പാന്‍ മസാലയും ഗുഡ്ക്കയും നിരോധിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം വൈകിയാണെങ്കിലും സ്വാഗതാര്‍ഹമാണ്. കൗമാരം വഴിപിഴയ്ക്കുന്നുവെന്നും കൗമാര കുറ്റവാളികള്‍ വര്‍ധിക്കുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വരുമ്പോഴും കൗമാരക്കാര്‍ക്ക് എന്തുകൊണ്ട് വഴിപിഴയ്ക്കുന്നുവെന്ന ഒരു പരിശോധന ഇന്നുവരെ സര്‍ക്കാര്‍ നടത്തിയിട്ടില്ല. കൗമാരക്കാരില്‍ ഹാന്‍സ് മുതലായ പാന്‍മസാലകളുടെ ഉപയോഗം വര്‍ധിക്കുന്നുവെന്നും ഇത് സ്വഭാവവൈകല്യത്തിന് മാത്രമല്ല വായിലെ ക്യാന്‍സര്‍ പോലുള്ള രോഗങ്ങളും ക്ഷണിച്ചുവരുത്തുന്നുവെന്നും ലോകാരോഗ്യ സംഘടനതന്നെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കേരളത്തിലും ഇന്ത്യയിലും നിയമങ്ങളുടെ അഭാവമല്ല അത് നടപ്പാക്കുന്നതിനുള്ള ജാഗ്രതയില്ലായ്മയാണ് ഈ വിധത്തിലുള്ള സാമൂഹ്യ ആരോഗ്യ വിപത്തുകള്‍ ക്ഷണിച്ചുവരുത്തുന്നത്. കേന്ദ്രസര്‍ക്കാര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗുഡ്ക്ക നിരോധിച്ചതാണ്. പക്ഷേ ശക്തമായ ഗുഡ്ക്കാ ലോബിയുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് നിരോധനം നിര്‍വീര്യമായി. കേരളത്തില്‍ ജീവിതശൈലി രോഗങ്ങള്‍ വര്‍ധിക്കുന്നുവെന്നും പുകയില ഉപയോഗം മൂലം ക്യാന്‍സറും മദ്യോപയോഗം മൂലം കരള്‍ രോഗങ്ങളും വര്‍ധിക്കുന്നുവെന്നും പഠനങ്ങള്‍ തെളിയിച്ചിട്ട് വര്‍ഷങ്ങളായി. പുകയില ഉപയോഗം പാന്‍മസലാ പാക്കറ്റുകളിലും ഹാള്‍സ് പോലുള്ള മിഠായികളിലും ഇന്നും ശക്തമായി തുടരുന്നു. സിഗരറ്റ് വലി പൊതുസ്ഥലങ്ങളില്‍ നിരോധിച്ചിട്ടും പൊതുസ്ഥലങ്ങളിലും വാഹനയാത്രക്കിടയിലും സിഗരറ്റ് ഉപയോഗം വ്യാപകമാണ്.
സ്കൂളിലെ 400 മീറ്ററിനുള്ളില്‍ പാന്‍മസാല നിരോധനം ഏര്‍പ്പെടുത്തിയിട്ടും അന്യസംസ്ഥാന തൊഴിലാളികള്‍ വിദ്യാലയ മുറ്റത്തുതന്നെ പാന്‍മസാല വില്‍ക്കുന്ന ദൃശ്യങ്ങള്‍ ദൃശ്യമാധ്യമങ്ങളില്‍ കാണാറായി. മദ്യം ഉപയോഗിക്കുന്ന കുട്ടികളുടെ വയസ് ഇന്ന് 12 ആണ്. പാന്‍മസാല പാക്കറ്റുകളില്‍ കഞ്ചാവും അന്യസംസ്ഥാനക്കാര്‍ വില്‍ക്കുന്നു. ലഹരിക്കടിമയായ കുട്ടികളാണ് ഇന്ന് കേരളത്തില്‍ മുങ്ങിമരിക്കുന്നതില്‍ ഭൂരിപക്ഷവും. ഇപ്പോള്‍ എറണാകുളം ജില്ലാ കളക്ടര്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മൊബെയില്‍ ഫോണിന്റെ ദുരുപയോഗവും പാന്‍മസാല മുതലായ ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗവും തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. മൊബെയില്‍ ഫോണ്‍ നിരോധനം നിലവിലുണ്ടെങ്കിലും അത് പ്രാവര്‍ത്തികമാകാതെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ വനിതാ ടീച്ചര്‍മാരുടെ പടമെടുക്കലും അശ്ലീല ചിത്രങ്ങളും സന്ദേശങ്ങളും ഫോണിലൂടെ പ്രചരിപ്പിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടതായി ചെയില്‍ഡ് ലൈന്‍ ഉപദേശകസമിതി മുമ്പാകെ ലഭിച്ച റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികള്‍ യൂണിഫോം മാറ്റി മറ്റ് വസ്ത്രം ധരിച്ച് വിവിധ സ്ഥലങ്ങളിലേക്ക് കാമുകസംഗമത്തിനായും മറ്റും പോകുന്ന കാര്യം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നതാണ്. മൊബെയില്‍ ഉപയോഗത്തിനും ലഹരി-മയക്കുമരുന്ന് ഉപയോഗത്തിനും വേണ്ടിയാണ് കുട്ടികള്‍ മോഷണത്തിലേക്ക് തിരിയുന്നത്. മൊബെയില്‍ പ്രണയം വഴിയാണ് ലൗജിഹാദ് നടപ്പാക്കുന്നത്. ഫോണില്‍ക്കൂടി സ്ഥാപിക്കുന്ന പ്രണയം വഴി വിദ്യാര്‍ത്ഥിനികളെ വീട്ടില്‍നിന്നും മദ്രസകളിലെത്തിച്ച് മതംമാറ്റം നടത്തുന്നത് ഇന്നും ശക്തമാണ്.
ഇതോടൊപ്പം മദ്യം അടങ്ങുന്ന പാനീയങ്ങള്‍: വൈന്‍, ബിയര്‍, റം, ജിന്‍, വോഡ്ക്ക, വിസ്ക്കി മുതലായവയിലെ മദ്യത്തിന്റെ അളവ് കുറയ്ക്കണമെന്ന് ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ്സ് ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ഇന്ത്യയില്‍ വില്‍ക്കുന്ന പാനീയങ്ങളിലെ മദ്യത്തിന്റെ അംശം 45.5 ശതമാനമാണ്. വൈനില്‍ ഇത് 20 ശതമാനവും ബിയറില്‍ ഏഴ് ശതമാനവുമാണ്. കേരളം മദ്യോപയോഗത്തില്‍ ഇന്ത്യയില്‍ മുന്നിലാണ്. ഇപ്പോള്‍ അന്യസംസ്ഥാനക്കാര്‍ കേരളത്തില്‍ കുടിയേറിയതോടെ അവരിലെ സ്ത്രീകളും കുട്ടികളുമാണ് വിദ്യാലയ പരിസരത്ത് പാന്മസാലയും കഞ്ചാവും വില്‍പ്പന നടത്തുന്നത്. കേരളത്തിലെ 250 സ്കൂളുകളില്‍ ചെയില്‍ഡ് ലൈന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ദേശീയ ആരോഗ്യമിഷനുമായി ചേര്‍ന്ന് ക്ലാസുകള്‍ നടത്തി ബോധവല്‍ക്കരണം നടത്താനുള്ള നീക്കം സ്വാഗതാര്‍ഹമാണ്. ചെയില്‍ഡ്ലൈന്‍ ക്ലബ്ബുകളില്‍ 2011 ആഗസ്റ്റ് മുതല്‍ 2012 ഏപ്രില്‍ വരെ 14,385 കോളുകള്‍ ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ചെയില്‍ഡ് ലൈന്‍ ക്ലബ്ബുകളോടൊപ്പം സ്കൂളുകളില്‍ കണ്സലിംഗും നിര്‍ബന്ധമാക്കേണ്ടതുണ്ട്. വീടുകളില്‍ ബാലികമാര്‍ നേരിടുന്ന ലൈംഗിക പീഡനം പലപ്പോഴും പുറത്തറിയുന്നത് കൗണ്‍സലിംഗ് വഴിയാണ്. കുട്ടികള്‍ക്ക് ബാഗും കുടയും മാത്രം നല്കിയതുകൊണ്ടോ ആറക്ക ശമ്പളമുള്ള ജോലിക്ക് പ്രാപ്തരാക്കുന്ന വിദ്യാഭ്യാസം നല്കിയതുകൊണ്ടോ പുതുതലമുറയുടെ വൈകല്യങ്ങള്‍ തിരുത്തപ്പെടുകയില്ല. അതിന് അധികാരികള്‍ ശ്രദ്ധ ചെലുത്തുകയും പാസാക്കുന്ന നിയമങ്ങള്‍ നടപ്പാക്കുകയും വേണം.
പൊലിയുന്ന
സ്വപ്നപദ്ധതികള്‍
കേരളത്തില്‍ ഏത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാലും സ്വപ്നപദ്ധതികള്‍ പ്രഖ്യാപിക്കാറുണ്ട്. പക്ഷേ വര്‍ഷങ്ങള്‍ കഴിഞ്ഞാലും അവ നടപ്പില്‍ വരാറില്ല എന്നത് ഖേദകരമായ യാഥാര്‍ത്ഥ്യമാണ്. ഇത് ഏറ്റവും കൂടുതല്‍ പ്രകടമാകുന്നത് റെയില്‍വേ ഡിപ്പാര്‍ട്ട്മെന്റിലാണ്. ആഘോഷമായി കല്ലിട്ട കഞ്ചിക്കോട് റെയില്‍ ഫാക്ടറിയും ചേര്‍ത്തല വാഗണ്‍ ഫാക്ടറിയും നടപ്പാക്കുന്നതില്‍ കേന്ദ്ര റെയില്‍ വകുപ്പ് പിന്മാറുകയാണ്. കേരളത്തിലെ പദ്ധതികള്‍ക്ക് സാമ്പത്തിക പ്രശ്നം ഉയര്‍ത്തുന്ന റെയില്‍വേ തമിഴ്നാടിന് നിരുപാധികം പദ്ധതികള്‍ നടപ്പാക്കുന്ന കാഴ്ച കേരളത്തിന് സുപരിചിതമാണ്. കേരളം ഭരിക്കുന്നവരുടെ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് രാഷ്ട്രീയത്തില്‍ മാത്രമാകുമ്പോള്‍ ജനോപകാരപ്രദമായ പദ്ധതികള്‍ അവഗണിക്കപ്പെടുന്നു. കഞ്ചിക്കോട് കോച്ച് ഫാക്ടറിക്കും റെയില്‍വേ മന്ത്രി ദിനേശ് ത്രിവേദിതന്നെ വന്നാണ് കഴിഞ്ഞ ഫെബ്രുവരി 11ന് തറക്കല്ലിട്ടത്. അത് പിറവം ഉപതെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാന്‍ ലക്ഷ്യമിട്ടായിരുന്നുവെന്ന് വ്യക്തമാകുന്നത് അതിനുശേഷം റെയില്‍വേ ഒരു നിര്‍മ്മാണപ്രവര്‍ത്തനവും തുടങ്ങിയിട്ടില്ല. മൂന്ന് മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്നായിരുന്നു വാഗ്ദാനം. ചേര്‍ത്തലയിലെ ആട്ടോകാസ്റ്റ് ഫാക്ടറിയുടെയും സ്ഥിതി വ്യത്യസ്തമല്ല. സംസ്ഥാനത്തിന്റെ ഉടമസ്ഥതയിലുള്ള ഓട്ടോകാസ്റ്റ് ഫാക്ടറി റെയില്‍വേ ഏറ്റെടുത്ത് എല്ലാതരം കാസ്റ്റ് ഇരുമ്പുകളും അന്താരാഷ്ട്ര നിലവാരത്തില്‍ നിര്‍മിക്കുമെന്നതായിരുന്നു വാഗ്ദാനം.
2007ല്‍ അനുവദിച്ച ഈ സ്ഥാപനവും നിശ്ചലാവസ്ഥയിലാണ്. അല്ലെങ്കില്‍ തിരസ്ക്കരിച്ച മട്ടാണ്. റെയില്‍വേ വകുപ്പ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പശ്ചിമ ബംഗാളിലാണ്. ലാലുപ്രസാദ് യാദവ് റെയില്‍വേ വകുപ്പ് കൈകാര്യം ചെയ്തപ്പോള്‍ ബീഹാറില്‍ റെയില്‍വേ വന്‍ പുരോഗമനം നേടി. പക്ഷേ കേരളത്തെ പ്രതിനിധാനം ചെയ്യുന്ന കേന്ദ്രമന്ത്രിമാര്‍ പ്രധാനമന്ത്രിയെ അനുകരിച്ച് നിസ്സഹായാവസ്ഥയില്‍ തുടരുന്നു. കേരള സര്‍ക്കാരിന്റെ പ്രവര്‍ത്തനവും ഒട്ടും മെച്ചപ്പെട്ടതല്ല. വിഴിഞ്ഞം പദ്ധതി, സ്മാര്‍ട്ട്സിറ്റി മുതലായ സ്വപ്നപദ്ധതികള്‍ ഇനിയും പ്രായോഗികമായിട്ടില്ല. ഇപ്പോള്‍ രാജ്യത്തെ ആദ്യത്തെ ആഡംബര കപ്പല്‍ ടെര്‍മിനല്‍ വിഴിഞ്ഞത്ത് സ്ഥാപിക്കാനുള്ള സാധ്യതാ പഠനം നടക്കുകയാണെന്നാണ് സര്‍ക്കാര്‍ ഭാഷ്യം. വിഴിഞ്ഞം പദ്ധതി നിലവില്‍ വന്നാല്‍ വിനോദ സഞ്ചാര സാധ്യതകള്‍ വര്‍ധിക്കുമെന്നും രാജ്യാന്തര കപ്പല്‍ ടെര്‍മിനലിനോടൊപ്പം ആഡംബര കപ്പലുകളും വിഴിഞ്ഞത്ത് നങ്കൂരമിടുമെന്ന് പ്രഖ്യാപിക്കുമ്പോഴും വിഴിഞ്ഞം പദ്ധതി കരാര്‍പോലും ഒപ്പുവയ്ക്കാന്‍ സര്‍ക്കാരിന് സാധ്യമായിട്ടില്ല എന്നതാണ് ദുഃഖസത്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: