കൊച്ചി: രൂപയുടെ മൂല്യത്തകര്‍ച്ച ഇന്ത്യന്‍ സാമ്പത്തിക മേഖലയില്‍ പുതിയ വെല്ലുവിളികളുയര്‍ത്തുന്നു. മൂല്യത്തകര്‍ച്ചമൂലം രൂപ കിതയ്ക്കുകയും ഇറക്കുമതി കുതിക്കുകയും സാമ്പത്തികരംഗം തളരുകയും ജനം പ്രതിസന്ധിയിലുമാകുമ്പോള് രാജ്യത്തെ സാമ്പത്തികമേഖല അതിജീവനത്തിന്റെ വെല്ലുവിളി നേരിടുകയാണ്. ഭരണകൂടത്തിന്റെ നയവൈകല്യങ്ങളും ആഗോളതലത്തിലുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധിയും അനിയന്ത്രിതമായ വിപണി-വിലക്കയറ്റവും നാടിന്റെ സാമ്പത്തിക മേഖലയ്ക്ക് പുതിയ വെല്ലുവിളിയും പ്രതിസന്ധിയും സൃഷ്ടിക്കുമ്പോള്‍ ജനം നിത്യജീവിതം നയിക്കുവാനുള്ള ദുരിതക്കയത്തില്‍ മുങ്ങിത്താഴുകയാണ്.
ആഗോളവല്‍ക്കരണം, ഉദാരവല്‍ക്കരണം, സ്വകാര്യവല്‍ക്കരണം തുടങ്ങി വിവിധതരം നയങ്ങള്‍ രാജ്യത്തെ പുരോഗതിയിലേക്ക് നയിച്ചതായി അവകാശപ്പെടുമ്പോള്‍, നാടിന്റെ സാമ്പത്തികരംഗം വിദേശനിക്ഷേപകരുടെയും വ്യതിയാനങ്ങളുടെയും നിയന്ത്രണങ്ങളുടെയും കരങ്ങളിലേക്ക് ചെന്നെത്തുകയാണ് ചെയ്യുന്നത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനകമുള്ള ഇന്ത്യയുടെ വികസന-വളര്‍ച്ച വിലയിരുത്തുന്നവര്‍ക്ക് ഇന്ത്യന്‍ കറന്‍സിയുടെ മൂല്യത്തകര്ച്ചയ്ക്കൊപ്പം കാര്‍ഷികം, വ്യവസായികം, ഉല്‍പ്പാദനം, വാണിജ്യം, നിര്‍മ്മാണം തുടങ്ങിയ മേഖലകള്‍ വിദേശ- കോര്‍പ്പറേറ്റ് കുത്തകകള്‍ കൈയടക്കുന്ന സ്ഥിതി കണ്ടില്ലെന്ന് നടിക്കാനും കഴിയില്ല. കാര്‍ഷിക സമൃദ്ധമായ ഇന്ത്യയില്‍ മാറിയ നയത്തെത്തുടര്‍ന്ന് നിലവില്‍ വന്ന സാഹചര്യത്തില്‍ നിക്ഷേപക സൗഹൃദ രാജ്യമായും ഉപഭോക്തൃ വിപണിയായും കണ്ടറിഞ്ഞ് ലാഭനേട്ടം കൊയ്യുന്ന ദര്‍ശനമാണ് വളര്‍ന്നുവന്നത്.
ഇന്ത്യന്‍ രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്ക് ഏറെ ഗതിവേഗം ദര്‍ശിച്ച രണ്ട് പതിറ്റാണ്ടുകളാണ് കടന്നുപോയത്. 1990കളില്‍ തുടക്കം കുറിച്ച ഉദാരവല്‍ക്കരണ-ആഗോളവല്‍ക്കരണ നയം പ്രഖ്യാപിച്ച് രണ്ട് പതിറ്റാണ്ട് പിന്നിട്ടപ്പോള്‍ ഇന്ത്യന്‍ സമ്പദ്ഘടന കരുത്താര്‍ജിച്ചതായി പ്രഖ്യാപിക്കുവാന്‍ നമുക്കാകുന്നില്ല. 1990-2012 കാലഘട്ടത്തിനകം ഇന്ത്യന്‍ രൂപയുടെ മൂല്യത്തകര്‍ച്ച 202 ശതമാനമാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഡോളറിനെതിരെയുള്ള ഇന്ത്യന്‍ കറന്‍സിയുടെ (രൂപ) മൂല്യത്തകര്‍ച്ചയ്ക്ക് പിന്നില്‍ ശക്തമായ ലോബികള്‍ പ്രവര്‍ത്തിക്കുന്നതായി ആരോപണമുയരുമ്പോള്‍ ഇന്ത്യന്‍ സമ്പദ്ഘടനയുടെ വളര്‍ച്ചാ നിരക്കും രൂപയുടെ മൂല്യത്തകര്‍ച്ചാ വ്യതിയാനവും ഇത് ശരിയാണെന്ന് വെളിപ്പെടുത്തുകയാണ് ചെയ്യുന്നത്.
1990ല്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 18 രൂപ 11 പൈസയായിരുന്നു. 1991ല്‍ ഇത് 25.79 രൂപയായി വര്‍ധിച്ചു. (ഉദാരവല്‍ക്കരണ-ആഗോളവല്‍ക്കരണ നയപ്രഖ്യാപനവര്ഷം). 1995ല്‍ 34.92 രൂപയായി. 2000ല്‍ 46.88 രൂപ, 2002 ല്‍ 48.23 രൂപ, 2003ല്‍ 45.66 രൂപ, 2004ല്‍ 44.00 രൂപ, 2005 ല്‍ 46.11 രൂപ, 2006ല്‍ 44.49 രൂപ, 2007ല്‍ 39.33 രൂപ എന്നിങ്ങനെയായി ഉയര്‍ച്ചയും താഴ്ചയും രേഖപ്പെടുത്തി.
അമേരിക്കയിലെ ബാങ്കിങ്ങ് മേഖല തകര്‍ച്ചയും ആഗോള സാമ്പത്തികമേഖല പ്രതിസന്ധിയും സൃഷ്ടിച്ചു. 2008ല്‍ രൂപയുടെ മൂല്യം 49.82 എന്ന റെക്കോഡ് കുറിച്ചു. 2009ല്‍ 46.29 രൂപയും 2010 ല്‍ 45.09 രൂപയും 2011 ല്‍ 51.10 രൂപയുമായി. ഡോളറിനെതിരായി മൂല്യം കണക്കാക്കിയപ്പോള്‍ 2012 വര്‍ഷം രൂപയ്ക്ക് വന്‍ തകര്‍ച്ചയാണുണ്ടായത്. 2012 മെയ് 18ന് രൂപയുടെ മൂല്യം 54.60 രൂപയെന്ന ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തുമ്പോഴും സാമ്പത്തിക വിദഗ്ധര്‍ 57 രൂപ വരെയായി ഇത് ഉയരുമെന്നാണ് വിലയിരുത്തുന്നത്.
ആഗോളതലത്തിലുണ്ടാകുന്ന സാമ്പത്തിക മാറ്റങ്ങളുടെ പേരില്‍ ഇന്ത്യന്‍ കറന്‍സിയുടെ മൂല്യം തകര്‍ന്നടിയുമ്പോള്‍ രാജ്യത്തെ സാമ്പത്തിക മേഖലയ്ക്കൊപ്പം ജനങ്ങളും വന്‍ പ്രതിസന്ധിയും വെല്ലുവിളികളും നേരിടുകയാണ്. രൂപയുടെ മൂല്യത്തകര്‍ച്ചയെത്തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷത്തിനകം ഇന്ത്യന്‍ കമ്പനികള്‍ക്ക് വിദേശ കടത്തിലുണ്ടായ നഷ്ടം 88,000 കോടി രൂപയുടേതാണെന്നാണ് പ്രാഥമിക വിലയിരുത്തല്‍. 2011 മാര്‍ച്ചില്‍ ഡോളറിനെതിരെ രൂപ 44.65 നിലവാരം രേഖപ്പെടുത്തിയപ്പോള്‍ 3.96 ലക്ഷം കോടി രൂപയായിരുരുന്നു ഇന്ത്യന്‍ കമ്പനികളുടെ വിദേശകടം. 2012 മാര്‍ച്ചിലിത് 4.84 ലക്ഷം കോടി രൂപയായി വര്‍ധിക്കുകയാണ് ചെയ്തത്.
രൂപയുടെ മൂല്യത്തകര്‍ച്ചമൂലം വിവിധയിനം ഇറക്കുമതി മൂലം ഇന്ത്യക്കുണ്ടാകുന്ന പ്രതിവര്‍ഷ നഷ്ടം ലക്ഷം കോടി രൂപയുടേതായിരിക്കുമെന്നാണ് കണക്കാക്കുന്നത്. 2011-12 വര്‍ഷം ഇന്ത്യയിലുണ്ടായ ഇറക്കുമതി സംഖ്യ 4,85,000 കോടി ഡോളറിന്റേതാണ്. ഇതില്‍ 1,45,000 കോടി ഡോളറിന്റേത് ക്രൂഡ്ഓയില്‍ ഇറക്കുമതിയാണ്. കൂടാതെ ഭക്ഷ്യഎണ്ണ ഇറക്കുമതി 52,000 കോടി രൂപ, ഭക്ഷ്യസാധനങ്ങളുടേത് 7126 കോടി രൂപ നിര്‍മ്മാണ സാമഗ്രികളുടെ ഇറക്കുമതി 80,000 കോടിയോളം രൂപ എന്നിങ്ങനെയാണെന്ന് ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകാലത്തെ സ്ഥിതിവിവര കണക്കുകള്‍ പ്രകാരം ഇന്ത്യയുടെ ഇറക്കുമതി തോത് നാലിരട്ടിയിലുമേറെയാണെന്നാണ് പറയുന്നത്.
ഓയില്‍, ലോഹങ്ങള്‍, നിയന്ത്രിത തോതില്‍ ഭക്ഷ്യഎണ്ണ എന്നിവയില്‍നിന്ന് പുതിയ കാലഘട്ടത്തില്‍ കാര്‍ഷികോല്‍പ്പന്നങ്ങളും നാണ്യവിളകളുമടക്കമുള്ളവയുടെ ഇറക്കുമതിയിലും ഇന്ത്യ മുന്നേറ്റം പ്രകടമാക്കിയതായാണ് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ഇതുമൂലം രൂപയുടെ മൂല്യത്തകര്‍ച്ച മൂലം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്കുണ്ടാകുന്ന നഷ്ടത്തിന്റെ തോത് വര്‍ധിക്കുമെന്നും ഇവര്‍ പറയുന്നു.
ഉല്പ്പാദനരംഗമാണ് രൂപയുടെ മൂല്യത്തകര്‍ച്ചയില്‍ തളരുന്ന മറ്റൊരു മേഖല. കഴിഞ്ഞ ഒരു വര്‍ഷത്തിനകം മൂല്യത്തകര്‍ച്ചമൂലം ഈ രംഗത്തുണ്ടായ നഷ്ടം ഒരുലക്ഷം കോടി രൂപയിലുമേറെയാണെന്നാണ് വിലയിരുത്തുന്നത്.
യന്ത്രസാമഗ്രികളും അസംസ്കൃത വസ്തുക്കളുടെയും ഇറക്കുമതിയിലുണ്ടായ വര്‍ധനവും രൂപയുടെ മൂല്യത്തകര്‍ച്ചയും കൂടി കണക്കാക്കിയാല്‍ വന്‍ വിലവര്‍ധനവാണ് ഈ മേഖലയില്‍നിന്നും പ്രതീക്ഷിക്കുന്നത്.
വിദേശനിക്ഷേപകരംഗവും മാന്ദ്യത്തിലാണ്. ഓഹരി വിപണിയുടെ അനിശ്ചിതത്വവും ഉയര്‍ന്ന നാണയപ്പെരുപ്പവും സാമ്പത്തിക വളര്‍ച്ചാ നിരക്കിന്റെ തിരിച്ചടിയും സമ്പദ്ഘടനയില്‍ മാറ്റമുണ്ടാക്കിയപ്പോള് വിദേശ നിക്ഷേപകര്‍ ആശങ്കയുണര്‍ത്തിക്കഴിഞ്ഞു. 2012 ഏപ്രില്‍ മാസത്തില്‍ 5000 കോടി ഡോളറാണ് വിദേശനിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍നിന്നും പിന്‍വലിച്ചത്. ഗൃഹോപകരണ വിപണിയിലും നിര്‍മ്മാണ മേഖലയിലും രൂപയുടെ മൂല്യത്തകര്‍ച്ച വന്‍ വിലവര്ധനവിനിടയാക്കുമെന്ന സൂചനയാണ് നല്‍കുന്നത്. ടൂറിസം രംഗത്തും രൂപയുടെ മൂല്യത്തകര്‍ച്ച തിരിച്ചടി സൃഷ്ടിച്ച് തുടങ്ങിയിട്ടുണ്ട്.
ഇന്ത്യന്‍ ഭരണകേന്ദ്രങ്ങളിലെ ചെലവ് ചുരുക്കലും പദ്ധതികളുടെ പ്രവര്‍ത്തന ചെലവും വിദേശ കടത്തിന്മേലുള്ള പലിശനിരക്ക് വര്‍ധനവും ധനക്കമ്മി വര്‍ധനവുമെല്ലാം രൂപയുടെ മൂല്യശോഷണത്തിന്റെ ഭീമമായ നഷ്ടക്കഥകളാണ് വെളിപ്പെടുത്തുവാനിരിക്കുന്നത്.
എസ്.കൃഷ്ണകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: