കൊച്ചി: കൊച്ചിയുടെ ഭദ്രതയെ സംബന്ധിച്ച് കൊച്ചി സിറ്റി പോലീസ് സുരക്ഷിതത്വ അവലോകന യോഗം സംഘടിപ്പിക്കുന്നു. സുരക്ഷിത കൊച്ചി ജാഗ്രതയുളള കൊച്ചി എന്ന പേരിലുളള ഏകദിന അവലോകന യോഗം ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും. 25-ന് രാവിലെ 10 മുതല്‍ കലൂര്‍ ഐഎംഎ ഹാളിലാണ് അവലോകനം.
സാധാരണമായ അപകടം, മനുഷ്യനിര്‍മിത ദുരന്തം എന്നിവയെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുകയും അടിയന്തര സാഹചര്യം നേരിടാന്‍ അവരെ പ്രാപ്തരാക്കുകയുമാണ് അവലോകനത്തിന്റെ പ്രധാന ലക്ഷ്യം. വ്യവസായം, ഹോട്ടല്‍, ടൂറിസം, ആശുപത്രി നിര്‍മാണം, ഗതാഗതമേഖലകളില്‍ നിന്നുള്ളവര്‍ പ്രിതിനിധികളായിരിക്കും. ഇവരില്‍ നിന്നുളള നിര്‍ദേശം കൂടി പരിഗണിച്ച് കൊച്ചിയുടെ സുരക്ഷയെക്കുറിച്ചുളളരൂപരേഖ വിപുലീകരിക്കും.
ബെന്നി ബഹ്നാന് എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ‘ജനങ്ങള്‍ സുരക്ഷാപദ്ധതിക്ക്’ എന്ന പരിപാടി എക്സൈസ് മന്ത്രി കെ.ബാബു മേയര്‍ ടോണി ചമ്മിണിക്ക് രേഖ കൈമാറി ഉദ്ഘാടനം ചെയ്യും. അവലോകന യോഗത്തിന്റെ ഉദ്ദേശ്യം ഡിജിപി ജേക്കബ് പുന്നൂസ് വിശദീകരിക്കും. ഹൈബി ഈഡന് എ.എല്‍എ മുഖ്യപ്രഭാഷണം നടത്തും. ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറി സാജന് പീറ്റര്‍, എ.ഡി.ജി.പി പി.ചന്ദ്രശേഖരന്, ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്ക്ക് പരീത് എന്നിവര്‍ പ്രസംഗിക്കും. ഐ.ജി കെ.പദ്മകുമാര്‍ സ്വാഗതവും ജില്ലാ പോലീസ് മേധാവി എം.ആര്.അജിത് കുമാര്‍ നന്ദിയും പറയും.
വൈകിട്ട് 5.30-ന് സമാപന യോഗത്തില്‍ കേന്ദ്ര ഭക്ഷ്യപൊതു വിതരണ മന്ത്രി കെ.വി.തോമസ് മുഖ്യാതിഥിയായിരിക്കും.
ഡൊമനിക് പ്രസന്റേഷന് എംഎല്‍എ അധ്യക്ഷത നിര്‍വഹിക്കുന്ന ചടങ്ങില്‍ കൊച്ചി നഗരത്തിലുളള സമഗ്ര ഡിജിറ്റല്‍ സുരക്ഷിതത്വ പദ്ധതി ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പദ്ധതി രേഖ കേന്ദ്രമന്ത്രിക്കു കൈമാറി ഉദ്ഘാടനം ചെയ്യും. സുരക്ഷിത കൊച്ചി ജാഗ്രതയുളള കൊച്ചി പദ്ധതി ലോഗോ പൊതുമരാമത്ത് മന്ത്രി വി.കെ.ഇബ്രാഹീംകുഞ്ഞ് ജി.സി.ഡി.എ അധ്യക്ഷന്‍ എന്‍.വേണുഗോപാലിന് നല്കി പ്രകാശനം ചെയ്യും. സുരക്ഷിതത്വ അവലോകനം ഡി.ജി.പി ജേക്കബ് പുന്നൂസ് ഉപസംഹരിക്കും. ഐ.ജി.കെ.പദ്മകുമാര്‍ സ്വാഗതവും ഡപ്യൂട്ടി പോലീസ് കമ്മീഷണര്‍ ടി.ഗോപാലകൃഷ്ണന് നന്ദിയും പറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: