അങ്കമാലി: ചാലക്കുടി റിവര്‍ ഡൈവേര്ഷന് സ്കീമിലെ ഇടതുകര മെയിന്‍ കനാലിന്റെയും ഡിസ്ട്രിബ്യൂട്ടറികളുടെയും ബ്രാഞ്ചുകളുടെയും പുനരുദ്ധാരണപ്രവര്‍ത്തികള്‍ക്കായി 7 കോടി 67 ലക്ഷം രൂപ അനുവദിച്ചതായി അഡ്വ. ജോസ് തെറ്റയില്‍ എംഎല്‍എ പറഞ്ഞു. ഏഴാറ്റുമുഖം, എടലക്കാട്, കാരമറ്റം, കറുകുറ്റി അസ്സീസി മുതല്‍ മാമ്പ്ര വരെയും മാമ്പ്ര മുതല്‍ പുളിയനം വരെയും മൂക്കന്നൂര്‍ റേഷന്‍കട കവല, മലചരക്ക് ജംഗ്ഷന്, കറുകുറ്റി ചെക്ക് പോസ്റ്റ് മുതല്‍ മാമ്പ്ര റെയില്‍വേ ഗേറ്റ് വരെയും പാലിശ്ശേരി മുതല്‍ മൂക്കന്നൂര്‍ വരെയും കോക്കുന്ന് മുതല്‍ മഞ്ഞപ്ര വരെയും കാളാരകുഴി മുതല്‍ വേങ്ങൂര്‍ വരെയും ചുള്ളി, ഒലീവ്മൗണ്ട് പള്ളി തുടങ്ങിയ ചെയിനേജുകളിലെ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ക്കാണ് ഈ തുക അനുവദിച്ചിട്ടുള്ളത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിരവധി കര്‍ഷകരുടെയും കര്‍ഷക സംഘടനകളുടയും നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ ചാലക്കുടി റിവര്‍ ഡൈവേര്ഷന് സ്കീമിന്റെ റീവാംഡിംഗ് പ്രവര്‍ത്തികള്‍ നടത്തുന്നതിനായി എറണാകുളം ജില്ലയിലെയും തൃശൂര്‍ ജില്ലയിലെയും ജനപ്രതിനിധികള്‍ നടത്തിയ ശ്രമഫലമായി സമര്‍പ്പിക്കപ്പെട്ട പദ്ധതികള്‍ വാട്ടര്സെറ്റര് മാനേജ്മെന്റ് സ്കീമില്പ്പെടുത്തുകയും ഈ പദ്ധതികള്‍ക്ക് സംസ്ഥാനതല കമ്മിറ്റികളുടെ അംഗീകാരം ലഭിച്ചതിനെ തുടര്‍ന്നാണ് ജലവിഭവവകുപ്പ് ഭരണാനുമതി നല്‍കിയതെന്നും ജോസ് തെറ്റയില്‍ വ്യക്തമാക്കി. എറണാകുളം, തൃശൂര്‍ ജില്ലകളിലെ 13530 ഹെക്ടര്‍ ഭൂമിയില്‍ ജലസേചനം നടത്താന്‍ വിഭാവനം ചെയ്തുകൊണ്ട് 1957ല്‍ പൂര്‍ത്തിയാക്കി ചാലക്കുടി റിവര്‍ ഡൈവേര്ഷന് സ്കീമിന്റെ അവസ്ഥ അത്യന്തം ശോചനീയമാണ്. 203.322 കിലോമീറ്റര്‍ വരുന്ന മെയിന്‍ കനാലും ബ്രാഞ്ച് കനാലും ഡിസ്ട്രിബ്യൂട്ടറുകളും അടങ്ങുന്ന വലതുകര കനാലും 175.880 നീളം വരുന്ന ഇടതു കനാലും അടങ്ങുന്ന പദ്ധതിയുടെ രണ്ടാം ഘട്ടം 1966ല്‍ കമ്മീഷന് ചെയ്തതിനുശേഷം നാളിതുവരെ റിവാംബിഗ് നടത്തിയിട്ടില്ല. 60 കൊല്ലം പിന്നിട്ട പദ്ധതിയുടെ കനാലുകളും അനുബന്ധ ഭാഗങ്ങളും തകര്‍ന്നു കിടക്കുന്നതും അണ്ടര്‍ ടണലുകള്‍ ചോര്‍ന്നൊലിക്കുന്നതിനാല്‍ ഏത് സമയവും പൊട്ടി പോകാവുന്ന അവസ്ഥയിലാണ് പല ഭാഗങ്ങളും സ്ഥിതി ചെയ്യുന്നത്. ഇടതു കനാലിലൂടെ പോകുന്ന ജലത്തിന്റെ ഭൂരിഭാഗവും കൃഷിയിടങ്ങളില്‍ എത്താതെ ഉപയോഗശൂന്യമാകുന്ന അവസ്ഥയാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. ഇടതുകര കനാലിന്റെ പുനരുദ്ധാരണത്തോടെ അങ്കമാലി നിയോജക മണ്ഡലത്തിലെ പാറക്കടവ്, കറുകുറ്റി, മൂക്കന്നൂര്‍, തുറവൂര്‍, മഞ്ഞപ്ര കാലടി തുടങ്ങിയ ഭാഗങ്ങളിലെ കര്‍ഷകര്‍ അനുഭവിക്കുന്ന ജലക്ഷാമത്തിന് ഒരു പരിധിവരെ പരിഹാരം കാണാന്‍ കഴിയുമെന്നും ഈ പ്രവൃത്തിയുടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് പണി ഉടന്‍ ആരംഭിക്കുന്നതിനുവേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും ജോസ് തെറ്റയില്‍ എം.എല്‍.എ. പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: