മരട്: പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ വകവെക്കാതെ വളന്തക്കാട്ടെ സ്വകാര്യ നിര്‍മാണ സംരഭത്തിന് അനുമിതിനല്‍കി നടപ്പാക്കുന്നതിനുള്ള നീക്കം വീണ്ടും സജീവമാവുന്നു. 250 ഏക്കറോളം വരുന്ന കായല്‍ തുരുത്തും, കണ്ടല്‍ വനങ്ങളും പാടേ നശിപ്പിച്ചുകൊണ്ടുള്ള പദ്ധതിക്കെതിരെ എതിര്‍പ്പ് ശക്തമായതിനെതുടര്‍ന്ന് മുന്‍ സര്‍ക്കാര്‍ ഒരു ഘട്ടത്തില്‍ അനുമതി നിഷേധിച്ചിരുന്നതാണ്. എന്നാല്‍ സര്‍ക്കാരിന്റെ അവസാനകാലഘട്ടത്തില്‍ സിപിഐയുടെ ശക്തമായ എതിര്‍പ്പ് അവഗണിച്ചുകൊണ്ട് മന്ത്രിസഭായോഗത്തില്‍ അനുകൂല തീരുമാനം കൈക്കൊണ്ടിരുന്നു. തുടര്‍ന്ന് ഏകജാലക സംവിധാനത്തിലൂടെ പദ്ധതിക്ക് നിര്‍മാണ അനുമതി നല്കുവാനുള്ള നീക്കവും സജീവമായിരുന്നു. ഇതിനിടെ ഭരണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ഇടതു മുന്നണിക്ക് തുടര്‍ നടപടികളുമായി മുന്പോട്ടുപോകാന് കഴിഞ്ഞില്ല.
മുമ്പ് മരട് പഞ്ചായത്തിലും, ഇപ്പോഴത്തെ നഗരസഭയിലും പെട്ട കായല്‍ തുരുത്താണ് വളന്തക്കാട് വിസ്തീര്‍ണത്തില്‍ നൂറ് ഏക്കറോളം നിബിഢമായി. കണ്ടല്‍ക്കാടുകളാണ്. സ്വകാര്യ വ്യക്തികളുടെ കൈവശമുള്ള 100 ഏക്കറോളം സ്ഥലത്തെ കണ്ടലുകള്‍ വെട്ടിനശിപ്പിക്കാന്‍ നീക്കം നടന്നിരുന്നു. മത്സ്യതൊഴിലാളികളും, പ്രദേശവാസികളായ ചിലരും ചേര്‍ന്ന് ഈ നീക്കത്തെ ശക്തിയായി എതിര്‍ക്കുകയായിരുന്നു. ഒട്ടേറെ ജൈവവൈവിധ്യങ്ങളും, ആവാസവ്യവസ്ഥയും നിലനില്‍ക്കുന്ന കേരളത്തിലെ തന്നെ അത്യപൂര്‍വ്വമായ കായല്‍ മേഖലകൂടിയാണിവിടം. വേമ്പനാട്ടുകായലിലെ അപൂര്‍വ്വമായ മത്സ്യങ്ങളുടെ പ്രജനനകേന്ദ്രം കൂടിയാണ് വളന്തക്കാട്ടെ തുരുത്തുകളെന്ന് ഫിഷറീസ് സര്‍വ്വകലാശാലയുടെയും മറ്റും ഗവേഷണവിഭാഗം കണ്ടെത്തിയിട്ടുണ്ട്. ഇതിനു പുറമെ അന്താരാഷ്ട്ര പ്രാധാന്യമുള്ള റാംസര്‍ സൈറ്റില്‍ ഉള്‍പ്പെടുന്ന കേരളത്തില്‍നിന്നുള്ള രണ്ടു പ്രദേശങ്ങളില്‍ ഒന്നു വളന്തക്കാടാണ്.
ഐടി പാര്‍ക്കുകളും, ആധുനിക ഫ്ലാറ്റ് സമുച്ചയങ്ങളും റോഡുകളും മറ്റും നിര്‍മ്മിച്ച് ഹൈടെക് സിറ്റി മാതൃകയിലുള്ള പദ്ധതിക്കാണ് കോടികള്‍ നിക്ഷേപിക്കാന്‍ സ്വകാര്യകമ്പനിരംഗത്തു വന്നിരിക്കുന്നത്. ഇതിനായി പ്രദേശത്തെക്ക് പാലം നിര്‍മ്മിക്കുകയും, അന്‍പതോളം മത്സ്യതൊഴിലാളികളെ കൂടിയൊഴിപ്പിക്കുകയും ചെയ്യേണ്ടിവരും. അതുകൊണ്ടുതന്നെ എതിര്‍പ്പുകളും ശക്തമാണ്.
വളന്തക്കാട് തുരുത്തുപോലുള്ള ഒരു പ്രദേശത്ത് പ്രകൃതിക്ക് വിനാശകരമാകും വിധത്തിലുള്ള നിര്‍മാണ സംരഭം നടപ്പിലാകുമ്പോഴുണ്ടാകുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ച് പലരും ആശങ്കയിലാണ്. വേമ്പനാട്ടുകായലില്‍ അവശേഷിക്കുന്ന ചുരുക്കം ആവാസകേന്ദ്രങ്ങളിലൊന്നുമാത്രമല്ല, കൊച്ചിയുടെ ശ്വാസകോശം എന്നുകൂടി വിശേഷിപ്പിക്കാവുന്ന ഒരു പച്ചത്തുരുത്താണ് പാടേതുടച്ചു നീക്കപ്പെടാന്‍ സാധ്യതയുള്ളതെന്നുമാണ് ചൂണ്ടിക്കാണിക്കപ്പെടുന്നു.
വളന്തകാട്ടെ സ്വാകാര്യ സംരംഭത്തിനെതിരെ രണ്ടുവര്‍ഷം മുമ്പ് കക്ഷിരാഷ്ട്രീയഭേദമന്യേ പലരും രംഗത്തുവന്നിരുന്നു. പഞ്ചായത്തു ഭരണത്തിന് നേതൃത്വം നല്‍കിയിരുന്ന സിപിഎം മാത്രമാണ് നിര്‍മാണ കമ്പനിക്കുവേണ്ടി നിലകൊണ്ടിരുന്നത്. 50 ഏക്കറോളം വരുന്ന വളന്തക്കാട്ടിലെ സര്‍ക്കാര്‍ പുറംപോക്ക് സ്വകാര്യ ആവശ്യത്തിനായി വിട്ടുകൊടുക്കുന്നതിനെതിരെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രദേശത്ത് പ്രതിഷേധ സമരവും നടന്നിരുന്നു. മുന്‍ സ്പീക്കറും കോണ്‍ഗ്രസ് നേതാവുമായ വി.എം.സുധീരന് വളന്തക്കാടു പദ്ധതിക്കെതിരെ പരസ്യമായ നിലപാടുകളുമായി മരടില്‍ നടന്ന കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് പ്രസംഗിക്കുകയും ചെയ്തിരുന്നു.
പദ്ധതി നടപ്പിലാക്കുന്നതിനെതിരെ പ്രദേശത്തെ ചിലര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതുമൂലമുള്ള ചില തടസ്സങ്ങള്‍ ഒഴികെ മറ്റു നടപടിക്രമങ്ങളെല്ലാം സര്‍ക്കാര്‍ തലത്തില്‍ പൂര്‍ത്തിയായതായാണ് സൂചന. പ്രദേശത്തേക്ക് റോഡും, പാലവും നിര്‍മ്മിക്കുന്നതിനുള്ള ഭരണാനുമതിയുമായി ബന്ധപ്പെട്ടകാര്യവും അന്തിമഘട്ടത്തിലാണ്. ഇത് ഉടന്‍ പൂര്‍ത്തിയാവുമെന്നാണ് ലഭ്യമായ വിവരം. ഹൈടെക് നിര്‍മാണ പദ്ധതി നടപ്പാകുമ്പോഴുണ്ടാകാവുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്കെതിരെ പ്രമുഖ പരിസ്ഥിതി വാദികള്‍ പലരും അന്ന് എതിര്‍പ്പുകളുമായി രംഗത്തുവന്നിരുന്നു. എന്നാല്‍ നിര്‍ണായക ഈ ഘട്ടത്തില്‍ ഇവരാരും തന്നെ രംഗത്തിറങ്ങാത്തതെന്തെന്നാണ് പ്രദേശവാസികള്‍ ചോദിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: