കൊച്ചി: ജില്ലയില്‍ പാചക വാതക സിലിണ്ടര്‍ ക്ഷാമത്തിന് ഒരു മാസത്തിനകം പരിഹാരമാകുമെന്ന് ജില്ലാ കളക്ടര്‍ പി.ഐ. ഷെയ്‌ക്ക് പരീത് അറിയിച്ചു. സിലിണ്ടറുകള്‍ നല്‍കുന്നതില്‍ കഴിഞ്ഞ ജനുവരിയില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഭാഗത്തു നിന്നുണ്ടായ കുറവ് പടിപടിയായി പരിഹരിച്ചു വരികയാണ്. പ്രതിദിനം പത്തു ലോഡ് സിലിണ്ടര്‍ അധികമായി ലഭിച്ചാല്‍ സിലിണ്ടര്‍ ബുക്ക് ചെയ്ത് കിട്ടുന്നതിനുള്ള കാലതാമസം ഇല്ലാതാകും. നിലവില്‍ 60 ലോഡ് സിലിണ്ടറാണ് ജില്ലയിലെ ആവശ്യത്തിനായി ലഭിക്കുന്നത്. ഒരു ലോഡില്‍ 300 സിലിണ്ടറാണുണ്ടാകുക.
എണ്ണക്കമ്പനികളുടെയും സിലിണ്ടര്‍ വിതരണ ഏജന്‍സികളുടെയും പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തില്‍ ജില്ലയിലെ പാചക വാതക സിലിണ്ടര്‍ വിതരണം അവലോകനം ചെയ്യുകയായിരുന്നു കളക്ടര്‍. അധികലോഡ് ലഭ്യമാക്കുന്നതിന് ഐ.ഒ.സി അധികൃതര്‍ക്ക് കത്തെഴുതാന്‍ ജില്ല സപ്ലൈ ഓഫീസര്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കി.
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഇന്‍ഡേന്‍ സിലിണ്ടറുകള്‍ക്ക് ക്ഷാമമുണ്ടെങ്കിലും ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നീ കമ്പനികളുടെ സിലിണ്ടറുകള്‍ ഉപഭോക്താക്കള്‍ക്ക് ഉടനെ ലഭ്യമാണ്. കാലതാമസമുള്ള മേഖലകളില്‍ ഈ കമ്പനികളുടെ ഏജന്‍സികളിലേക്ക് ഉപഭോക്താക്കള്‍ക്ക് മാറാവുന്നതാണ്. നിലവില്‍ കണക്ഷന്‍ എടുത്തിട്ടുള്ള ഏജന്‍സിയില്‍ നിന്നും ടെര്‍മിനേഷന്‍ ഓര്‍ഡര്‍ കൈപ്പറ്റി നിശ്ചിത ഫോര്‍മാറ്റില്‍ താല്‍പര്യമുള്ള ഏജന്‍സിയ്‌ക്ക് അപേക്ഷ നല്‍കിയാല്‍ രണ്ടു ദിവസത്തിനുള്ളില്‍ കണക്ഷന്‍ മാറ്റിയെടുക്കാനാകും. ഈ അവസരം ഉപഭോക്താക്കള്‍ പ്രയോജനപ്പെടുത്തണമെന്ന് കളക്ടര്‍ പറഞ്ഞു.
കാക്കനാട് ഷാരോണ്‍ ഗ്യാസ് ഏജന്‍സിയില്‍ നിന്നും കണക്ഷനെടുത്തിട്ടുള്ള ഉപഭോക്താക്കള്‍ക്ക് തൃപ്പൂണിത്തുറയിലെ ഏജന്‍സിയില്‍ നിന്നും സിലിണ്ടറുകള്‍ ലഭ്യമാക്കുമെന്ന് ഐ.ഒ.സി അധികൃതര്‍ പറഞ്ഞു.
ഇന്‍ഡേന്‍ സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് കിട്ടുന്നതിന് ഇപ്പോള്‍ 45 ദിവസം വരെയാണ് കാലതാമസം. ഹിന്ദുസ്ഥാന്‍ പെട്രോളിയം കമ്പനി ഉപഭോക്താക്കള്‍ക്ക് 30 ദിവസത്തിനുള്ളിലും ഭാരത് പെട്രോളിയം ഉപഭോക്താക്കള്‍ക്ക് രണ്ടു ദിവസത്തിനുള്ളിലും സിലിണ്ടറുകള്‍ കിട്ടുന്നുണ്ട്. അതേസമയം ജില്ലയിലെ 70 ശതമാനം ഉപഭോക്താക്കളും കണക്ഷനെടുത്തിരിക്കുന്നത് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഏജന്‍സികളില്‍ നിന്നാണ്. ജില്ലയില്‍ ഇന്‍ഡേന്‍ വിതണത്തിന് 43 ഏജന്‍സികളുണ്ട്. ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന് ആറ് ഏജന്‍സികളും ഭാരത് പെട്രോളിയത്തിന് 18 ഏജന്‍സികളുമാണുള്ളത്.
ഐ.ഒ.സി ബോട്ട്ലിങ് പ്ലാന്റില്‍ കയറ്റിറക്കും ഗതാഗതവുമായി ബന്ധപ്പെട്ട് അടിക്കടിയുണ്ടാകുന്ന സമരങ്ങളും സിലിണ്ടര്‍ ലഭ്യതയെ ബാധിക്കുന്നുണ്ടെന്ന് ഏജന്‍സി പ്രതിനിധികള്‍ പറഞ്ഞു. സിലിണ്ടര്‍ നീക്കം അവശ്യസര്‍വീസായി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. ഏജന്‍സികളും റസിഡന്റ്സ് അസോസിയേഷനുകളും വിവിധ സംഘടനകളും ദീര്‍ഘകാലമായി ഉന്നയിക്കുന്ന ഈ ആവശ്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്ന് കളക്ടര്‍ അറിയിച്ചു.
നഗരാസൂത്രണചട്ടങ്ങളില്‍ ഈയിടെ നടപ്പാക്കിയ കര്‍ശന വ്യവസ്ഥകള്‍ പുതിയ വിതരണകേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതില്‍ തടസമാകുന്നുണ്ടെന്ന് കമ്പനി പ്രതിനിധികള്‍ പറഞ്ഞു. ഏഴ് മീറ്റര്‍ റോഡ്, കെട്ടിടത്തിനു ചുറ്റും അഗ്നിമശമനവാഹനങ്ങള്‍ നീങ്ങുന്നതിനാവശ്യമായ സ്ഥലം എന്നിവയാണ് എല്‍.പി.ജി വിതരണകേന്ദ്രങ്ങള്‍ക്കായി നിഷ്കര്‍ഷിച്ചിരിക്കുന്നത്. എറണാകുളം ജില്ലയിലെ സ്ഥലദൗര്‍ലഭ്യം ഇക്കാര്യത്തില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നതായി കമ്പനി പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.
ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ സമീപകാലത്തുണ്ടായ സിലിണ്ടര്‍ പൊട്ടിത്തെറി ഉപഭോക്താക്കളുടെ സൂക്ഷ്മതക്കുറവ് മൂലം സംഭവിച്ചതാണെന്ന് കമ്പനി പ്രതിനിധികള്‍ പറഞ്ഞു. സിലിണ്ടറുകള്‍ തീയില്‍ അകപ്പെട്ടതാണ് പൊട്ടിത്തെറിക്ക് കാരണമായത്. സിലിണ്ടറുകള്‍ അഞ്ചു വര്‍ഷത്തിലൊരിക്കല്‍ മര്‍ദ പരിശോധനയ്‌ക്ക് വിധേയമാക്കാറുണ്ട്. വാല്‍വുകളില്‍ ചോര്‍ച്ച കണ്ടെത്തിയാല്‍ അവ ഉടനെ പരിഹരിക്കുന്നതിനും സംവിധാനമുണ്ട്. അപകടകരമായ പദാര്‍ത്ഥങ്ങള്‍ കൊണ്ടുപോകുന്ന ചെറുകിട ചരക്കുവാഹനങ്ങള്‍ക്ക് ആന്റിസ്കിഡ് ബ്രേക്കിങ് സിസ്റ്റം വേണമെന്ന നിബന്ധനയില്‍ നിന്നും എല്‍.പി.ജി സിലിണ്ടറുകളെ ഒഴിവാക്കണമെന്ന് ഏജന്‍സി പ്രതിനിധികള്‍ ആവശ്യപ്പെട്ടു.
ജില്ലാ സപ്ലൈ ഓഫീസര്‍ എം.സി. രാധാമണി, സൂപ്രണ്ട് കെ.ജി. റോയ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: