മാധ്യമങ്ങള്‍ ഭരണഘടനയുടെ നാലാം തൂണാണ്. മാധ്യമസ്വാതന്ത്ര്യം നിലനില്‍ക്കുന്നതിനാല്‍ മാത്രമാണ് ഇന്ന് ജനങ്ങള്‍ വാര്‍ത്തകളും വിശകലനങ്ങളും ചര്‍ച്ചകളും മാത്രമല്ല, ഉന്നതങ്ങളിലെ അഴിമതികളെപ്പറ്റിയും സ്വിസ് ബാങ്കുകളിലെ കള്ളപ്പണത്തെപ്പറ്റിയും രാഷ്ട്രീയ ഫാസിസത്തെപ്പറ്റിയും മറ്റും അറിയുന്നത്. അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധി സെന്‍സര്‍ഷിപ്പ് ഏര്പ്പെടുത്തിയശേഷമുണ്ടായ ദുരവസ്ഥ ഓര്‍ത്തെടുക്കുന്ന തലമുറ ഇപ്പോഴും ഉണ്ട്.
രാഷ്ട്രീയപാര്‍ട്ടികളുടെ ഏതുതരം നിയമവിരുദ്ധ കടന്നാക്രമണങ്ങളെയും അക്രമരാഷ്ട്രീയത്തെയും കൊലപാതക രാഷ്ട്രീയത്തെയും ചര്‍ച്ചാവിഷയമാക്കിയത് പ്രകോപിപ്പിച്ചിരിക്കുന്നത് സിപിഎമ്മിനെ മാത്രമാണ്. ടി.പി. ചന്ദ്രശേഖരന് കൊലപാതകം അന്വേഷിക്കുന്ന പോലീസുകാരെ ഭീഷണിപ്പെടുത്തുന്ന സിപിഎം സെക്രട്ടറിയുടെ വലങ്കയ്യായി രൂപാന്തരം പ്രാപിച്ച എളമരം കരീമും സിപിഎം നേതാക്കളെ കുടുക്കിയേക്കാവുന്ന മൊഴി നല്‍കുമോ എന്ന ഭീതിയില്‍ പോലീസ് പിടിച്ച പ്രതിയായ ബാബുവിനെ പോലീസ്സ്റ്റേഷന് മുമ്പില്‍ കുത്തിയിരിപ്പ് സത്യഗ്രഹം നടത്തി ഇറക്കിക്കൊണ്ടുപോയ ജയരാജനും പ്രതികള്‍ കിടക്കുന്ന ജയിലുകളിലേക്ക് നിരന്തരം യാത്ര നടത്തി പ്രതികള്‍ ക്രൂരമായി പീഡിപ്പിക്കപ്പെടുന്നു എന്നാക്രോശിക്കുന്ന നേതാക്കളും ടിപി വധാന്വേഷണത്തില്‍ എന്തിനെയാണ് ഭയക്കുന്നത്?
ഇപ്പോള്‍ സിപിഎം മാധ്യമങ്ങളെയും പോലീസിനെയും നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പരാതി നല്‍കിയിരിക്കുകയാണ്. ദൃശ്യമാധ്യമങ്ങളെയും പത്രങ്ങളെയും അന്വേഷണവിവരങ്ങള്‍ പുറത്താക്കുന്നതിന് കോടതിയലക്ഷ്യക്കേസില്‍ നടപടിയെടുക്കണമെന്നാണ് സിപിഎമ്മിന്റെ ആവശ്യം. ജുഡീഷ്യറിക്ക് സമാനമായ ഒരു സംവിധാനമാണ് ഫോര്‍ത്ത് എസ്റ്റേറ്റ് എന്ന് തിരിച്ചറിയുന്ന കോടതി ഇവര്‍ക്കെതിരെ സത്യം പറഞ്ഞതിനോ ചൂണ്ടിക്കാണിച്ചതിനോ കോടതിയലക്ഷ്യത്തിന് കേസെടുക്കുമെന്ന് കരുതുന്നവര്‍ മൂഢസ്വര്‍ഗത്തിലാണ്. സമ്പത്ത് കേസില്‍ അന്വേഷണ വിവരങ്ങള്‍ പുറത്തുവിടരുതെന്ന് പോലീസിന് കോടതി നല്കിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ടിപി വധക്കേസില്‍ പ്രതിയായ ടി.പി. രാമകൃഷ്ണന് കോടതിയെ സമീപിച്ചിരിക്കുന്നത്. പോലീസ് ഓഫീസര്‍മാര്‍ അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുക്കുന്നു എന്നും കേസ് ഡയറിയിലെ വിശദാംശങ്ങള്‍ വരെ വാര്‍ത്തയാക്കുകയാണെന്നും ആരോപിച്ച് ദൃശ്യമാധ്യമ മേധാവികളെയും ഡിജിപി, എഡിജിപി എന്നിവരെയും എതിര്‍കക്ഷികളാക്കിയാണ് സിപിഎം ഹര്‍ജി. പ്രതികളെ ഭീഷണിപ്പെടുത്തി സിപിഎമ്മിനെതിരെ മൊഴി ശേഖരിക്കുന്നു എന്നാരോപിക്കുന്ന എളമരം കരീം, എം.എം. മണി എന്ത് ഭീഷണിയിന്മേലാണ് 1982 മുതല്‍ സിപിഎം നടത്തിയ കൊലപാതകങ്ങളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയത് എന്ന് വ്യക്തമാക്കിയില്ല.
മണിയുടെ പ്രസംഗം ദേശീയതലത്തില്‍ മാത്രമല്ല ദേശാന്തരതലത്തില്‍ ബിബിസിയില്പ്പോലും വാര്‍ത്തയായത് പ്രസംഗം റിപ്പോര്‍ട്ട് ചെയ്തതിലെ പ്രതിബദ്ധതക്കും തെളിവാണല്ലോ. എം.എം. മണി പറഞ്ഞ കേസുകളില്‍ പ്രാഥമികാന്വേഷണം നടത്തിയപ്പോള്‍ അതില്‍ സത്യമുണ്ടെന്ന് സൂചനയുണ്ടെന്നും പോലീസ് സ്ഥിരീകരിക്കുന്നു. സംസ്ഥാനത്തെ ഒരു പാര്‍ട്ടി മാത്രമായ സിപിഎം സംസ്ഥാനത്തെ ജനങ്ങളെയും കോടതി-പോലീസ് സംവിധാനങ്ങളെപ്പോലും ഫാസിസ്റ്റ് ശൈലിയില്‍ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതിന്റെ ഈ തെളിവ് വിരല്‍ചൂണ്ടുന്നത് സ്വേഛാധിപതികളുടെ കൂടാരമായ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ നിലനില്‍ക്കുന്ന ഫാസിസ്സ്റ്റ് പ്രവണതയാണ്. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിനെ മാധ്യമ വെളിപ്പെടുത്തലുകള്‍ സ്വാധീനിക്കുമെന്നും പോലീസ് അന്വേഷണം ഈവിധം തുടര്‍ന്നാല്‍ മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ വരെ പോലീസ് വലയിലായേക്കാം എന്നുമുള്ള ഭീതിയാണ് മാധ്യമങ്ങള്‍ക്കെതിരെയും പോലീസിനെതിരെയും പരാതി നല്കാന് സിപിഎമ്മിനെ പ്രേരിപ്പിക്കുന്നത്. മാധ്യമസ്വാതന്ത്ര്യത്തിന് വേണ്ടി ബലിയാടായ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ജന്മസ്ഥലമായ നെയ്യാറ്റിന്‍കര പിടിവിടുമോ എന്ന ഭീതിയിലാണ് മാധ്യമ സ്വാതന്ത്ര്യത്തിന് മൂക്കുകയറിടാനുള്ള പാര്‍ട്ടിയുടെ ഹര്‍ജി എന്നാണ് അനുമാനിക്കേണ്ടത്. ജനാധിപത്യത്തിന്റെ ശക്തിയും സുതാര്യതയും പ്രതിബദ്ധതയും ഊട്ടിയുറപ്പിക്കുന്ന മാധ്യമങ്ങളുടെ വായ് മൂടിക്കെട്ടാനുള്ള ശ്രമം ലജ്ജാവഹം മാത്രമല്ല പരിതാപകരംകൂടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: