കൊച്ചി: സംസ്ഥാനത്തിന്റെ വ്യവസായ കേന്ദ്രമെന്ന നിലയിലും ലോകോത്തര നിലയില്‍ വളര്‍ന്നു വരുന്ന നഗരത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി എറണാകുളം കേന്ദ്രീകരിച്ച് പോലീസിന്റെ കമ്മീഷണറേറ്റ് രൂപീകരിക്കണമെന്ന് കേന്ദ്ര ഭക്ഷ്യ മന്ത്രി പ്രൊഫ.കെവി.തോമസ് പറഞ്ഞു. കൊച്ചി നഗരത്തിന്റെ സുരക്ഷാപദ്ധതികള്‍ അവലോകനം ചെയ്യുന്നതിനായി സംഘടിപ്പിച്ച ‘സുരക്ഷിത കൊച്ചി, സംരക്ഷിത കൊച്ചി’ ശില്‍പ്പശാലയുടെ സമാപനവും പോലീസിന്റെ സംയോജിത ഡിജിറ്റല്‍ പദ്ധതിയുടേയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
വളര്‍ന്നു വരുന്ന കൊച്ചി കേന്ദ്രീകരിച്ച് ഒട്ടേറെ വെല്ലുവിളികള്‍ നേരിടേണ്ടതുണ്ട്. ഗതാഗതക്കുരുക്കും തീരദേശ പ്രശ്നങ്ങളും തുടങ്ങി ധാരാളം വെല്ലുവിളികള്‍ പോലീസ് പരിഹരിക്കേണ്ടതുണ്ട്. ഇതിനായി മുന്‍പ് ആലോചിച്ചിരുന്ന കൊച്ചി കേന്ദ്രമാക്കി പോലീസ് കമ്മീഷണറേറ്റ് എന്ന പദ്ധതി കൊണ്ടുവരുന്നതിന് പരശ്രമിക്കണം. കൊച്ചി വികസന അതോറിറ്റിയുടേയും കോര്‍പ്പറേഷന്റേയും ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ച് വലിയ പദ്ധതി ഇതിനായി വിഭാവനം ചെയ്യണം. പദ്ധതിയിലൂടെ നഗരത്തിന്റെ വെല്ലുവിളികള്‍ ജനങ്ങളടെ സഹകരണത്തോടെ പരിഹരിക്കാനാവണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
സുരക്ഷയുടെ കാര്യത്തില്‍ മുഴുവന്‍ ചുമതലയും പോലീസിനാണ്. ജനങ്ങളുടെയും നാടിന്റേയും സുരക്ഷയ്ക്കായി നീതിയും ന്യായവും നടപ്പിലാക്കാന്‍ പോലീസ് പ്രതിജ്ഞാബദ്ധമാണ്. രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ക്ക് അതീതമായി പോലീസിന്റെ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോവേണ്ടതുണ്ട്. മാറ്റങ്ങളുള്കൊള്ളുന്ന കാലഘട്ടത്തില്‍ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനാണ് പോലീസ് മുന്‍ഗണന നല്‍കേണ്ടതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കൊച്ചിയില്‍ ആരംഭിക്കുന്ന സംയോജിത ഡിജിറ്റല്‍ പദ്ധതിയിലൂടെ സുരക്ഷിത കൊച്ചി, സംരംക്ഷിത കൊച്ചി എന്ന പദ്ധ യാഥാര്‍ഥ്യമാകും-മന്ത്രി പറഞ്ഞു.
അവലോകന യോഗത്തിന്റെ ഭാഗമായി കൊച്ചി കേന്ദ്രീകരിച്ച് പ്രധാനമായും നാലു കാര്യങ്ങള്‍ നടപ്പാക്കുന്നതിന് പോലീസ് ശ്രദ്ധയൂന്നുമെന്ന് സമാപന സമ്മേളനത്തില്‍ അദ്ധ്യക്ഷ്യത വഹിച്ച ഡി.ജി.പി ജേക്കബ് പുന്നൂസ് പറഞ്ഞു. ഇതില്‍ ആധുനിക സാങ്കേതിക വിദ്യ പരമാവധി ഉപയോഗപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യം. സാധിക്കുന്നിടത്തെല്ലാം ക്യാമറകള്‍ സ്ഥാപിച്ച് ഇന്റര്‍നെറ്റ് കണക്ഷനോടെ എല്ലാ പോലീസ് സ്റ്റേഷനുമായും ബന്ധിപ്പിക്കും. ഇതിലൂടെ നഗരത്തില്‍ നടക്കുന്ന കാര്യങ്ങള്‍ പോലീസ് സ്റ്റേഷനിലിരുന്ന് വിലയിരുത്തി ആവശ്യ നടപടികള്‍ സ്വീകരിക്കാനാവും. ഇതോടൊപ്പം സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളുമുള്പെടെ ചെയ്യുന്ന ഇത്തരത്തിലുള്ള നടപടികളും ബന്ധപ്പെട്ട പോലീസ് സ്റ്റേഷനുകളുമായി ബന്ധിപ്പിച്ചാല്‍ കാര്യങ്ങള്‍ കൂടുതല്‍ സുരക്ഷിതമാവുമെന്ന് അദ്ദേഹം പദ്ധതി വിശദീകരണത്തില്‍ പറഞ്ഞു.
അപരിചിതരെ തിരിച്ചറിയുകയാണ് വലിയ വെല്ലുവിളി. ഇതിനായി സംസ്ഥാനത്ത് തിരിച്ചറിയല്‍ ബ്യൂറോ തുടങ്ങുന്നതിന് നടപടി ആരംഭിച്ചിട്ടണ്ട്. അപരിചിതരെ കണ്ടാല്‍ അവരുടെ ചിത്രമുള്പെടെ ശേഖരിച്ച് എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും ഇന്റര്‍നെറ്റ് സഹായത്തോടെ നല്‍കും. ഇതിനായുള്ള ആധുനിക സംവിധാനങ്ങള്‍ എല്ലാ പോലീസ് സ്റ്റേഷനുകളിലും ലഭ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ മുഴുവന്‍ മൊബെയില്‍, ജി.പി.എസ് ഡാറ്റാബേസുകള്‍ ഏകോപിപ്പിച്ച് പോലീസ് കണ്ട്രോള് റൂമുകളില്‍ ലഭ്യമാക്കും. വാഹനം, ഹോട്ടല്‍, അന്യരാജ്യക്കാര്‍ തുടങ്ങിയവയുടെ ഡാറ്റകളും സംയോജിപ്പിച്ച് മുന്നോട്ട് കൊണ്ടുപോകുന്നതിന് പ്രത്യേക പദ്ധതി കൊണ്ടുവരും. ഇതിലൂടെ ‘സുരക്ഷിത കൊച്ചി, സംരക്ഷിത കൊച്ചി’ എന്നതിലുപരി ‘സുരക്ഷിത കേരളം, സംരംക്ഷിത കേരളം’ എന്നത് സാക്ഷാത്കരിക്കുകയാണ് ലക്ഷ്യം. രണ്ടാമത്തെ കാര്യം അത്യാധുനിക ഉപകരണങ്ങള്‍ എത്തിക്കുകയാണ്. അതിലുപരി സാമൂഹിക അച്ചടക്കം പാലിക്കുന്ന സംസ്കാരത്തേയും നിയമത്തേയും നിഷേധിക്കുന്ന സമൂഹത്തെ മാറ്റുകയാണ് ആവശ്യമെന്നും ഡി.ജി.പി പറഞ്ഞു.
‘സുരക്ഷിത കൊച്ചി, സംരക്ഷിത കൊച്ചി’ പദ്ധതിയുടെ ലോഗോ ജി.സി.ഡി.എ ചെയര്മാന് എന്‍.വേണുഗോപാല്‍ സിറ്റി പോലീസ് കമ്മീഷണര്‍ എം.ആര്.അജിത് കുമാറിന് നല്കി നിര്‍വഹിച്ചു. ചടങ്ങില്‍ ഐ.ജി കെ.പത്മകുമാര്‍, ഡി.സി.പി ഗോപാലകൃഷ്ണപിള്ള തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: