“ഒറ്റവെട്ടിന് കഴിയുമായിരുന്നല്ലോ,
ടി.പി.ചന്ദ്രശേഖരന്,
പിന്നെയെന്തിനായിരുന്നു ഇത്രയേറെ?…”
ഈ വരികള്‍ പ്രശസ്തകവി കെ.ജി.ശങ്കരപ്പിള്ളയുടേതാണ്. ‘വെട്ടുവഴി’ എന്നു പേരിട്ടിരിക്കുന്ന കവിത തുടങ്ങുന്നത് ഈ വരികളില്‍ നിന്നാണ്. ടി.പി.ചന്ദ്രശേഖരനെന്ന ‘സിപിഎം വിരുദ്ധ’ന്റെ നിഷ്ഠൂര കൊലപാതകത്തില്‍ നമ്മുടെ നാട്ടിലെ സാംസ്കാരിക വര്‍ഗ്ഗം പ്രതിഷേധിച്ചില്ലെന്ന പരാതികളും അതോടനുബന്ധിച്ചുണ്ടായ വിവാദങ്ങളും അന്തരീക്ഷത്തില്‍ തങ്ങി നില്‍ക്കുമ്പോഴാണ് കെ.ജി.ശങ്കരപ്പിള്ള ‘വെട്ടുവഴി’യുമായി രംഗത്തെത്തുന്നത്. ഒരുപക്ഷേ, സാംസ്കാരിക നായകര്‍ ചന്ദ്രശേഖരന്റെ കൊലപാതകത്തോടു പുലര്‍ത്തിയ നിഷേധാത്മക സമീപനം ചര്‍ച്ചയാകുന്നതിനു മുന്നേതന്നെയാകാം ശങ്കരപ്പിള്ള ഈ വരികള്‍ എഴുതിയിട്ടുള്ളത്. അങ്ങനെയാണെങ്കില്‍ അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണത്തിന് നന്ദിപറയാം. അതല്ല, പ്രതികരിക്കാത്തവരെ പഴിച്ചുകൊണ്ട് ചിലര്‍ രംഗത്തെത്തിയപ്പോള്‍ ആ കുറവു നികത്താന്‍ അദ്ദേഹം എഴുതിയുണ്ടാക്കിയതാണിതെങ്കില് വൈകിയുദിച്ച വിവേകമായികണ്ട് അദ്ദേഹത്തോടൊത്തു നില്ക്കാം.
ടി.പി.ചന്ദ്രശേഖരനെ കൊലചെയ്തത് അന്പത്തിരണ്ടോളം വെട്ടുകള്‍ അദ്ദേഹത്തിന്റെ മുഖത്ത് ഏല്പിച്ചുകൊണ്ടാണ്. അദ്ദേഹത്തിന്റെ വൃദ്ധയായ അമ്മയ്ക്കും കുടുംബത്തിനും കാണാന്‍ കഴിഞ്ഞത് വെട്ടുകൊണ്ട് വികൃതമായ മുഖമാണ്. അത്രയ്ക്കു ക്രൂരമായിരുന്നു അക്രമികളുടെ ചെയ്തികള്‍. ഒറ്റവെട്ടിനു തീര്‍ക്കാമായിരുന്ന ജീവനെ ഇത്രയേറെ വെട്ടുകള്‍ വെട്ടി ജീവനെടുത്ത പൈശാചികതയെ പഴിക്കുന്ന കവിയുടെ വാക്കുകളില്‍ പ്രതിഷേധത്തിന്റെ അഗ്നി ജ്വലിക്കുന്നുണ്ട്.
ഇതിലും ക്രൂരമായ കൊലപാതകമായിരുന്നു കെ.ടി.ജയകൃഷ്ണന്‍മാസ്റ്ററുടേത്. അന്നും കെ.ജി.ശങ്കരപ്പിള്ള കവിതയെഴുതുന്നുണ്ടായിരുന്നു. സ്കൂളില്‍ പഠിപ്പിച്ചുകൊണ്ടിരിക്കെ വിദ്യാര്‍ത്ഥികളുടെ മുന്നിലിട്ടാണ് ജയകൃഷ്ണന്മാസ്റ്ററെ ശരീരം മുഴുവന്‍ മാരകമായ മുറിവുകളേല്പിച്ച് കൊലചെയ്തത്. അതിനെ വിമര്‍ശിക്കാനോ, ആ നിഷ്ഠൂരതയ്ക്കെതിരായി കവിതയിലൂടെ പ്രതിഷേധിക്കാനോ ശങ്കരപ്പിള്ളയോ മറ്റ് കവികളോ ഉണ്ടായില്ല. എങ്കിലും അതിനെക്കുറിച്ച് പരാമര്‍ശിക്കാന്‍ ‘വെട്ടുവഴി’യില്‍ ശങ്കരപ്പിള്ള ശ്രമിക്കുന്നുണ്ട്.
“…കവിളത്ത് ഒറ്റുമ്മ പതിഞ്ഞ്
അവനെകിട്ടിയപ്പോഴേക്ക്
കുട്ടികള്‍ ഉറങ്ങിപ്പോയി.
അതുകൊണ്ടാണ്
കരാറില്‍ പറഞ്ഞതുപോലെ
കുട്ടികളുടെ മുന്നിലിട്ട് വെട്ടാഞ്ഞത്…”
ഒഞ്ചിയത്തുകാരനായ ടി.പി.ചന്ദ്രശേഖരന്റെ മനസ്സില്‍ മാര്‍ക്സ് കുടിയിരിക്കും മുന്നേ കടത്തനാടന്‍ വീറിന്റെ ശൗര്യം കുടിയേറിയതാണെന്ന് കവി കണ്ടെത്തുന്നുണ്ടിവിടെ. ഇനിയും വീറസ്ത്മിക്കാത്ത ആ കടത്തനാടന്‍ പകലുകളെ കബന്ധങ്ങളാക്കാനാണ് വെട്ടുകളുടെ എണ്ണം കൂട്ടിയതെന്നും അദ്ദേഹം പറയുന്നു.
“……എന്നാലും ഒരു ചോദ്യത്തിന്റെ കടം ബാക്കി;
അവരു വെട്ടുന്ന വെട്ടൊക്കെ
അവരിലും കൊള്ളുന്നതെന്ത്?”
കെ.ജി.ശങ്കരപ്പിള്ള കവിത അവസാനിപ്പിക്കുന്നതിങ്ങനെയാണ്. ശങ്കരപ്പിള്ളയിലെ കവി അത്രയെങ്കിലും ചെയ്തു. എന്നാല്‍ ജ്ഞാനപീഠത്തിലേറിയ കവി വേലുക്കുറുപ്പിന് കൊലപാതകത്തിന് സാക്ഷിപറയലല്ല കവി ധര്‍മ്മമെന്നാണ് പക്ഷം. ദക്ഷിണാഫ്രിക്കയിലെ ജയിലില്‍ കിടന്ന നെല്‍സണ്‍മണ്ടേലയ്ക്കു വേണ്ടി കവിതയിലൂടെ വിലപിച്ച അദ്ദേഹത്തിന്, വിദ്യപകര്‍ന്നു നല്കിക്കൊണ്ടിരിക്കെ കുട്ടികളുടെ മുന്നിലിട്ട് കൊലചെയ്യപ്പെട്ട ജയകൃഷ്ണന് മാസ്റ്റര്‍ക്കു വേണ്ടി ഇറ്റ് കണ്ണീര്പൊഴിക്കാനായില്ല. കവികളോ സാംസ്കാരിക പ്രവര്‍ത്തകരോ ഇത്തരം കൊലപാതകത്തിന് സാക്ഷി പറയേണ്ടത് സമൂഹത്തിനു മുന്നിലാണ്. പക്ഷം പിടിക്കുന്ന കവിയും കവിതയുമെല്ലാം സമൂഹത്തിന് നല്ലതല്ല സമ്മാനിക്കുന്നത്. സമൂഹത്തെ തെറ്റിന്റെ വഴിയിലേക്കാവും അതു നയിക്കുക.
വേലുക്കുറുപ്പിന്റെ വാക്കുകളും വരികളും ആലാപന സുഖവും കേള്‍വി സുഖവും ഉള്ളതാണെങ്കിലും സമൂഹത്തിന് നല്ല സന്ദേശമല്ല നല്‍കുന്നത്. അദ്ദേഹത്തിന് സ്ഥാനമാനങ്ങള്‍ നല്കുന്ന, സ്വന്തക്കാര് കൊല്ലും കൊലയും നടത്തിയാല്‍ അതിനെ ന്യായീകരിക്കാന്‍ മുന്നില്‍ നില്ക്കുന്ന അദ്ദേഹം ജ്ഞാനപീഠം വരെ കയറി. അതു തന്നെയാണ് കൂലിക്കുള്ള ശമ്പളവും.
എന്നാല്‍ എം.എന്‍.വിജയന് മാഷ് ഇപ്പോള്‍ ജീവിച്ചിരുന്നെങ്കില്‍ ടി.പിയുടെ കൊലപാതകത്തെ അദ്ദേഹം എതിര്‍ക്കുമായിരുന്നു. സിപിഎമ്മിനെതിരെ ഒരു സിംഹത്തെപ്പോലെ അദ്ദേഹം ഗര്‍ജ്ജിക്കുമായിരുന്നു. കാരണം അവസാനകാലത്ത് അദ്ദേഹം സിപിഎമ്മിനും പു.കാ.സ എന്നറിയപ്പെടുന്ന പുരോഗമന കലാസാഹിത്യ സംഘത്തിനും എതിരായിരുന്നു. അതല്ലെങ്കില്‍ അവരെല്ലാം വിജയന്മാഷിനെ താത്വികമായി അകറ്റിനിര്‍ത്തിയിരിക്കുകയായിരുന്നു. തൃശ്ശൂര്‍ പ്രസ്ക്ലബ്ബില്‍ അവര്‍ക്കെതിരെ പത്രസമ്മേളനം നടത്തുന്നതിനിടെയായിരുന്നല്ലോ അദ്ദേഹത്തിന്റെ അന്ത്യവും. അന്ന് അദ്ദേഹത്തിന് അന്ത്യം സംഭവിച്ചില്ലായിരുന്നെങ്കില്‍ സിപിഎമ്മിന്റെ ഏതെങ്കിലുമൊരു ക്വട്ടേഷന്‍ സംഘത്തിന്റെ വാളിന് അദ്ദേഹവും…….
വിധി എത്ര ക്രൂരമായാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. ജയകൃഷ്ണന് മാസ്റ്റര്‍ കൊല്ലപ്പെട്ടപ്പോള്‍ സാഹിത്യ, സാംസ്കാരിക പ്രവര്‍ത്തകരുടെ മൗനം ചര്‍ച്ചയായിരുന്നു. അന്ന് സിപിഎമ്മിന്റെ ഇഷ്ടക്കാരനായിരുന്ന വിജയന്മാഷ് കൊലപാതകത്തെ ന്യായീകരിച്ചത് താത്വികമായ ന്യായങ്ങള്‍ നിരത്തിക്കൊണ്ടാണ്. കുട്ടികളുടെ മുന്നിലിട്ട് അവരുടെ അധ്യാപകനെ വെട്ടിക്കൊന്നതിനോട് അധ്യാപകന് കൂടിയായിരുന്ന അദ്ദേഹത്തിന് യാതൊരു പ്രതിഷേധവും തോന്നിയില്ല. കാലം കടന്നുപോയപ്പോള്‍ വിജയന്മാഷിന് സിപിഎമ്മിനെ തന്നെ എതിര്‍ക്കേണ്ടി വന്നു.
‘വാളെടുത്തവന്‍ വാളാല്‍’ എന്നൊരു ചൊല്ലുണ്ട്. അക്രമത്തിലൂടെ ജീവിക്കുന്നവന് ഏതെങ്കിലുമൊരു വാള്‍മുനയില്‍ ജീവിതം അവസാനിപ്പിക്കേണ്ടി വരുമെന്നാണ് ചൊല്ല് അര്‍ത്ഥമാക്കുന്നത്. ഒഞ്ചിയം പ്രദേശം സിപിഎമ്മിന്റെ പാര്‍ട്ടിഗ്രാമമായിരുന്നു. അവിടേക്ക് മറ്റാരെയും കടത്തിവിടാതെ കോട്ടകെട്ടി കാത്തിരുന്നത് ഒരു കാലത്ത് ടി.പി.ചന്ദ്രശേഖരനും കൂട്ടരുമാണ്. സിപിഎമ്മിന്റെ ആ കോട്ട തകര്‍ക്കാന്‍ ടി.പിതന്നെ രംഗത്തു വരേണ്ടിവന്നു. ഒടുവില്‍ അദ്ദേഹത്തിനും ഗുണ്ടകളുടെ വാള്‍മുനയ്ക്കു മുന്നില്‍ ജീവിതം അവസാനിപ്പിക്കേണ്ടി വന്നു.
സാഹിത്യ സാംസ്കാരിക പ്രവര്‍ത്തകര്‍ സമൂഹത്തിലെ തെറ്റായ കാര്യങ്ങള്‍ക്കെതിരായി പ്രതികരിക്കുന്നത് പുരാതന കാലം മുതല്‍ തുടങ്ങിയതാണ്. കൈനിക്കര കുമാരപിള്ള, വൈക്കം മുഹമ്മദ് ബഷീര്‍, സര്‍ദാര്‍ കെ.എം. പണിക്കര്‍, എന്‍.വി. കൃഷ്ണവാരിയര്‍, ചെമ്മനം ചാക്കോ, കുഞ്ഞുണ്ണി, വി.കെ.എന്‍., ഒ.വി.വിജയന് തുടങ്ങിയവരുടെ കൃതികളില്‍ സാമൂഹ്യവിമര്‍ശനമാണ് മുഴച്ചു നില്‍ക്കുന്നത്. സാമുദായികവും സാമൂഹികവുമായ ദുരാചാരങ്ങളെയാണ് വൈക്കം മുഹമ്മദ് ബഷീര്‍ തന്റെ കഥകളിലൂടെ ആക്ഷേപത്തിനിരയാക്കിയിട്ടുള്ളത്. സര്‍ദാര്‍ കെ.എം. പണിക്കരുടെ ‘പങ്കീപരിണയം’ എന്ന കൃതിയും കൈനിക്കര കുമാരപിള്ള എഴുതിയ ‘മുരിങ്ങയ്ക്കാവീശല്’ തുടങ്ങിയ ലേഖനങ്ങളും ശ്രദ്ധേയങ്ങളാണ്.
വിമര്‍ശന സാഹിത്യകാരനെന്ന നിലയില്‍ മലയാളത്തിലെ ആധുനിക കവികളില്‍ പ്രശസ്തനാണ് ചെമ്മനം ചാക്കോ. ജനങ്ങളോട് ഉത്തരവാദിത്തമില്ലാത്ത ജനകീയഭരണം, അഴിമതി, ഉദ്യോഗസ്ഥപ്രഭുത്വം തുടങ്ങിയവയാണ് ഇദ്ദേഹത്തിന്റെ വിമര്‍ശനത്തിന്റെ പ്രധാനവിഷയങ്ങള്‍. ഉദ്യോഗസ്ഥ സമൂഹത്തിന് പൊതുജനത്തോടുള്ള മനോഭാവത്തെ ആക്ഷേപിക്കുന്ന ‘ജാഥ’ എന്ന കവിത ഇതിനുദാഹരണമാണ്. ഇദ്ദേഹത്തിന്റെ ‘ആളില്ലാക്കസേരകള്‍’ എന്ന കവിതയും കുറിക്കു കൊള്ളുന്നതായിരുന്നു. സര്‍ക്കാര്‍ ഓഫീസുകളിലെ ആളില്ലാക്കസേരകളെക്കുറിച്ചായിരുന്നു കവിത. ഏജീസ് ഓഫീസിലെത്തിയ കവിക്ക് നേരിട്ടു കാണാന്‍ കഴിഞ്ഞ കാര്യങ്ങളായിരുന്നു അതില്‍. കവിത പ്രസിദ്ധീകരിച്ചു വന്നുകഴിഞ്ഞപ്പോള്‍ അന്നത്തെ എ.ജി അത് ഓഫീസിലെ നോട്ടീസ് ബോര്ഡിലിടുകയും ഓഫീസില്‍ കൃത്യമായി വരാത്തവര്‍ക്കെതിരെ നടപടിയെടുക്കുകയും ചെയ്തു. കവിതയുടെ ശക്തി തെളിയിക്കുന്നതായിരുന്നു അത്. കവിയുടെ സാക്ഷി പറച്ചില് അതായിരുന്നു.
കവി സാക്ഷിപറയേണ്ടയാളല്ലെന്ന് ഇന്ന് ഒരു പ്രശസ്ത കവിതന്നെ പറയുമ്പോള്‍ അദ്ദേഹത്തിന്റെ പക്ഷപാത സമീപനം എത്രത്തോളമുണ്ടെന്ന് ഓര്‍ത്ത് അദ്ദേഹത്തോടു തന്നെ സഹതപിക്കാനാണ് തോന്നുന്നത്. ജയകൃഷ്ണന് മാസ്റ്ററോ, ചന്ദ്രശേഖരനോ ആരുമാകട്ടെ, മരിച്ചു കഴിഞ്ഞും ഇവര്‍ കശാപ്പുചെയ്തു കൊണ്ടിരിക്കുന്നു. തുടരെ തുടരെ വെട്ടുകള്‍ ഏല്പിക്കുന്നു. പ്രിയപ്പെട്ട സാംസ്കാരിക നായകാ…”ഒറ്റവെട്ടിന് തീരുമായിരുന്നില്ലെ……പിന്നെയെന്തിനാണ് ഇത്രയേറെ….”
ആര്.പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: