തൃശൂര്‍ : സംസ്ഥാനത്ത് 2011ല്‍ ഉണ്ടായ വാഹനാപകടങ്ങളില്‍ 4145പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടു. മൊത്തം പോലീസ് രജിസ്റ്റര്‍ ചെയ്ത കണക്കനുസരിച്ച് 35216 വാഹനാപകടങ്ങളാണ് ഉണ്ടായത്. അപകടങ്ങളില്‍ 25110 പേര്‍ക്ക് ഗുരുതരമായും 16269 പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. പോലീസ് പുറത്തുവിട്ട ഔദ്യോഗിക കണക്കിലാണ് കേരളത്തിലെ റോഡുകള്‍ കുരുതിക്കളമായതിന്റെ ഞെട്ടിപ്പിക്കുന്ന വിവരം.
അപകട മരണങ്ങള് ഏറ്റവും കൂടുതല്‍ എറണാകുളം ജില്ലയിലാണ്. 5251 വാഹനാപകടങ്ങളാണ് എറണാകുളം സിറ്റിയിലും റൂറലിലുമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതില്‍ 537 പേരുടെ ജീവന് നഷ്ടപ്പെട്ടിട്ടുണ്ട്. തൊട്ടടുത്ത് തൃശൂര്‍ ജില്ലയാണ്. 4021 വാഹനാപകടങ്ങളില്‍ 488 പേര് മരണമടഞ്ഞു. തിരുവനന്തപുരം ജില്ലയില്‍ 4435 വാഹനാപകടങ്ങളില്‍ 487 പേര്‍ക്കാണ് ജീവന് നഷ്ടപ്പെട്ടത്. വാഹനാപകടങ്ങളില്‍ ഇരുചക്രവാഹനങ്ങളാണ് ഏറ്റവും കൂടുതല്‍ അപകടത്തില്‍പ്പെട്ടിട്ടുള്ളത്. മൊത്തം 23637 ഇരുചക്രവാഹനങ്ങള്‍ സംസ്ഥാനത്തൊട്ടാകെ അപകടങ്ങളില്‍പ്പെട്ടു.
ഇരുചക്രവാഹനങ്ങള്‍ ഏറ്റവും കൂടുതല്‍ അപകടത്തില്‍പ്പെട്ടതും എറണാകുളം ജില്ലയില്‍ തന്നെയാണ്. 5113 വാഹനങ്ങളാണ് അപകടത്തില്‍ പെട്ടത്. 3917 ഇരുചക്രവാഹനങ്ങള്‍ തൃശൂരിലും 3523 വാഹനങ്ങള്‍ തിരുവനന്തപുരത്തും അപകടത്തില്‍ പെട്ടു. ഏറ്റവും കുറവ് അപകടങ്ങള്‍ ഉണ്ടായിട്ടുള്ളത് വയനാട് ജില്ലയിലാണ്. 580 വാഹനാപകടങ്ങളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതില്‍ 63 പേര് മരിച്ചപ്പോള്‍ 364 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
2010ലെ കണക്കുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഓരോ വര്‍ഷം ചെല്ലുംതോറും കേരളത്തിലെ വാഹനാപകടങ്ങളുടെ നിരക്ക് കുതിച്ചുയരുന്നതാണ് കാണുന്നത്.
2010ല്‍ സംസ്ഥാനത്തൊട്ടാകെ 3950 പേര് വാഹനാപകടങ്ങളില്‍ മരണമടഞ്ഞിരുന്നു. നാഷണല്‍ ഹൈവേകളില്‍ 9519 വാഹനാപകടങ്ങളാണ് പോലീസിന്റെ രജിസ്റ്ററില്‍ ഉള്ളത്. മൊത്തം വിവിധ വാഹനങ്ങള്‍ അപകടത്തില്‍പെട്ടതിന്റെ കണക്കുകള്‍ ഇപ്രകാരമാണ്. കെഎസ്ആര്‍ടിസി ബസ്സുകള്‍ (1368), സ്വകാര്യ ബസ്സുകള്‍ (4003), ലോറി (2194), മിനി ലോറി (1997), കാര്‍ (9871), ജീപ്പ്പ് (1096), ഓട്ടോറിക്ഷ (6920), ടൂവീലര്‍ (23637) മറ്റുവാഹനങ്ങള്‍ (1908) എന്നിങ്ങനെയാണ്. അജ്ഞാത വണ്ടികള്‍ ഇടിച്ചവയുടെ കണക്കുകള്‍ (313) ലും എത്തിനില്‍ക്കുന്നു.
ഓരോ ജില്ലയിലും വാഹനാപകടങ്ങളില്‍ മരണമടഞ്ഞവര്‍ തിരുവനന്തപുരം സിറ്റി (141), തിരുവനന്തപുരം റൂറല്‍ (346), കൊല്ലം സിറ്റി (222), കൊല്ലം റൂറല്‍ (200), പത്തനംതിട്ട (161), ആലപ്പുഴ (415), കോട്ടയം (226), എറണാകുളം സിറ്റി (182), എറണാകുളം റൂറല്‍ (355), ഇടുക്കി (69), തൃശൂര്‍ സിറ്റി (141), തൃശൂര്‍ റൂറല്‍ (347), പാലക്കാട് (392), മലപ്പുറം (324), കോഴിക്കോട് സിറ്റി (148), കോഴിക്കോട് റൂറല്‍ (148), വയനാട് (63), കണ്ണൂര്‍ (173), കാസര്‍കോഡ് (92) എന്നിങ്ങനെയാണ്.
ഡ്രൈവര്‍മാരുടെ അശ്രദ്ധമൂലം 3472 വാഹനാപകടങ്ങള്‍ ഉണ്ടായതായും ഇതിലൂടെയാണ് 3704 പേര് മരിച്ചതെന്നുമാണ് പോലീസ് കണക്ക്. നാടൊട്ടുക്കും ട്രാഫിക് ബോധവത്കരണവും മറ്റും സര്‍ക്കാര്‍ സംഘടിപ്പിക്കുന്നുണ്ടെങ്കിലും പോലീസ് നല്കുന്ന കണക്കുകളുടെ അടിസ്ഥാനത്തില്‍ ഇവയൊന്നും ഫലപ്രദമാകുന്നില്ല എന്നതിന്റെ ഉദാഹരണമാണ് അപകടനിരക്കിലൂടെ സൂചിപ്പിക്കുന്നത്.
റോഡുകളുടെ ശോചനീയാവസ്ഥ മൂലം അപകടങ്ങള്‍ ഉണ്ടായി ആരും മരിച്ചതായി പോലീസ് കണക്കുകളില്‍ കാണുന്നില്ല എന്നതും ശ്രദ്ധേയമാണ്. ഓരോ വര്‍ഷം ചെല്ലും തോറും അപകടങ്ങളുടെ തോത് ക്രമാതീതമായി വര്‍ദ്ധിക്കുമ്പോഴും ഇവയുടെ ഗ്രാഫ് താഴോട്ടാക്കുന്നതിനുള്ള ശ്രമങ്ങളൊന്നും തന്നെ ഉണ്ടാകുന്നില്ല. പോലീസാകട്ടെ ഹെല്‍മറ്റ് വേട്ടക്ക് മാത്രമാണ് പ്രാധാന്യം കൊടുക്കുന്നതെന്നും ആരോപണം ഉയരുന്നുണ്ട്.
കൃഷ്ണകുമാര്‍ ആമലത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: