മലയാള സിനിമയുടെ നാലു പതിറ്റാണ്ടത്തെ ചരിത്രമാണ് പ്രേംനസീര്‍. മലയാള സിനിമാ ചരിത്രത്തിനൊപ്പം നടന്ന വ്യക്തി. നസീറെന്നാല് മലയാള സിനിമയെന്നായിരുന്നു. തമിഴ് ഉള്‍പ്പെടെ എഴുന്നൂറോളം ചിത്രങ്ങളിലഭിനയിച്ച്, അതും ഒരേ നായികയ്ക്കൊപ്പം 107 ചിത്രങ്ങളില്‍ വേഷമിട്ട് അദ്ദേഹം ചരിത്രത്താളുകളില്‍ ഇടം നേടി. അപൂര്‍വതകളുടെ റെക്കോര്‍ഡുമായി ഗിന്നസ് ബുക്കിലിടം നേടിയ ആദ്യ മലയാളനടനാണ് നസീര്‍. എഴുന്നൂറോളം സിനിമകളില്‍ നായകനായോ നായക പ്രാധാന്യമുള്ള റോളുകളിലോ അഭിനയിക്കുക, ഒരേ നായികയുമൊത്ത് 107 സിനിമകളില്‍ അഭിനയിക്കുക. ഇതെല്ലാം പ്രേംനസീറിനു സ്വന്തമായ ലോക റെക്കോര്‍ഡുകളാണ്. ആര്‍ക്കും ഒരിക്കലും തകര്‍ക്കാന്‍ പറ്റാത്ത റെക്കോര്‍ഡുകള്‍. നസീറിനു മുമ്പും പിമ്പും നടന്മാര് നിരവധി വന്നെങ്കിലും അദ്ദേഹം സ്ഥാപിച്ച റെക്കോര്‍ഡുകള്‍ മറികടക്കാന്‍ ആര്‍ക്കുമായില്ല. നാല്പതു കൊല്ലം എതിരില്ലാതെ സിനിമാരംഗത്ത് അദ്ദേഹം നിലനിന്നു. ഇതും ഒരു സര്‍വകാല റെക്കോര്‍ഡായിരിക്കും. അറുപത്തിമൂന്നാം വയസ്സിലും നസീര്‍ വളരെ ചുറുചുറുക്കുള്ള നടനായാണ് വെള്ളിത്തിരയില്‍ തിളങ്ങിനിന്നത്.
നടി ഷീലയോടൊപ്പാം നസീര്‍ 107 ചിത്രങ്ങളില്‍ അഭിനയിച്ചു. നിണമണിഞ്ഞ കാല്‍പ്പാടുകളായിരുന്നു ഈ താര ജോഡികളുടെ ആദ്യ ചിത്രം. ഉദയായുടെ കടത്തനാട്ട് മാക്കം നൂറാമത്തെ ചിത്രവും. പിന്നെ കൂടുതല്‍ അഭിനയിച്ചത് ജയഭാരതിയുമൊത്താണ്. തൊഴിലിനോടുള്ള പൂര്‍ണമായ സമര്‍പ്പണം, നിര്‍മാതാവിനു ചില്ലിക്കാശു നഷ്ടമുണ്ടാകാത്ത സഹകരണം, തലക്കനം തൊട്ടുതീണ്ടാത്ത പെരുമാറ്റവും നയതന്ത്ര വൈദഗ്ധ്യവും. ഇതൊക്കെയാണു നസീറിനെ നീണ്ട 40 വര്‍ഷങ്ങളില്‍ എതിരില്ലാത്ത നടനാക്കി നിര്‍ത്തിയത്.
ഒരു യഥാര്‍ഥ കലാകാരന്റെ പ്രതീകമായിരുന്നു പ്രേംനസീര്‍. തിരുവനന്തപുരം ജില്ലയിലെ ചിറയിന്‍കീഴില്‍ ഷാഹുല്‍ ഹമീദിന്റെയും അസുമബീവിയുടെയും പുത്രനായ അബ്ദുള്‍ ഖാദര്‍ പില്ക്കാലത്ത് മലയാള സിനിമയുടെ നിത്യഹരിത നായകനും ലോക സിനിമയുടെ അദ്ഭുതവുമായി മാറിയത് ഈശ്വര നിയോഗമായിരുന്നു. വെള്ളിത്തിരയിലെ വിസ്മയനായകനായി ഉയരങ്ങള്‍ കീഴടക്കുമ്പോഴും സാധാരണക്കാരനായി ജീവിക്കാനായിരുന്നു നസീറിനു താത്പര്യം.
1952ല്‍ എസ്.കെ.ചാരി സംവിധാനം ചെയ്ത, പോള്‍ കല്ലുങ്കല്‍ നിര്‍മ്മിച്ച ‘മരുമകള്‍’ എന്ന ചിത്രത്തിലൂടെയായിരുന്നു പ്രേം നസീറിന്റെ തുടക്കം. ‘വിശപ്പിന്റെ വിളി’ ആയിരുന്നു ആദ്യം പുറത്തു വന്ന ചിത്രം. ഋതുക്കള്‍ മാറിമറിയുന്നതുപോലെ സിനിമയിലേക്ക് നിരവധിപേര്‍ വരികയും പോകുകയും ചെയ്തുകൊണ്ടിരുന്നു. അപ്പോഴും പ്രേംനസീറെന്ന നടന് ജനമനസ്സുകളില്‍ സ്ഥിരപ്രതിഷ്ഠ നേടി വെള്ളിത്തിരയുടെ താരമായി നിലനിന്നു. 1989ല്‍ ‘ധ്വനി’ വരെ നസീര്‍ അഭിനയിച്ച സിനിമകള്‍ പ്രേക്ഷകര്‍ രണ്ടുകയ്യും നീട്ടിയാണ് സ്വീകരിച്ചത്.
അക്കാലത്ത് എല്ലാ വര്‍ഷവും പ്രേംനസീറിന് ശരാശരി 15 മുതല്‍ 20 വരെ ചിത്രങ്ങള്‍ ഉണ്ടാകുമായിരുന്നു. 1979ല്‍ 39 സിനിമകളില്‍ അദ്ദേഹം അഭിനയിച്ചു. ഇതും റെക്കോര്‍ഡാണ്. മലയാളത്തിലെ മികച്ച പല നിര്‍മാതാക്കള്‍ക്കും ബാനറുകള്‍ക്കും ശരിയായ മേല്‍വിലാസം നിലനിര്‍ത്താന്‍ സാധിച്ചത് അവരുടെ സിനിമകളില്‍ പ്രേംനസീറിന്റെ സാന്നിധ്യം ഉണ്ടായതിനാലാണ്. നസീര്‍ അഭിനയിച്ച ചിത്രങ്ങളുടെ വിജയം നിര്‍മാതാക്കളുടെ കീശ നിറച്ചു. ഉദയ, നവോദയ, മെരിലാന്‍ഡ്, എവര്‍ഷൈന്‍, മഞ്ഞിലാസ്, ജയ്മാരുതി, ഷിര്‍ദ്ദിസായി, എ.ബി.രാജ്, സുപ്രിയ, ടി.കെ.ബി തുടങ്ങിയ ബാനറുകള്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയത് പ്രേംനസീറിലൂടെയാണ്. അക്കാലത്ത് സിനിമ സ്റ്റുഡിയോകള്‍ക്കുള്ളിലാണ് സംഭവിച്ചു കൊണ്ടിരുന്നത്. നസീര്‍ കാലത്തിന്റെ അവസാനത്തിലാണ് സിനിമാനിര്‍മാണം സ്റ്റുഡിയോക്കുള്ളില്‍ നിന്ന് പുറത്തേക്കിറങ്ങിയത്. ചിലപ്പോള്‍ ഒരു സ്റ്റുഡിയോയില്‍ തന്നെ രണ്ടും മൂന്നും സിനിമകളുടെ നിര്‍മാണം നടന്നിരുന്നു. എല്ലാറ്റിലും നസീര്‍ തന്നെ നായകന്.
കലാകാരന് എന്നും സമൂഹത്തോട് പ്രതിബദ്ധത വേണമെന്ന പക്ഷക്കാരനായിരുന്നു നസീര്‍. തനിക്ക് കിട്ടിയ അവസരങ്ങള്‍ പൂര്‍ണമായി സമൂഹത്തിനും ജനനന്മയ്ക്കും ഉപകരിക്കുന്ന രീതിയിലാണ് അദ്ദേഹം ജീവിച്ചത്. കഷ്ടപ്പെടുന്നവരെ തിരികെ ഒന്നും പ്രതീക്ഷിക്കാതെ മനസ്സറിഞ്ഞ് സഹായിക്കാനുള്ള വലിയ മനസ്സ് അദ്ദേഹത്തിനുണ്ടായിരുന്നെന്ന് അദ്ദേഹത്തെ അടുത്തറിയാവുന്നവര്‍ വ്യക്തമാക്കിയിട്ടുണ്ട്.
അവശരെ സഹായിക്കാനും അദ്ദേഹം എന്നും മുന്നില്‍ നിന്നു. സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് ആരും നിര്‍ബന്ധിക്കാതെ എല്ലാ വര്‍ഷവും സ്വമേധയാ അദ്ദേഹം സംഭാവന നല്കി. മലയാള സിനിമയില്‍ പ്രേംനസീര്‍ വെറുമൊരു നടന് ആയിരുന്നില്ല. പ്രതിഭാസമായിരുന്നു. ജനഹൃദയങ്ങളില്‍ ഇന്നും ആ വലിയ കലാകാരന് ജീവിക്കുന്നത് അദ്ദേഹത്തിന്റെ സ്വഭാവ മഹിമ കൊണ്ടുകൂടിയാണ്. താരപദവി റോസാപൂ മെത്തയല്ല എന്നദ്ദേഹം പറയുമായിരുന്നു. കഠിനാധ്വാനവും തൊഴിലിനോടുള്ള കൂറും കൃത്യനിഷ്ഠയും സ്വഭാവശുദ്ധിയും നസീറിനെ എല്ലവര്‍ക്കും പ്രിയങ്കരനാക്കി.
പ്രേംനസീര്‍ മലയാളത്തിന് വെറുമൊരു നടനായിരുന്നില്ല. ഭ്രമിപ്പിക്കുന്ന ഒരനുഭവമായിരുന്നു. പകര്‍ന്നാടിയ കഥാപാത്രങ്ങളിലെല്ലാം അദ്ദേഹം നിറഞ്ഞുതുളുമ്പിയിരുന്നു. നസീറായിരുന്നു കഥാപാത്രങ്ങളെക്കാളും വലിയ കഥാപാത്രം. വെള്ളിത്തിരയുടെ മാസ്മരികതയില്‍ സ്വയം മറക്കാന്‍ അബ്ദുല്‍ഖാദര്‍ എന്ന പച്ചമനുഷ്യന് തയ്യാറായില്ല. വിടപറഞ്ഞു പോയിട്ട് വര്‍ഷങ്ങളേറെക്കഴിഞ്ഞിട്ടും മലയാളിയുടെ മനസ്സില്‍ മരംചുറ്റി പ്രണയിക്കുകയാണ് പ്രേംനസീര്‍. അതിനിയും അങ്ങനെ തന്നെയാകും.
മലയാളികളുടെ മനസ്സില്‍ നസീറിനെക്കുറിച്ചുള്ള ഓര്‍മകള്‍ നിത്യഹരിതമാണ്. അതിനാലാണ് സര്‍ക്കാര്‍ ഇടപെട്ട് പ്രേംനസീറിന്റെ സ്മരണാര്‍ഥം അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിക്കാന്‍ തീരുമാനിച്ചത്. അതിനായി ബജറ്റില്‍ തുക വകയിരുത്തുകയും ചെയ്തു. സാംസ്കാരിക വകുപ്പിന്റെ മേല്‍നോട്ടത്തിലായിരുന്നു പ്രതിമാസ്ഥാപനത്തിനുള്ള നടപടികള്‍. എന്നാല്‍ പ്രേംനസീറെന്ന മഹാനായ നടനെയും വെറുതെ വിടാന്‍ മതവാദികളായ ചിലര്‍ തയ്യാറല്ല. നസീറിന്റെ പ്രതിമ സ്ഥാപിക്കുന്നതിനെതിരെ മുസ്ലീംമതമൗലികവാദികളായ ചിലര്‍ രംഗത്തു വന്നിരിക്കുന്നു. മുസ്ലീം മതവിശ്വാസിയുടെ പ്രതിമ സ്ഥാപിക്കുന്നത് അനിസ്ലാമികം ആണെന്നാണ് മുസ്ലീം മതസംഘടനകളുടെ വാദം. പ്രേംനസീറിന്റെ പ്രതിമ സ്ഥാപിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ നിന്നും പിന്മാറണമെന്ന് മുസ്ലീം ജമാഅത്ത് കൗണ്‍സില്‍ എന്ന സംഘടനയാണാവശ്യപ്പെട്ടിരിക്കുന്നത്. അതിനെ പിന്തുണച്ച് തീവ്രവാദികളായ ചില മുസ്ലീം സംഘടനകളും രംഗത്തു വന്നിരിക്കുന്നു.
പ്രേംനസീറിന്റെയും സത്യന്റെയും പ്രതിമകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ പത്തുലക്ഷം രൂപ വീതം അനുവദിച്ചിരുന്നു. നടന് സുരേഷ്ഗോപി, നിര്‍മാതാവ് സുരേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സിനിമാക്കാരുടെ കൂട്ടായ്മയാണ് നസീറിന്റെ പ്രതിമ സ്ഥാപനത്തിനായി മുന്നിട്ടിറങ്ങിയിരിക്കുന്നത്. പ്രേംനസീറിനെ മുസ്ലീം മതത്തിന്റെ യാഥാസ്ഥിതിക ചട്ടക്കൂടിലാക്കാനുള്ള ചിലരുടെ നീക്കങ്ങളാണ് ഇപ്പോഴത്തെ വിവാദത്തിനു പിന്നില്‍. അദ്ദേഹത്തെ മുസ്ലീം എന്ന രീതിയിലല്ല മലയാളി ആദരിക്കുന്നതും സ്നേഹിക്കുന്നതും. മഹാനായ നടനെന്ന നിലയിലാണ്. പ്രതിമ സ്ഥാപിക്കുന്നത് അനിസ്ലാമികമെന്ന് വാദിക്കുന്നവര്‍ക്ക് അദ്ദേഹം സിനിമയില്‍ നായികയ്ക്കൊപ്പം പുണര്ന്നഭിനയിക്കുന്നതില് എതിര്‍പ്പുണ്ടായില്ല. സിനിമയും അനിസ്ലാമികമായാണ് മുസ്ലീം മതവാദികള്‍ കാണുന്നത്. മലപ്പുറത്തും മറ്റും മുമ്പ് കടുത്ത മതവാദികള്‍ സിനിമാ തീയറ്ററുകള്‍ കത്തിച്ച സംഭവങ്ങളുമുണ്ടായിട്ടുണ്ട്. സിനിമകളുടെ പരസ്യങ്ങള്‍ പോലും പ്രസിദ്ധീകരിക്കാത്ത കടുത്ത മതവാദികളായ മുസ്ലീം പത്രങ്ങളും നമ്മുടെ നാട്ടിലുണ്ട്.
സിനിമയില്‍ അഭിനയിച്ചാണ് നസീര്‍ പ്രശസ്തനായത്. സിനിമയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. അദ്ദേഹത്തെ ഇപ്പോള്‍ മതത്തിന്റെ പേരിലാക്കുന്നത് ഗൂഢോദ്ദേശ്യത്തോടെയാണെന്ന് കരുതേണ്ടിയിരിക്കുന്നു. ജീവിച്ചിരുന്ന കാലത്തൊന്നും അദ്ദേഹം മതവാദിയായിരുന്നില്ല. ചിറയിന്‍കീഴ് ശാര്‍ക്കര ക്ഷേത്രത്തിന് ആനയെ നടയ്ക്കിരുത്തിയ സംസ്കാരമാണ് പ്രേംനസീറിനുണ്ടായിരുന്നത്. ഇത്തരം വിവാദങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ ലക്ഷ്യങ്ങളെ നാം തിരിച്ചറിയണം.
കാര്യങ്ങളിങ്ങനെയാണെങ്കിലും ഒന്നു പറയാതിരിക്കാന്‍ കഴിയുന്നില്ല. പ്രതിമാസ്ഥാപനത്തെ എതിര്ക്കുന്നതിനുന്നയിക്കുന്ന കാരണത്തെയാണ് എതിര്‍ക്കേണ്ടത്. പ്രതിമ സ്ഥാപിക്കുന്നത് നല്ലതാണന്ന് കരുതാനാകില്ല. കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ പലരുടെയും പ്രതിമകള്‍ സ്ഥാപിച്ചിട്ടുണ്ട്. അതെല്ലാം വൃത്തിയായി സംരക്ഷിക്കാന്‍ കഴിയുന്നില്ല. നസീറിന്റെ പ്രതിമയ്ക്കും അതു തന്നെയായിരിക്കും അവസ്ഥ. കേരളത്തിലെ പ്രതിമകളുടെ കൃഷിയിലേക്ക് നസീറിനെക്കൂടി വലിച്ചിഴക്കേണ്ടതില്ല. നസീറിന്റെ പേരില്‍ സാംസ്കാരിക വകുപ്പിനു കീഴില്‍ സിനിമയെ അറിയാനും പഠിക്കാനുമുള്ള കേന്ദ്രം സ്ഥാപിക്കുന്നതാകും ഉചിതം.
ആര്.പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: