ആര്‍എംപി നേതാവ് ടി.പി. ചന്ദ്രശേഖരന്റെ മൃഗീയമായ കൊലപാതകത്തിലേക്കുള്ള പോലീസ് അന്വേഷണം ഊര്‍ജിതമായി. കണ്ണൂരില്‍ നേതൃസ്ഥാനത്തുള്ള പ്രതികള്‍ പോലും പോലീസ് പിടിയിലാകുമ്പോള്‍ സിപിഎംരോഷം പോലീസിനും യുഡിഎഫ് സര്‍ക്കാരിനും നേരെ മാത്രമല്ല വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യനെത്തുന്ന മാധ്യമപ്രവര്‍ത്തകരും ഈ രോഷാഗ്നിയില്പ്പെടുന്നു എന്നത് ഖേദകരമായ വസ്തുതയാണ്.
പ്രതികളായ സിപിഎം നേതാക്കളെ വടകരയിലെ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ സൃഷ്ടിച്ച സംഘര്‍ഷത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെയും അക്രമമുണ്ടായി. പോലീസ് മാധ്യമപ്രവര്‍ത്തകരെ റോഡിലേക്ക് മാറ്റിയെങ്കിലും 11.30 ഓടെ ഒരുസംഘം മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും തത്സമയ സംപ്രേഷണത്തിനായി നിര്‍ത്തിയിട്ടിരുന്ന വാനുകള്‍ക്കുനേരെ തിരിയുകയും ചെയ്തു. എളമരം കരീം വിളിച്ച പത്രസമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോലും സുരക്ഷിതമായി പുറത്തിറങ്ങാന്‍ സാധ്യമാകാത്ത അവസ്ഥ സൃഷ്ടിക്കപ്പെട്ടു. ഒടുവില്‍ സിപിഎം നേതാക്കള്‍ ഇടപെട്ട് നല്കിയ ഉറപ്പിലാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് പുറത്തിറങ്ങാന്‍ സാധിച്ചത്.
മാധ്യമധര്‍മ്മത്തിന്റെ ഭാഗമാണ് വാര്‍ത്താ റിപ്പോര്‍ട്ടിംഗ്. പാര്‍ട്ടി നോക്കിയല്ല പത്രപ്രവര്‍ത്തനം. എന്നിട്ടും പിണറായി വിജയന് ചന്ദ്രശേഖരന് വധത്തിനുശേഷം മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുന്നു എന്ന് പ്രസ്താവിക്കുകയുണ്ടായി. പാര്‍ട്ടിക്ക് പ്രതികൂലമാകുന്ന വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ മാധ്യമങ്ങളെ മാഫിയ എന്നുപോലും സംബോധന ചെയ്യാന്‍ സിപിഎം സെക്രട്ടറി മടിക്കുന്നില്ല. ഇപ്പോള്‍ പോലീസ് വാര്‍ത്ത ചോര്‍ത്തിനല്‍കുന്നു എന്ന ആരോപണവും പാര്‍ട്ടി ഉയര്‍ത്തുന്നു. വാര്‍ത്ത ചോര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഇളമരം കരീം ഭീഷണി ഉയര്‍ത്തുന്നു. യഥാര്‍ത്ഥത്തില്‍ പോലീസിലുള്ള സിപിഎം പോലീസുകാരാണ് അന്വേഷണ വാര്‍ത്തകള്‍ പാര്‍ട്ടി നേതാക്കള്‍ക്ക് ചോര്‍ത്തിക്കൊടുത്ത് പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച്, അവരുടെ അറസ്റ്റ് ദുഷ്ക്കരമാക്കുന്നത്.
പാര്‍ട്ടി നേതൃത്വത്തിന്റെ ഫാസിസ്റ്റ് പ്രവണത മാത്രമല്ല അസഹിഷ്ണുതയും പ്രകടമാക്കുന്നവയാണ് ഇളമരം കരീമിന്റെയും ടി.കെ. ഹംസയുടെയും പത്രസമ്മേളനങ്ങള്‍. പോലീസന്വേഷണം നടക്കേണ്ട രീതിയില്‍ നടക്കട്ടെയെന്നും, അതൃപ്തിയുണ്ടെങ്കില്‍ കോടതിയെ സമീപിക്കാമെന്നുമുള്ള വി.എസ്. അച്യുതാനന്ദന്റെ നിലപാടിന് അദ്ദേഹത്തിന്റെ പാര്‍ട്ടിയില്‍ അംഗീകാരം ലഭിക്കുന്നില്ല. പാര്‍ട്ടി ഏകാധിപത്യത്തില്‍ മാധ്യമസ്വാതന്ത്ര്യം ഹനിക്കാന്‍ നടത്തുന്ന ആക്രമണങ്ങള്‍ ഹീനവും ആക്ഷേപാര്ഹവുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: