കേരളത്തില്‍ മുങ്ങിമരണങ്ങള്‍ വര്‍ധിക്കുകയാണ്. റോഡപകടങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവും അധികം ആളുകള്‍ മരിക്കുന്നത് പുഴയിലോ കുളങ്ങളിലോ വെള്ളച്ചാട്ടങ്ങളിലോ പാറമടകളിലോ മുങ്ങിത്താഴ്ന്നാണ്. 2010 ല്‍ 1800 പേര് കേരളത്തില്‍ മുങ്ങിമരിച്ചിരുന്നു. വ്യാഴാഴ്ച സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 11 പേരാണ് മുങ്ങിമരിച്ചത്. നിലമ്പൂര്‍ ചാലിയാറില്‍ സഹോദരികളും മക്കളായ അഞ്ച് കുട്ടികളും, പാലക്കാട് മുണ്ടൂരില്‍ കരിങ്കല്‍ക്വാറിയില്‍ അയല്‍വാസികളായ രണ്ട് കുട്ടികളും പെരിന്തല്‍മണ്ണക്കടുത്ത് കരിങ്കല്‍ക്വാറിയില്‍ ഒരു പ്ലസ് ടു വിദ്യാര്‍ത്ഥിയും കാസര്‍കോട് കുറ്റിക്കോലില്‍ ജലസംഭരണിയില്‍ വീണ് നാലുവയസുകാരനുമാണ് മരണപ്പെട്ടത്.
മുമ്പ് കടലില്‍ കുളിക്കാനിറങ്ങവെയാണ് മുങ്ങിമരണമെങ്കില്‍ ഇന്ന് മുങ്ങിതാഴ്ന്ന് മരിക്കുന്നത് പുഴയിലും ക്വാറികളിലുമാണ്. കടലില്‍ തിര പ്രവചനാതീതമായതിനാലാണ് മുങ്ങിമരണം പതിവ്. പുഴകള്‍ ഇന്ന് പണ്ടത്തെ പുഴകളല്ല. തുടര്‍ന്നുകൊണ്ടിരിക്കുന്ന മണല്‍വാരല്‍ പുഴകളില്‍ ഗര്‍ത്തങ്ങളും ചുഴികളും രൂപപ്പെടുത്തിയിട്ടുണ്ട്. ഇതറിയാതെ ഇറങ്ങുന്നവരാണ് ചുഴിയിലും ഗര്ത്തങ്ങളിലുംപെട്ട് മരിക്കുന്നത്. കുളക്കടവുകളില്നിന്നുപോലും മണല്‍ക്കൊള്ളക്കാര്‍ ലാഭം കൊയ്യുമ്പോള്‍ മനുഷ്യജീവനുകള്‍ അവിടെ ഹോമിക്കപ്പെടുന്നു.
1981 ല്‍ 200 മുങ്ങിമരണങ്ങളാണ് കേരളത്തില്‍ സംഭവിച്ചത്. ഇതാണ് 2010 ല്‍ 1800 ആയത്. 2011 ല്‍ മരണസംഖ്യ ഇതിനെക്കാള്‍ ഉയര്‍ന്നിരിക്കും. പുഴയിലും വെള്ളച്ചാട്ടത്തിലും ക്വാറികളിലും മരിക്കുന്നത് അധികവും കൗമാരക്കാരും കോളേജ് വിദ്യാര്‍ത്ഥികളുമാണ്. അവധി ആഘോഷിക്കാന്‍ പോകുന്ന ഇവര്‍ പലപ്പോഴും മദ്യലഹരിയിലും മയക്കുമരുന്ന് ലഹരിയിലും ആയിരിക്കും. ലഹരിയില്‍ വെള്ളത്തിലിറങ്ങിയാല്‍ ബാലന്‍സ് കിട്ടുകയില്ല എന്ന അവബോധം ഈ ചെറുപ്പക്കാര്‍ക്കില്ല. ഇന്ന് കുട്ടികളും മദ്യോപയോഗത്തിനടിമപ്പെടുമ്പോള് അവരുടെ പ്രായം 12 ആണ്. മുങ്ങിമരണങ്ങള്‍ കേരളത്തെ രണ്ടാമത്തെ കൊലയാളിയായിട്ടും ഇതിന് പരിഹാരം തേടാന്‍, ഇത് തടയാന്‍ ഒരു സര്‍ക്കാര്‍ ഏജന്‍സിയോ സംവിധാനങ്ങമോ കേരളത്തിലില്ല. മുങ്ങിമരണങ്ങള്‍ക്ക് റോഡപകടമരണങ്ങളുടെ പ്രാധാന്യമോ ശ്രദ്ധയോ പരിഹാരമാര്‍ഗങ്ങളോ ഉരുത്തിരിയുന്നില്ല.
മുങ്ങിമരണങ്ങളില്‍ സാധാരണ കണ്ടുവരുന്ന പ്രവണത, ഒരു സുഹൃത്ത് മുങ്ങിത്താഴുമ്പോള്‍ രക്ഷിക്കാന്‍ മറ്റുള്ളവരും എടുത്തുചാടുന്നു എന്നതാണ്. വിദഗ്ധസഹായം എളുപ്പം ലഭ്യമല്ലാത്തതിനാലാണ് ഈ പ്രവണത. പക്ഷെ എത്ര നീന്തല്വിദഗ്ധനായാലും ചുഴിയില്‍ താഴുന്ന ഒരാളെ രക്ഷിക്കാന്‍ പ്രയാസമാണ്. വ്യാഴാഴ്ച ചാലിയാറില്‍ അമല്‍ എന്ന 10 വയസുകാരന് ചുഴിയില്‍പ്പെട്ടത് കണ്ട അമ്മ ഫിലോമിന പുഴയിലേക്ക് ചാടുകയായിരുന്നു. അതു കണ്ട മറ്റ് നാല് കുട്ടികളും പുഴയിലേക്ക് ചാടി. കയത്തില്‍പ്പെട്ട കുട്ടികളെ രക്ഷിക്കാനാവാതെ നീന്തി തിരിച്ചെത്തി പരിസരവാസികളെ കൂട്ടിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഫിലോമിന പുഴയിലേക്ക് എടുത്തുചാടാതെ ഒച്ചവെച്ച് ആളെ കൂട്ടിയിരുന്നുവെങ്കില്‍ ഈ കൂട്ടമരണം സംഭവിക്കില്ലായിരുന്നു.
കേരളത്തില്‍ മുങ്ങിത്താഴുന്നവരെ എങ്ങനെ രക്ഷിക്കണമെന്നോ, ജലക്രീഡക്ക് പോകുമ്പോള്‍ എന്തെല്ലാം മുന്‍കരുതല്‍ വേണമെന്നോ ഉള്ള അവബോധമില്ല. മുങ്ങിത്താഴുന്നയാള്ക്ക് കയര്‍ അല്ലെങ്കില്‍ പിടിച്ചുനില്‍ക്കാനുള്ള വായു നിറച്ച ട്യൂബ് മുതലായവ എറിഞ്ഞുകൊടുത്താല്‍ രക്ഷാപ്രവര്ത്തകരെത്തുംവരെ പിടിച്ചുനില്ക്കാനാവും. പക്ഷെ തേക്കടി ബോട്ട് ദുരന്തത്തിലും കണ്ടത് ബോട്ടില്‍ ലൈഫ്ജാക്കറ്റുകള്‍ ഇല്ലായിരുന്നു എന്നാണ്. ഇപ്പോള്‍ ലൈഫ്ജാക്കറ്റുകള്‍ ഉണ്ടെങ്കിലും ധരിക്കാന്‍ യാത്രക്കാര്‍ തയ്യാറാകാറില്ല. ലൈഫ് ജാക്കറ്റുകള്‍ വാട്ടര്ട്യൂബുകള്, കാറ്റുനിറച്ച ടയറുകള്‍, കയര്‍ മുതലായവ ജലാശയ പിക്നിക്കുകാര് കരുതേണ്ട സാമഗ്രികളാണ്. പക്ഷേ കേരളത്തില്‍ ഇന്ന് പ്രൊഫഷണല്‍ ലൈഫ്ജാക്കറ്റുകള്‍ പോലും ലഭ്യമല്ല.
കേരളത്തിലെ സ്കൂള്‍തലത്തില്‍ ഇക്കാര്യത്തില്‍ ബോധവല്‍ക്കരണം നല്‍കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന വസ്തുതയാണ് ഈ തുടര്‍ക്കഥയാകുന്ന മുങ്ങിമരണങ്ങള്‍ തെളിയിക്കുന്നത്. കുട്ടികള്‍ നീന്തല്‍ പഠിക്കേണ്ടതിന്റെ ആവശ്യകതയോടൊപ്പംതന്നെ വെള്ളത്തില്‍ ഇറങ്ങിയാല്‍ പാലിക്കേണ്ട നിബന്ധനകള്‍കൂടി അവര്‍ക്ക് പകര്‍ന്നുനല്‍കണം. വെള്ളം കുട്ടികള്‍ക്കു മാത്രമല്ല മുതിര്‍ന്നവര്‍ക്ക് പോലും ഹരമാണ്. പക്ഷെ ക്വാറികളില്‍ ഇറങ്ങാന്‍ പടികള്‍ ഇല്ലെങ്കിലും അതിലും ചാടാന്‍ കുട്ടികള്‍ വെമ്പുന്നു. ക്വാറികളാകട്ടെ പാറഖനനം കൂടിവരുന്ന സാഹചര്യത്തില്‍ വര്‍ധിക്കുകയുമാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ സുരക്ഷാ ബോധവല്‍ക്കരണം നല്‍കേണ്ടതാണ്. ഒപ്പം ജലക്രീഡക്ക് ഒരുങ്ങുമ്പോള്‍ ഒപ്പം ഉണ്ടാകേണ്ട സുരക്ഷാക്രമീകരണങ്ങളെപ്പറ്റിയും സംവിധാനത്തെപ്പറ്റിയും അറിഞ്ഞിരിക്കുകയും അത് നിര്‍ബന്ധമായി ഉറപ്പ് വരുത്തുകയും ചെയ്യേണ്ടതാണ്.
വിദഗ്ധ രക്ഷാപ്രവര്‍ത്തനങ്ങള്‍ സജ്ജമാക്കാന്‍ സര്‍ക്കാരും ഒട്ടും താമസം കൂടാതെ തയ്യാറാകണം. മുങ്ങല്‍വിദഗ്ധര്‍ എന്നാല്‍ നേവി എന്ന സങ്കല്‍പ്പത്തില്‍ ഇന്നും കേരളം സ്വയം തള്ളിയിടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: