യാങ്കൂണ്‍: മ്യാന്മര് നേതാവ് ആങ്ങ് സാന്‍ സൂകി ഇന്ത്യ സന്ദര്‍ശിക്കും.മ്യാന്മര് സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗുമായുള്ള കൂടിക്കാഴ്ച്ചയിലാണ് ഇക്കാര്യം തീരുമാനിച്ചത്.45 മിനിറ്റോളം ഇരുവരും കൂടിക്കാഴ്ച്ച നടത്തി.
കാല്‍നൂറ്റാണ്ടിനുശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി മ്യാന്മര് സന്ദര്‍ശിക്കുന്നത്. മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ ഓര്‍മ്മ ദിനത്തില്‍ പ്രസംഗിക്കാന്‍ ഇന്ത്യയിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള യു പി എ അധ്യക്ഷ സോണിയാ ഗാന്ധിയുടെ കത്തും മന്‍മോഹന്‍സിംഗ് സൂകിക്ക് കൈമാറി.മ്യാന്മറിന്റെ ജനാധിപത്യത്തിലേക്കുള്ള പൂര്‍ണ മാറ്റത്തിന് അദ്ദേഹമം പൂര്‍ണ പിന്തുണയും നല്കി.ഇന്ത്യയിലേക്കുള്ള ക്ഷണം സ്വീകരിക്കുന്നതായും അടുത്ത വര്‍ഷം ഇന്ത്യാ സന്ദര്‍ശനം നടത്താനാകുമെന്നാണ് പ്രതീക്ഷയെന്നും സൂകി മന്മോഹന് സിംഗുമായുള്ള കൂടിക്കാഴ്ച്ചക്കുശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഇന്ത്യയും മ്യാന്മറും ഭൂമിശാസ്ത്രപരമായ സാമ്യതകള്‍ കൊണ്ട് മാത്രം അയല്‍ക്കാരല്ല മറിച്ച് സ്വാതന്ത്രൃത്തിന് വേണ്ടി പോരാടിയവരാണ് ഇരു രാഷ്ട്രങ്ങളെന്നും സൂകി പറഞ്ഞു.സൂകിയുടെ ഉറച്ച പോരാട്ടവും തീരുമാനങ്ങളും ലോകത്തിലെ ലക്ഷക്കണക്കിന് വരുന്ന ജനങ്ങളെ സ്വാധീനിച്ചിട്ടുണ്ടെന്നും മന്‍മോഹന്‍സിംഗ് പറഞ്ഞു.സൂകിയുടേയും കുടുംബത്തിന്റെയും കൂടെ നില്ക്കാന് സാധിച്ചതില്‍ ഇന്ത്യ അഭിമാനിക്കുന്നതായും അദ്ദേഹം പറഞ്ഞു.
1960 ല്‍ ദല്‍ഹിയിലെ മേരിസ്ക്കൂളിലും ലേഡി ശ്രീരാം കോളേജിലും പഠനത്തിനെത്തിയപ്പോള്‍ നെഹ്രുവിനെ കണ്ട ഓര്‍മ്മയും സുകി മന്മോഹനുമായി പങ്കുവെച്ചു.തന്റെ രക്ഷിതാക്കള്‍ നെഹ്രുവിന്റെ കടുത്ത ആരാധകരായിരുന്നുവെന്നും തന്റെ ചെറിയ പ്രായത്തില്‍ പണ്ഡിറ്റ്ജി എന്നായിരുന്നു അദ്ദേഹത്തെ വിളിച്ചതെന്നും സൂകി പറഞ്ഞു.
മന്മോഹന് സിംഗുമായി കൂടിക്കാഴ്ച്ച നടത്താന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും സുകി കൂട്ടിച്ചേര്‍ത്തു.ഇതിലും വലിയ കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാനുണ്ടായിട്ടും തന്നെ കാണാന്‍ സമയം കണ്ടെത്തിയതിനെ താന്‍ അഭിനന്ദിക്കുന്നുവെന്നും അവര്‍ പറഞ്ഞു.
ഇന്ത്യാ സന്ദര്‍ശനത്തിനായി സൂകിയെ ക്ഷണിച്ചിട്ടുണ്ടെന്നും എത്രയും പെട്ടെന്ന് ഇത് സാധിക്കുമെന്നാണ് കരുതുന്നതെന്നും മന്മോഹന് സിംഗ് പറഞ്ഞു.മുന്‍ പ്രസിഡന്റ് എ പി ജെ അബ്ദുള്‍ കലാം വൈസ് പ്രസിഡന്റ് ഹമീദ് അന്‍സാരി എന്നിവരും ഇതിന് മുന്‍പ് മ്യാന്മര് സന്ദര്‍ശനവേളയില്‍ സൂകിയുമായി കൂടിക്കാഴ്ച്ച നടത്തിയിട്ടുണ്ട്.
മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി മ്യാന്മറിലെത്തിയ പ്രധാനമന്ത്രി മന്മോഹന് സിംഗ് പ്രസിഡന്റ് തീന് സെന്നുമായി കഴിഞ്ഞദിവസം ചര്‍ച്ച നടത്തിയിരുന്നു.മ്യാന്മറുമായി 12 ഓളം ഉടമ്പടിയിലും ഇന്ത്യ ഒപ്പു വച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: