കൊച്ചി: പ്രതിരോധ വകുപ്പിന് നല്കാന് ആയിരം ഏക്കര്‍ സ്ഥലം കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപാറ, ഉരുളന്തണ്ണി മേഖലയില്‍ കണ്ടെത്തുമെന്ന് ജില്ലാ കളക്ടര്‍ പി.ഐ. ഷെയ്ക്ക് പരീത് പറഞ്ഞു. എന്‍.എ.ഡിക്കായി ഇത്രയും സ്ഥലം കണ്ടെത്താന്‍ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം ലഭിച്ചതായും അദ്ദേഹം ജില്ലാ വികസന സമിതി യോഗത്തെ അറിയിച്ചു. പൂയംകുട്ടിയിലെ വാരിയംകുടിയിലുള്ള ആദിവാസികളെ പുനരധിവസിപ്പിക്കാനും ഉരുളന്‍തണ്ണിയില്‍ സ്ഥലം കണ്ടെത്തും. തോട്ടം മേഖലയില്‍ സ്ഥലം കണ്ടെത്താനാണ് ശ്രമമെന്നും കളക്ടര്‍ പറഞ്ഞു.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പൂര്‍ത്തിയായ പദ്ധതികള്‍ മന്ത്രിസഭാ വാര്‍ഷികത്തിന്റെ ഭാഗമായി ഉദ്ഘാടനം ചെയ്യും. കോട്ടപ്പടി – നേര്യമംഗലം ഹില്‍ ഹൈവേയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മഴക്കാലത്തിന് ശേഷം ആരംഭിക്കും. ആനക്കയം പാലത്തിന്റെ നിര്‍മാണത്തിന് വനം വകുപ്പിന്റെ അനുമതി തേടിയിരിക്കുകയാണെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ അറിയിച്ചു. കോതമംഗലം ഇരുമലപ്പടിയില്‍ റോഡ് വളവ് നേരെയാക്കാന്‍ അമ്പത് ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.
തട്ടേക്കാട് പെരിയാര്‍ തടാകത്തില്‍ ബോട്ട് സര്‍വീസിന് അനുമതി കൊടുക്കുമ്പോള്‍ ജലസേചന വകുപ്പിന്റെ അഭിപ്രായം കൂടി ആരായണമെന്ന് വകുപ്പ് അധികൃതര്‍ ആവശ്യപ്പെട്ടു. ഭൂതത്താന്‍കെട്ട് ബാരേജിന്റെ ചുമതലയുള്ള ജലസേചന വകുപ്പിന് ഇക്കാര്യത്തില്‍ നിയന്ത്രണാധികാരം നല്‍കിയില്ലെങ്കില്‍ അപകടസാധ്യത ഒഴിവാക്കാനാകില്ല. തുറമുഖ വകുപ്പിന്റെ ലൈസന്‍സോടു കൂടി ഇപ്പോള്‍ ഒരു ബോട്ട് തടാകത്തില്‍ സര്വീസിനിറക്കിയിട്ടുണ്ട്. തടാകത്തില്‍ ബോട്ട് സര്‍വീസിന് അനുമതി നല്‍കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍തലത്തില്‍ തീരുമാനമുണ്ടായിട്ടില്ലെന്നും അധികൃതര്‍ യോഗത്തെ അറിയിച്ചു.
മൂവാറ്റുപുഴ ബൈപ്പാസില്‍ തങ്കളം – കോഴിപ്പിള്ളി ഭാഗത്തെ റോഡ് നിര്‍മാണത്തിനായി പൊതുമരാമത്ത്, സര്‍വെ വകുപ്പുകള്‍ യോജിച്ച് പ്രവര്‍ത്തിക്കണമെന്ന് ടി.യു. കുരുവിള എംഎല്‍എ നിര്‍ദേശിച്ചു. കോതമംഗലം മിനി സിവില്‍ സ്റ്റേഷന് നിര്‍മാണത്തിന് നല്‍കിയിട്ടുള്ള കരാര്‍ റദ്ദാക്കാനോ അല്ലെങ്കില്‍ നിലവിലുള്ള നിരക്ക് വര്‍ധിപ്പിച്ചു കൊടുക്കാനോ നടപടി സ്വീകരിക്കണം. റോഡ് കയ്യേറ്റം വര്‍ധിച്ചു വരികയാണെന്നും എംഎല്‍എ ചൂണ്ടിക്കാട്ടി.
കോതമംഗലം, മൂവാറ്റുപുഴ മേഖലയില്‍ സ്വകാര്യ ബസുകള്‍ക്കായി കെഎസ്ആര്‍ടിസി ബസുകള്‍ ട്രിപ്പ് മുടക്കുന്നുണ്ടെന്ന പരാതിയില്‍ നടപടി സ്വീകരിക്കുമെന്ന് ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ പറഞ്ഞു. ശബരിമല സര്‍വീസിന് പോയ ബസുകള്‍ എല്ലാം തന്നെ അതത് കേന്ദ്രങ്ങളില്‍ തിരിച്ചെത്തിയിട്ടുണ്ട്. ആലുവ പട്ടണത്തിലും കെഎസ്ആര്‍ടിസി സ്റ്റാന്റിന് സമീപത്തും വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് 40 ലക്ഷം രൂപയുടെ നിര്‍മാണപ്രവര്‍ത്തനത്തിന് എസ്റ്റിമേറ്റായതായി പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. കലൂര്‍ പൊറ്റക്കുഴി ഭാഗത്ത് ഓട നിര്‍മാണത്തിനും നടപടി സ്വീകരിച്ചിട്ടുണ്ട്.
പൊതുനിരത്തുകളില്‍ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള പരസ്യബോര്‍ഡുകള്‍ നീക്കം ചെയ്തു വരികയാണെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. എന്നാല്‍ ഇവ വീണ്ടും പ്രത്യക്ഷപ്പെടുന്ന സാഹചര്യമുണ്ട്. പോലീസിന്റെ സഹായത്തോടെ ഇതിനെതിരെ നടപടി സ്വീകരിക്കും. ജില്ലയിലെ എല്ലാ ഹോട്ടലുകളിലും വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. പട്ടിക പ്രദര്‍ശിപ്പിക്കാത്ത ഹോട്ടലുകള്‍ക്കെതിരെ ഉടനെ നടപടി സ്വീകരിക്കും. ഇതു സംബന്ധിച്ച പരിശോധന താലൂക്ക് തലത്തില്‍ നടക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: