കൊച്ചി : മെട്രൊ വാര്‍ത്ത ചീഫ് ഫോട്ടോഗ്രാഫര്‍ മനു ഷെല്ലിയെയും കുടുംബത്തെയും ആക്രമിച്ച കേസില്‍ പോലീസ് പുനരന്വേഷണം ആരംഭിച്ചു. വടക്കേക്കര പോലീസ് നടത്തിയ അന്വേഷണം തൃപ്തികരമല്ലെന്നും പ്രതികള്‍ക്കു സഹായകമായ നിലപാടുകള്‍ അവര്‍ സ്വീകരിക്കുന്നുവെന്നും പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് എറണാകുളം റേഞ്ച് ഐജി കെ. പത്മകുമാറാണ് ഉന്നതതല പുനരന്വേഷണത്തിന് ഉത്തരവിട്ടത്. എറണാകുളം ഡിസിആര്‍ബി ഡിവൈഎസ്പി ആമോസ് മാമ്മന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘത്തില്‍ അമ്പലമേട് എസ്ഐ എം.എ. ജയിംസ്, മുളവുകാട് എസ്ഐ പി.എം. ബൈജു, മട്ടാഞ്ചേരി എഎസ്ഐ പ്രസാദ് എന്നിവര്‍ അംഗങ്ങളാണ്.
ഒരു സൈനികന് അടങ്ങുന്ന അക്രമിസംഘത്തിലെ അഞ്ചുപേരെ 15ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും നിസാരവകുപ്പുകള്‍ മാത്രം ചുമത്തി കോടതിയില്‍ ഹാജരാക്കി എല്ലാവര്ക്കും അന്നുതന്നെ ജാമ്യത്തില്‍ പുറത്തിറങ്ങാന്‍ വഴിയൊരുക്കി. ഇതെത്തുടര്‍ന്നു കേരള പത്രപ്രവര്‍ത്തക യൂണിയന് അടക്കമുള്ള സംഘടനകളും ജനപ്രതിനിധികളും ശക്തമായ പ്രതിഷേധം അറിയിച്ചതിനെത്തുടര്‍ന്നാണ് ഐജിയുടെ ഇടപെടല്‍. അന്വേഷണം വടക്കേക്കര എസ്ഐ കഴ്സണില്‍ നിന്നു മാറ്റാനും ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പുനരന്വേഷണം നടത്താനും ഐജി ഉത്തരവിടുകയായിരുന്നു. ഇവര്‍ അന്വേഷണവും തെളിവെടുക്കലും ആരംഭിച്ചുകഴിഞ്ഞു. കടല്‍വാതുരുത്ത് പാറയ്ക്കല്‍ ചീക്കു ജോസ്, സഹോദരന് ഫ്രാന്‍സിസ്, മകന് സൈനികനായ ജെഫിന്, ഷെഫിന്, ടുട്ടു എന്നിവരെയാണ് വടക്കേക്കര പോലീസ് അറസ്റ്റ് ചെയ്തിരുന്നത്.
മെയ് 12 ശനിയാഴ്ച രാത്രി പത്തരയോടെയാണ് മനുഷെല്ലി, പിതാവും സെക്രട്ടേറിയറ്റിലെ മുന്‍ ഡെപ്യൂട്ടി സെക്രട്ടറിയുമായ പി.സി. ഷെല്ലി, മാതാവ് റിട്ട. ഹെഡ്മിസ്ട്രസ് ഗ്രേസി ഷെല്ലി എന്നിവര്‍ പറവൂര്‍ കടല്‍വാതുരുത്ത് ഹോളിക്രോസ് പള്ളിക്കു സമീപം ആക്രമിക്കപ്പെട്ടത്. കെസിബിസി മദ്യവിരുദ്ധസമിതി കോട്ടപ്പുറം രൂപത യൂണിറ്റ് പ്രസിഡന്റാണ് പി.സി. ഷെല്ലി. മനുവും കുടുംബവും യാത്ര ചെയ്തിരുന്ന കാര്‍ തടഞ്ഞുനിര്‍ത്തി ആയുധധാരികള്‍ നടത്തിയ ആക്രമണത്തില്‍ ഷെല്ലിക്കും ഗ്രേസിക്കും പരുക്കേറ്റു. മനുവിന്റെ ഏഴുവയസുള്ള മകളുടെ കണ്മുന്നിലായിരുന്നു സംഭവം.
ഗോതുരുത്തിലും സമീപപ്രദേശങ്ങളിലും മദ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിവരുന്ന ഷെല്ലിയുമായി വ്യാജമദ്യ വില്‍പ്പനയ്ക്കും മണല്‍ കടത്തിനും നേതൃത്വം നല്കുന്ന ചീക്കു ജോസിനും കൂട്ടാളികള്‍ക്കുമുള്ള വൈരാഗ്യമാണ് അക്രമത്തില്‍ കലാശിച്ചത്. മുന്‍പു പലവട്ടം ഷെല്ലിക്ക് ഈ സംഘത്തിന്റെ ഭീഷണിയുയര്‍ന്നിരുന്നു. ഇക്കാര്യം പോലീസ് അധികൃതരെ രേഖാമൂലം അറിയിക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: