ഇന്നത്തെ ചര്‍ച്ചാ വിഷയം പെട്രോളാണ്. ചരിത്രത്തിലില്ലാത്ത വിധം പെട്രോള്‍ വില ഇന്ത്യയില്‍ ഉയര്‍ന്നു നില്ക്കുന്നു. ഒറ്റയടിക്ക് 7.50 രൂപ ലിറ്ററിന് മുമ്പൊരിക്കലും കൂട്ടിയിട്ടില്ല. ഇനിയുമത് കൂടുമെന്നുറപ്പാണ്. കൂട്ടാതിരിക്കാന്‍ മാത്രം ജനങ്ങളോട് പ്രതിബദ്ധതയുള്ള സര്‍ക്കാരല്ലല്ലോ കേന്ദ്രം ഭരിക്കുന്നത്. പെട്രോള്‍ വില കൂട്ടിയതു കൊണ്ടു മാത്രം സര്‍ക്കാരിന്റെ ‘കലി’ അടങ്ങിയിട്ടില്ല. ഇനി ഉടന്‍ ഡീസല്‍ വില കൂട്ടും. അതോടൊപ്പം പാചക വാതകത്തിന്റെ നിരക്കും വര്‍ധിപ്പിക്കും. വന്‍കിടക്കാര്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും വേണ്ടിയുള്ള ഭരണമാകുമ്പോള്‍ സാധാരണക്കാരന്റെ വിചാരം ആരു നോക്കുന്നു. ? അവന്റെ വികാര പ്രകടനം എത്ര ദിവസം. ?
മെയ് 24ന് പെട്രോള്‍ വില വര്‍ധനവിനെതിരെ ഹര്‍ത്താലായിരുന്നു. ആഹ്വാനം ചെയ്യേണ്ട താമസം ജനങ്ങള്‍ അതിനോട് പൂര്‍ണമായും സഹകരിച്ചു. സാധാരണ നിലയില്‍ ഹര്‍ത്താലിനോട് കയര്‍ത്തു മുന്നേറുന്നവര്‍ പോലും ‘കമ’ എന്നത് പറഞ്ഞില്ല. ഈ 31ന് ഭാരതബന്ദാണ്. അതിനും സഹകരിക്കാന്‍ ജനങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു. ഹര്‍ത്താല്‍ ദിവസം നെയ്യാറ്റിന്‍കരയിലെ ബിജെപി സ്ഥാനാര്‍ഥി ഒ.രാജഗോപാല്‍ പ്രചരണം നടത്തിയത് കാളവണ്ടിയില്‍ സഞ്ചരിച്ചു കൊണ്ടാണ്. പ്രതിഷേധത്തിന് പ്രതീകാത്മകമായി ഒരു ദിവസത്തെ യാത്രക്കേ ഇന്നത്തെ കാലത്ത് കാളവണ്ടിയെ ആശ്രയിക്കാന്‍ കഴിയൂ. ഇത് കാളവണ്ടി യുഗമല്ലല്ലോ ! ആ പ്രതീകാത്മകത നെയ്യാറ്റിന്‍കരക്കാര്‍ക്ക് നന്നായി ബോധിച്ചു. രാജഗോപാലിനെയും വഹിച്ച് വണ്ടിക്കാളയ്ക്ക് മുന്നോട്ടു നീങ്ങാന്‍ ഉത്സാഹം തന്നെയായിരുന്നു. ഉത്സവാരവത്തോടെ ജനങ്ങളും രാജഗോപാലിനെ വരവേറ്റു.
പെട്രോള്‍ വിലവര്‍ധനവിനെതിരെ പ്രതികരിക്കാന്‍ നെയ്യാറ്റിന്കരക്കാര്ക്കാണ് ഭാഗ്യം ഉദിച്ചത്. അവര്‍ക്ക് വോട്ടിലൂടെ അമര്‍ഷം രേഖപ്പെടുത്താനാകുമെന്ന് രാജഗോപാല്‍ പറഞ്ഞത് ശ്രദ്ധേയമാണ്. അതു പറയാനുള്ള അര്‍ഹതയും യോഗ്യതയും രാജഗോപാലിനുണ്ട്. അദ്ദേഹം കൂടി ഉള്‍പ്പെട്ട എന്‍ഡിഎ മന്ത്രിസഭ ഭരിച്ചപ്പോള്‍ പെട്രോളിന്റെ വില 30 രൂപയില്‍ താഴെയായിരുന്നു. വാജ്പേയി നയിച്ച എന്‍ഡിഎ ഭരണത്തെ താഴെയിറക്കിയത് കോണ്‍ഗ്രസുകാരും കമ്മ്യൂണിസ്റ്റുകാരും കൈകോര്‍ത്തു കൊണ്ടാണ്. ഇരുപാര്‍ട്ടികളും മുന്‍കയ്യെടുത്ത് യുപിഎ ഭരണം സ്ഥാപിച്ചതോടെ രാജ്യത്തിന്റെ കഷ്ടകാലവും തുടങ്ങി. പെട്രോളിയം ഉത്പന്നങ്ങളുടെ വില നാള്‍ക്കുനാള്‍ കൂടാന്‍ തുടങ്ങി. എന്‍ഡിഎ ഭരണകാലത്തുള്ളതിന്റെ ഇരട്ടിയിലധികമായി പെട്രോളിന്റെ ഇന്നത്തെ വില. 2010 ജൂണിലാണ് പെട്രോളിന്റെ വില നിയന്ത്രണം നീക്കാന്‍ തീരുമാനിച്ചത്. അന്നു വില 45 രൂപയായിരുന്നു. രണ്ടു വര്‍ഷം കൊണ്ട് 14 തവണ വില കൂട്ടി. ഇന്നത് 75 രൂപയിലേക്ക് എത്തി നില്ക്കുന്നു.
രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില കൂടിയതിനാലാണ് ഇപ്പോള്‍ വില കൂട്ടിയതെന്ന ന്യായം ശുദ്ധ ഭോഷ്കാണ്. വിപണി വില കുറയുമ്പോഴാണ് യഥാര്‍ഥത്തില്‍ ഇവിടെ വില കൂട്ടുന്നത്. ഏറ്റവും ഒടുവില്‍ വില വര്‍ധിപ്പിച്ച മെയ് 23ന് ബാരലിന് 106 ഡോളറേ വിലയുണ്ടായിരുന്നുള്ളൂ. 2008-09 വര്‍ഷങ്ങളില്‍ 125 മുതല്‍ 140 ഡോളര്‍ വരെ ബാരലിന് വില വന്നിരുന്നു. പെട്രോളിയം കമ്പനികള്‍ക്ക് ഭീമമായ നഷ്ടമാണെന്നാണ് മറ്റൊരു വാദം. എന്നാല്‍ കമ്പനി കണക്ക് അവതരിപ്പിക്കുമ്പോള്‍ അതെല്ലാം വന്‍ ലാഭത്തിലാണെന്നും പറയുന്നു. ആര് ആരെയാണ് പറ്റിക്കുന്നത്. ? ഒരു കാര്യം ഉറപ്പാണ്. ഭരണം എന്നൊന്ന് അറിയാത്തവരാണ് കസേരകളില്‍ അമര്‍ന്നിരിക്കുന്നത്. അറിയാത്ത പിള്ള ചൊറിയുമ്പോള്‍ അറിയും എന്നൊരു ചൊല്ലുണ്ട്. ഇത്തവണ നെയ്യാറ്റിന്‍കരയിലെ ജനങ്ങള്‍ ഭരണക്കാരെ ചൊറിയാന്‍ പോകുകയാണ്. ജനങ്ങളുടെ ആത്മാഭിമാനത്തെ പോലും വെല്ലുവിളിക്കുകയും പരിഹസിക്കുകയും ചെയ്തു കൊണ്ടല്ലേ പെട്രോളിയം ഉത്പന്നങ്ങളുടെ വില കൂട്ടി കൊണ്ടിരിക്കുന്നത്. ഗോവയിലെ ജനങ്ങള്‍ കോണ്‍ഗ്രസുകാരെ നന്നായൊന്നു ചൊറിഞ്ഞു. അവിടെ ഭരണമാറ്റം വന്ന് മൂന്നാം ദിവസം ബിജെപി സര്‍ക്കാര്‍ ഒരു ലിറ്റര്‍ പെട്രോളിന് 12 രൂപ കുറച്ചു. സര്‍ക്കാര്‍ വിചാരിച്ചാല്‍ വില കുറയ്ക്കാന്‍ സാധിക്കുമെന്നാണ് അവിടെ തെളിയിച്ചത്. ഇച്ഛാ ശക്തിയാണ് അതിനു വേണ്ടത്. ജനങ്ങളോടുള്ള പ്രതിബദ്ധതയും. ഇന്നത്തെ നിലയ്ക്ക് ഒരു ലിറ്റര്‍ പെട്രോള്‍ വില്ക്കുമ്പോള് കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ പോക്കറ്റുകളിലെത്തുന്നത് വിലയുടെ 50 ശതമാനത്തോളമാണ്. പെട്രോളിന് യഥാര്‍ഥ വില 40 രൂപയില്‍ താഴെ നില്ക്കുമത്രെ. ബാക്കി നികുതിയാണ്. നികുതി കുറച്ചാല്‍ തന്നെ ജനങ്ങളെ രക്ഷിക്കാന്‍ കഴിയും. അത് താത്കാലികാശ്വാസത്തിനേ ഉപകരിക്കൂ. അതോടൊപ്പം എണ്ണ ഉത്പാദനത്തിന് പദ്ധതിയും പരിശ്രമവും വേണം. അര നൂറ്റാണ്ടോളം രാജ്യം ഭരിച്ച കോണ്‍ഗ്രസിന്റെ ബുദ്ധി ആ വഴിക്ക് പോയതേ ഇല്ല. നമ്മുടെ തീരങ്ങളിലും എണ്ണ നിക്ഷേപം ഉണ്ടെന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലമെത്രയോ ആയി. അത് പരമാവധി പ്രയോജനപ്പെടുത്താന്‍ ശുഷ്കാന്തി കാട്ടിയിട്ടില്ല.
മൂന്നോ നാലോ നൂറ്റാണ്ടുകള്‍ക്കു മുമ്പ് പെട്രോള്‍ ഒരു അവശ്യദ്രാവകമായിരുന്നില്ല. ഇന്നിപ്പോള്‍ പെട്രോള്‍ ജീവരക്തം പോലെ ലോകത്തിന് പ്രധാനപ്പെട്ടതായി കഴിഞ്ഞു. എണ്ണയുടെ ചരിത്രത്തിന് ഏറെ പഴമയൊന്നുമില്ല. അഞ്ചാറു നൂറ്റാണ്ടുകള്‍ക്കു മുമ്പ് ‘കത്തുന്ന വെള്ളം’ എന്നേ ഈ ദ്രാവകത്തെ അറിയപ്പെട്ടിരുന്നുള്ളൂ. പണ്ട് പേര്‍ഷ്യയില്‍ ഈ ദ്രാവകം ഔഷധങ്ങള്‍ക്കായി ഉപയോഗപ്പെടുത്തി. പിന്നെ പ്രകാശമുണ്ടാക്കാനും. പെട്രോളിയം ഉത്പന്നങ്ങളുടെ വില വീണ്ടും കൂടുമ്പോള്‍ ജനങ്ങളുടെ കരളാണ് കത്തുന്നത്. ഭൂമിയിലെ പാറക്കൂട്ടങ്ങള്‍ക്കിടയില്‍ പ്രകൃത്യാ കണ്ടുവരുന്നതും കത്താന്‍ കഴിവുള്ളതുമായ ദ്രാവകമാണ് പെട്രോളിയം. വിവിധ തരത്തിലുള്ള ഹൈഡ്രോകാര്‍ബണുകളുടെ സങ്കീര്‍ണ്ണമായ മിശ്രിതമാണ് ഇവ, കൂടെ മറ്റുള്ള ജൈവസംയുക്തങ്ങളും കാണപ്പെടുന്നു. പെട്രോളിയത്തെ ‘സ്വാഭാവിക എണ്ണ’ എന്നും പറയാറുണ്ട്.1546ല്‍ ജര്‍മന്‍ ശാസ്ത്രജ്ഞനായ ജോര്‍ജ് ബൗര്‍ ആണ് പെട്രോളിയം എന്ന പദം ആദ്യമായി ഉപയോഗിച്ചത്.
ഒരു എണ്ണക്കിണറിന്റെ ഉത്പാദനത്തിന്റെ ഗണ്യഭാഗവും സ്വാഭാവിക എണ്ണയായിരിക്കും. ഇതില്‍ അല്പം പ്രകൃതിവാതകം ലയിച്ചു ചേര്‍ന്നിരിക്കും. ഭൗമോപരിതലത്തിലെ മര്‍ദ്ദം ഭൂമിക്കടിയിലേതിനേക്കാള് കുറഞ്ഞ രീതിയിലായതിനാല്‍ ലയിച്ചു ചേര്‍ന്നിരിക്കുന്ന ഹൈഡ്രോകാര്‍ബണ്‍ വാതകങ്ങള്‍ മിശ്രിതത്തില്‍ നിന്ന് പുറത്തു കടന്ന് വാതകരൂപം പ്രാപിക്കും. എണ്ണക്കിണറില്‍ നിന്നും ലഭിക്കുന്ന വാതകങ്ങളില്‍ കൂടുതലും പ്രകൃതിവാതകമായിരിക്കുമെങ്കിലും ഉപരിതലത്തേക്കാള്‍ താപനിലയും മര്‍ദ്ദവും ഭൗമാന്തര്‍ഭാഗത്ത് കൂടുതലായതിനാല്‍ പെന്റെയ്ന്‍, ഹെക്സെയ്ന്‍, ഹെപ്റ്റെയ്ന്‍ എന്നിവ വാതകരൂപത്തില്‍ ലഭിക്കുന്ന വാതകങ്ങളില്‍ അടങ്ങിയിരിക്കും. ഭൗമോപരിതല സാഹചര്യത്തില്‍ ഇവ ഘനീഭവിക്കും, ഇവയെ കണ്ടന്‍സേറ്റ് എന്നു വിളിക്കുന്നു. ഇത് കാഴ്ചയില്‍ ഗാസോലീനെ (പെട്രോളിനെ) പോലെയായിരിക്കും കാണപ്പെടുക.
ഭൂമിശാസ്ത്രകാരന്മാരുടെ നിഗമനപ്രകാരം അതിപുരാതന ജൈവാവശിഷ്ടങ്ങള്‍ ഉന്നത മര്‍ദ്ദത്തിനും താപീകരണത്തിനും വിധേയമായി രൂപപ്പെടുന്നതാണ് പെട്രോളിയവും പ്രകൃതിവാതകവും. ചരിത്രാതീതകാലത്തെ സമുദ്രജീവികളുടെയും ആല്‍ഗകളുടെയും അവശിഷ്ടങ്ങള്‍ വലിയ അളവില്‍ സമുദ്രത്തിന്റെ അടിത്തട്ടില്‍ അടിഞ്ഞുകൂടി ചെളിയുമായി കൂടിക്കലര്‍ന്ന് കിടക്കുകയും ചെയ്യുന്നു (ചരിത്രാതീത സസ്യാവശിഷ്ടങ്ങള്‍ കല്ക്കരിയായി രൂപപ്പെടുകയാണ് ചെയ്യുന്നത്).
കാലക്രമേണ ചെളികൊണ്ടുള്ള ആവരണം അവയ്ക്ക് മീതെ രൂപപ്പെടുന്നു. ഇങ്ങനെ അവ ഓക്സിജന്റെ അസാന്നിധ്യത്തില്‍ ഉന്നത മര്‍ദ്ദത്തിനും താപത്തിനും വിധേയമാകുകയും ചെയ്യുന്നു. ഇത് ആ ജൈവാവശിഷ്ടങ്ങളെ രാസപരമായ മാറ്റത്തിന് കാരണമാകുന്നു, ആദ്യം ഇത് മെഴുകിന് സമാനമായ കെറോജീന്‍ എന്ന വസ്തുവായി മാറുന്നു, ഇത് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്, കൂടുതല്‍ താപീകരണത്തിലൂടെ ഇവ കാറ്റജെനിസിസ് എന്ന പ്രവര്‍ത്തനത്തിലൂടെ ദ്രാവകത്തിന്റെയും വാതകത്തിന്റെയും രൂപത്തിലുള്ള ഹൈഡ്രോകാര്‍ബണുകളായി മാറുന്നു.
പെട്രോളിയം രൂപപ്പെടാന്‍ ആവശ്യമായ താപനിലയിലും കുറഞ്ഞ താപനിലയാണ് ഉള്ളതെങ്കില്‍ കെറോജീന്‍ ആയിതന്നെ നിലനില്ക്കുന്നു. ആവശ്യമായതിലും കൂടുതല്‍ താപനിലയാണെങ്കില്‍ താപവിഘടനം വഴി പ്രകൃതിവാതകം രൂപം കൊള്ളുന്നു. ഇത്തരം താപനില മേഖല ഭൂമിയുടെ പല ഭാഗങ്ങളിലും വിവിധ ആഴങ്ങളില്‍ കാണപ്പെടുന്നു, താരതമ്യേനയുള്ള ആഴം 4 മുതല്‍ 6 കിലോമീറ്റര്‍ വരെയാണ്. ചില അവസരങ്ങളില്‍ വളരെ ആഴത്തില്‍ രൂപം കൊണ്ട പെട്രോളിയം ഉയര്‍ന്നുവന്ന് മുകള്‍ത്തട്ടിലുള്ള പാറയ്ക്കടിയില്‍ തങ്ങി നില്‍ക്കാറുണ്ട്. അതബാസ്ക എണ്ണ മണലുകള്‍ ഇതിനൊരുദാഹരണമാണ്.
രാസപ്രക്രിയയിലൂടെ മീഥെയ്നിനേയൊ കല്ക്കരിയേയൊ എണ്ണയില്‍ കണ്ടുവരുന്ന ഹൈഡ്രോകാര്‍ബണുകളാക്കി മാറ്റാമെന്നാണ് ശാസ്ത്രീയപക്ഷം. ഇതില്‍ ഏറ്റവും പ്രശസ്തമായത് ഫിഷര്‍ ട്രോപ്ഷ് പ്രക്രിയയാണ്. 1920 കളില്‍ ജര്‍മനിയില്‍ ഉപയോഗിച്ചിരുന്ന വിദ്യയാണിത്. രണ്ടാം ലോകമഹായുദ്ധ സമയത്ത് പെട്രോളിയം ഇറക്കുമതി നിഷേധിക്കപ്പെട്ട സമയത്ത് ജര്‍മ്മനിയിലെ നാസി സര്‍ക്കാര്‍ ഈ വിദ്യ ഉപയോഗിച്ചിരുന്നു. ഇത് അറിയപ്പെട്ടത് ബദല്‍ എണ്ണ എന്നായിരുന്നു. രണ്ടാം ലോകമഹായുദ്ധസമയത്ത് ഈ വിദ്യയുപയോഗിച്ച് ആവശ്യമുള്ള എണ്ണയുടെ ഏതാണ്ട് പകുതിയോളം ജര്‍മനിക്ക് ലഭിച്ചിരുന്നു. പക്ഷേ താരതമ്യേന സുലഭമായി എണ്ണ ലഭിക്കുമായിരുന്ന അക്കാലത്ത് ഈ വിദ്യ ഒരു അറ്റകൈ പ്രയോഗമായാണ് ജര്‍മനി ഉപയോഗിച്ചിരുന്നത്. എണ്ണവില വര്‍ധിച്ചു കൊണ്ടിരിക്കുന്ന ഇക്കാലത്ത് ഈ പ്രക്രിയയ്ക്ക് വേണ്ടി വരുന്ന ചെലവ് താരതമ്യേന കുറഞ്ഞു വരികയാണ്.
നിലവില്‍ ലോകത്ത് രണ്ട് രാജ്യങ്ങള്‍ ഈ വിദ്യ വാണിജ്യപരമായി ഉപയോഗിക്കുന്നുണ്ട്. മലേഷ്യയിലെ ബിന്റുലുവിലുള്ള ഷെല്‍ ഓയില്‍ എന്ന കമ്പനി പ്രകൃതിവാതകം ഉപയോഗിച്ചു കുറഞ്ഞ സള്‍ഫര്‍ അടങ്ങിയ ഡീസല്‍ ഉത്പാദിപ്പിക്കുന്നുണ്ട്. ദക്ഷിണാഫ്രിക്കയിലെ സാസോള്‍ കല്‍ക്കരി ഉപയോഗിച്ച് കൃത്രിമമായി വിവിധതരത്തിലുള്ള പെട്രോളിയം ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നു. ദക്ഷിണാഫ്രിക്കയിലെ സാസോള്‍ കമ്പനി ഇങ്ങനെ രാജ്യത്തിന് ആവശ്യമുള്ള ഡീസലിന്റെ നല്ലൊരു ഭാഗം ഉത്പാദിപ്പിക്കുന്നു. ഈ പ്രക്രിയ കുറഞ്ഞ സള്‍ഫറുള്ള ഡീസല്‍ നല്കുന്നുവെങ്കിലും ഇത് വലിയ അളവില്‍ ഹരിതഗൃഹ വാതകങ്ങള്‍ പുറത്ത് വിടുന്നുണ്ട്. 1930 കളില്‍ അമേരിക്കന്‍ ഐക്യനാടുകളില്‍ പ്രചാരത്തിലിരുന്ന മറ്റൊരു രീതിയാണ് കാരിക്ക് പ്രക്രിയ. മതിയായതും ശാസ്ത്രീയവുമായ പരിശ്രമവും പദ്ധതികളും ഉണ്ടെങ്കില്‍ എണ്ണ ഉത്പാദന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യക്കും സ്ഥാനം ലഭിക്കാം. അതിന് ഇനിയെത്ര കാലം കാത്തിരിക്കണം. ? ഉത്തരം ലഭിക്കണമെങ്കില്‍ മേല്‍ത്തരം ഭരണം വരും വരെ കാത്തിരുന്നേ പറ്റൂ. കോണ്‍ഗ്രസിന് അത് ഉറപ്പു തരാന്‍ കഴിയില്ലെന്ന് വ്യക്തമായി.
കെ. കുഞ്ഞിക്കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: