ന്യൂദല്‍ഹി: പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനും മറ്റ് മന്ത്രിമാര്‍ക്കുമെതിരെയുള്ള അഴിമതി ആരോപണങ്ങളെക്കുറിച്ച് സ്വതന്ത്ര ഏജന്‍സി അന്വേഷണംനടത്തണമെന്ന് ഹസാരെ സംഘം ആവശ്യപ്പെട്ടു.
മന്‍മോഹന്‍സിംഗിനെതിരെ അഴിമതി ആരോപിക്കപ്പെടുന്നത് കമ്പ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ടിലാണെന്ന് ഹസാരെ സംഘാംഗം അരവിന്ദ് കേജ്രിവാള് വ്യക്തമാക്കി. തനിക്കെതിരെയുള്ള അഴിമതിയാരോപണങ്ങള്‍ തെളിഞ്ഞാല്‍ പൊതുജീവിതം അവസാനിപ്പിക്കുമെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടതിന് പിന്നാലെയാണ് കേജ്രിവാളിന്റെ പ്രതികരണം. പ്രധാനമന്ത്രിക്കെക്കതിരെയുള്ള ആരോപണങ്ങള്‍ തെറ്റെന്ന് തെളിഞ്ഞാല്‍ ഏറെ സന്തോഷമാണ്. അത് തെളിയണമെങ്കില്‍ സ്വതന്ത്ര അന്വേഷണം ആവശ്യമാണ്. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും നിര്‍ഭാഗ്യകരവും നിരുത്തരവാദപരവുമെന്ന് പറഞ്ഞ പ്രധാനമന്ത്രിയോട് ആരോപണങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത് ഭരണഘടനാ സ്ഥാപനമായ സിഎജിയാണെന്ന് അറിയിക്കാന്‍ ആഗ്രഹിക്കുന്നതായി അദ്ദേഹം പറഞ്ഞു. അനധികൃതമായി കല്‍ക്കരി ബ്ലോക്കുകള്‍ അനുവദിച്ചതുവഴി ഖജനാവിന് 1.80 ലക്ഷം കോടി രൂപയുടെ നഷ്ടം ഉണ്ടായെന്ന സിഎജി റിപ്പോര്‍ട്ട് ‘നിരുത്തരവാദപര’മെന്ന് കരുതുന്നുണ്ടോയെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണം.
രാജ്യത്ത് ഇപ്പോള്‍ നിലനില്‍ക്കുന്ന പ്രത്യേക തരം രാഷ്ട്രീയത്തെയാണ് തങ്ങള്‍ എതിര്‍ക്കുന്നതെന്ന് മറ്റൊരു ഹസാരെ സംഘാംഗം ജസ്റ്റിസ് സന്തോഷ് ഹെഗ്ഡെ വ്യക്തമാക്കി. കുട്ടികളില്‍നിന്ന് ഭക്ഷണം തട്ടിയെടുക്കുകയും കര്‍ഷകരെ ആത്മഹത്യക്ക് പ്രേരിപ്പിക്കുകയും ചെയ്യുന്ന രാഷ്ട്രീയം ചില മന്ത്രിമാര്‍ക്ക് അഴിമതിയിലേര്പ്പെട്ട് കൂടുതല്‍ സമ്പന്നനാകാന്‍ അവസരം ഒരുക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തനിക്കൊപ്പമുള്ളവരുടെ മേല്‍ കരിനിഴല്‍ വീഴുമ്പോള്‍ സത്യമറിയാന്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കുകയാണ് ഒരു നല്ല നേതൃത്വം ചെയ്യേണ്ടതെന്ന് ഹസാരെ സംഘത്തിലെ അംഗവും മുന്‍ ഐപിഎസ് ഉദ്യോഗസ്ഥയുമായ കിരണ്‍ ബേദി പറഞ്ഞു. കുറ്റക്കാരനല്ലെന്ന് കണ്ടാല്‍ സംശുദ്ധനായി പ്രധാനമന്ത്രിക്ക് തിരികെ വരാം. സിഎജിയുടെ കണ്ടെത്തല്‍ തെറ്റെന്ന് തെളിയണമെങ്കില്‍ അന്വേഷണവുമായി സഹകരിക്കാന്‍ മന്മോഹന് തയ്യാറാകണമെന്നും അവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: