ആലുവ: വൃദ്ധയെ അക്രമിച്ച് സ്വര്‍ണം തട്ടിയെടുത്ത കേസില്‍ പ്രതിയെ മണിക്കൂറുകള്‍ പിന്നിടുന്നതിനു മുമ്പേ പിടികൂടുവാന്‍ കഴിഞ്ഞത് ഉറക്കമുപേക്ഷിച്ചുള്ള പോലീസിന്റെ സമര്‍ത്ഥമായ നീക്കമാണ്. പരാതി ലഭിച്ച് നിമിഷങ്ങള്‍കൊണ്ട് അന്വേഷണം തുടങ്ങിയതിനാലാണ് പ്രതികള്‍ വലയിലായത്. ആലുവ ഡിവൈഎസ്പി ആര്.സലീം, സിഐ എസ്.ജയകൃഷ്ണന്, എസ്ഐ അനൂപ് എന്നിവര്‍ പലതലങ്ങളിലായി അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. കൃത്യം നടക്കുന്നതിന് അല്‍പ്പം മുമ്പായി വേലക്കാരിതങ്കമ്മ പതിവിന് വിപരീതമായി നേരത്തെ വീട്ടിലേക്ക് പോയത് പോലീസിന് ഇവരെ സംശയിക്കാനിടയാക്കി. തുടര്‍ന്ന് വീട്ടില്‍ നിന്നും ഇവരെ വേഗത്തില്‍ കസ്റ്റഡിയിലെടുക്കുകയാണ് പോലീസ് ചെയ്തത്. രാത്രിതന്നെ സ്റ്റേഷനില്‍ കൊണ്ടുവന്ന് ഇവരുടെ മൊബെയില്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ പലവട്ടം സിജോആന്റണി ഇവരെ വിളിച്ചിരുന്നതായി കാണപ്പെട്ടു. സിജോയുടെ നമ്പര്‍ ഇവരുടെ ഫോണില്‍ സേവ് ചെയ്യുകയും ചെയ്തിരുന്നു.
തുടര്‍ന്നാണ് സിജോ ഈവീടിനെസംബന്ധിച്ച് പലപ്പോഴും തനോട് ചോദിച്ചിരുന്നുവെന്ന് വെളിപ്പെടുത്തിയത്. പിന്നീട് താമസിയാതെ തന്നെ ആലപ്പുഴയിലെത്തി സിജോയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
മറ്റ് പലകേസുകളില്നിന്നും വ്യത്യസ്തമായി കവര്‍ച്ച ചെയ്യപ്പെട്ട ആഭരണങ്ങള്‍ പൂര്‍ണമായി കണ്ടെടുക്കുവാനും പോലീസിനു കഴിഞ്ഞു. വളരെ വേഗത്തില്‍ ഈ കേസിലെ പ്രതികളെ കണ്ടെത്തുന്നതിന് ക്രിയാത്മകമായി പ്രവര്‍ത്തിച്ച ആലുവ ഡിവൈഎസ്പി യുള്‍പ്പടെയുള്ള പോലീസ് സംഘത്തിന് പ്രത്യേക പാരിതോഷികം നല്കാന് സര്‍ക്കാര്‍ സന്നദ്ധമാകണമെന്ന ആവശ്യവും ഉയര്‍ന്നുവന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: