പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് നയിക്കുന്ന യുപിഎ-3 മൂന്നാം വാര്‍ഷികം ആഘോഷിച്ച് ജനങ്ങള്‍ക്ക് നല്കിയ റിപ്പോര്‍ട്ട് കാര്‍ഡില്‍ ഇന്ത്യ ഇപ്പോഴും ലോകത്തിലെ ഏറ്റവും വികസിക്കുന്ന രണ്ടാമത്തെ സമ്പദ്വ്യവസ്ഥ ആണെന്നും വളരെയധികം പ്രതിസന്ധികള്‍ നേരിടേണ്ടിവന്നിട്ടും യുപിഎ വിജയത്തിന്റെ പാതയില്തന്നെയാണെന്നുമാണ്. രണ്ടാം യുപിഎ സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്നാണ് പ്രതിപക്ഷം വിലയിരുത്തുന്നത്. സര്‍ക്കാര്‍ നേരിട്ട അഴിമതികളുടെ ഘോഷയാത്രയും അണ്ണാ ഹസാരെ അതിനെതിരെ സമരം നയിച്ച് ലോക്പാല്‍ നിയമം വേണമെന്ന ആവശ്യം ഉയര്‍ത്തിയതും ഇതിന് തെളിവാണ്.
ഇന്ത്യക്ക് ഭക്ഷ്യസുരക്ഷയില്ല എന്ന പേരില്‍ എഫ്സിഐ കൊണ്ടുവരാനുള്ള നീക്കം പ്രതിപക്ഷകക്ഷികള്‍ തകര്‍ക്കുകയായിരുന്നു. അപ്പോഴും ഭക്ഷ്യസുരക്ഷയില്ലാത്തത് ധാന്യശേഖരണത്തിന് ഗോഡൗണുകള്‍ ഇല്ലാത്തതാണ് എന്ന ന്യായമാണ് യുപിഎ നേതാക്കള്‍ ഉന്നയിക്കുന്നത്. സാമ്പത്തികകാര്യങ്ങളിലുള്ള കെടുകാര്യസ്ഥതയാണ് സമ്പദ്വ്യവസ്ഥ തകര്‍ത്തതും സാധാരണക്കാരുടെ അവസ്ഥ കൂടുതല്‍ ശോചനീയമാക്കിയതും എന്നത് അംഗീകരിക്കപ്പെട്ട യാഥാര്‍ത്ഥ്യമാണ്. വിദേശനിക്ഷേപം ആകര്‍ഷിക്കാന്‍ യുപിഎക്ക് സാധ്യമാകാതിരുന്നതും പെട്രോള്‍ വില വര്‍ധിപ്പിച്ചതും കല്‍ക്കരി ഉല്പാദനം അന്‍പത് ശതമാനം കുറഞ്ഞതും വൈദ്യുതി ഉല്പാദനം കുറഞ്ഞതുമെല്ലാം യുപിഎയുടെ പരാജയങ്ങളുടെ റിപ്പോര്‍ട്ട് കാര്‍ഡില്‍ കാണാവുന്നതാണ്. എണ്ണവില വര്‍ധന യുപിഎയുടെ പിറന്നാള്‍ സമ്മാനമായി ചിത്രീകരിക്കപ്പെടുന്നു.
അടിസ്ഥാന സൗകര്യ വികസനത്തിന് ശ്രദ്ധ ചെലുത്താതിരുന്നപ്പോഴും സര്‍ക്കാര്‍ അമിതമായി പണം ചെലവഴിച്ചത് യാതൊരു ചുമതലാബോധവും ഇല്ലാതെയായിരുന്നു. പ്രധാനമന്ത്രി ചെലവ് ചുരുക്കല്‍ നയത്തിന് ഊന്നല്‍ നല്കുമ്പോഴും മന്ത്രിമാരും മറ്റും യഥേഷ്ടം വിമാനയാത്രകള്‍ നടത്തുന്നു. സബ്സിഡി വെട്ടിക്കുറയ്ക്കല്‍ നീക്കവും ഈ സര്‍ക്കാരിന്റെ കാലത്താണ് ഉണ്ടായത്. ഇന്ത്യയില്‍ 60 ശതമാനം പേരും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരാണ്. പച്ചക്കറി, പാല് മുതലായ നിത്യോപയോഗ സാധനങ്ങളുടെ വില ഉയരുന്നു. പക്ഷേ എല്ലാത്തിനുമുപരി യുപിഎ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാകുന്നത് തീരുമാനമെടുക്കാന്‍ കഴിയാത്ത നേതൃത്വമാണ് അതിനുള്ളത് എന്നതിനാലാണ്. ഇത് കൂട്ടുകക്ഷി ഭരണത്തിന്റെ കുറ്റമാണെന്ന് പറയുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ മുലായംസിംഗിനെക്കൂടി സഖ്യകക്ഷിയാക്കാനുള്ള ശ്രമത്തിലാണ്. പക്ഷേ തൃണമൂല്‍ പോലുള്ള സഖ്യകക്ഷികള്‍ യുപിഎ ഭരണത്തില്‍ സംതൃപ്തരല്ല. ഏറ്റവുമൊടുവില്‍ വിദേശ ബാങ്കുകളില്‍ ഇന്ത്യക്കാര്‍ നിക്ഷേപിച്ച കള്ളപ്പണ നിക്ഷേപമായ 50,000 കോടി ഡോളര്‍ തിരിച്ചുകൊണ്ടുവരുമെന്ന വാഗ്ദാനവും പൊള്ളയാണെന്ന് ഈ വിഷയത്തിലിറക്കിയ ധവളപത്രത്തില്‍ നിക്ഷേപകരുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്താതിരുന്നതിലൂടെ തെളിഞ്ഞു. ധവളപത്രത്തില്‍ കള്ളപ്പണത്തിന്റെ ഉറവിടമോ വ്യാപനമോ പ്രതിപാദിച്ചില്ല. ഇനിയുള്ള രണ്ട് കൊല്ലം സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകാനാണ് സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: