തിരുവനന്തപുരം: സിപിഎം രൂപം കൊണ്ട ശേഷം കേരളത്തിലെ പാര്‍ട്ടി നേരിട്ട മുഖ്യമായ രണ്ടു പ്രതിസന്ധികളാണ് എം.വി.രാഘവനും കെ.ആര്.ഗൗരിയമ്മയും സൃഷ്ടിച്ചത്. ബദല്‍ രേഖയുമായി എം.വി.രാഘവനാണ് ആദ്യം പ്രശ്നമുണ്ടാക്കിയത്. ഇ.എം.എസ്.നമ്പൂതിരിപ്പാട് അന്ന് അരയും തലയും മുറുക്കി രംഗത്തിറങ്ങി. എഴുത്തിലൂടെയും പ്രസംഗത്തിലൂടെയും അണികളെയും ജനങ്ങളെയും ബോധവത്കരിക്കാന്‍ ശ്രമിച്ചു. വി.എസ്.അച്യുതാനന്ദനും അന്ന് പാര്‍ട്ടി സെക്രട്ടറി എന്ന നിലയില്‍ നാടാകെ സജീവമായി പിളര്പ്പന്മാരെ നേരിടാന്‍ രംഗത്തിറങ്ങിയതാണ്. ഒടുവില്‍ 1986 ജൂണ്‍ 23ന് രാഘവനെ സിപിഎം പുറത്താക്കി. പല ജില്ലകളും തന്നോടൊപ്പമെന്ന രാഘവന്റെ അവകാശവാദം പൊളിച്ചു കൊടുക്കാന്‍ അന്ന് ഇ.എം.എസിന് കഴിഞ്ഞു.
1994ലാണ് ഗൗരിയമ്മ പാര്‍ട്ടിയില്‍ കലാപം സൃഷ്ടിച്ച് പുറത്തേക്കുള്ള വഴിയൊരുക്കിയത്. രാഘവനെക്കാള്‍ പാരമ്പര്യവും ഇ.എം.എസിന്റെ രണ്ടു മന്ത്രിസഭയിലും അംഗവുമായിരുന്ന ഗൗരിയമ്മയുടെ നീക്കവും പാര്‍ട്ടിയെ ഉത്കണ്ഠപ്പെടുത്തിയതാണ്. രാഘവനെക്കാള്‍ പാര്‍ട്ടിക്ക് പരിക്കേല്‍പ്പിക്കാന്‍ ഗൗരിയമ്മയ്ക്കു കഴിയുമെന്ന് പലരും പ്രവചിച്ചു. അവിടെയും നമ്പൂതിരിപ്പാടും അച്യുതാനന്ദനുമെല്ലാം അണികളെ പിടിച്ചു നിര്‍ത്താന്‍ മുന്നിട്ടിറങ്ങി. “ഗൗരിയമ്മയോടൊപ്പം ഒരു പട്ടിയും പോകില്ലെന്ന” ആത്മവിശ്വാസവും നമ്പൂതിരിപ്പാട് അന്ന് പ്രകടിപ്പിച്ചു. “ഈ പാര്‍ട്ടിയിലുള്ളത് പട്ടികളാണെന്നാണോ സഖാവു പറയുന്നത്” എന്ന പരിഹാസ ചോദ്യം എം.വി.രാഘവന് ഉന്നയിച്ചെങ്കിലും അന്ന് പാര്‍ട്ടി പതറിയില്ല. ഇന്ന് സ്ഥിതി അതല്ല. മുമ്പത്തെ രണ്ടു പ്രതിസന്ധികളും മറികടക്കാന്‍ പ്രയത്നിച്ച പി ബി മെംബറായിരുന്നു വി.എസ്. പാര്‍ട്ടിയുടെ മുഖ്യമന്ത്രിയായിരുന്നയാള്‍. നിലവില്‍ പ്രതിപക്ഷ നേതാവ്. ഇ.എം.എസിനെക്കാള്‍ പാര്‍ട്ടിക്കു പുറത്ത് ബഹുജനാംഗീകാരം ഉള്ള വ്യക്തി.അങ്ങനെയുള്ള ഒരാളാണിപ്പോള്‍ പാര്‍ട്ടി നിലപാടിനെ, പാര്‍ട്ടി സെക്രട്ടറിയെ പരസ്യമായി വെല്ലുവിളിക്കുന്നത്. എന്തു ചെയ്യും ? ഈ ചോദ്യത്തിന് അടുത്തമാസം എട്ടിനു ചേരുന്ന പി ബി യോഗവും 9, 10 തീയതികളിലെ കേന്ദ്രകമ്മറ്റിയും ഉത്തരം കാണുമെന്ന് ആശ്വസിക്കുന്നുണ്ടെങ്കിലും ബഹുജനങ്ങളെ ബോധ്യപ്പെടുത്താന്‍ മാര്‍ഗമെന്ത്, അതിനു പറ്റിയ നേതാവാര് ? അതു തന്നെയാണ് സിപിഎമ്മിനെ ഇപ്പോള്‍ അലട്ടുന്ന മുഖ്യവിഷയം. മുമ്പ് ദൃശ്യമാധ്യമങ്ങളുടെ സാന്നിധ്യമില്ല. ഇന്ന് സ്ഥിതി അതല്ല. എന്തു നടന്നാലും എവിടെ പറഞ്ഞാലും തത്സമയം അതറിയുന്നു ചര്‍ച്ചയാകുന്നു.
വി.എസ് അനുകൂലികളെ വെട്ടിനിരത്തി എല്ലാ തരത്തിലും ആധിപത്യമുറപ്പിച്ചതിനാല് മറ്റുള്ളവര്‍ ആഗ്രഹിക്കുന്ന പോലുള്ള പിളര്‍പ്പ് സിപിഎമ്മില്‍ നടക്കില്ലായിരിക്കാം. നാലു ലക്ഷം വരുന്ന അംഗങ്ങള്‍ മാത്രമല്ലല്ലോ സിപിഎമ്മിന്റെ ശക്തി. അണികളും അനുഭാവികളും അഭ്യുദയകാംക്ഷികളും ഉണ്ട്. അവരാണ് അഞ്ചു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിപിഎമ്മിന് ഭരണം നേടിക്കൊടുത്തു കൊണ്ടിരുന്നത്. അവര്‍ എത്രത്തോളം വി.എസിന് ഒപ്പം എന്നത് അളക്കാന്‍ സിപിഎമ്മിന് ഇനിയും കഴിഞ്ഞിട്ടില്ല. അതു തന്നെയാണ് പെട്ടെന്നൊരു നടപടിക്ക് മുതിരാന്‍ ഭയക്കുന്നത്. എങ്കിലും പിടിച്ചു നില്‍ക്കാനുള്ള പ്രയത്നത്തിനാണ് അവര്‍ നേരിട്ടിറങ്ങുന്നത്.
അച്യുതാനന്ദന് ഉയര്‍ത്തിയ വെല്ലുവിളികളെ അതേനാണയത്തില്‍ തിരിച്ചടിക്കാനാണ് നേതൃത്വത്തിന്റെ പദ്ധതി. അച്യുതാനന്ദന് പാര്‍ട്ടിവിട്ടാല്‍ അണികളെ പിടിച്ചു നിര്‍ത്തുക എന്ന ലക്ഷ്യത്തോടും കൂടി വിശദീകരണ യോഗങ്ങള്‍ വിളിക്കും. ഏരിയാ തലത്തില്‍ അടിയന്തര യോഗം വിളിക്കാന്‍ നിര്‍ദേശിച്ച പാര്‍ട്ടി, വിശദീകരണയോഗങ്ങളിലേക്കും കടക്കും. വി.എസിനെതിരെയുള്ള കടുത്ത നടപടികളുടെ ഭാഗമാണിതെന്നാണ് വിലയിരുത്തല്‍. 26,27,28 തീയതികളില്‍ ഏരിയാതലങ്ങളില്‍ പ്രകടനങ്ങളും വിശദീകരണസമ്മേളനങ്ങളും ചേരും. പാര്‍ട്ടി സമ്മേളനങ്ങളോടനുബന്ധിച്ചാണ് സാധാരണ ഏകീകൃതരീതിയില്‍ യോഗങ്ങളും പ്രകടനങ്ങളും നടത്തുക. അച്ചടക്ക ലംഘനത്തിന് വി.എസിനെതിരെ കടുത്ത നടപടി വേണമെന്നു നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിനു മുമ്പുതന്നെ സംസ്ഥാനഘടകം ആവശ്യപ്പെടും. ഇതിനു മുന്നോടിയാണ് ഏരിയാതല യോഗങ്ങള്‍.
സിപിഎമ്മിനെ തകര്‍ക്കാനുളള ഗൂഢാലോചനകള്‍ക്കെതിരെ കരുതിയിരിക്കണമെന്ന സന്ദേശമാണു പാര്‍ട്ടി അണികള്‍ക്കു നല്‍കുന്നത്. റാലികള്‍ക്കു മുമ്പായി ഏരിയകളില്‍ ജനറല്‍ ബോഡി യോഗവും നടത്തും. ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍, ബ്രാഞ്ച് ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുക്കും. നയവിശദീകരണത്തിനു സംസ്ഥാനനേതാക്കളും എത്തും. ലോക്കല്‍, ബ്രാഞ്ച് തലങ്ങളിലും യോഗങ്ങളുണ്ടാകും.
ഇതിനകം നടന്ന യോഗങ്ങളിലെല്ലാം പ്രവര്‍ത്തകര്‍ നിസംഗരായത് നേതൃത്വത്തെ അസ്വസ്ഥരാക്കുകയാണ്. കണ്ണൂര്‍ ജില്ലയില്‍ പോലും പ്രവര്‍ത്തകരുടെ വീറും വാശിയും ചോര്‍ന്നു പോയോ എന്ന ശങ്കയിലാണ് പാര്‍ട്ടി. ഘടകകക്ഷികളുടെ നിലപാട് നിരാശ നല്‍കുന്നതാണ്. പ്രത്യേകിച്ച് സിപിഐയുടെത്. “താടിക്കു തീ പിടിച്ചപ്പോള്‍ ബീഡി കത്തിക്കാന്‍ നോക്കുന്നു” എന്നായിരുന്നു സിപിഐയുടെ പ്രതികരണത്തെ കുറിച്ച് പിണറായി പ്രസ്താവിച്ചിരുന്നത്. “താടിക്കു തീ പിടിക്കാതെ നോക്കണമെന്ന് സിപിഐയും” മറുപടി നല്കി. ഏതായാലും കാര്യങ്ങള്‍ ആശാസ്യമല്ലെന്നു തന്നെയാണ് പൊതുവെ സിപിഎം വിലയിരുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: