കോട്ടയം ജില്ലയിലെ വൈക്കം പട്ടണത്തിലാണ് ദക്ഷിണകാശി എന്ന് വിഖ്യാതമായ മഹാദേവക്ഷേത്രം. കിഴക്കേ ഗോപുരം കടന്നാല്‍ വലിയ ആനക്കൊട്ടില്‍. അറുപത്തിനാലടിയോളം ഉയരം വരുന്ന സ്വര്‍ണ്ണധ്വജം. കരിങ്കല്‍ പാകിയ തിരുമുറ്റത്ത് മുന്നൂറ്റിയറുപത്തിയഞ്ചു തിരികളോടുകൂടിയ വിളക്ക്. അശ്വത്ഥവൃക്ഷാകൃതിയിലുള്ള ഈ വിളക്ക് എണ്ണയോ നെയ്യോ ഒഴിച്ചുകത്തിക്കുന്നത്- ആലുവിളക്ക് തെളിക്കല്‍ എന്ന വഴിപാടാണ്. ക്ഷേത്രവലുപ്പം എടുത്തുകാട്ടുന്ന ബലിക്കല്ലും ബലിക്കല്‍പ്പുരയും. അതിനടുത്ത് പുതുമയാര്‍ന്ന മറ്റൊരു ആനപ്പന്തല്‍. ചെമ്പുമേഞ്ഞ വലിയ വട്ടശ്രീകോവിലും നാലമ്പലവും വാതില്‍മാടത്തിന്റെ നടുവിലൂടെ കടന്നുപോകുമ്പോള്‍ ആര്‍ക്കും അവിടുത്തെ ദാരുശില്‍പ്പങ്ങള്‍ കണ്ടില്ലെന്നു നടിക്കാനാവില്ല.
തിരുവൈക്കത്തപ്പന്റെ തിരുമുന്‍പില്‍ എത്തുന്നതിനുമുന്‍പ് ഒറ്റക്കല്ലില്‍ തീര്‍ത്ത നന്ദികേശനെ വണങ്ങാം. തിരുനടയില്‍ നിന്നും സോപാനം വഴി മുഖമണ്ഡപത്തിലേക്ക് ആറുപടികള്‍. മുന്‍പില്‍ ഭഗവാന്റെ ത്രിനേത്രങ്ങള്‍. വൈക്കത്തപ്പന് മൂന്നു ഭാവങ്ങള്‍. രാവിലെ ദക്ഷിണാമൂര്‍ത്തി. വിദ്യാഭ്യാസത്തില്‍ ഉല്‍കൃഷ്ടത കൈവരാന്‍ ഈ സമയത്തെ ദര്‍ശനം നന്ന്. ഉച്ചയ്‌ക്ക് കിരാതമൂര്‍ത്തി. ശത്രുദോഷം നീങ്ങികിട്ടാനും കാര്യസാധ്യത്തിനും വൈകുന്നേരം പാര്‍വ്വതിയോടും ഗണപതിയോടും സുബ്രഹ്മണ്യനോടും കൂടിയുള്ള വൈക്കത്തപ്പനെ ദര്‍ശനം നടത്തുന്നത് അതീവ ശ്രേയസ്കരമാണ്.
ശ്രീകോവിലിനു പുറത്ത് തെക്കുവശത്തായി മഹാഗണപതിയുടേയും വടക്കുവശത്തായി ശക്തി ഗണപതിയുടെയും വിഗ്രഹങ്ങള്‍. വടക്കേ ചുറ്റമ്പലത്തിന്റെ കിഴക്കേ അറ്റത്താണ് മാന്യസ്ഥാനം. പണ്ട് വൈക്കത്തപ്പന്‍ ബ്രാഹ്മണവേഷത്തില്‍ വന്നിരുന്നു ഭോജനം നടത്തുന്നത് വില്വമംഗലം സ്വാമിയാര്‍ കണ്ടുവെന്നും അന്നു മുതല്‍ക്കാണ് മാന്യസ്ഥാനം എന്നപേര് വന്നതെന്നും പറയപ്പെടുന്നു. ആ സ്ഥലത്ത് ഒരു കരിങ്കല്ല് സ്ഥാപിച്ചിട്ടുണ്ട്. അവിടെ ഒരു ഭദ്രദീപം കൊളുത്തിവച്ചാണ് ഇന്നും പ്രാതലിന് ഇലവയ്‌ക്കുന്നത്. വൈക്കത്തെ പ്രാതല്‍ പ്രസിദ്ധം. വൈക്കത്തപ്പനുള്ള ഏറ്റവും പ്രധാന വഴിപാടും ഈ പ്രാതലാണ്. പ്രാതലിന് വിഭവങ്ങള്‍ പാചകം ചെയ്യുന്നിടമാണ് വലിയ അടുക്കള.
ക്ഷേത്രാങ്കണത്തിന് തെക്കുവശത്തായി പനച്ചിക്കല്‍ ഭഗവതി. പടര്‍ന്നു പന്തലിച്ച മരങ്ങള്‍ അവിടെ കാട് സൃഷ്ടിക്കുന്നു. അഗസ്ത്യമുനി വൈക്കത്തപ്പനെ വന്ദിച്ചു മടങ്ങവെ പരിഹസിച്ച ഗന്ധര്‍വ്വ കന്യക മഹര്‍ഷിയുടെ ശാപം മൂലം രാക്ഷസിയായി. പിന്നീട് ശാപമോക്ഷത്താല്‍ പനയ്യിക്കല്‍ ഭഗവതിയായി. തെക്കുവശത്ത് ആല്‍ത്തറയ്‌ക്ക് സര്‍പ്പദൈവങ്ങള്‍. പടിഞ്ഞാറുഭാഗത്ത് വരണുന്റെ പ്രതിഷ്ഠ. ഭഗവാന്റെ ജടയില്‍ നിന്നും ഗംഗ പ്രതാപ തീര്‍ത്ഥമായി. ഇതാണ് വടക്കുവശത്ത് വലിയ ചിറ. കിണറായി മാറിയ ശിവാനന്ദതീര്‍ത്ഥവും ആര്‍ത്തി വിനാശക തീര്‍ത്ഥമെന്ന കുളവും ഉള്‍പ്പെടെ മൂന്ന് തീര്‍ത്ഥങ്ങളുണ്ട്. അടുത്ത് ശ്രീകൃഷ്ണ ക്ഷേത്രവുമുണ്ട്.
പണ്ട് നൂറ്റിയെട്ട് ഊരാഴ്മ കുടുംബക്കാരുടേതായിരുന്നു ക്ഷേത്രം. അവര്‍ തമ്മില്‍ പിണങ്ങിയപ്പോള്‍ അതിലൊരു നമ്പൂതിരി നിവേദ്യത്തില്‍ മുറുക്കിത്തുപ്പി അശുദ്ധമാക്കി. പടിഞ്ഞാറേ നടയിലൂടെ വന്ന അയാള്‍ രണ്ടാംമുണ്ട് ചുറ്റമ്പലത്തിന്റെ വാതില്‍പ്പടിമേല്‍ വച്ചിരുന്നു. തിരിച്ചുപോകുമ്പോള്‍ രണ്ടാം മുണ്ടെടുക്കാന്‍ തുനിയവൈ സര്‍പ്പദംശനമേല്‍ക്കുകയും പടിഞ്ഞാറേ ഗോപുരം കടന്നപ്പോള്‍ അവിടെ വീണുമരിക്കുകയും ചെയ്തു. വാതില്‍ താനെ അടയുകയും ചെയ്തു. അന്ന് അടഞ്ഞുപോയ വാതില്‍ ഇന്നും തുറക്കാതെ കിടക്കുന്നു.
അഞ്ചു പൂജകളുള്ള ക്ഷേത്രത്തില്‍ മൂന്ന് ത്രിബലികളുമുണ്ട്. അത്താഴശ്രീബലിക്ക് എഴുന്നെള്ളത്ത് നടക്കുമ്പോള്‍ ഭഗവാന്റെ സ്തുതിഗീതങ്ങള്‍ ചൊല്ലാറുണ്ട്. ഘട്ടിയം ചൊല്ലല്‍ എന്നറിയപ്പെടുന്ന ഈ ചടങ്ങ് മേറ്റ്വിടെയും ഉള്ളതായി അറിവില്ല. ഇവിടത്തെ പ്രധാന വഴിപാട് അന്നദാനമാണ്. സഹസ്രകലശം വിശേഷ വഴിപാടും. പന്ത്രണ്ടുവര്‍ഷത്തിലൊരിക്കല്‍ ക്ഷേത്രാങ്കണത്തിന്റെ വടക്കുവശത്ത് നെടുമ്പുരകെട്ടി പാട്ടും കളമെഴുത്തും നടത്തുന്നത് പേരുകേട്ട വടക്കും പുറത്തുപാട്ട്. ഇതുപോലെ തെക്കുംപുറത്തു പാട്ടും നടത്തിയിരുന്നു.
വൈക്കത്തെ അഷ്ടമി ലോകപ്രസിദ്ധം. വൃശ്ചികമാസത്തില്‍ പന്ത്രണ്ടാം ദിവസം അഷ്ടമി വരത്തക്കവണ്ണം കൊടിയേറും. കൊടിയേറുന്നതിനുമുന്‍പ് സന്ധ്യവേല നടക്കും. കൊടിയേറി കഴിഞ്ഞാല്‍ ദിവസവും ശ്രീബലിക്കുശേഷം ശ്രീഭൂതബലി നടക്കും. അപ്പോള്‍ മൂലബിംബം പുറത്തേക്ക് എഴുന്നെള്ളിക്കും. ആ സമയത്തെ ദര്‍ശനം ഏറ്റവും മഹത്തരം. അതുപോലെ ഏഴാം ദിവസത്തെ എഴുന്നെള്ളത്തും വിശേഷമാണ്. അഷ്ടമിദിവസം അരുണോദയത്തിനുമുന്‍പ് വൈക്കത്തപ്പനെ വന്ദിക്കുന്നത് അത്യൂത്തമമാണെന്ന് പറയപ്പെടുന്നു. അഷ്ടമി ദര്‍ശത്തിനായി രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും ജനസഹസ്രങ്ങള്‍ ഇവിടെ എത്തിച്ചേരും. ഉദയനാപുരത്ത് വാണരുളുന്ന വൈക്കത്തപ്പന്റെ പുത്രന്‍ താരകാസുര നിഗ്രഹത്തിനുശേഷം വിജയശ്രീലാളിതനായി വരുന്ന മകന്‍ പിതാവിനെ കാണാനെത്തും. അപ്പോള്‍ വൈക്കത്തപ്പന്‍ മകനെ സ്വീകരിക്കാന്‍ കിഴക്കെ ആനക്കൊട്ടിലില്‍ കാത്തുനില്‍ക്കും. പിന്നീടുള്ള എഴുന്നള്ളത്ത് വൈക്കത്തപ്പനും ഉദയനാപുരത്തപ്പനും കൂട്ടമേല്‍ഭഗവതിയും ചേര്‍ന്നാകും. അതുകഴിഞ്ഞാല്‍ യാത്രപറയല്‍ ചടങ്ങാണ്. ശോകമൂകമായ അന്തരീക്ഷത്തില്‍ നടക്കുന്ന ഈ ചടങ്ങ് നാദസ്വരത്തിലൂടെ വാദ്യമേളങ്ങളിലൂടെ ഗജവീരന്മാരുടെ ഭാവപ്രകടനത്തിലൂടെ സൃഷ്ടിക്കപ്പെടുന്ന അന്തരീക്ഷം വികാരതീവ്രമാണ്.അതുപോലെ ഉദയനാപുരത്തപ്പന്‍ തിരിച്ചുപോകുമ്പോള്‍ വൈക്കത്തപ്പന്‍ ഗോപുരവാതില്‍വരെപോയി യാത്രപറയുന്ന രംഗം കണ്ട് നെടുവീര്‍പ്പോടെ കൈകൂപ്പുന്ന ഭക്തരുടെ ചിത്രം കേരളത്തിലെ മറ്റൊരു ക്ഷേത്രത്തിലും കാണാന്‍ കഴിയുകയില്ല. അഷ്ടമി കഴിഞ്ഞ് പിറ്റേ ദിവസം രാത്രിയിലാണ് ആറാട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: