കൊച്ചി: സപ്തംബര്‍ 12 മുതല്‍ 14 വരെ കൊച്ചിയില്‍ നടക്കുന്ന എമര്‍ജിംഗ് കേരള 2012- നോടനുബന്ധിച്ച് സീപ്ലെയ്ന്‍ വിമാന സര്‍വീസിനു തുടക്കമിടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇതിനായി കൊച്ചിയില്‍ അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതിനുളള നടപടി ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഗോശ്രീ വികസന അതോറിറ്റിയുടെ ജലഗതാഗത ടെര്‍മിനലിന്റെയും ഓഫീസിന്റെയും ശിലാസ്ഥാപന കര്‍മം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
എമര്‍ജിംഗ് കേരളയിലൂടെ നിക്ഷേപകരുടെ കൂടിക്കാഴ്ച എന്നതിലുപരി അവരെ നിക്ഷേപം നടത്താന്‍ ക്ഷണിക്കുകയും കേരളത്തിന്റെ അനന്തര സാധ്യതകള്‍ ലോകത്തിനു മുമ്പിലെത്തിക്കുകയുമാണ് ലക്ഷ്യം. ടൂറിസം വികസനത്തിന് സഹായകമാകുന്ന സീ പ്ലെയിന്‍ പദ്ധതി അതിന്റെ ആദ്യ കാല്‍വെയ്പ്പാണ്. ഈ പദ്ധതിയോടെയായിരിക്കും കൊച്ചിയില്‍ എമര്‍ജിംഗ് കേരളയ്ക്ക് തുടക്കമിടുകയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
വൈപ്പിന്‍ മേഖലയിലെ ആറ് പഞ്ചായത്തുകളുടെയും വല്ലാര്‍പാടം ഉള്‍പെടുന്ന മുളവുകാട് പഞ്ചായത്ത്, എട്ട് ദ്വീപുകള്‍ ഉള്‍പ്പെടുന്ന കടമക്കുടി പഞ്ചായത്തിന്റെയും കൊച്ചിന് കോര്പറേഷന് പരിധിയിലുള്‍പ്പെടുന്ന ഗുണ്ടു, താന്തേന്നിത്തുരുത്ത് ദ്വീപുകളുടെയും വികസനത്തിനും ഉള്‍നാടന്‍ ജലഗതാഗത സംവിധാനം സാധ്യമാക്കുന്നതിനുമുളള പദ്ധതിയുടെ ആദ്യഘട്ടമാണ് ടെര്‍മിനല്‍ നിര്‍മാണം. ഗോശ്രീ-ചാത്യാത്ത് റോഡില്‍ കായലോരത്തുളള 15 സെന്റ് സ്ഥലത്ത് 700 ച.മീറ്റര്‍ ചുറ്റളവില്‍ മൂന്നു നിലകളിലായാണ് കെട്ടിടം നിര്‍മിക്കുന്നത്.
നിര്‍മാണം എട്ട് മാസത്തിനകം പൂര്‍ത്തിയാക്കാനാകുമെന്ന് ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്ക്ക് പരീത് പറഞ്ഞു. ഇതോടെ ഈ ഭാഗത്ത് നിന്നും മറ്റ് മേഖലകളിലേക്ക് ബോട്ട് സര്‍വീസ് ആരംഭിക്കാനും ലക്ഷ്യമിടുന്നുണ്ട്.
ആധുനിക രീതിയില്‍ യന്ത്രവത്കൃത ജലയാനങ്ങള്‍ നിര്‍മ്മിക്കുന്നതിന് കിറ്റ്കോ മുഖേന ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. നിലവില്‍ കരഗതാഗതം സാധ്യമായതും താന്തോന്നിത്തുരുത്ത് ഉള്‍പ്പെടെ ഒറ്റപ്പെട്ടുകിടക്കുന്ന ദ്വീപുകളെ കോര്ത്തിണക്കിക്കൊണ്ടുമായിരിക്കും ജിഡ പുതിയ ജലഗതാഗതം ആരംഭിക്കുക. ഈ ജലയാനങ്ങള്ക്കുളള ജട്ടിയും ഇവിടെ നിര്‍മ്മിക്കും. കൊച്ചി പോര്‍ട്ടില്‍ നിന്നും കൊച്ചി കോര്‍പറേഷനില്‍ നിന്നും ജെട്ടിക്കുള്ള അനുമതി ലഭിച്ചിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു.
6.33 കോടി ചെലവിലാണ് കെട്ടിടത്തിന്റെയും ടെര്‍മിനലിന്റെയും നിര്‍മാണം. ആലുവ എഫ്ഐറ്റിക്കാണ് നിര്‍മ്മാണ ചുമതല.
ചടങ്ങില്‍ കേന്ദ്രമന്ത്രി കെ.വി.തോമസ്, പൊതുമരാമത്ത് മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞ്. എംഎല്‍എമാരായ ഡൊമിനിക് പ്രസന്റേഷന്, വി.ഡി സതീശന്, മേയര്‍ ടോണി ചമ്മിണി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിളളി, ജിസിഡിഎ ചെയര്മാന് എന്‍.വേണുഗോപാല്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: