കൊച്ചി: കൊച്ചി സഹകരണ മെഡിക്കല്‍ കോളേജില്‍ ഹൃദ്രോഗ ചികില്സകേന്ദ്രം, കാത് ലാബ്, ബേണ്‍സ് യൂണിറ്റ് എന്നിവ തുടങ്ങുന്നതിന് പൊതുമേഖലസ്ഥാപനങ്ങള്‍, ബാങ്കുകള്‍ എന്നിവയുമായി സഹകരിച്ച് പദ്ധതി നടപ്പാക്കുമെന്ന് കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ മന്ത്രി കെ.വി.തോമസ് പറഞ്ഞു. സഹകരണമെഡിക്കല്‍ കോളേജ് വികസനപ്രവര്‍ത്തനങ്ങളെക്കുറിച്ച് ആലോചിക്കാന്‍ ഗസ്റ്റ് ഹൗസില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോട്ടയം മെഡിക്കല്‍ കോളേജിലേതു പോലെ സുസജ്ജമായ ഒരു ഹൃദ്രോഗചികില്‍സ കേന്ദ്രമാണ് കൊച്ചിയില്‍ ലക്ഷ്യമിടുന്നത്. ആദ്യപടിയായി നാലുകോടിരൂപ ചെലവില്‍ കാത് ലാബ് നിര്‍മിക്കും. യൂണിറ്റ് തുടങ്ങിവയ്ക്കാന്‍ 2.75 കോടി രൂപ വേണ്ടിവരും. ജില്ലയിലെ പൊതുമേഖല ബാങ്കുകളുടെ സഹകരണത്തോടെ കാത് ലാബിനാവശ്യമായ തുക കണ്ടെത്താന്‍ ശ്രമിക്കുമെന്നും ഇതിനായി ബാങ്കുകളുടെ പ്രത്യേക യോഗം താമസിയാതെ വിളിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലാബ് നടത്തുന്നതിനാവശ്യമായ അടിസ്ഥാനസൗകര്യങ്ങളെല്ലാം സി.എം.സി.യുടെ പക്കലുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. പൊതു സ്വകാര്യ മേഖലയില്‍ നിന്ന് ഇതിനാവശ്യമായ ഫണ്ട് ശേഖരിക്കാനായാല് ജീവനക്കാരുടെ ശമ്പളം, ഉപകരണങ്ങളുടെ അറ്റകുറ്റപ്പണി എന്നിവ സി.എം.സി.യുടെ ചെലവില്‍ നടത്തും. ചികില്‍സ ചെലവ് സര്‍ക്കാര്‍ അംഗീകൃത നിരക്കായിരിക്കുമെന്നും കേപ്പ് ഡയറക്ടര്‍ കെ.എസ്. പ്രേമചന്ദ്രക്കുറുപ്പ് പറഞ്ഞു.
കൊച്ചി പോലൊരു നഗരത്തില്‍ സുസജ്ജമായ ഒരു ബേണ്‍സ് യൂണിറ്റ് ഇല്ലാത്തത് ഒരു പോരായ്മയാണെന്ന് കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു. 16 കിടക്കയുള്ള ഒരു യൂണിറ്റ് തുടങ്ങുന്നതിന് 1.2 കോടി രൂപയാണ് പ്രതീക്ഷിത ചെലവ്. കൊച്ചി കപ്പല്‍ശാല, കെ.ആര്.എല്‍.,ഗയില്‍ എന്നിവ തങ്ങളുടെ സാമൂഹിക ഉത്തരവാദിത്ത പദ്ധതിയില്‍ ഇതുള്‍പ്പെടുത്തണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനം അറിയിക്കാമെന്ന് കമ്പനി പ്രതിനിധികള്‍ പറഞ്ഞു.
പദ്ധതിക്കാവശ്യമായ തുകയില്‍ പോരാത്തതിന് എം.പി.മാരുടെ പ്രാദേശിക വികസനനിധിയില്‍ നിന്നും ഫണ്ട് സ്വരൂപിക്കാനാവുമെന്ന് തോമസ് മാസ്റ്റര്‍ പറഞ്ഞു. കോളേജില്‍ ജീവനക്കാരുടെയും രോഗികളുടെയും ആവശ്യത്തിനായി രണ്ടു ബസുകള്‍ എം.പി.ഫണ്ടില്‍ നിന്ന് അനുവദിച്ചിട്ടുണ്ട്. എം.പി.ഫണ്ട് പദ്ധതികള്‍ ആവിഷ്കരിക്കുമ്പോള്‍ ആസൂത്രണവകുപ്പിന്റെ മുന്‍കൂര്‍ അനുമതി തേടുന്നത് നന്നായിരിക്കുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
യോഗത്തില്‍ ജി.സി.ഡി.എ. ചെയര്മാന് എന്‍. വേണുഗോപാല്‍, കേപ്പ് ഡയറക്ടര്‍ കെ.എസ്. പ്രേമചന്ദ്രക്കുറുപ്പ്, എ.ഡി.എം. ഇ.കെ. സുജാത, കൊച്ചി കപ്പല്‍ശാല സി.എം.ഡി. കെ.സുബ്രഹ്മണ്യന്, ടെക്നിക്കല്‍ ഡയറക്ടര്‍ പി. വിനയകുമാര്‍, സി.എം.സി. മെഡിക്കല്‍ ഡയറക്ടര്‍ മോഹന്‍ പി.സാം, ലീഡ് ജില്ല മാനേജര്‍ കെ.ആര്. ജയപ്രകാശ്, ഗയില്‍ സീനിയര്‍ മാനേജര്‍ ജോര്‍ജ് ആന്റണി, കെ.ആര്.എല്‍. പി.ആര് മാനേജര്‍ ജോര്‍ജ് തോമസ് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: