ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ മുന്‍ മാധ്യമ ഉപദേഷ്ടാവ് ആന്‍ഡി കോള്‍സണിനെ പോലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ കള്ള പ്രസ്താവന നടത്തിയെന്ന സംശയത്തെ തുടര്‍ന്നാണ് അറസ്റ്റ്. ബുധനാഴ്ച രാവിലെ ലണ്ടനിലെ വസതിയില്‍ നിന്നുമാണ് കോള്‍സണിനെ പോലീസ് അറസ്റ്റു ചെയ്തത്.
കോള്‍സണിനെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. 2010 ല്‍ കാമറൂണിന്റെ വക്താവായിരുന്ന കോള്‍സണ്‍ മാധ്യമ രാജാവ് റൂപര്‍ട്ട് മര്‍ഡോക്കിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന വിവാദ പത്രം ന്യൂസ് ഓഫ് ദി വേള്‍ഡിന്റെ എഡിറ്ററായിരുന്നു. പത്രത്തില്‍ നടന്ന വിവാദ ഫോണ്‍ ചോര്‍ത്തല്‍ അടക്കമുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തന്റെ അറിവോടെയല്ലെന്നായിരുന്നു കോള്‍സണിന്റെ വാദം.
ഈ വാദം നുണയാകുമെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. 2011 ജനുവരിയില്‍ പോലീസ് കേസ് പുനരാരംഭിക്കുകയായിരുന്നു. പക്ഷേ കോള്‍സണ്‍ ഈ ആരോപണം നിഷേധിച്ചിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം അഴിമതി കേസില്‍ കോള്‍സണ്‍ അറസ്റ്റിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: