നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര നഗരത്തെ ഒരുമാസമായി ഇളക്കിമറിച്ച ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആഘോഷത്തിമിര്‍പ്പോടെ സമാപനം നെയ്യാറ്റിന്‍കരയുടെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ കൊട്ടിക്കലാശമാണ് ഇന്നലെ നടന്നത്. താളമേളങ്ങളുടെ അകമ്പടിയോടെ മൂന്ന് മണിക്കൂറുകളോളം നെയ്യാറ്റിന്‍കര ബസ്സ്റ്റാന്റ് ജംഗ്ഷന് പാര്‍ട്ടിപ്രവര്‍ത്തകരുടെ ആനന്ദനൃത്തത്തിന് വേദിയായി. പലഘട്ടത്തിലും ആവേശം അണപൊട്ടി സംഘര്‍ഷാന്തരീക്ഷം ഉണ്ടായെങ്കിലും നേതാക്കളുടെ സമയോചിതമായ ഇടപെടല്‍മൂലം കൊട്ടിക്കലാശം സമാധാനപരമായി സമാപിച്ചു. കലാശക്കൊട്ടിന് സാക്ഷ്യംവഹിക്കാന്‍ ബിജെപി സ്ഥാനാര്‍ത്ഥി ഒ.രാജഗോപാലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ലോറന്‍സും എത്തിയതോടെ അണികളുടെ ആവേശം അണപൊട്ടി.
ബസ്സ്റ്റാന്റ് ജംഗ്ഷനിലെ ഉയരംകൂടിയ കെട്ടിടങ്ങളെല്ലാം പ്രവര്‍ത്തകര്‍ കയ്യടക്കി പതാകകള്‍ പാറിപ്പിച്ചു. ഉച്ചയ്ക്ക് രണ്ട് മണിയോടെതന്നെ പ്രവര്‍ത്തകര്‍ കലാശക്കൊട്ടിനായി ബസ്സ്റ്റാന്റ് ജംഗ്ഷന് കയ്യടക്കി. ബിജെപി പ്രവര്‍ത്തകര്‍ ശിങ്കാരിമേളവും ചെണ്ടമേളവുമായി അരങ്ങുകൊഴുപ്പിച്ചപ്പോള് ബാന്റ്മേളവുമായി എല്‍ഡിഎഫ് യുഡിഎഫ് പ്രവര്‍ത്തകര്‍ രംഗത്തിറങ്ങി. പ്രചാരണവാഹനങ്ങളുടെ ശബ്ദകോലാഹലങ്ങളാല് മുഖരിതമായ അന്തരീക്ഷമായതിനാല്‍ ഉച്ചഭാഷിണിയില്‍ നിന്നുള്ളതൊന്നും കേള്‍ക്കാനായില്ല.
ബിജെപി പ്രവര്‍ത്തകര്‍ രാജഗോപാലിന്റെ ചിത്രം ആലേഖനം ചെയ്ത പ്ലക്കാര്‍ഡും രാജഗോപാലിന്റെ മുഖംമൂടിയുമായാണ് കലാശക്കൊട്ടിനെത്തിയത്. അതോടൊപ്പം ബിജെപി പതാകയുടെ നിറംപിടിപ്പിച്ച ബലൂണുകളും. കൊട്ടിക്കലാശത്തിന് ഏതാനും മിനിട്ടുകള്‍മാത്രം അവശേഷിക്കെ ബിജെപി സ്ഥാനാര്‍ത്ഥി ഒ.രാജഗോപാല്‍ എത്തിച്ചേര്‍ന്നത്. ആവേശം മുറ്റിനിന്ന പ്രവര്‍ത്തകരുടെ ഇടയിലേക്ക് രാജഗോപാല്‍ എത്തിച്ചേര്‍ന്നു. കൃത്യം അഞ്ചുമണിക്ക് പരസ്യപ്രചാരണം അവസാനിച്ചു. നഗരം ശാന്തമായപ്പോള്‍ പെരുമഴ തോര്‍ന്ന അവസ്ഥ. സംഘര്‍ഷമില്ലാതെ കൊട്ടിക്കലാശം അവസാനിച്ചതില്‍ പോലീസിനും സമാധാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: