കൊച്ചി: ഗോശ്രീ ദ്വീപ് വികസന അതോറിട്ടി മൂലമ്പിള്ളിയില്‍ നിന്ന് ചാത്തനാട് വരെ നിര്‍മിക്കുന്ന നാലുവരിപ്പാതയിലെ നാലു പാലങ്ങളുടെ നിര്‍മാണം ദല്‍ഹി മെട്രോ റയില്‍ കോര്‍പറേഷനെ ഏല്‍പ്പിക്കാന്‍ ജിഡ ചെയര്‍മാനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജിഡ ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനിച്ചു. കഴിഞ്ഞമാസം ഡിഎംആര്‍സി മുഖ്യഉപദേഷ്ടാവ് ഇ.ശ്രീധരന്റെ നേതൃത്വത്തില്‍ പദ്ധതി പ്രദേശം സന്ദര്‍ശിച്ചതായും പദ്ധതി ഏറ്റെടുക്കാമെന്ന് തത്വത്തില്‍ സമ്മതിച്ചിരുന്നതായും സെക്രട്ടറിയായ ജില്ല കളക്ടര്‍ പി.ഐ. ഷെയ്ക് പരീത് യോഗത്തെ ധരിപ്പിച്ചു. പദ്ധതിക്കായി അനുവദിക്കുന്ന തുകയുടെ എട്ടു ശതമാനം വകുപ്പുതല ഫീസായി ഡി.എം.ആര്.സി.ക്ക് അനവദിക്കാമെന്ന വ്യവസ്ഥയില്‍ യോഗം പദ്ധതിക്ക് അംഗീകാരം നല്കി.
പദ്ധതിയെ പോര്‍ട്ട് കണക്ടിവിറ്റിയായി പ്രഖ്യാപിക്കുന്നത് മറ്റു സാങ്കേതിക തടസങ്ങള്‍ ഒഴിവാക്കുന്നതിന് ഗുണമാകുമെന്ന് എസ്.ശര്‍മ എംഎല്‍എ പറഞ്ഞു. ഇതിനായി ഭൂമി വിട്ടുനല്‍കിയവര്‍ക്ക് പകരം ഭൂമി വികസിപ്പിക്കുന്നതിനുള്ള അനുവാദം നല്‍കുമെന്ന ധാരണയിലാണ് പ്രവര്‍ത്തനം തുടങ്ങിയതെന്ന് വി.ഡി. സതീശന് ചൂണ്ടിക്കാട്ടി. ഇതോടൊപ്പം കൂടുതല്‍ സ്ഥലം ജിഡ ഏറ്റെടുക്കുന്നത് ഭാവിയില്‍ കൂടുതല്‍ വരുമാനത്തിന് സാധ്യതയാകുമെന്നും അദ്ദേഹം പറഞ്ഞു.
കൊറുങ്കോട്ടയെ വടുതലയുമായി ബന്ധിപ്പിച്ച് പാലം നിര്‍മിക്കുന്നതിന് യോഗം തത്വത്തില്‍ അനുമതി നല്കി. നിലവില്‍ ദ്വീപ് ജിഡയില്‍ ഇല്ലാത്ത അവസ്ഥയില്‍ ദ്വീപിനെ ജിഡയില്‍ ഉള്‍പ്പെടുത്താന്‍ നിയമഭേദഗതി കൊണ്ടുവരേണ്ടതുണ്ട്. ഇക്കാര്യത്തില്‍ നടപടി പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചു. പദ്ധതിക്കായി ഏഴു കോടി രൂപയാണ് വേണ്ടിവരിക. ഇതിനകം കേന്ദ്രമന്ത്രി കെ.വി. തോമസ് എംപി ഫണ്ടില്‍ നിന്ന് 2.5 കോടി രൂപയും ഹൈബി ഈഡന് 50 ലക്ഷം രൂപയും പദ്ധതിക്കായി വാഗ്ദാനം ചെയ്തിട്ടുണ്ട്. ബാക്കി തുക വിവിധ ഏജന്‍സികളില്‍ നിന്നായി സ്വരൂപിക്കാനാവുമെന്ന് കളക്ടര്‍ പറഞ്ഞു.
ജിഡയുടെ കീഴിലുള്ള കുടിവെള്ള പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ പ്രതീക്ഷിച്ചതിലും കാലതാമസം വരുന്നത് വച്ചുപൊറുപ്പിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജല അതോറിട്ടിയില്‍ പണം മുന്‍കൂര്‍ കെട്ടിവച്ചു ചെയ്യുന്ന ഇത്തരം പദ്ധതികള്‍ ഇനിയും വൈകുന്നത് ശരിയല്ലെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. അതോറിട്ടിയിലെ പ്രശ്നങ്ങളാണ് ഇതിനു കാരണമെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രി നേരിട്ടിടപെടണമെന്നും എംഎല്എമാരുള്പ്പടെയുള്ളവര് ആവശ്യമുന്നയിച്ചു. അതോറിട്ടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ജൂണ്‍ 13-ന് തിരുവനന്തപുരത്ത് പ്രത്യേക യോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
മുളവുകാട് പഞ്ചായത്തില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ ഒരു ജലസംഭരണി നിര്‍മിക്കാന്‍ ജിഡ ഫണ്ടനുവദിക്കും. ജലഅതോറിട്ടിയുടെ കീഴില്‍ രണ്ടു ജലസംഭരണി നിര്‍മിക്കാനുള്ള പദ്ധതി നീണ്ടുപോകുന്ന പശ്ചാത്തലത്തിലാണിത്. നിലവിലുള്ള ടാങ്ക് 60 വര്‍ഷം പഴക്കമുള്ളതിനാല്‍ ഉപയോഗിക്കാന്‍ കഴിയാത്ത നിലയിലാണ്. ജിഡയിലെ എല്ലാ പഞ്ചായത്തുകള്‍ക്കും ഭവനനിര്‍മാണത്തിനായി അനുവദിച്ച 50 ലക്ഷം രൂപ വീതമുള്ള ഫണ്ട് റോഡ് നിര്‍മാണത്തിനായി മാറ്റിനല്‍കും. ഇക്കാര്യത്തില്‍ പഞ്ചായത്തുകള്‍ പ്രായോഗിക ബുദ്ധിമുട്ട് അറിയിച്ചതിനെത്തുടര്‍ന്ന് അവരുടെ പ്രമേയത്തിന്റെ അടിസ്ഥാനത്തില്‍ തുക മാറ്റിനല്കാവുന്നതാണെന്ന് ചെയര്മാന് നിര്‍ദേശിച്ചു.
കളമശേരിയില്‍ നിന്നാരംഭിക്കുന്ന കണ്ടയ്നര്‍ റോഡിനോടു ചേര്‍ന്നുള്ള സര്‍ക്കാര്‍ ഭൂമി ജിഡ ഏറ്റെടുക്കണമെന്ന് കേന്ദ്രമന്ത്രി കെ.വി.തോമസ് നിര്‍ദേശിച്ചു. അല്ലെങ്കില്‍ വലിയ കൈയ്യേറ്റത്തിന് സാധ്യതയുണ്ടാകുമെന്നും അത്തരം സ്ഥലങ്ങള്‍ ഏറ്റെടുത്ത് വരുമാനദായകമായ പദ്ധതികള്‍ ജിഡ തുടങ്ങണമെന്നും അദ്ദേഹം പറഞ്ഞു. വൈപ്പിനിലെ എട്ടു സമാന്തരപാലങ്ങളുടെയും എല്‍.എ. പ്രവര്‍ത്തനങ്ങള്‍ക്കായി 1.30 കോടി രൂപ അനുവദിക്കാന്‍ യോഗത്തില്‍ തീരുമാനമായി. പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് പദ്ധതിയിലെ കാലതാമസം സൂചിപ്പിച്ചതിനെതുടര്ന്നാണിത്. ഫോര്‍ട്ട് വൈപ്പിനിലേക്കും പദ്ധതിവിഹിതം അനുവദിക്കണമെന്ന് ഡോമനിക് പ്രസന്റേഷന് എംഎല്‍എ ആവശ്യപ്പെട്ടു. മേയര്‍ ടോണി ചമ്മിണി, ജില്ല പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പള്ളി, ജിസിഡിഎ ചെയര്മാന് എന്‍. വേണുഗോപാല്‍, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: