ആലുവ: പട്ടാപ്പകല്‍ വീട്ടില്‍ കയറി വൃദ്ധയെ ആക്രമിച്ച് പതിനൊന്ന് പവന് സ്വര്‍ണം തട്ടിയെടുത്തു. ആലുവ ടാസ് റോഡില്‍ എസ്എന്‍ഡിപി സ്കൂളിന് പിന്ഗേറ്റിന് സമീപത്ത് തനിച്ച് താമസിക്കുന്ന എന്റര്‍പ്രൈസസ് വീട്ടില്‍ പരേതനായ മാധവന് പിള്ളയുടെ ഭാര്യ ശാന്ത(75)യെയാണ് ആക്രമിച്ച് സ്വര്‍ണം കവര്‍ന്നത്. ഇന്നലെ വൈകിട്ട് 3 മണിയോടെയാണ് സംഭവം.
ശാന്തയുടെ ഒരു മകനും രണ്ട് പെണ്മക്കളും വിവാഹശേഷം ബംഗളൂരുവിലും അമേരിക്കയിലുമാണ് താമസിക്കുന്നത്. രാത്രിയിലും പകലുമായി രണ്ട് ജോലിക്കാരികളും രാത്രി ഒരു സെക്യൂരിറ്റി ജീവനക്കാരനും ഇവര്‍ക്കുണ്ട്. പകല്‍ വീട്ടുജോലിക്ക് നില്ക്കുന്ന നെടുമ്പാശ്ശേരി സ്വദേശിനിയായ തങ്കമ്മയെന്ന സ്ത്രീ വീട്ടില്‍ അതിഥികളെത്തിയിട്ടുണ്ടെന്ന് പറഞ്ഞ് 2.30 ഓടെ പോയി. അതിന് ശേഷമാണ് മോഷണം നടന്നത്. വീടിന്റെ പിന്‍വശത്തെ ഗ്രില്ല് വാതില്‍ തുറന്ന് അകത്തുകടന്ന മോഷ്ടാവ് മുന്‍വശത്തെ കസേരയില്‍ ടിവി കണ്ടുകൊണ്ടിരുന്ന ശാന്തയെ പിന്നില്‍നിന്ന് കണ്ണുകള്‍ രണ്ടും പൊത്തിയശേഷം വള ആവശ്യപ്പെടുകയായിരുന്നു. ഇടതുകൈയിലെ രണ്ട് വളകള്‍ മോഷ്ടാവ് തന്നെ ഊരിയെടുത്തശേഷം ശാന്തയുടെ കഴുത്തില്‍ കിടന്ന മാല പൊട്ടിച്ചെടുത്തു. തടയാന്‍ ശ്രമിച്ച ശാന്തയെ കഴുത്തില്‍ പിടിച്ച് തള്ളുകയും ചെയ്തു. ശാന്ത നിലത്ത് വീണതോടെ വലത് കൈയിലുള്ള വളകള്‍ ഊരിയെടുക്കാതെതന്നെ അഞ്ച് മിനിറ്റിനകം പ്രതി പിന്നിലൂടെതന്നെ ഓടി രക്ഷപ്പെടുകയും ചെയ്തു.
ചുവപ്പ് നിറത്തിലുള്ള ഷര്‍ട്ടാണ് പ്രതി ധരിച്ചിരുന്നതെന്ന് ശാന്ത പോലീസിനോട് പറഞ്ഞു. 2.30ന് വീട്ടിലേക്കുപോയ ജോലിക്കാരിയെയും സെക്യൂരിറ്റി ജീവനക്കാരനെയും ഇന്ന് പോലീസ് ചോദ്യം ചെയ്യും. ആലുവ ഡിവൈഎസ്പി ആര്.സലീം, സ്പെഷ്യല്‍ബ്രാഞ്ച് ഡിവൈഎസ്പി പി.അനില്‍ കുമാര്‍, സിഐ എസ്.ജയകൃഷ്ണന് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: