നിങ്ങള്‍ തെറ്റിദ്ധരിക്കരുത്. വാസ്തവത്തില്‍ മാനവികത കടല്‍പോലെ നിറഞ്ഞു കിടക്കുന്ന പാര്‍ട്ടിയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്). എന്നു വെച്ചാല്‍ നമ്മുടെ സ്വന്തം സിപിഎം. ഈ പാര്‍ട്ടിക്ക് ഒരു കോഴിയെ കൊല്ലാന്‍ പോലും കഴിയില്ല. കാരണം അത്രയ്ക്കും കാരുണ്യം നിറഞ്ഞുകവിയുന്ന തത്വശാസ്ത്രമാണ് അവരുടേത്. പിന്നെ പേരുദോഷം വരുത്താന്‍ കുടുംബത്തില്‍ ഒന്നോരണ്ടോ പേര് മതിയല്ലോ. മൊത്തം പാരമ്പര്യം പോയവഴി കാണില്ല.
അതാണിപ്പോള്‍ ഒഞ്ചിയത്തെ ടി.പി. ചന്ദ്രശേഖരന്റെ വധത്തിലും സംഭവിച്ചിരിക്കുന്നത്. പാര്‍ട്ടിയുടെ ചില കോമ്രേഡുകളെ പോലീസ് പിടികൂടിയിട്ടുണ്ട്. മേപ്പടി കോമ്രേഡുകള്‍ പാര്‍ട്ടിയോട് ചോദിച്ചിട്ടല്ല സിനിമ കാണുന്നത്, കള്ള് കുടിക്കുന്നത്, അടിപിടിയുണ്ടാക്കുന്നത്. അങ്ങനെയൊക്കെ സംഭവിച്ചാല്‍ ആയത് പി.ബി പറഞ്ഞിട്ടാണ്, സിസി പറഞ്ഞിട്ടാണ്, സംസ്ഥാന സെക്രട്ടറി പറഞ്ഞിട്ടാണ് എന്നൊക്കെ പറയാന്‍ തുടങ്ങിയാല്‍ കാള്‍ മാര്‍ക്സേ കാര്യം കഷ്ടമാണ്. അതാണ് വളരെ മുമ്പെ പച്ച മലയാളത്തില്‍ പറഞ്ഞത്, ഈ പാര്‍ട്ടിയെക്കുറിച്ച് നിങ്ങള്‍ക്ക് ഒരു ചുക്കുമറിയില്ലെന്ന്.
അല്ലെങ്കില്‍ നോക്കിന്, എന്ത് പ്രത്യയശാസ്ത്ര പ്രതിസന്ധിയാണ് ഒഞ്ചിയത്തുണ്ടായത്. ഏറാമലയിലും അഴിയൂരിലും അധികാര കൈമാറ്റത്തിനായി പാര്‍ട്ടി പച്ചക്കൊടി കാണിച്ചപ്പോള്‍ പറ്റില്ല എന്ന് ശഠിച്ച് ചെങ്കൊടി കാണിച്ചു ചന്ദ്രശേഖരനും സംഘവും. തികച്ചും മാനവികതയും മാന്യതയും ജനാധിപത്യവും പുലരുന്ന ഈ പാര്‍ട്ടിക്ക് പാര്‍ലമെന്ററി വ്യാമോഹം എന്നൊരു സംഗതി ഏഴയലത്തുപോലും ഇല്ല. പിന്നെ ജനങ്ങള്‍ നിര്‍ബന്ധിച്ച് എം.എല്‍.എയും എം.പിയുമൊക്കെ ആക്കുമ്പോള്‍ എതിര്‍പ്പ് കാണിക്കാറില്ല എന്നു മാത്രം. കമ്യൂണിസത്തിന്റെ കരുത്ത് തന്നെ ഇമ്മാതിരി നീക്കുപോക്കിലും സഹിഷ്ണുതയിലും കൂടി ഉരുവം കൊണ്ടതാണ്. ഇതിനെക്കുറിച്ച് എത്ര ക്ലാസെടുത്തിട്ടും എത്ര വിശദീകരണങ്ങള്‍ നല്‍കിയിട്ടും ഒഞ്ചിയത്തെ റവല്യൂഷണറിക്കാര്‍ക്ക് മനസ്സിലായില്ല. അവര്‍ അധികാരത്തിന്റെ അപ്പക്കഷണത്തിനു വേണ്ടിത്തന്നെ വാശിപിടിച്ചു. എന്നാല്‍ നിങ്ങള്‍ക്ക് നിങ്ങളുടെ വഴി എന്നു പറഞ്ഞ് ലാല്‍സലാം കൊടുത്തു പിരിയുകയാണുണ്ടായത്.
അങ്ങനെ നാടകത്തിന്റെ വികാരനിര്‍ഭരമായ രംഗം കഴിഞ്ഞ ശേഷം എത്ര സ്നേഹവായ്പോടുകൂടിയാണ് സഖാക്കള്‍ ചന്ദ്രശേഖരനോടും സംഘത്തോടും പെരുമാറിയത്. പാര്‍ട്ടിയിലുണ്ടായിരുന്നപ്പോള്‍ ദേഷ്യപ്പെട്ട് പറഞ്ഞ വാക്കുപോലും പിന്നീട് ഉപയോഗിക്കുകയുണ്ടായില്ല. എവിടെ കണ്ടാലും ടിപിക്ക് ഒരു ചായ വാങ്ങിക്കൊടുത്തേ വിടാറുണ്ടായിരുന്നുള്ളൂ. സഖാക്കളുടെ കല്യാണവീട്ടില്‍ ടിപി എത്തിയാല്‍ വയറുനിറയെ ഭക്ഷണം കൊടുക്കുക മാത്രമല്ല, കൂടെ ഭാര്യയും മകനുമില്ലെങ്കില് അവര്‍ക്കുള്ള ഭക്ഷണം പൊതിഞ്ഞു കൊടുത്തയക്കാന്‍ കൂടി സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. പാര്‍ട്ടിയിലുള്ളതിനേക്കാള്‍ ശ്രദ്ധയോടെയാണ് ടിപിയെ പിന്നെ പാര്‍ട്ടി പരിപാലിച്ചു വന്നത്. അങ്ങനെയുള്ളപ്പോള്‍ പാര്‍ട്ടി എങ്ങനെ ടി പിയെ കൊല്ലും, പറയിന്‍? ഒരു ലോജിക്കുമില്ലാതെ മാധ്യമങ്ങളും അത്യാവശ്യം ജനങ്ങളും ഇങ്ങനെ പ്രാകിയാല്‍ സെക്രട്ടറിയേറ്റിന് വിശദീകരണം ഇറക്കാതിരിക്കാനാവുമോ?
പാര്‍ട്ടിയിലുണ്ടായിരുന്നപ്പോള്‍, അധികാരം എന്നു കേള്‍ക്കുമ്പോള്‍ – അതായത് പാര്‍ലമെന്ററി വ്യാമോഹം- നേരെ പുറംതിരിഞ്ഞു നിന്നിരുന്നു ചന്ദ്രശേഖരന്. റവല്യൂഷണറിയായതോടെ വേണ്ടാത്ത ചില വികാരങ്ങള്‍ വന്നു; വിവേകം നഷ്ടപ്പെട്ടു. ഒരു തരം ഉന്മാദം തന്നെയായിരുന്നു ടി പിക്ക്. അതിന്റെ മൂര്‍ധന്യത്തില്‍ ആരൊക്കെയോ ആയി സംഘര്‍ഷത്തില്‍പ്പെട്ടു. ആത്യന്തികഫലം ക്യാപ്പിറ്റല്‍ പണിഷ്മെന്റായി. സാധാരണ പത്രങ്ങള്‍ വാങ്ങി വായിക്കുന്ന വിദ്വാന്മാര്‍ക്കൊന്നും ഇതിനെക്കുറിച്ച് ശരിയായ വിവരം കിട്ടില്ല. അതിന് നേര് നേരത്തെ അറിയിക്കുന്ന നേരൂഹന്‍പത്രം തന്നെ വേണം. ആയതിനാല്‍ പാര്‍ട്ടിക്ക് ഇക്കാര്യത്തില്‍ വിഷമമുണ്ട് സഖാക്കളേ, ക്ഷമിക്കണം നാട്ടുകാരേ. ഊതിവീര്‍പ്പിക്കപ്പെട്ട ബലൂണിന്റെ കാര്യത്തെക്കുറിച്ച് ഇനി പ്രത്യേകിച്ച് വല്ലതും പറയേണ്ടതുണ്ടോ? ഇതൊക്കെ വളരെ കൃത്യമായി ഇവിടുത്തെ സാംസ്കാരിക നായകന്മാര്ക്ക് അറിയാം. അതുകൊണ്ടല്ലേ ആണത്തമുള്ള (പെണ്ണത്തവും) നിലപാട് അവര്‍ സ്വീകരിച്ചത്. എല്ലാ സാംസ്കാരിക കോമ്രേഡുകള്‍ക്കും അടുത്ത കോണ്‍ഗ്രസ്സില്‍ ഒരു പ്രത്യേക സമ്മാനം കരുതിവെച്ചിട്ടുണ്ട്. പാര്‍ട്ടിയെക്കുറിച്ച് ഒരു ചുക്കുമറിയാത്തവര്‍ ഇനിയും പലതും പറയും. അതൊന്നും ചെവിക്കൊള്ളണ്ട; ലാല്‍സലാം.
ഏതായാലും പാര്‍ട്ടിയുടെ നിഗമനങ്ങള്‍ക്ക് അരുനില്ക്കാന് ഭൂമിമലയാളത്തില് ഒരുവിധപ്പെട്ട മാധ്യമങ്ങളൊന്നും തയ്യാറായിട്ടില്ല. ഒരര്‍ഥത്തില്‍ അവര്‍ക്കൊക്കെ ചാകരയായിട്ടുണ്ട് മേപ്പടി സംഭവം എന്നത് വേറെകാര്യം. മാതൃഭൂമി ആഴ്ചപ്പതിപ്പ്, മാധ്യമം, മലയാളം, കലാകൗമുദി എന്നിവയൊക്കെ ആവുന്നത്ര പൊലിപ്പിച്ചിരിക്കുന്നു വിഷയം. ധീരനായ കമ്യൂണിസ്റ്റി(വിഎസ്സിനോട് കടപ്പാട്)ന്റെ വലിപ്പച്ചിത്രം കവറാക്കി പുറത്തിറക്കിയ മലയാളം വാരിക (മെയ് 18)യില്‍ ഒഞ്ചിയം വിഭവങ്ങള്‍ ആറാണ്. കേരളം കാത്തിരിക്കുന്ന ഉത്തരം എന്ന മുഖപ്രസംഗത്തില്‍ ആദ്യമായി ഒരു ചിത്രവും നല്കിയിരിക്കുന്നു; ചന്ദ്രശേഖരന്റെ.
തിരുവഞ്ചൂര്‍ രാധാകൃഷ്ണനോട് മലയാളം ചോദിക്കുന്ന ചോദ്യത്തിന്റെ കാതല്‍ ഇതാ ഇതില്‍ നിങ്ങള്ക്കുകാണാം: അച്ഛനെ നഷ്ടപ്പെട്ട അഭിനന്ദിന് അച്ഛനെ തിരിച്ചു നല്കാന് സാധിക്കില്ല. രമയ്ക്ക് നഷ്ടപ്പെട്ട ജീവിതസഖാവിനെയും മടക്കിക്കൊടുക്കാനാവില്ല. എന്നാല്‍, നിരാധാരമായ ആ ജീവിതങ്ങള്‍ക്ക് ആശ്വാസം നല്കാന് സാധിക്കും. കൊലപാതകികളെയും കൊലപാതകത്തിനു അവരെ നിയോഗിച്ചവരെയും കണ്ടെത്തിവേണം ആശ്വാസം നല്‍കേണ്ടത്. അതിന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് സാധിക്കുമോ? ഇത് മലയാളത്തിന്റെ ചോദ്യമല്ല; മനുഷ്യമനസ്സാക്ഷിയുടേതാണ്. ഉത്തരമുണ്ടാവുമെന്ന് നമുക്കു കരുതുക. കാരണം അത്രമാത്രം നമ്മള് ടിപിയെ സ്നേഹിച്ചു പോയി.
ഏവര്‍ക്കും പ്രിയങ്കരനായ സഖാവ് എന്ന് ടി.കെ. മായാദേവിയും, സാഹസികതയെ പ്രണയിച്ച ചന്ദ്രശേഖരന് എന്ന് സിപി ജോണും, എന്റെ സ്നേഹിതന് എന്ന് ഐവി ബാബുവും പകയുടെ മടവാളുകള്‍ ഇറുത്ത രക്തപുഷ്പം എന്ന് സജി ജെയിംസും നമ്മുടെ ക്വട്ടേഷന്‍ മാലാഖമാരും ഒരു ജീവതാരകവും എന്ന് എസ് ഗോപാലകൃഷ്ണനും സ്മരിക്കുന്നു. ഉറപ്പ്, ഏതു കഠിനഹൃദയന്റെ കണ്ണിലും ചന്ദ്രശേഖരനുവേണ്ടി അറിയാതെ കണ്ണീര് ഉറന്ന് വരും. ധീരനായ ആ കമ്യൂണിസ്റ്റിന്റെ ജീവിതം ബഹുഭൂരിപക്ഷവും മാനവികതയുടെ സ്നേഹമസൃണമായ ആശ്വാസതീരമായിരുന്നു. അത്തരം ആശ്വസിപ്പിക്കല്‍ പ്രോഫിറ്റേറിയന്‍ കമ്മ്യൂണിസ്റ്റുകളുടെ രക്തസമ്മര്‍ദ്ദം വര്‍ധിപ്പിച്ചുവെങ്കില്‍ പ്രതിവിധി കണ്ടെത്തിയല്ലേ തീരൂ. അതുകൊണ്ടാണ് കുലംകുത്തി എന്നും കുലംകുത്തിയാവുന്നത്.
കുറ്റംപറയരുത്, കുലസ്നേഹിയായ നമ്മുടെ ദേശാഭിമാനിയും ടിപിയെ അനുസ്മരിക്കുന്നുണ്ട്; ആത്മാര്‍ഥമായി. “ചത്തതു കീചകനെങ്കില്‍ കൊന്നത്….” വഴി കെ.പി. മോഹനന് പത്രാധിപരും, രക്തസാക്ഷി കവിതവഴി ജി. സുധാകരനും കാഴ്ചവട്ടത്തിലെ സിപിഐ എമ്മിനെതിരെ ഗൂഢാലോചന വഴി പി. രാജീവുമാണ് കാര്യം കഴിക്കുന്നത്. ഒരു കാരണവശാലും ടി.പി.യെ സിപിഐ എമ്മുകാര്‍ കൊലചെയ്യില്ല എന്ന് മേപ്പടി ഘടാഘടിയന്മാര് നെഞ്ചത്തടിച്ച് സത്യം ചെയ്യുന്നു. മോഹനന് പത്രാധിപര്‍ ആ പാര്‍ട്ടിയുടെ യഥാര്ഥനയം രണ്ടുവരിയില്‍ ഇങ്ങനെ കുറിച്ചിടുകയും ചെയ്യുന്നു: ചന്ദ്രശേഖരന്റെ പാര്‍ട്ടി ഒഞ്ചിയം-ഏറാമല പ്രദേശത്തിനപ്പുറം പാര്‍ട്ടിക്ക് ഒരു ഭീഷണിയും ആയിരുന്നില്ല. ആശയരംഗത്തെ പോരാട്ടങ്ങള്‍ക്കപ്പുറം ഉന്മൂലനം എന്നത് പാര്‍ട്ടിയുടെ നയവുമല്ല. പോരെ, ഇനിയെന്തുവേണം. ഒരുപക്ഷേ, സംഭവിച്ചത് ഇങ്ങനെയാകാം. മെയ് നാലിന് രാത്രി മകന് നന്ദുവിന്റെ കൈയില്‍ ഹെല്‍മറ്റ് അഴിച്ചുകൊടുത്ത് ടി.പി. വള്ളിക്കാട്ടെത്തി. അതില്‍പ്പിന്നെ ബൈക്ക് നിര്‍ത്തി മറിച്ചിട്ടു. കരുതിവെച്ച വാക്കത്തികൊണ്ട് സ്വയം മുഖത്തും തലയിലും വെട്ടി. ജപ്പാനിലെ ഹരാകിരിയുടെ വേറൊരു രൂപം. ടി.പി.ക്കറിയാമല്ലോ ചത്തുതു കീചകനെങ്കില്‍ കൊന്നത് ഭീമനാവുമെന്ന്. കുലംകുത്തികള്‍ എന്നും കുലംകുത്തികളാണെന്നതിലെ കുത്തലും കീചകോപമയിലെ ദുഷ്ടതയും ടി.പിക്കുണ്ടെന്ന് മോഹനന് പത്രാധിപരും വലിയ നേതാവും ഇപ്പോഴും പറഞ്ഞുവെക്കുകയാണ് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക. ഒരു പക്ഷേ, മാനവികതയുടെ മാര്‍ക്സ് ഭാഷ്യം നമുക്കു മനസ്സിലാവാതെ പോവുന്നതുമാവാം.
ദൈവം ചിലപ്പോള്‍ അങ്ങനെയാണ്. നമുക്ക് പ്രിയപ്പെട്ടവരെ പെട്ടെന്ന് പിടിച്ചുകൊണ്ടുപോകും. ലോകപ്രശസ്ത നാടകകൃത്ത് അതിനെ ദൈവത്തിന്റെ കളിയായാണ് ഭാവന ചെയ്തിരുന്നത്. വികൃതിക്കുട്ടികള്‍ക്ക് പാറ്റകളെപ്പോലെയാണത്രെ ദൈവങ്ങള്‍ക്ക് മനുഷ്യര്‍. അവരുടെ രസത്തിനുവേണ്ടി മനുഷ്യരെ അവര്‍ കൊല്ലുകയാണുപോലും. (ഭാരതീയ കാഴ്ചപ്പാട് ഇതല്ലെന്ന് പറഞ്ഞ് തിന്നാന്‍ വന്നേക്കല്ലേ). വെള്ളിനക്ഷത്രം എന്ന ഒറ്റ സിനിമ വഴി നമ്മുടെ കരളില്‍ കയറിയിരുന്ന തരുണി സച്ച്ദേവ് എന്ന ഓമനയെ വിമാനാപകടത്തിന്റെ രൂപത്തിലാണ് ദൈവം തട്ടിയെടുത്തത്. അനേകം പരസ്യചിത്രങ്ങളില്‍ അഭിനയിച്ച ആ പൊന്നുമോളോട് ദൈവത്തിന് അസൂയയായിരുന്നോ? നക്ഷത്രസമൂഹം തങ്ങള്‍ക്കൊപ്പം കളിക്കാന്‍ അവളെ കൂട്ടിക്കൊണ്ടു പോയതാവുമോ? അകാലത്തില്‍ നമ്മളില്‍ നിന്ന് പറിച്ചെടുത്തുകൊണ്ടു പോയ ആ കുസൃതിക്കുടുക്കയുടെ ദീപ്തസ്മരണക്കു മുമ്പില്‍ കാലികവട്ടത്തിന്റെ ബാഷ്പാഞ്ജലി. ഇപ്പോള്‍ ആകാശത്ത് രണ്ട് വെള്ളിനക്ഷത്രങ്ങള്‍ തിളങ്ങി നില്പ്പില്ലേ? തരുണിയും ടിപിയുമാവാമത്.
തൊട്ടുകൂട്ടാന്‍
ആരാണീ കുഞ്ഞുങ്ങള്‍ക്കു
തുണദൈവമേ, കൈകള്‍
വാനിലേക്കുയര്‍ത്തി ഞാന്‍
വിലപിക്കുമ്പോള്‍ കേള്‍ക്കാം:
“കൊന്നവര്‍ക്കുമുണ്ടല്ലോ
മക്ക,ളീപാപം തന്നെ
കൊന്നു തിന്നോളും നാളെ
യവന്റെ പരമ്പര”
-ആലങ്കോട് ലീലാകൃഷ്ണന്
കവിത: കൊന്നവന്റെ ശമ്പളം
മാധ്യമം ആഴ്ചപ്പതിപ്പ് (മെയ് 21)
കെ. മോഹന്‍ദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: