സിപിഎം സംസ്ഥാന നേതൃത്വം മാറണമെന്നും പാര്‍ട്ടി നേതൃത്വത്തിന്റെ തെറ്റായ നിലപാട് തിരുത്താന്‍ കേന്ദ്ര കമ്മറ്റിയും സംസ്ഥാന സമിതിയും വിളിച്ചുചേര്‍ക്കണമെന്നും പാര്‍ട്ടി രാഷ്ട്രീയം ഈ നിലയില്‍ തുടരാനാണ് തീരുമാനമെങ്കില്‍ തനിക്ക് പ്രതിപക്ഷ നേതാവായി തുടരാന്‍ സാധ്യമല്ല എന്നും വി.എസ്.അച്യുതാനന്ദന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനും സീതാറാം യെച്ചൂരിക്കും അയച്ച കത്തുകള്‍ അന്ത്യശാസനമായി തന്നെയാണ് വീക്ഷിക്കപ്പെടുന്നത്. കത്ത് കിട്ടിയിട്ടില്ല എന്ന് സിപിഎം പാര്‍ട്ടി നേതാക്കള്‍ അവകാശപ്പെടുമ്പോഴും കത്തയച്ചു എന്നത് മാധ്യമ കള്ളപ്രചാരണം മാത്രമാണെന്നും പിണറായി വിജയന് ഉദ്ഘോഷിക്കുമ്പോഴും വിഎസ് തിങ്കളാഴ്ച മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞത് താന്‍ സിപിഎം നേതാക്കള്‍ക്ക് കത്തുകള്‍ അയച്ചുവെന്നും പക്ഷേ ഉള്ളടക്കം വെളിപ്പെടുത്തില്ല എന്നുമായിരുന്നു. വിഎസിന്റെ കത്ത് കിട്ടിയതായി പ്രകാശ് കാരാട്ടും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ കത്ത് കിട്ടിയിട്ടില്ല എന്നുപറഞ്ഞ് കത്തിനെ തിരസ്ക്കരിക്കാനുള്ള സിപിഎം നേതൃത്വ തന്ത്രവും കെട്ടുകഥയാണെന്ന് പറഞ്ഞ് സ്വയം രക്ഷപ്പെടാനുള്ള പിണറായി വിജയന്റെ ശ്രമവും പരാജയപ്പെട്ടിരിക്കുകയാണ്.
ടി.പി.ചന്ദ്രശേഖരന് പൈശാചികമായി കൊല്ലപ്പെട്ടതിന് ശേഷവും പിണറായി വിജയന് പരേതനെ കുലംകുത്തിയെന്ന് ആക്ഷേപിച്ചതിനെ എതിര്‍ത്ത് വിഎസ് പറഞ്ഞത് അയാള്‍ ധീരനായ കമ്മ്യൂണിസ്റ്റ് ആയിരുന്നുവെന്നാണ്. അതിനുശേഷം വിഎസ്-പിണറായിയെ ഡാങ്കേയോടുപമിച്ചിരുന്നു. ഇപ്പോള്‍ കണ്ണൂര്‍ ലോബിയായി ചുരുങ്ങിയ സിപിഎം നേതൃത്വത്തിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെയും ക്രിമിനല്‍വല്‍ക്കരണത്തിനെതിരെയും അവിഹിത ധനസമ്പാദനത്തിനെതിരെയും വലതുപക്ഷ വ്യതിയാനത്തിനെതിരെയുമാണ് വിഎസ് ക്ഷുഭിതനായി കത്തെഴുതിയിരിക്കുന്നത്. കുലംകുത്തിയെന്ന പ്രയോഗംതന്നെ കുലമഹിമയിലും വംശമഹിമയിലുമുള്ള അഭിമാനമാണ്, മാര്‍ക്സും ഏംഗല്‍സും വിഭാവനം ചെയ്ത സമത്വ വാദമല്ല തെളിയിക്കുന്നത്. കൊലപാതക രാഷ്ട്രീയം പാര്‍ട്ടിയെ നശിപ്പിക്കുമെന്നും വിഎസ് മുന്നറിയിപ്പ് നല്കുന്നു. പ്രതിപക്ഷ നേതൃസ്ഥാനം ത്യജിച്ച് ആദര്‍ശ പരിവേഷമണിഞ്ഞ് വിഎസ് പാര്‍ട്ടി വിട്ടാല്‍ കൂടെപ്പോരാന്‍ ലക്ഷങ്ങളുണ്ടാകുമെന്ന വസ്തുതയാണ് പാര്‍ട്ടിയെ അങ്കലാപ്പിലാക്കുന്നത്. പിണറായിയുടെ ധാര്‍ഷ്ട്യത്തിന്റെ പ്രകടനമായിരുന്നു അറസ്റ്റിലായ കൂത്തുപറമ്പ് ഏരിയാ കമ്മറ്റി ഓഫീസ് സെക്രട്ടറിയായ ബാബുവിനെ, എം.വി.ജയരാജന് സംഘം ചേര്‍ന്ന് കുത്തിയിരുപ്പ് സത്യഗ്രഹം നടത്തി ജയിലില്‍നിന്ന് ഇറക്കിക്കൊണ്ടുപോയ സംഭവം. ബാബുവിനെ ചോദ്യം ചെയ്തപ്പോള്‍ കൊലയാളികളും കൊലയ്ക്ക് നിര്‍ദ്ദേശം നല്കിയവരും തമ്മിലുള്ള ബന്ധം പോലീസിന് ലഭിച്ചത് കണ്ണൂര്‍ ലോബിയെ പരിഭ്രാന്തരാക്കിയിട്ടുണ്ട്. സിപിഎം എന്നാല്‍ ഇന്ന് പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ജയരാജ ത്രയവുമാണ്. ചന്ദ്രശേഖരന് വധം ആസൂത്രണം ചെയ്തതില്‍ പി.ജയരാജനെതിരെ വിരല്ചൂണ്ടപ്പെട്ടുകഴിഞ്ഞു. ഇതിലെല്ലാം പ്രകോപിതനായ പിണറായി വിജയന് പ്രഖ്യാപിച്ചത് പാര്‍ട്ടി ഓഫീസ് റെയ്ഡ് ചെയ്താല്‍ പാര്‍ട്ടി തീപ്പന്തമാകുമെന്നും യുഡിഎഫിന് പോലീസ് സംരക്ഷണം വേണ്ടിവരുമെന്നുമാണ്. കേരളം ചോരക്കളമാകാനുള്ള സാധ്യതകളാണ് ഇത് തെളിയിക്കുന്നത്.
ഇന്ത്യയില്‍ സിപിഎം അപ്രത്യക്ഷമായിക്കൊണ്ടരിക്കുന്ന സാഹചര്യത്തില്‍ പാര്‍ട്ടി നിലനില്‍ക്കുന്ന ഏക സംസ്ഥാനമായ കേരളത്തിലെ സിപിഎം സെക്രട്ടറിയുടെ നിലപാടിനെ പിന്താങ്ങുംവിധമാണ് പ്രകാശ് കാരാട്ടും സീതാറാം യെച്ചൂരിയും നിലപാടെടുക്കുന്നത് എന്നതും അച്യുതാനന്ദനെ ക്ഷുഭിതനാക്കുന്നുണ്ട്. താന്‍ ഉന്നയിച്ച വിഷയങ്ങള്‍ ഗൗരവമായല്ല കേന്ദ്രനേതൃത്വം കൈകാര്യം ചെയ്യുന്നതെന്ന് വിഎസ് തിരിച്ചറിഞ്ഞുകഴിഞ്ഞു. വിഎസ് മുമ്പും കേന്ദ്രനേതൃത്വത്തിനയച്ച കത്തുകള്‍ പരിഗണിക്കപ്പെടാതെ പോയിട്ടുണ്ട്. കത്ത് കിട്ടിയിട്ടേ ഇല്ല എന്ന കേന്ദ്ര നേതൃത്വത്തിന്റെ നിലപാടിലൂടെ ചരിത്രം ആവര്‍ത്തിക്കുമെന്ന ആശങ്കയും വിഎസില്‍ ഉണര്‍ത്തുന്നു. ഈ പശ്ചാത്തലത്തിലാണ് പിണറായിയെ ഡാങ്കേയോട് ഉപമിച്ച് 1964ലെ പിളര്‍പ്പിന്ന് സമാനമായ രാഷ്ട്രീയ സാഹചര്യമാണ് ഇപ്പോഴെന്ന് വിഎസ് പ്രസ്താവിച്ചത്. പാര്‍ട്ടി അണികളില്‍ ഭൂരിപക്ഷം വിഎസിനോടൊപ്പമാണെന്ന് കേന്ദ്ര നേതൃത്വത്തിനറിയാം. തിങ്കളാഴ്ച ആര്‍എംപി നേതാക്കള്‍ വിഎസിന്റെ വീട്ടിലെത്തി ചര്‍ച്ച ചെയ്തതും ദുഃസൂചനകളാണ് കണ്ണൂര്‍ ലോബിക്ക് നല്‍കുന്നത്.
വിഎസ് പാര്‍ട്ടിയില്‍നിന്നും പുറത്തുപോകുമെന്ന് ഭീഷണി മുഴക്കുന്നത് വിഎസിനെതിരെയുള്ള ഭൂമിദാന കേസിലും സ്വജനപക്ഷപാത ആരോപണത്തിലും മകന് അരുണ്‍കുമാറിനെതിരെയുള്ള കേസുകളും ശക്തിപ്രാപിച്ചപ്പോഴാണ് എന്നത്, പുറത്തുവരാന്‍ വിഎസിന്റെ അവസാന തന്ത്രമാണോ എന്ന സംശയം ഉണര്‍ത്തുന്നുണ്ട്. കേസന്വേഷണം ഊര്‍ജിതമായാല്‍ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടാല്‍ ത്യജിക്കേണ്ടിവരുന്ന പ്രതിപക്ഷ സ്ഥാനം ആദര്‍ശ-രക്തസാക്ഷി പരിവേഷം നേടാനുള്ള തന്ത്രമായി വിഎസ് ഉപയോഗിക്കുകയാണോ എന്ന ചോദ്യം ഉയരുന്നുണ്ട്. അതിനുകാരണം അവസരം ഉപയോഗപ്പെടുത്തുവാനുള്ള അദ്ദേഹത്തിന്റെ അപാര സിദ്ധിയാണ്. അതോ തനിക്കെതിരെയുള്ള കേസുകള്‍ ഇല്ലാതാക്കാനായി യുഡിഎഫുമായുണ്ടാക്കുന്ന ഒത്തുതീര്‍പ്പിന്റെ പിന്നാമ്പുറമാണോ ഇത്? ടിപി കൊലപാതക കേസന്വേഷണം പോലീസ് തൃപ്തികരമായല്ല നിര്‍വഹിക്കുന്നത് എന്ന സംശയം ബലപ്പെടുന്നത് ബാബുവിനെ ഇറക്കിക്കൊണ്ടുപോകാനുള്ള എം.വി.ജയരാജന്റെ ശ്രമം വിജയിക്കാന്‍ പോലീസ് കൂട്ടുനിന്നതിനാലാണ്. പോലീസില്‍ സിപിഎം ലോബി മാത്രമല്ല കണ്ണൂര്‍ ലോബിയും ശക്തമായി ഉണ്ടെന്ന പരക്കെ അംഗീകരിക്കപ്പെട്ട യാഥാര്‍ത്ഥ്യത്തിലേക്കാണ് കേന്ദ്ര സഹമന്ത്രി വയലാര്‍ രവിയും വിരല്‍ ചൂണ്ടിയിരിക്കുന്നത്. ഇതെല്ലാം ഒരു ഒത്തുകളി നടക്കുന്നുണ്ടോ എന്ന സംശയമുളവാക്കുന്നു.
നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ചന്ദ്രശേഖരന്റെ കൊലപാതകവും വി.എസ്.അച്യുതാനന്ദന്റെ പാര്‍ട്ടി നേതൃത്വത്തിനെതിരെയുള്ള വിമര്‍ശനങ്ങളും സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. നെയ്യാറ്റിന്‍കരയില്‍ പ്രചാരണം നയിക്കുന്നത് അച്യുതാനന്ദനല്ല കോടിയേരി ബാലകൃഷ്ണനാണ്. അച്യുതാനന്ദന് പ്രചാരണാനുമതി നല്‍കിയിരിക്കുന്നത് വെറും രണ്ട് ദിവസമാണ്. വിഎസ് എന്ന ടൈംബോംബ് എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തെറിച്ചേക്കാമെന്ന ആശങ്ക കണ്ണൂര്‍ സിപിഎമ്മിനുണ്ട് എന്ന് വ്യക്തമാണ്. ഈ കാരണം കൊണ്ടുതന്നെ വിഎസിന്റെ സ്ഥാനത്യാഗ ഭീഷണിയും നേതൃത്വമാറ്റ ആവശ്യവും തെരഞ്ഞെടുപ്പ് കഴിയുംവരെ പരിഗണനാ വിഷയംപോലും ആകാനുള്ള സാധ്യതയില്ല. വിഎസിന്റെ പാര്‍ട്ടിയിലെ ഭാവി നെയ്യാറ്റിന്‍കര തീരുമാനിക്കുമോ, അതോ ആദര്‍ശ-രക്തസാക്ഷി പരിവേഷത്തിനായി വിഎസ് പാര്‍ട്ടി വിട്ട് പുതിയ പാര്‍ട്ടി രൂപീകരിക്കുമോ എന്നതാണ് കേരളം ഉറ്റുനോക്കുന്നത്. ഇത് കൊലപാതക രാഷ്ട്രീയത്തിന്റെ മാത്രം കാലമല്ല, പിരിമുറക്ക രാഷ്ട്രീയത്തിന്റെയും കൂടി സമയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: