കൊച്ചി: സീപോര്‍ട്ട്- എയര്‍പോര്‍ട്ട് റോഡിന്റെ രണ്ടാംഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഇതിന് മുന്നോടിയായി സര്‍വ്വേ നടപടികളുടെ ഉദ്ഘാടനം പൊതുമരാമത്ത് മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞ് നിര്‍വഹിച്ചു. കളമശ്ശേരി എച്ച്.എം.ടി റോഡില്‍ പള്ളിലാങ്കര തോഷിബ ജംഗ്ഷനില്‍ നിന്നും എന്‍.എ.ഡി വരെയുള്ള ആദ്യഘട്ട സര്‍വേയാണ് ആരംഭിച്ചത്. ഇത് 10 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്ന് ഉദ്ഘാടന ശേഷം മന്ത്രി പറഞ്ഞു.
ആറ് വില്ലേജുകളിലായാണ് വികസനത്തിന് സ്ഥലമേറ്റെടുക്കേണ്ടി വരിക. ഇതിന്റെ ഭാഗമായാണ് സര്‍വേ നടക്കുന്നത്. നെടുമ്പാശ്ശേരി വരെ വികസിപ്പിക്കുന്നതിന് 13.65 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നത്. മുന്‍ നിശ്ചയിച്ച രൂപരേഖയില്‍ ഒരു മാറ്റവും റോഡിന്റെ കാര്യത്തിലില്ല. നെടുമ്പാശ്ശേരിയില്‍ ഗോള്‍ഫ് ക്ലബ്ബിന്റെ സ്ഥലത്തു കൂടിയാണ് രൂപരേഖയുള്ളത്. അവിടെ നിര്‍മാണ പ്രവര്ത്തനമെത്തുമ്പോഴേക്കും ഗോള്‍ഫ് ക്ലബ്ബിനെ നശിപ്പിക്കാത്ത രീതിയിലുള്ള ചെറിയ മാറ്റമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
ഇതോടൊപ്പം തന്നെ രണ്ടാംഘട്ടത്തിലുള്‍പ്പെടുത്തി തോട്ടുമുഖം മഹിളാലയ ജംഗ്ഷനിലും തുരുത്തിലും പാലങ്ങള്‍ നിര്‍മിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇവ രണ്ടു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ടാംഘട്ട വികസനത്തിന് 662 കോടി രൂപയാണ് മൊത്തം അടങ്കല്‍ തുക. 10 വര്‍ഷം മുമ്പാരംഭിച്ച സീപോര്‍ട്ട്- എയര്‍പോര്‍ട്ട് റോഡിന്റെ വികസനത്തിന് 100 കോടിയായിരുന്നു ചെലവ് കണക്കാക്കിയിരുന്നത്. പല കാരണത്താല്‍ നിര്‍മാണം വൈകിയതിനാല്‍ ഇപ്പോള്‍ 562 കോടി അധികമായി വേണ്ടിവന്നു. അനിവാര്യമായ പദ്ധതികള്‍ മനപ്പൂര്‍വം വൈകിപ്പിക്കുന്നതിലൂടെ ചെലവുകുത്തനെ കൂടുമെന്നല്ലാതെ ഒരു പ്രയോജനവും ലഭിക്കില്ലെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
ആദ്യഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും സര്‍വേ നടപടികള്‍ക്കുമായി 45 കോടി അനുവദിച്ചിട്ടുണ്ട്. നാലു വര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് വായ്പ ലഭ്യമാക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കരിങ്ങാച്ചിറ മുതല്‍ നെടുമ്പാശ്ശേരി വരെയുള്ള ഭാഗങ്ങളില്‍ റോഡ് വികസനത്തിനോടനുബന്ധിച്ച് ബലൂണ്‍-റിബ്ബണ്‍ ഡവലപ്മെന്റ് പദ്ധതി ആലോചിച്ചിരുന്നു. ഇതിനു കൂടുതല്‍ സ്ഥലം ഏറ്റെടുക്കേണ്ടി വരുന്നതിനാല്‍ തത്കാലത്തേക്ക് ഒഴിവാക്കിയിരിക്കുകയാണ്. ജനങ്ങളുടെ ബുദ്ധിമുട്ട് പരമാവധി പരിഹരിച്ചുമാത്രമേ നിര്‍മാണ പ്രവര്‍ത്തനം നടത്തൂ- മന്ത്രി പറഞ്ഞു.
റോഡ്സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷനാണ് പദ്ധതിയുടെ നിര്‍മാണ ചുമതല. ജില്ല കളക്ടര്‍ പി.ഐ.ഷെയ്ക്ക് പരീത്, കളമശ്ശേരി നഗരസഭ ചെയര്മാന് ജമാല്‍ മണക്കാടന്, ലാന്റ് അക്വിസിഷന്‍ ഡപ്യൂട്ടി കളക്ടര്‍ മോഹന്ദാസ്പിള്ള, നഗരസഭ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന്മാര് തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: