കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെ ജീവനക്കാരുടെ വേതനം പരിഷ്കരിക്കാന്‍ ജില്ല കളക്ടര്‍ പി.ഐ. ഷെയ്ക് പരീതിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വികസന സമതിയോഗത്തില് തീരുമാനമായി. പുതിയ നിരക്കനുസരിച്ച് കുറഞ്ഞവേതനം 8000 രൂപയും കൂടിയ വേതനം 20000 രൂപയുമായിരിക്കും. ലിഫ്ട്, ടെലഫോണ്‍,ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍മാരുടെ തസ്തികകളില്‍ പുതിയ നിയമനങ്ങളില്‍ 50 ശതമാനം വികലാംഗര്‍ക്ക് നല്‍കാനും തീരുമാനിച്ചു. ആശുപത്രി വികസന സൊസൈറ്റി ശമ്പളം നല്കുന്ന 86 ജീവനക്കാര്‍ക്കാണ് വേതനപരിഷ്കരണത്തിന്റെ ഗുണം കിട്ടുക.
കഴിഞ്ഞ എച്ച്.ഡി.എസ്. യോഗത്തിലാണ് വേതന പരിഷ്കരണം സംബന്ധ്ച്ച ആവശ്യമുയര്‍ന്നത്. ഇതേക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്കാന് ആശുപത്രി സൂപ്രണ്ട് ഡോ. ജുനൈദ് റഹ്മാനെ ജില്ല കളക്ടര്‍ ചുമതലപ്പെടുത്തിയിരുന്നു. സംസ്ഥാനത്തെ വിവിധ ആശുപത്രികളിലെ സ്ഥിതിഗതികള്‍ പഠിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പാലക്കാട് ജില്ല ആശുപത്രിയിലെ വേതന സമ്പ്രദായമാണ് ഇവിടെ അവലംബിച്ചിട്ടുള്ളതെന്ന് ഡോ. ജുനൈദ് പറഞ്ഞു.
എല്ലാ തസ്തികകളിലും കുറഞ്ഞത് 2000 രൂപയുടെ വര്‍ധനയാണ് ലഭിക്കുക. സര്‍ക്കാര്‍ നയത്തിനനുസൃതമായി ശരാശരി വേതനം ലഭ്യമാക്കുകയാണ് ഈ ശമ്പളപരിഷ്കരണത്തിലൂടെ. ഏറെ നാളായി ജീവനക്കാര്‍ ശമ്പളപരിഷ്കരണം ആവശ്യപ്പെടുകയായിരുന്നു. എച്ച്ഡിഎസിന് ഇതുവഴി 1.33 ലക്ഷം രൂപയുടെ അധികബാധ്യതയാണുണ്ടാവുക.
നിലവില്‍ 6000 രൂപ പ്രതിമാസം വേതനമായി ലഭിക്കുന്ന ലാബ് അസിസ്റ്റന്റ്, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍, ലാബ് അറ്റന്റര്‍, ടെലഫോണ്‍ ഓപ്പറേറ്റര്‍, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍, എം.ആര്.എല്‍. ടെക്നീഷ്യന് തുടങ്ങിയ തസ്തികകളിലുള്ളവരുടെ വേതനം 8000 രൂപയാകും. രാഷ്ട്രീയ സ്വാസ്ഥ്യ ബീമ യോജനയുടെ ഏകോപകന് 7500 രൂപ ലഭിക്കും. 86-ല്‍ 25 പേര്‍ക്കാണ് 2000 രൂപയുടെ വര്‍ധന ലഭിക്കുക.
ലാബ് ടെകിനീഷ്യന്‍ മുതല്‍ റേഡിയോ ഗ്രാഫര്‍ വരെയുള്ള തസ്തികകളിലുള്ള 30പേരുടെ ശമ്പളം 10000 രൂപയായി ഉയരും. നിലവില്‍ 7500 രൂപ മുതലാണ് ഇവരുടെ വേതനം. ആറ് സ്റ്റാഫ് നഴ്സുമാരുടെ വേതനം 8300-ല്‍ നിന്ന് 12000 രൂപയാക്കാനാണ് ശിപാര്‍ശ. സീനിയര്‍ സയന്റിഫിക്ക് ഓഫീസറുടെ വേതനം 13750 രൂപയില്‍ നിന്ന് 15000 രൂപയായും ഫിസിയെതെറാപ്പിസ്റ്റിന്റേത് 10600-ല്‍ നിന്ന് 12000 രൂപയായി ഉയരും. ഫിസിസിസ്റ്റിന് നല്കി വരുന്ന ശമ്പളം 18000 രൂപയില്‍ നിന്ന് 20000 രൂപയായി ഉയരും.
യോഗത്തില്‍ ഡി.എം.ഒ ആര്.സുധാകരന്, എന്‍.ആര്.എച്ച്.എം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ.കെ.വി.ബീന, എച്ച്.ഡി.എ സംഘങ്ങളായ കുമ്പളം രവി, എം.പി.രാധാകൃഷ്ണന് തുടങ്ങിയവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: