കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെ വെപ്പുകാല് നിര്‍മാണകേന്ദ്രം ആധുനീകരിക്കുന്നു. ഏതൊക്കെ മേഖലയിലാണ് ആധുനീകരണം വേണ്ടതെന്ന് പഠിച്ച് റിപ്പോര്‍ട്ട് ചെയ്യാനും നിലവിലുള്ളതിന്റെ കണക്കെടുക്കാനും ജില്ലാ കളക്ടര്‍ പി.ഐ. ഷെയ്ക് പരീത് കേന്ദ്രം സൂപ്രണ്ടിന് നിര്‍ദേശം നല്കി. ഇതിനിടെ അന്ധരായവര്‍ക്ക് ഉപയോഗിക്കുന്നതിനായി സൗജന്യമായി ഇലക്ട്രോണിക് സ്റ്റിക്ക് നല്കുന്ന പദ്ധതിയും നടപ്പാക്കുമെന്ന് കളക്ടര്‍ പറഞ്ഞു.
ജനറല്‍ ആശുപത്രിയിലെ കൃത്രിമ കാല് നിര്‍മാണകേന്ദ്രത്തില്‍ നിലവില്‍ പരമ്പരാഗത ശൈലിയിലാണ് കൃത്രിമ അവയവങ്ങളുടെ നിര്‍മാണം. എന്നാല്‍ സ്വകാര്യമേഖലയില്‍ ഇത് ആധുനീകരണത്തിന് വഴിമാറിയിട്ടുണ്ട്. ഇറക്കുമതി ചെയ്ത സാമഗ്രികളാല്‍ നിര്‍മിക്കുന്ന ഇവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് കനം കുറവാണെന്നത് ഇതിന്റെ ഉപഭോക്താക്കളുടെ എണ്ണം കൂട്ടിയിട്ടുണ്ട്. ഒപ്പം വലിയ വിലയാണ് ഇവയ്ക്ക് ഈടാക്കുന്നതെന്ന പരാതിയുമുണ്ട്.
ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ കേന്ദ്രം നവീകരണത്തിന് തുടക്കമിടുന്നത്. സ്വകാര്യമേഖലയോട് കിടപിടിക്കുന്ന തരത്തിലുള്ള കൃത്രിമ അവയവം നിര്‍മിച്ച് അര്‍ഹരായവര്‍ക്ക് സൗജന്യമായി നല്‍കുകയാണ് ലക്ഷ്യം. ഇതിനാവശ്യമായ ധനസഹായം ലഭ്യമാക്കാന്‍ വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടെ സഹായവും തേടുന്നത് പരിഗണനയിലുണ്ട്.
കണ്ണുകാണാത്തവര്‍ക്ക് പൊതുനിരത്തുകളിലും മറ്റും സഹായമായ ഇലക്ട്രോണിക് വടി സൗജന്യമായി നല്‍കുന്നതാണ് മറ്റൊരു പദ്ധതി. ആവശ്യമുള്ളവര്‍ക്ക് ഇത് ലഭ്യമാക്കുന്നതിനായി ജനറല്‍ ആശുപത്രിയില്‍ രജിസ്ട്രേഷന് തുടങ്ങും. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവര്ക്കായിരിക്കും പദ്ധതിയുടെ പ്രയോജനം ആദ്യഘട്ടത്തില്‍ ലഭിക്കുക. വടി ഉപയോഗിക്കുന്നതിന് ഇവര്‍ക്ക് പരിശീലനവും നല്‍കും.
ജില്ലയില്‍ വിവിധ തൊഴില്‍ പരിശീലനം നേടിയ വികലാംഗര്‍ ഏറെയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പലരും സ്വയംതൊഴില്‍ പോലുമില്ലാതെ കഷ്ടപ്പെടുന്ന സാഹചര്യമുണ്ട്. ഇവരെ അവരുടെ തൊഴില്‍ വൈദഗ്ധ്യത്തിന് അനുസൃതമായുള്ള ജോലികള്‍ക്ക് പരിഗണിക്കണമെന്നാവശ്യപ്പെട്ട് പൊതുമേഖലാ സ്ഥാപനങ്ങളുടെ അധികൃതര്‍ക്ക് കത്തയക്കുമെന്ന് കളക്ടര്‍ ഷെയ്ക് പരീത് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: