ്വാഗതവും കെ.കെ. പ്രകാശ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: