കൊച്ചി: ദേശീയ കപ്പലോട്ട നിയമം പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ നടപടി പൂര്‍ത്തിയായതായി കേന്ദ്ര ഭക്ഷ്യ, പൊതുവിതരണ മന്ത്രി പ്രൊഫ. കെ.വി. തോമസ് പറഞ്ഞു. പന്ത്രണ്ട് നോട്ടിക്കല്‍ മെയില്‍ വരെ സമുദ്രാതിര്‍ത്തി സംസ്ഥാനങ്ങളുടെ അധികാരത്തിലും 12 മുതല്‍ 200 നോട്ടിക്കല്‍ മെയില്‍ വരെ കേന്ദ്രത്തിന്റെ അധികാരത്തിലുമാക്കുന്ന നിയമമാണ് തയാറാക്കിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പനങ്ങാട് കേരള ഫിഷറീസ് – സമുദ്ര പഠന സര്‍വകലാശാല അക്കാദമിക് കെട്ടിടസമുച്ചയത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു പ്രൊഫ. കെ.വി. തോമസ്.
കേന്ദ്രം സംസ്ഥാനത്തിന് നല്കുന്ന സഹായം സമയബന്ധിതമായി പ്രയോജനപ്പെടുത്തണം. വെറ്ററിനറി സര്‍വകലാശാലയ്ക്ക് കഴിഞ്ഞ ബജറ്റില്‍ 100 കോടി രൂപ അനുവദിച്ചെങ്കിലും ഇതുവരെയും ചെലവഴിച്ചിട്ടില്ല. സമുദ്ര പഠന സര്‍വകലാശാലയ്ക്ക് ഇത്തരത്തില്‍ സഹായം അനുവദിക്കുന്നതിന് മുന്‍ഗണന നല്‍കുമെന്ന് മന്ത്രി വ്യക്തമാക്കി.
ഫിഷറീസ് മന്ത്രി കെ. ബാബു അധ്യക്ഷത വഹിച്ചു. എംഎല്‍എമാരായ ഡൊമിനിക് പ്രസന്റേഷന്, എസ്. ശര്‍മ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പള്ളി, മരട് നഗരസഭാ ചെയര്മാന് ടി.കെ. ദേവരാജന്‍, പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി. സുധാംബിക, കുമ്പളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ജെ. ജോസഫ് മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വൈസ് ചാന്‍സലര്‍ പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് സ്വാഗതവും രജിസ്ട്രാര്‍ എബ്രഹാം ജോസഫ് നന്ദിയും പറഞ്ഞു. തീരദേശ വികസന കോര്പ്പറേഷന് മാനേജിങ് ഡയറക്ടര്‍ ഡോ. കെ. അമ്പാടി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: