ഇന്ന് കേരളത്തില്‍ ഞാന്‍ ഏറ്റവുമധികം ബഹുമാനിക്കുന്ന സ്ത്രീ കൊല്ലപ്പെട്ട റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി (ആര്‍എംപി) നേതാവ് ടി.പി.ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമയാണ്. പീഡനം അനുഭവിക്കുന്ന, വെറും ഇരകള്‍ മാത്രമായി ചുരുങ്ങിയ സ്ത്രീസമൂഹമുളള കേരളത്തില്‍ രമയെ ധൈര്യത്തിന്റെ പ്രതിരൂപമായാണ് ഞാന്‍ കാണുന്നത്. പൈശാചികമായി വെട്ടി തലച്ചോറ് പിളര്‍ത്തി തന്റെ ഭര്‍ത്താവിനെ കൊന്നതാരാണെന്നും അത് താന്‍ പോലീസിനോട് പറഞ്ഞിട്ടുണ്ടെന്നും ഉറക്കെ പറയേണ്ട സമയത്ത് വീണ്ടും പറയുമെന്നും രമ പറയുന്നത് ധാര്‍ഷ്ട്യത്തിന്റെയും അധികാരമത്തിന്റെയും പ്രതീകമായ ഒരു വ്യക്തിയെയും, അനുയായികളായി നില്ക്കുന്ന എന്തിനും മടിക്കാത്ത നേതൃനിരയെയും കൊല്ലാന്‍ പറഞ്ഞാല്‍ കൊല്ലുകയും തിന്നാന്‍ പറഞ്ഞാല്‍ തിന്നുകയും ചെയ്യുന്ന അണികളെയും വെല്ലുവിളിച്ചുകൊണ്ടാണ്. ഇങ്ങനെ പറയുമ്പോള്‍ ഭയമില്ലേ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് ഒരു തുള്ളി കണ്ണുനീര്‍പോലും പൊടിയാത്ത കണ്ണുകളുയര്‍ത്തി രമ അഭിമാനത്തോടെ പറഞ്ഞത് “ഞാന്‍ ചന്ദ്രശേഖരന്റെ ഭാര്യയാണ്” എന്നാണ്.
ധൈര്യത്തിന്റെ പ്രതീകമായിരുന്നല്ലോ ഉറച്ച നിലപാടും തോല്ക്കുകയില്ലെന്ന ചങ്കുറ്റവും ഉണ്ടായിരുന്ന ഒഞ്ചിയത്തെ ടി.പി. ചന്ദ്രശേഖരന്. ഒറ്റ ചെങ്കൊടി മാത്രം പാറിയിരുന്ന ഒഞ്ചിയം-വടകര മേഖലയില്‍ മറ്റൊരു ചെങ്കൊടി ഉയര്‍ത്തിയാണ് ചന്ദ്രശേഖരന് സിപിഎം വിട്ട് ആര്‍എംപി രൂപീകരിച്ചതും അദ്ദേഹത്തോടൊപ്പം നാട് ഒന്നടങ്കം ചേര്‍ന്നതും. അതിനുശേഷം കൊല്ലപ്പെടും എന്ന ഭീഷണി ഉണ്ടായിട്ടും പോലീസ് സംരക്ഷണം ചന്ദ്രശേഖരന് തേടാതിരുന്നത് തന്റെ പാര്‍ട്ടിക്കാരെ തനിക്കറിയാമെന്നും അവര്‍ കൊല്ലാന്‍ തീരുമാനിച്ചാല്‍ കൊല്ലുമെന്നും പറഞ്ഞായിരുന്നു. ചന്ദ്രശേഖരന് അനുയായികളില്ലാതെ എന്നും ഒറ്റക്ക് സഞ്ചരിച്ചിരുന്നത് മറ്റാരും താന്‍ കാരണം കൊല്ലപ്പെടരുത് എന്ന് കരുതിയായിരുന്നു. അദ്ദേഹത്തിന്റെ സഹധര്‍മ്മണിയും അതേ പാത പിന്തുടര്ന്ന് ഒറ്റക്ക് പോകുന്നത് താന്‍ വധിക്കപ്പെടുകയാണെങ്കില്‍ മറ്റൊരാളുടെ ജീവന്‍കൂടി പോകരുത് എന്ന് വിചാരിച്ചാണ്.
എന്റെ സുഹൃത്തും രമയുടെ എസ്എഫ്ഐ സഹപ്രവര്‍ത്തകയുമായ ജ്യോതി നാരായണന് രമയെ കാണാന്‍ പോയപ്പോള്‍ എന്നെയും വിളിച്ചു. വളരെ ആഗ്രഹമുണ്ടായിട്ടും പോകാതിരുന്നത് രണ്ട് മുട്ടിലും മജ്ജയില്ലാത്ത എനിക്ക് ട്രെയിനും പടികളും അപ്രാപ്യമായിരുന്നതിനാലായിരുന്നു. ജ്യോതി തിരിച്ചുവന്നിട്ട് എന്നോട് പറഞ്ഞത് രമ അതേ ധൈര്യത്തോടെ, ഈറനണിയാത്ത കണ്ണുകളോടെ ജ്യോതിയെ സ്വീകരിച്ചു എന്നാണ്.
ഒഞ്ചിയത്ത് രക്തസാക്ഷികളായ വിപ്ലവനേതാക്കളുടെ നിരകളില്‍ ഒരാളെക്കൂടി വിപ്ലവപാര്‍ട്ടി തന്നെ ചേര്‍ത്തപ്പോള്‍ ഒഞ്ചിയംകാര്‍ക്ക് ഒരു ഹീറോവിനെക്കൂടി കിട്ടി. കേരളത്തിലെ സ്ത്രീകള്‍ക്ക് ഒരു ധീരവനിതയെയും. എന്റെ പത്രപ്രവര്‍ത്തന ജീവിതത്തില്‍ ഞാന്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതിലേറെയും സ്ത്രീപീഡനങ്ങളെക്കുറിച്ചാണ്. പത്രപ്രവര്‍ത്തനത്തില്‍ 30 കൊല്ലം പിന്നിടുമ്പോള്‍ ഞാന്‍ കാണുന്നത് ഇന്ന് ശരീരം മാത്രമായി കാണപ്പെട്ടുതുടങ്ങിയ സ്ത്രീകള്‍ക്ക് സ്വന്തം വീട്ടിലോ പൊതു ഇടങ്ങളിലോ പൊതു-സ്വകാര്യ വാഹനങ്ങളിലോ, ട്രെയിനിലോ സുരക്ഷിതത്വമില്ല എന്ന ഭയാനകമായ യാഥാര്‍ത്ഥ്യമാണ്. സ്ത്രീകള്‍ എന്നാല്‍ പിഞ്ചുബാലികകളും വൃദ്ധകളും വികലാംഗരും അന്ധരും മന്ദബുദ്ധികളും എല്ലാം പെടും. പക്ഷെ ഇന്നുവരെ ചെറുത്തുനില്‍പ്പിന്റെ ഒരു വിപ്ലവ മോഡല്‍ ഞാന്‍ കണ്ടിട്ടില്ല. പ്രതികരണം എന്ന വാക്കുപോലും സ്ത്രീകള്‍ക്ക് പരിചിതമല്ല.
അടുത്തയിടെ എന്റെ അടുത്തുവന്ന അംബിക എന്ന സ്ത്രീക്ക് പറയാനുള്ളത് കദനകഥ മാത്രമായിരുന്നു. കലൂര്‍ ആസാദ് റോഡിലെ കൊച്ചുകൊച്ച് വീടുകള്‍ അടങ്ങിയ ഒരു കോളനിയില്‍ ഒരു അന്യസംസ്ഥാനക്കാരന് ഒരു ഗോഡൗണ്‍ സ്ഥാപിച്ച് അങ്ങോട്ട് കണ്ടെയ്നര്‍ ലോറികള്‍ വന്ന് തുടങ്ങിയപ്പോള്‍ ഈ രണ്ട് സെന്ററുകളിലെ വീടുകളുടെ ചുമരുകളില്‍ വിള്ളല്‍ രൂപപ്പെട്ടു. കണ്ടെയ്നറുകള്‍ക്ക് സഞ്ചരിക്കാന്‍ മാത്രം വീതിയില്ലാത്ത ചെറിയ ഇടവഴിയിലൂടെയുള്ള ഈ വരവിനെതിരെ കോളനിനിവാസികള്‍ പ്രതിഷേധിച്ചു. ജനവാസ മേഖലയായ അവിടെ കോര്പ്പറേഷന് ഗോഡൗണ്‍ അനുവദിച്ചതുപോലും നിയമനിഷേധമാണ്.
തങ്ങളുടെ വീടുകളുടെ ഭിത്തികളില്‍ വിള്ളല്‍ രൂപപ്പെട്ടപ്പോള്‍ ഇവര്‍ കോര്‍പ്പറേഷനിലും പോലീസിലും പരാതി നല്‍കിയെങ്കിലും ഗോഡൗണ്‍ ഉടമയുടെ പണസ്വാധീനത്തിന് മുന്നില്‍ പരാതികള്‍ മുങ്ങി. ക്രമേണ കോളനിനിവാസികള്‍ക്ക് പണം കൊടുത്ത് അയാള്‍ പ്രതിഷേധക്കാരെ ഒതുക്കി. എന്നിട്ടും പ്രതിഷേധത്തെത്തുടര്‍ന്ന് അംബികയെ ഒരു സന്ധ്യക്ക് തിമിര്‍ത്ത് പെയ്യുന്ന മഴയില്‍ ഗോഡൗണ്‍ ഉടമയും മകനും ഓടിച്ച് പിടിച്ച് കത്തികൊണ്ട് പുറത്തുവരഞ്ഞ് മുന്നറിയിപ്പ് നല്കി. വേദനകൊണ്ട് പുളഞ്ഞ് ഉറക്കെ കരഞ്ഞ അംബികയെ സഹായിക്കാന്‍ ഒരു കോളനിവാസിയും വന്നില്ല. ഒടുവില്‍ ആശുപത്രിയില്‍ പ്രവേശിച്ച അംബികയെ പരിചയപ്പെട്ട സ്ത്രീ കൂട്ടായ്മ നേതാവ് ജോളി ചിറയത്തും സംഘവും സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിച്ച് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചെങ്കിലും അംബികക്ക് നീതി നേടിക്കൊടുക്കാന്‍ അവര്‍ക്കായില്ല. അപ്പോഴേക്കും കോളനി നിവാസികളെയും പോലീസിനെയും കോര്പ്പറേഷന് അധികാരികളെയും ഗോഡൗണ്‍ ഉടമ നിര്‍വീര്യമാക്കിയിരുന്നു. ഇന്നും ഒറ്റപ്പെട്ട് സമരത്തില്‍നിന്നും പിന്മാറാതെ പരാതിയുമായി കയറിയിറങ്ങുന്ന അംബികയെ മാനസികരോഗി എന്ന് മുദ്രകുത്തപ്പെട്ടിരിക്കുകയാണ്.
ഇത് ഒറ്റപ്പെട്ട സംഭവമല്ല. നീതിനിഷേധം സ്ത്രീകളുടെ നിരന്തരാനുഭവമായി മാറിയ സാഹചര്യമാണിന്ന്. സമൂഹത്തില്‍ ഏറ്റവും അവഗണിക്കപ്പെടുന്ന സമൂഹമായ വിധവകളുടെയും വികലാംഗരുടെയും വൃദ്ധരുടെയും ദരിദ്രരുടെയും ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന കേരള ജനവേദിയുടെ പത്താം വാര്‍ഷികം ഉദ്ഘാടനം ചെയ്ത് ജസ്റ്റിസ് വി.ആര്. കൃഷ്ണയ്യരും പറഞ്ഞത് ഇന്ന് കേരളത്തില്‍ പട്ടിണിപ്പാവങ്ങള്‍ക്ക് ജീവിക്കാനുള്ള അവകാശം പോലും നിഷേധിക്കുന്നു എന്നും എല്ലാവര്ക്കും ഭക്ഷണം, വിദ്യാഭ്യാസം, ഭവനം എന്ന ഭരണഘടനാ വ്യവസ്ഥ പാലിക്കപ്പെടുന്നില്ലെന്നുമാണ്. സോഷ്യലിസവും മതേതരത്വവും എവിടെയെന്നദ്ദേഹം ചോദിക്കുന്നു. സഹിഷ്ണുത എവിടെയെന്ന് ഞാനും ചോദിക്കുന്നു.
പാര്‍ട്ടി എന്നാല്‍ ജനായത്തമാണെന്ന വിശ്വാസം അപ്രത്യക്ഷമാക്കി സിപിഎം നേതാവ് ഏകാധിപതിയായി മാറുമ്പോള്‍ വ്യത്യസ്ത അഭിപ്രായം പറയാന്‍ പോലും അവകാശമില്ലാത്ത വെറും കാണികളായി അണികള്‍ മാറിയതിനാലാണല്ലോ ഒഞ്ചിയം കൊലപാതകം നടന്നത്. ജനായത്ത ഭരണം ഭരണഘടനയില്‍ ഒതുങ്ങി രാഷ്ട്രീയാധിപത്യം അരങ്ങുതകര്‍ക്കുമ്പോള്‍ ഇടതു-വലതു ഭേദമെന്യേ ലക്ഷ്യം അധികാരവും പണവും വഴി അഴിമതിയുമാണ്. കേരളത്തില്‍ മദ്യത്തിന് സ്വീകാര്യത കിട്ടിയ പോലെ അഴിമതിക്കും സ്വീകാര്യത കിട്ടി. അധികാര അഹന്തയില്‍ പാര്‍ട്ടികള്‍ സ്വയം ഗ്രാമങ്ങളുണ്ടാക്കി ഭരിച്ചുതുടങ്ങി. അത് ഗ്രാമങ്ങളില്‍ മാത്രമല്ല ജയിലുകളില്‍പോലും പാര്‍ട്ടി ഗ്രാമങ്ങള്‍ ഉണ്ടെന്നും 14 ആളുകള്‍ക്ക് കിടക്കാനുള്ള മുറിയില്‍ നാല് ആളുകള്‍ക്ക് ടിവിയും ടെലിഫോണും സ്വന്തം അടുക്കള പോലും ഉള്ളപ്പോള്‍ മറ്റുള്ളവര്‍ സാദാ തടവുകാര്‍ മാത്രമാകുന്നുവെന്നും ആഭ്യന്തരമന്ത്രി പോലും പറയുന്നു.
ഭരണം മാറിയാലും പോലീസ് മാറുന്നില്ല. പോലീസ് രീതി മാറുന്നില്ല. ജയില്‍ ഉപദേശകസമിതിയില്‍ സ്ത്രീപീഡനത്തിന് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കപ്പെട്ട പി. ശശി പോലുമുണ്ട്. ഭരണം മാറിയിട്ടും ഈ രീതികള്‍ മാറാത്തതിന് കാരണം അടിസ്ഥാനപരമായി എല്ലാ രാഷ്ട്രീയപാര്‍ട്ടികളും അധികാരം നിലനിര്‍ത്തുന്നതില്‍ മാത്രമാണ്, ജനക്ഷേമ നടപടികളിലല്ല ശ്രദ്ധ പതിപ്പിക്കുന്നത് എന്നതിനാലാണ്. പൊതുജനം കഴുതയാണ് എന്ന് ഏതോ ബുദ്ധിമാന് പറഞ്ഞത് എത്ര ശരിയാണെന്ന് തെളിയുന്നത് പൊതുജനം പിന്നെയും ഈ രാഷ്ട്രീയ ബലൂണുകള്‍ക്ക് വോട്ട് നല്കുന്നതിലൂടെയാണ്. ഒരു മാധ്യമപ്രവര്ത്തകന് രാഷ്ട്രീയക്കാരെ പുകഴ്ത്തി സംസാരിക്കവേ പറഞ്ഞത് അവര്‍ ഓരോ അഞ്ച് കൊല്ലവും വോട്ട് തേടി നമ്മുടെ അടുക്കല്‍ വരുന്നില്ലേ എന്നായിരുന്നു. അവര്‍ക്ക് അധികാരത്തില്‍ കയറാന്‍ വോട്ട് യാചിക്കുന്നതില്‍ ജനം എന്തിന് സായൂജ്യം കണ്ടെത്തണം? മാധ്യമപ്രവര്‍ത്തകര്‍ പോലും സാംസ്കാരിക നായകരെപ്പോലെ രാഷ്ട്രീയചരടിന്മേലാണ്. പ്രസ്ഥാനങ്ങള്‍ തമ്മിലുള്ള എതിര്‍പ്പുകള്‍ കൊലപാതകം കൊണ്ടല്ല വാക്കുകള്‍കൊണ്ടും ആശയംകൊണ്ടും നേരിടണമെന്ന് എം.ടി. വാസുദേവന്‍നായര്‍ പറയുമ്പോള്‍ രാഷ്ട്രീയ മൂല്യച്യുതിയുടെ മൂര്‍ധന്യത്തില്‍ പാര്‍ട്ടികള്‍ ഫാസിസ്റ്റ് പ്രവണത സ്വാംശീകരിച്ച് ഉന്മൂലന-കൊലപാതക രാഷ്ട്രീയത്തിന് ക്വട്ടേഷന്‍ സംഘങ്ങളെ ഉപയോഗിക്കുമ്പോള്‍, കൊല്ലപ്പെട്ടിട്ടും വൈരാഗ്യം തീരാതെ കുലംകുത്തി വിളികള്‍ ഉയരുമ്പോള്‍ കേരളത്തില്‍ ഇനി എന്ത് എന്ന ചോദ്യം ഉയരുന്നില്ലേ? എഴുത്തുകാരന് സേതു പറഞ്ഞപോലെ ഒഞ്ചിയത്തെ 51 വെട്ടുകള്‍ മനുഷ്യമനസാക്ഷിക്കുമേല്ത്തന്നെയാണ് വീണിരിക്കുന്നത്.
ഈ പശ്ചാത്തലത്തില്‍ നടന് മോഹന്‍ലാലിന്റെ പ്രതികരണം സ്വാഭാവികമാണ്. സ്വന്തം അമ്മയെ ജീവന് തുല്യം സ്നേഹിക്കുന്ന മോഹന്‍ലാല്‍ സ്വന്തം അമ്മ അമൃത ആശുപത്രിയില്‍ മരണത്തോട് മല്ലിടിച്ച് കിടക്കുമ്പോള്‍ “അമ്മ മഴക്കാറിന് കണ്‍നിറഞ്ഞൂ’ എന്ന പാട്ട് കണ്ണുനീര് ഒലിപ്പിച്ച് പാടിയത് ജെടി പാക്കില്‍ ഞാനും കണ്ടതാണ്. ഒരു കുഞ്ഞുറുമ്പിനു പോലും ജീവന് നല്കാന് ഈ കൊലയാളികള്‍ക്ക് സാധിക്കുമോ എന്ന് ചോദിക്കുന്ന മഹാനടന് ഈ നാട്ടില്‍ ജീവിക്കാന്‍ പേടി തോന്നുന്നു, മടുപ്പ് തോന്നുന്നു എന്ന് പറയുന്നതുകൊണ്ട് ചോദിക്കുന്നത് കേരളം ഭ്രാന്താലയമാകുകയാണോ എന്നാണ്.
അപ്പോഴും ടി.പി. ചന്ദ്രശേഖരന്റെ ഭാര്യ രമ തലയുയര്‍ത്തി ഈറനണിയാത്ത കണ്ണുകളോടെ ജനങ്ങള്‍ക്കുവേണ്ടി ജീവിച്ച തന്റെ ഭര്‍ത്താവിന്റെ കൊലയാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ പോരാടുന്നു. പക്ഷെ മാനവികത നഷ്ടപ്പെട്ട രാഷ്ട്രീയക്കാരും അവരുടെ പോലീസും ഇതും മറ്റൊരു കൊലപാതകക്കുറ്റമാക്കി ചിലരെയൊക്കെ പ്രതികളായി തുറുങ്കിലടച്ച് കേസ് ഒതുക്കുമെന്ന് തീര്‍ച്ച. നഷ്ടം രമക്കും അഭിനന്ദനം ടിപിയുടെ അമ്മക്കും മാത്രം. ഒഞ്ചിയംകാര്‍ക്ക് അഭിമാനിക്കാം അവര്‍ക്ക് ഇപ്പോള്‍ ഒരു ധീരവനിതയെക്കൂടികൂടി ലഭിച്ചിരിക്കുന്നു; രമയെ.
ലീലാമേനോന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: