ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ഗോത്രമേഖലലയായ വടക്കന്‍ വസീരിസ്ഥാനില്‍ യുഎസ് സേന നടത്തിയ മിസെയില്‍ ആക്രമണത്തില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടു. മിറാഷയിലെ ഒരു മാര്‍ക്കറ്റിന് സമീപം ഭീകരര്‍ ഒളിച്ചുതാമസിച്ചിരുന്ന വീടിന് നേരെയാണ് രണ്ട് തവണ മിസെയില്‍ ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടുവെന്നും എന്നാല്‍ ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാനാവില്ലെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
തെഹ്റിക്-ഇ-താലിബാന്, ഹഖാനി ശൃംഖല ഉള്‍പ്പെടെയുള്ള നിരവധി ഭീകര സംഘടനകള്‍ അഫ്ഗാന് അതിര്‍ത്തിയായ വടക്കന്‍ വസീരിസ്ഥാനിലാണ് പ്രവര്‍ത്തിക്കുന്നത്. ചിക്കാഗോയില്‍ നടന്ന നാറ്റോ ഉച്ചകോടിക്ക് ശേഷം പാക്കിസ്ഥാനില്‍ നടക്കുന്ന ആദ്യത്തെ വ്യോമാക്രമണമാണ് ഇത്. യുഎസിന്റെ വ്യോമാക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ചിക്കാഗോയില്‍ നടന്ന ഉച്ചകോടിയില്‍ പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി ആവശ്യപ്പെട്ടിരുന്നു.
പാക്കിസ്ഥാനില്‍ യുഎസ് നടത്തുന്ന വ്യോമാക്രമണങ്ങള്‍ അവസാനിപ്പിക്കുന്നതിന് കഴിഞ്ഞമാസം പാര്‍ലമെന്റില്‍ പ്രമേയം പാസ്സാക്കിയിരുന്നു. രാജ്യത്തിനുള്ളില്‍ ഇത്തരത്തിലുള്ള ചെറു ആക്രമണങ്ങള്‍ നടത്തുന്നത് അന്താരാഷ്ട്ര നിയമങ്ങളെ ലംഘിക്കുന്നതിന് തുല്യമാണെന്ന് പ്രമേയത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാല്‍ പാക് സര്‍ക്കാരിന്റെ ആവശ്യങ്ങള്‍ യുഎസ് തള്ളിക്കളയുകയാണ് ചെയ്തത്. അഫ്ഗാനിലെ നാറ്റോപാത തുറക്കുന്നത് സംബന്ധിച്ചുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാത്തതിനാലാണ് യുഎസ് പാക് സര്‍ക്കാരിനെ തഴഞ്ഞിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: