സൗമ്യം ദീപ്തം ഗംഭീരം. മൂന്നുദിനരാത്രങ്ങളില്‍ വേലുത്തമ്പിദളവയുടെ കരസ്പര്‍ശമേറ്റ കൊല്ലം ആനന്ദവല്ലീശ്വരത്ത് നടന്ന അഖിലേകേരള ശ്രീരാമകൃഷ്ണഭക്ത സമ്മേളനത്തെ ചരിത്രം രേഖപ്പെടുത്തുന്നതിങ്ങനെയാകും.
ശ്രീരാമകൃഷ്ണദേവന്റെ വാക്കുകള്‍ സ്വജീവിതത്തിലൂടെ സമാജത്തിന് സന്ദേശവും ഊര്‍ജ്ജവും പ്രദാനംചെയ്യുന്ന 14 സന്ന്യാസിമാര്‍. ശ്രീരാമകൃഷ്ണസന്ദേശങ്ങളും മാതൃവാക്യങ്ങളും വിവേകാനന്ദസൂക്തങ്ങളും മനസില്‍ ആവാഹിച്ച് പ്രതിദിനം ആയിരത്തോളം അനുവാചകര്‍. ഗുരുമഹാരാജ് ദിനം, മാതൃദേവിദിനം, സ്വാമിജി മഹാരാജ് ദിനം എന്ന വിവക്ഷയില്‍ ഓരോ ദിവസവും വിഷയങ്ങളുടെ ആഴത്തിലേക്ക് സദസ്സിനെ കൈപ്പിടിച്ചെത്തിക്കുന്ന ആധ്യാത്മികപ്രഭാഷണങ്ങള്‍, സംശയനിവാരണികള്‍…
ഒരു സംസ്ഥാനസമ്മേളനം എന്നതിലുപരി ശ്രീരാമകൃഷ്ണപരമഹംസദേവന്റെയും അദ്ദേഹത്തിന്റെ ആശയങ്ങള്‍ സ്വജീവിതത്തിലൂടെ ലോകത്തെ വിളിച്ചറിയിച്ച സമുന്നതശിഷ്യന്‍ വിവേകാനന്ദസ്വാമികളുടെയും മാതാ ശാരദാദേവിയുടെയും സന്ദേശങ്ങളുടെ സംഗമഭൂമിയായി അക്ഷരാര്‍ത്ഥത്തില്‍ പരിവര്‍ത്തനപ്പെടുകയായിരുന്നു ആശ്രമത്തിന്റെ സ്വന്തം മാസികയായ പ്രബുദ്ധകേരളത്തിന് ജന്മം നല്‍കിയ ജില്ല കൂടിയായ കൊല്ലം.
ശ്രീരാമകൃഷ്ണപരമഹംസദേവനാല്‍ സ്ഥാപിതമായ കൊല്‍ക്കത്തയിലെ ബേലൂര്‍ മഠത്തിന്റെ ഉപാധ്യക്ഷന്‍ സ്വാമി ഗൗതമാനന്ദ, മഠത്തിലെ വേദാന്തം പ്രശിക്ഷണകേന്ദ്രം ആചാര്യന്‍ സ്വാമി സ്വപ്രഭാനന്ദ, ഹരിപ്പാട് വീരഭദ്രാശ്രമം സ്വാമി വീരഭദ്രാനന്ദ, തിരുവനന്തപുരം നെട്ടയം ശ്രീരാമകൃഷ്ണമഠത്തില സ്വാമി വീതസ്പൃഹാനന്ദ, ശാസ്തമംഗലം ശ്രീരാമകൃഷ്ണാശ്രമത്തിലെ സ്വാമി തത്ത്വസ്വരൂപാനന്ദ, നെട്ടയം ശ്രീരാമകൃഷ്ണമഠം സ്വാമി ലോകഹിതാനന്ദ, നാഗര്‍കോവില്‍ വെള്ളിമല വിവേകാനന്ദകേന്ദ്രം സ്വാമി ചൈതന്യാനന്ദ, പുറനാട്ടുകര ശ്രീരാമകൃഷ്ണാശ്രമം സ്വാമി വ്യോമാതീതാനന്ദ, കാലടി ശ്രീകാമകൃഷ്ണാശ്രമത്തിലെ സ്വാമി അമലേശാനന്ദ, നെട്ടയം ശ്രീരാമകൃഷ്ണമഠം സ്വാമി പ്രശാന്താനന്ദ, തിരുവല്ല ശ്രീരാമകൃഷ്ണാശ്രമം അധ്യക്ഷന്‍ സ്വാമി ഗോലോകാനന്ദ, കോഴിക്കോട് ശ്രീരാമകൃഷ്ണാശ്രമത്തിലെ സ്വാമി പ്രാണേശാനന്ദ, കായംകുളം ശ്രാരാമകൃഷ്ണാശ്രമത്തിലെ സ്വാമി കൈവല്യാനന്ദ, പ്രബുദ്ധകേരളം പത്രാധിപര്‍ സ്വാമി സദ്ഭവാനന്ദ, പുറനാട്ടുകര ആശ്രമത്തിലെ സ്വാമിനി അജയപ്രാണ, തിരുവനന്തപുരം ശാരദാശ്രമത്തിലെ സ്വാമിനി ചേതനാപ്രാണ, എറണാകുളം ശാരദാശ്രമത്തിലെ സ്വാമിനി സുമേധാപ്രാണ തുടങ്ങിയവരോടൊപ്പം വാഴൂര്‍ തീര്‍ത്ഥപാദാശ്രമം അധ്യക്ഷന്‍ സ്വാമി പ്രജ്ഞാനാനന്ദ, കുഴിയം ശക്തിപാദാശ്രമം സ്വാമിനി മാ ആനന്ദമയി, കരിമ്പിന്‍പുഴ ആശ്രമം സ്വാമി ശങ്കരാനന്ദ, അമൃതാനന്ദമയിമഠം സ്വാമി തുരിയാമൃതാനന്ദപുരി എന്നിവരുടെ സാന്നിധ്യവും ആത്മീയവേദിക്ക് ശക്തിയേകി. ശിവഗിരിമഠം സ്വാമി പ്രാകാശാനന്ദയാണ് സമ്മേളന ഉദ്ഘാടനം നിര്‍വഹിച്ചത്. ഉദ്ഘാടനസഭയ്‌ക്ക് മുന്നോടിയായി കൊട്ടാരക്കുളം ഗണപതിക്ഷേത്രസന്നിധിയില്‍ പൂര്‍ണ്ണകുംഭം നല്‍കി ആദരിച്ച് അവിടെ നിന്നും ശോഭായാത്രയായാണ് സന്യാസിവര്യന്മാരെ സമ്മേളനവേദിയായ ആനന്ദവല്ലീശ്വരം എന്‍എന്‍എസ് ഹാളിലേക്ക് ആനയിച്ചത്.
മേയ് 10മുതല്‍ 13 വരെ ശ്രീ ആനന്ദവല്ലീശ്വരം എന്‍എസ്‌എസ് ഹാളിലും തൊട്ടുചേര്‍ന്നുള്ള ഗംഗാആഡിറ്റോറിയത്തിലുമായി സംഘടിപ്പിച്ച സമ്മേളനം ആദ്യാവസാനം ഭംഗിയാക്കുവാന്‍ സാധിച്ചതില്‍ സംഘാടകര്‍ക്ക് ചാരിതാര്‍ത്ഥ്യമുണ്ട്. ഇതോടൊപ്പം വിവേകാനന്ദസ്വാമികളുടെ 150-ാം ജയന്തി ആഘോഷങ്ങള്‍ സമുചിതമായി ആചരിക്കുന്നതിന്റെ ഭാഗമായി വിവേകാനന്ദചിത്രങ്ങളുടെ പ്രദര്‍ശനവും സംഘടിപ്പിച്ചിരുന്നു. സ്വാമിയുടെ ജീവിതചക്രത്തെ ഒറ്റ കാന്‍വാസിലെ നൂറ് ചിത്രങ്ങളിലൂടെ രേഖപ്പെടുത്തിയത് ദര്‍ശിക്കാനും ഉള്‍ക്കൊള്ളുവാനും ആയിരക്കണക്കിന് സന്ദര്‍ശകരെത്തി. വിവേകാനന്ദമഹാരാജ് ദിനമായി കൊണ്ടാടിയ 13ന് ഉച്ചയ്‌ക്ക് സംസ്കൃതത്തിലും ഇംഗ്ലീഷിലുമായി തയ്യാറാക്കിയ സ്വാമി വിവേകാനന്ദന്‍-ചലച്ചിത്രപ്രദര്‍ശനം ശ്രദ്ധേയമായിരുന്നു.
മുന്‍കാലങ്ങളില്‍ നടന്നിട്ടുള്ള സമ്മേളനങ്ങളെ അപേക്ഷിച്ച് ഇവ രണ്ടും കൊല്ലത്തെ സമ്മേളനത്തില്‍ എടുത്തുപറയേണ്ട പ്രത്യേകതകളായി തീര്‍ന്നു. ഏകദേശം ഒരു വര്‍ഷം മുമ്പ് തന്നെ തയ്യാറെടുപ്പുകള്‍ ആരംഭിച്ചിരുന്നു. എട്ടുമാസം മുമ്പ് സംഘാടകസമിതി രൂപീകരിച്ചു. ആര്‍.ദാസപ്പന്‍നായര്‍ പ്രസിഡന്റും എസ്.നാരായണസ്വാമി ചെയര്‍മാനും ലേഖാ രാമാനുജം ചെയര്‍പേഴ്സണും ആര്‍.ശിവകുമാര്‍ ജനറല്‍ കണ്‍വീനറും എ.സുഗതന്‍ ട്രഷററുമായി ചുമതലയേറ്റ് വിവേകാനന്ദസേവാകേന്ദ്രത്തിന്റെ പേരിലായിരുന്നു സമിതിയുടെ പ്രവര്‍ത്തനം.
സാമൂഹ്യആധ്യാത്മികസാംസ്കാരികവാണിജ്യമേഖലകളിലെ പ്രമുഖരുട സഹകരണത്തോടെയാണ് കമ്മിറ്റി മുന്നോട്ടുപോയത്. സമ്മേളനത്തിന്റെ സമാപനദിവസം കാല്‍നൂറ്റാണ്ടിലെ ആദ്ധ്യാത്മികരംഗത്തെ പ്രവര്‍ത്തനത്തിന് നിസ്വാര്‍ത്ഥസേവനമനുഷ്ടിച്ചതിനുള്ള ശ്രീരാമകൃഷ്ണഭക്തസേവാ പ്രവീണ പുരസ്കാരം ചെയര്‍മാന്‍ എസ്.നാരായണസ്വാമിക്ക് സ്വാമി സ്വപ്രഭാനന്ദ സമ്മാനിച്ചു.
കേരളത്തില്‍ ശ്രീരാമകൃഷ്ണപ്രസ്ഥാനത്തിന് വിളക്ക് തെളിയിച്ച സ്വാമി നിര്‍മലാനന്ദയുടെ ജീവിതസന്ദേശമാണ് തനിക്ക് മാതൃകയെന്നും സ്വാമിയുടെ അനുഗ്രഹമാണ് സംഘാടനത്തില്‍ പ്രതിസന്ധി സൃഷ്ടിക്കാത സമ്മേളനം വിജയിപ്പിക്കാന്‍ സാധിച്ചതിന് പിന്നിലെന്നും നാരായണസ്വാമി വെളിപ്പെടുത്തുന്നു. സമ്മേളനത്തിന്റെ സാക്ഷ്യപത്രമായി ഉചിതമായ ഒരു സ്മരണിക തയ്യാറാക്കുന്ന പണിപ്പുരയിലാണ് സംഘാടകര്‍ ഇപ്പോള്‍. സ്മരണിക ഈ മാസം അവസാനത്തോടെ പുറത്തിറക്കാന്‍ സാധിക്കുമെന്നാണ് വിശ്വാസം.
എ. ശ്രീകാന്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: