തൊടുപുഴ : എം.എം മണിയുടെ വിവാദ പ്രസംഗത്തെക്കുറിച്ച് അന്വേഷിക്കുന്ന പോലീസ് സംഘത്തിന് 11 രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചു. 1980 ന് ശേഷം ഇടുക്കി ജില്ലയില്‍ കൊല്ലാനായി 13 പേരുടെ പട്ടിക തയ്യാറാക്കിയെന്ന എം.എം മണിയുടെ പ്രസംഗത്തിലെ സൂചന പ്രകാരമാണ് അന്വേഷണം. ചൊവ്വാഴ്ച രാവിലെ തൊടുപുഴയിലെത്തിയ ഐ.ജി പത്മകുമാര്‍ മണിയുടെ പ്രസംഗത്തിലെ കൊലപാതക വിവരങ്ങള്‍ അനുസരിച്ച് 1982 മുതലുള്ള കേസുകളാണ് അന്വേഷിക്കുന്നത് എന്ന് മാധ്യമങ്ങളോട് വ്യക്തമാക്കി.
1982 നവംബര്‍ 13 നാണ് യൂത്ത് കോണ്‍ഗ്രസ് സേനാപതി മണ്ഡലം പ്രസിഡന്റായിരുന്ന അഞ്ചേരി ബേബി കൊല്ലപ്പെട്ടത്. സിപിഎം ഉടുമ്പന്‍ചോല ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടെ 9 പ്രതികളുണ്ടായിരുന്നെങ്കിലും എല്ലാവരെയും ജില്ലാ കോടതി വിട്ടയച്ചു. 1983 ജനുവരി 26 ന് യൂത്ത് കോണ്‍ഗ്രസ് സേനാപതി മണ്ഡലം സെക്രട്ടറിയായിരുന്ന മുള്ളന്‍ചിറ മത്തായിയെ തല്ലിക്കൊന്നതാണ് രണ്ടാമത്തെ കേസ്. ഏഴു പ്രതികളുണ്ടായിരുന്ന ഈ കേസിലും ആര്‍ക്കും ശിക്ഷ ലഭിച്ചില്ല. മത്തായിയുടെയും ബേബിയുടെയും സഹപ്രവര്‍ത്തകനായിരുന്ന മുട്ടുകാട് നാണപ്പന് കൊല്ലപ്പെട്ടത് 1983 ജൂണ്‍ 1 നാണ്. ഈ മൂന്നു കേസും പ്രഥമികമായി അന്വേഷിക്കുമെന്ന് ഐ.ജി പറഞ്ഞു.
1990 മെയില്‍ കരുണപുരം മണ്ഡലം പ്രസിഡന്റായിരുന്ന കൊപ്പനകുന്നേല് രാജുവും സെക്രട്ടറി കൊണ്ടാട്ടുപറമ്പില്‍ ജോയിയും ബാലന്‍പിള്ള സിറ്റിയില്‍ കൊല്ലപ്പെട്ടു. 10 പ്രതികളുണ്ടായിരുന്ന കേസില്‍ ശിക്ഷിക്കപ്പെട്ടത് ഒരു സിഐടിയു ചുമട്ടു തൊഴിലാളിമാത്രം. 1982 ജൂണ്‍ 13 ന് ബൈസണ്‍വാലിയില്‍ ബിജെപി പ്രവര്ത്തകന് സണ്ണി കൊല്ലപ്പെട്ടതും 1994 ല്‍ മധുര ഡി.സി.സി പ്രസിഡന്റും ഉടുമ്പന്‍ചോല തോട്ടം ഉടമയുമായ അയ്യര്‍ നായിഡു ബോഡിമേട്ടില്‍ വച്ച് കൊല്ലപ്പെട്ടതും കൊലപാതകങ്ങളുടെ ലിസ്റ്റിലുണ്ട്.
കൊലപാതകങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന സംഘത്തില്‍ ആറ് സിഐ മാരെക്കൂടി ഉള്‍പ്പെടുത്തിയതായി ഐ.ജി പത്മകുമാര്‍ പറഞ്ഞു. അന്വേഷണ പുരോഗതിക്ക് അനുസരിച്ചുള്ള വിവരങ്ങള്‍ ലഭിക്കുമ്പോള്‍ മണിയെ അറസ്റ്റ് ചെയ്യണമോ എന്നു തീരുമാനിക്കുമെന്നും ഐ.ജി പറഞ്ഞു. കേസുമായി ബന്ധപ്പെട്ട നിരവധിരേഖകള്‍ കോടതിയില്‍ നിന്നും പോലീസ് സ്റ്റേഷനുകളില്‍ നിന്നും ലഭിക്കാനുണ്ട്. ഇവ ശേഖരിച്ചു വരികയാണെന്നും ഐ.ജി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: