ന്യൂദല്‍ഹി: പെട്രോള്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് ദേശവ്യാപകമായി എന്‍.ഡി.എയും ഇടത് കക്ഷികളും ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ജനജീവിതത്തെ ബാധിച്ചു. ദല്‍ഹിയുള്‍പ്പെടെ പല സ്ഥലങ്ങളിലും പ്രതിഷേധക്കാര്‍ റെയില്‍, റോഡ് ഗതാഗതം സ്തംഭിപ്പിച്ചു. കേരളത്തെ ഒഴിവാക്കിയിരുന്നതിനാല്‍ സംസ്ഥാനത്ത് ജനജീവിതം സാധാരണ നിലയിലാണ്.
ബന്ദിനെ അനുകൂലിച്ച് പ്രതിഷേധ പ്രകടനം നടത്തിയ ജെ.ഡി.യു ദേശീയ നേതാവ് ശരത് യാദവ്, ബി.ജെ.പി നേതാവ് ഷാനവാസ് ഹുസൈന് എന്നിവരെയും 800ഓളം പ്രകടനക്കാരെയും പോലീസ് അറസ്റ്റ് ചെയ്തു നീക്കി. സഹാര്സാ നഗരത്തില്‍ നിന്നുമാണ് പ്രകടനം നടത്തുകയായിരുന്ന യാദവിനെയും 700ഓളം പേരെയും പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്.
ബന്ദ് പൂര്‍ണമാണെന്നും പെട്രോള്‍ വിലവര്‍ദ്ധന നിയന്ത്രിക്കാനാവാത്ത പ്രധാനമന്ത്രി മന്മോഹന് സിംഗ് രാജിവയ്ക്കണമെന്ന് ശരത് യാദവ് പ്രകടനത്തില്‍ ആവശ്യപ്പെട്ടു. പ്രതിഷേധ പ്രകടനം നടത്തിയതിന് ബി.ജെ.പി ഔദ്യോഗിക വക്താവ് ഷാനവാസ് ഹുസൈനെയും പ്രകടനക്കാരെയും ഭഗല്പുരില് നിന്നുമാണ് പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്.
ദല്‍ഹിയില്‍ പ്രതിഷേധം നടത്തിയ ബിജെപി പ്രവര്‍ത്തകര്‍ ദേശീയപാത-24 ഉപരോധിച്ചു. ദല്‍ഹി റോഥക് റെയില്‍പാതയും പ്രവര്‍ത്തകര്‍ ഉപരോധിച്ചു. ഇടത് പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച റോഡ് ഉപരോധത്തില്‍ സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും പി.ബി അംഗം സീതാറാം യെച്ചൂരിയും ഉള്‍പ്പെടെയുള്ള നേതക്കള്‍ പങ്കെടുത്തു. മഹാരാഷ്ട്രയില്‍ പൂനെയിലും താനെയിലും നാലിടത്ത് ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. അക്രമസംഭവങ്ങള്‍ തടയാനായി മുംബൈയുടെ വിവിധ ഭാഗങ്ങളില്‍ 48,000 പോലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. ചെമ്പൂര്, ദാദര്‍ തുടങ്ങിയ പ്രധാന സ്ഥലങ്ങളിലും കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.
ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാര്‍ട്ടി ആഹ്വാനം ചെയ്ത പ്രതിഷേധത്തിലും റോഡ്, റെയില്‍ ഗതാഗതം തടസപ്പെട്ടു. അലഹബാദില്‍ പ്രവര്‍ത്തകര്‍ സാകേത് എക്സ്പ്രസും ഗംഗ ഗോമതി എക്സ്പ്രസും തടഞ്ഞു. പ്രവര്‍ത്തകര്‍ പ്രധാനമന്ത്രി മന്മോഹന് സിംഗിന്റെ കോലവും കത്തിച്ചു. ഹിമാചല്‍ പ്രദേശില്‍ ഗതാഗതത്തെ ബന്ദ് ബാധിച്ചിട്ടില്ലെങ്കിലും വ്യാപാരികള്‍ പലയിടത്തും കൂട്ടത്തോടെ കടകള്‍ അടച്ചിട്ടിരിക്കുകയാണ്. തലസ്ഥാനമായ ഷിംലയില്‍ മാത്രം ആറായിരത്തോളം വ്യാപാരികള്‍ കടകള്‍ അടച്ച് പ്രതിഷേധത്തില്‍ പങ്കുചേരുന്നുണ്ട്.
പശ്ചിമബംഗാളില്‍ ബന്ദനുകൂലികള്‍ ഹൗറ പാലം ഉപരോധിച്ചു. സംസ്ഥാനത്തിന്റെ മറ്റ് പല ഭാഗങ്ങളിലും ബിജെപി പ്രവര്‍ത്തകര്‍ ഗതാഗതം തടസപ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: